അദ്ദേഹം ക്ലബ്‌ വക്താവായിട്ടാണ് ആരംഭിച്ചത്

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചെങ്കിലും തങ്ങളുടെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ എല്ലാ ക്ലബ്ബുകളും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

അതിൽ ബെംഗളൂരു, ഗോവ ക്ലബ്ബുകൾക്ക് കാര്യമായ മാറ്റം വരുത്തേണ്ട ആവിശ്യമില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദ് എഫ് സിക്കും ടീമിൽ വൻ അഴിച്ചുപണി നടത്തേണ്ടതായിട്ടുണ്ട്‌. അതിനാൽ തന്നെ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സ്പോർട്ടിങ് ഡയറക്ടറായി പരിചയ സമ്പന്നനായ കരോലിസ് സ്കിൻകിസ്സിനെ നിയമിക്കുകയുണ്ടായി.

ആരാണ് കരോലിസ് സ്കിൻകിസ്സ് ?

കഴിഞ്ഞ എട്ട് വർഷമായി യൂറോപ്യൻ ഫുട്‍ബോളിൽ സജീവ സാന്നിധ്യമായ ഈ ലിത്വാനിയകാരൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലുള്ള ഒരു ക്ലബ്ബിന്റെ ഉയർച്ചയ്ക്ക് സഹായം നൽകുവാൻ കഴിവുള്ള വ്യക്തിയാണ്.

1989 നവംബറിൽ ജനിച്ച ഇദ്ധേഹം ലിത്വാനിയൻ ക്ലബായ സുഡുവയുടെ വക്താവായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് തന്റെ മികവിനെ മുൻനിർത്തി അവരുടെ സ്പോർട്ടിങ് ഡയറക്ടറായി അദ്ദേഹം ഉയർന്നു വന്നു.

ലിത്വാനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം അവയിൽ പലതും സുഡുവയിൽ ചേർന്നതിന് ശേഷമാണ് നേടിയത്. ക്ലബ്ബിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിച്ച കരോലിസ് ട്രാൻസ്ഫർ ഡീലുകളിൽ മാത്രമല്ല ടീം തിരഞ്ഞെടുപ്പുകൾ, സ്കൗട്ടിങ് പോലുള്ള വിഷയങ്ങളിലും പ്രധാന പങ്ക് വഹിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതിൽ ആശ്ചര്യപെടാൻ എന്താണ് ഉള്ളത് ?

സുഡുവയിൽ ഏകദേശം അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള അദ്ദേഹത്തിനെ ഈ കഴിഞ്ഞ ആഴ്ചകൾക്കുള്ളിലാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. അദ്ദേഹത്തിന്റെ കീഴിൽ ലിത്വാനിയൻ ഫസ്റ്റ് ഡിവിഷനിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയ സുഡുവയെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് വരെ അദ്ധേഹം നയിക്കുകയുണ്ടായി. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തിന്റെ വരവ് വൻ ശുഭസൂചനയാണ് ക്ലബിന് നൽകുന്നത്.

സ്കിൻകിസ്സിനെ സ്വന്തമാക്കിയ ശേഷം ക്ലബ്‌ സിഈഓ വിറെൻ ഡി സിൽവ പ്രതികരിച്ചത് ഇങ്ങനെ.

” കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരേയും മാനേജ്മെന്റ് അധികൃതരേയും മുൻനിർത്തികൊണ്ട് കരോലിസിനെ സ്പോർട്ടിങ് ഡയറക്ടറായി ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കീഴിൽ നമ്മുടെ ക്ലബ്‌ കളത്തിൽ കൂടുതൽ വിജയങ്ങൾ നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു “.