ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഇപ്പോഴേ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങി കഴിഞ്ഞു

ഐ എസ് എല്ലിൽ രണ്ട് തവണ ഫൈനലിൽ എത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നാൽ കഴിഞ്ഞ 2 സീസണുകളിലായി വളരെ മങ്ങിയ പ്രകടമാണ് ടീം കാഴ്‌ച വെക്കുന്നത്.

ഈ സീസണിൽ ആരാധകർ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്ക് എത്തിയത്. അതിന് പ്രധാന കാരണം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ പ്ലേയോഫിൽ എത്തിച്ച പരിശീലകൻ ഈൽകോ ഷാറ്റോറിയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചതാണ്. ഒപ്പം നോർത്ത് ഈസ്റ്റിന്റെ തന്നെ മികച്ച മുന്നേറ്റ താരം ഓഗ്‌ബെച്ചേ കൂടി വന്നപ്പോൾ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ താരങ്ങൾക്ക് സംഭവിച്ച പരിക്കുകൾ ടീമിന് തിരിച്ചടിയായി.

ജിങ്കാൻ അടക്കമുള്ള താരങ്ങൾക്ക് പരിക്ക് സംഭവിച്ചതാണ് ഈ സീസണിൽ പ്രകടനം മങ്ങാൻ ഒരു കാരണം. കൂടാതെ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച മാരിയോ അർക്വസ് , സുവർലൂൺ , ജൈറോ റോഡ്രിഗസ് , എന്നി താരങ്ങൾക്കും പരിക്ക് സംഭവിച്ചു.

മികച്ച പ്രകടനം കാഴ്‌ച വെച്ച 3 താരങ്ങൾ

1. ഓഗ്‌ബെച്ചേ

2. മെസ്സി ബൗളി

3. ജെസ്സെൽ കാർനേരോ

സീസണിലെ മോശം പ്രകടനക്കാരൻ

ടി പി രഹനേഷ്: പ്രീ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മലയാളികൾക്കും ഐ എസ് എൽ പ്രേമികൾക്കും ഒരേപോലെ പരിചിതമായ ഗോൾ കീപ്പർ, അനുഭവസമ്പത്തുകൊണ്ട് തന്നെ ഷട്ടോറിയുടെ ടീമിലെ നമ്പർ വൺ ഗോളി. ഇതൊക്കെ ആയിരുന്നിട്ടും കോച്ചിന്റെയും ആരാധകരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ നോർത്ത് ഈസ്റ്റിലും ഷിലോങ്ങ് ലജോങ്ങിലും കളിച്ച അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും രഹനേഷിന് സാധിച്ചില്ല. ഈ സീസണിലെ ഗോളിമാരുടെ പ്രകടന കണക്കുകളിൽ ഏറ്റവും താഴെയാണ് രഹനേഷിന്റെ സ്ഥാനം മാത്രമല്ല എല്ലാ നാല്പത്തിയാറ്‌ മിനിറ്റിലും ഗോൾ വാങ്ങി താരത്തിന്റെ ഗോൾസ് ടു മിനിറ്റ് റേഷിയോയും വളരെ മോശമാണ്. ചില തീരുമാനങ്ങളിലെ പിഴവുകൾ മൂലം കുറെ അനാവശ്യ ഗോളുകളും രഹനേഷിന് വഴങ്ങേണ്ടി വന്നു.

ബ്ലാസ്റ്റേഴ്സിന്റെ മികച്ച 3 പ്രകടങ്ങൾ

1. ഹൈദരാബാദ് എഫ് സിയ്ക്ക് എതിരെ നേടിയ 5 – 1 വിജയം


2. ബെംഗളുരുവിനെതിരെ നേടിയ 2 -1 വിജയം

3. എ ടി കെയ്ക്ക് എതിരെ നേടിയ 1 – 0 വിജയം

കോച്ചിനെ വിലയിരുത്തൽ

കഴിഞ്ഞ സീസണിൽ ഹൈലാൻ‌ഡേഴ്സിനെ അവരുടെ ആദ്യത്തെ പ്ലേ ഓഫിലേക്ക് നയിച്ച ശേഷം എൽകോ ഷട്ടോറി കൊമ്പന്മാരെ ചട്ടം പഠിപ്പിക്കാൻ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷ ഒട്ടും തന്നെ ചെറുത് അല്ലായിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും, ഉടൻ തന്നെ ബ്ലാസ്റ്റേഴ്സിനെ പരിക്കുകൾ കീഴടക്കി, അത് കാരണം ടീമിന്റെ ഘടനയിൽ തന്നെ നിരവധി പൊരുത്തക്കേട് ഉടലെടുത്തു, അതു ടീമിന്റെ പ്രകടനത്തിനെ കുറെ മോശമായി ബാധിച്ചു, വൈകിയ വേളയിൽ പിറന്ന എതിരാളികളുടെ ഗോളുകൾ ഗോളുകൾ, പ്രധാന കളിക്കാർക്ക് പറ്റിയ പരിക്കുകൾ എന്നിവ ടീമിന്റെ പ്രകടനനത്തിനെ പിന്നോട്ട് വലിക്കുന്നതിൽ നിർണായക ഘടകങ്ങൾ ആയി.

മൊത്തത്തിൽ, ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു “പരിവർത്തന സീസൺ” എന്ന് വിളിക്കാമെങ്കിലും കേരളത്തിന്റെ ആരാധകരും ടീമും എല്ലായ്പ്പോഴും കളിക്കളത്തിൽ നിന്നും ആഗ്രഹിച്ച വിജയവും ആയി അല്ല തിരികെ കേറിയിരുന്നത്. അതിൽ പ്രധാന താരങ്ങൾക്ക് പറ്റിയ പരുക്കുകളുടെ പങ്ക് വളരെ വലുത് ആണ്.

ആദ്യ മത്സരത്തിൽ എ ടി കെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചെങ്കിലും പരിശീലകൻ സംതൃപ്തൻ ആയിരുന്നില്ല. പിന്നീട് മുംബൈയോടും ഹൈദരാബാദ് എഫ് സിയോടും ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. അടുത്ത മത്സരത്തിൽ ഒഡിഷയ്ക് എതിരെ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനോട് തോറ്റു.

പിന്നീട് നടന്ന മത്സരങ്ങളിൽ ഗോവ ,മുംബൈ ,ജാംഷെഡ്പൂർ എന്നി ടീമുകൾക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. ചെന്നൈയിൻ എഫ് സിയ്ക്ക് എതിരെ 3 – 1 ന്റെ തോൽവി.

നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിൽ സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയ്ക്ക് എതിരെ ടീമിന്റെ ഏറ്റവും വലിയ വിജയം നേടി. 5 – 1 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരബാദ് എഫ് സിയെ തകർത്തത്. പിന്നീട് എ ടി കെയ്ക്ക് എതിരെ ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് തൊട്ടടുത്ത മത്സരത്തിൽ ജാംഷെഡ്പൂർ എഫ് സിയോട് തോൽവി ഏറ്റുവാങ്ങി. ഗോവയ്ക് എതിരെ 3-2 ന്റെ തോൽവിയ്ക്ക് ശേഷം ചെന്നൈയിൻ എഫ് സിയ്ക്ക് എതിരെ 6-3 എന്ന തോൽവി ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങി. പിന്നീട് നടന്ന 3 മത്സരങ്ങളിൽ 1 ജയവും 2 സമനിലയും ബ്ലാസ്റ്റേഴ്‌സ് നേടി.

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നിന്നും എന്താണ് പഠിക്കേണ്ടത് ?

പല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്‌ച വെച്ചെങ്കിലും സ്ഥിരതയോടെ അത് തുടരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പ്രതിരോധം ഈ സീസണിൽ ഏറെ പരാജയമായിരുന്നു. അത് കൊണ്ട് തന്നെ അടുത്ത സീസണിൽ പ്രതിരോധം ബ്ലാസ്റ്റേഴ്‌സ് മെച്ച പെടുത്തുക തന്നെ ചെയ്യണം . കൂടതൽ ഗോൾ കീപ്പർ രേഹനേഷ് ഈ സീസണിൽ അശ്രദ്ധമായി കളിച്ച് ധാരാളം പിഴവുകൾ വരുത്തിയിരുന്നു. മികച്ച ഗോൾ കീപ്പറാണ് രേഹനേഷ് എന്നതിൽ സംശയമില്ല എന്നാൽ പിഴവുകൾ തിരുത്തി മികച്ച ഫോമിലേക്ക് ഉയരാൻ അദ്ദേഹവും ശ്രമിക്കണം.

എങ്കിലും നല്ല കുറെ താരങ്ങളെയും മികച്ച ഒരു പരിശീലകനെയും കിട്ടിയതിൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. ഈ സീസണിൽ പ്രശ്നങ്ങൾ പരിഹരിച്ച് അടുത്ത സീസണിൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഇപ്പോഴേ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ശ്രമം തുടങ്ങി കഴിഞ്ഞു.

ഫാൻ വ്യൂ

Bichu

“നല്ല ടീം, നല്ല കോച്ച്, നല്ല കളി, നല്ല പരിക്ക്. ഇതാണ് ഐ എസ് എൽ ആറാം സീസണിലെ ബ്ലാസ്റ്റേഴ്‌സ്. കുറച്ചു വർഷങ്ങൾക്ക് ശേഷം കാണികളെ രോമാഞ്ചിപ്പിച്ച മുഹൂർത്തങ്ങൾ തന്ന ടീം. കോപ്പൽ ആശാന്റെ കൂടെ ഒരു പേരും കൂടി അതെ എൽകോ. 💛🙂”

കരോലിസ് സ്കിൻകെയ്‌സിനെ സ്പോർട്ടിങ് ഡയറക്ടർ ആയി നിയമിച്ചതാണ് ഇപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയിരിക്കുന്നത്. മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയുകയും അതിലുടെ ഐ എസ് എല്ലിലെ മികച്ച ടീമാകാൻ കഴിയും എന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ പ്രത്യാശ.

ഇതിനകം തന്നെ നടത്തിയ ചില സൈനിംഗുകളും മറ്റു നീക്കങ്ങളും ആരാധകർക്ക് അടുത്ത സീസണിലേക്ക് പ്രതീക്ഷയോടെ നോക്കി കാണാം എന്ന സന്ദേശമാണ് നൽകുന്നത്