ഗോവയുടെ സീനിയർ ടീമിന്റെ ഭാഗമാവുക എന്നതാണ് ലക്ഷ്യം : സൽമാൻ ഫാരിസ്

(Courtesy : FCG Media)
റിലയൻസ് ഫൌണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ RFYCയുടെ താരമായിരുന്നു സൽമാൻ ഫാരിസ്.
ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ സ്ഥാനം കണ്ടെത്തി കേരളത്തിന്റെ കാൽപന്ത് പെരുമ വാനോളം ഉയർത്തിയവരുടെ നിരയിലേക്ക് ഒരു പുതിയ പേര് കൂടി തുന്നിച്ചേർക്കപ്പെട്ടിരുന്നിക്കുന്നു. കോഴിക്കോടുനിന്നുള്ള ഇരുപതുകാരനായ യുവതാരം സൽമാൻ ഫാരിസ്.
കോഴിക്കോടുള്ള സെപ്റ്റ് അക്കാദമിയിലൂടെയാണ് സൽമാൻ തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലപ്പുറത്തെ എംഎസ്‌പി സ്കൂളിലൂടെ വളർന്ന താരം ശേഷം ബെംഗളൂരു എഫ്‌സിയുടെ അക്കാദമിയിലെ അണ്ടർ 14 ടീമിന്റെ ഭാഗമായി.
തുടർന്നാണ് റിലയൻസ് ഫൗണ്ടേഷൻ യങ് ചാംസിലേക്ക് താരം ചേക്കേറുന്നത്. ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് കളിക്കളത്തിൽ കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോട് കൂടി ഈ വർഷം ഏപ്രിലിൽ ആരംഭിച്ച റിലയൻസ് ഫൌണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ RFYCയുടെ ഭാഗമായി താരം പന്ത് തട്ടിയിരുന്നു.
അവിടെ നിന്നാണ് മുൻ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ എഫ്‌സി ഗോവ താരത്തെ സ്കൗട്ട് ചെയ്ത ടീമിൽ എത്തിച്ചത്. നിലവിൽ ഗോവൻ റിസർവ് നിരയുടെ ഭാഗമായി ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്ണമെന്റായ ഡ്യുറണ്ട് കപ്പ് കളിക്കുകയാണ് സൽമാൻ.
ഖേൽനൗ നടത്തിയ അഭിമുഖത്തിൽ തന്റെ ഫുട്ബോൾ ജീവിതത്തെ കുറിച്ചും എഫ്‌സി ഗോവയുടെ ഭാഗമായതിനെ കുറിച്ചും ഡ്യുറണ്ട് കപ്പ് അനുഭവങ്ങളെ കുറിച്ചും സൽമാൻ ഫാരിസ് സംസാരിച്ചു.
ഫുട്ബോളിലേക്ക് എത്തിയതിനെ കുറിച്ച്
“എന്റെ ഉമ്മയാണ് എന്നെ ഫുട്ബോളിലേക്ക് എത്തിച്ചത്. എന്റെ ആദ്യത്തെ പരിശീലകയും ഉമ്മ ആയിരുന്നു. ഇന്ന് ഞാൻ ഫുട്ബോളിൽ ഈ ഒരു നിലയിൽ എത്തിയതിനുള്ള എല്ലാ ക്രെഡിറ്റ്സും അവർക്കാണ്. കോഴിക്കോടുള്ള സെപ്റ്റ് എന്ന അക്കാദമിയിയിലാണ് ഞാൻ ഗ്രാസ്റൂട്ട് തലത്തിൽ ഫുട്ബോൾ കളിച്ചത് . പിന്നീട് എംഎസ്‌പി സ്കൂളിൽ രണ്ട് വർഷം.
പിന്നീട് ബംഗളുരു എഫ്‌സിയുടെ അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ കിട്ടി. അവിടെ രണ്ടു വർഷം ടീമിന്റെ ഒപ്പം ഉണ്ടായിരുന്നു. അവിടെ നിന്ന് റിലയൻസിലേക്ക് പോയി മൂന്ന് വർഷം കളിച്ചു. നിലവിൽ ഇപ്പോൾ എഫ്‌സി ഗോവയിൽ.” - തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകികൊണ്ട് സൽമാൻ സംസാരിച്ചു തുടങ്ങി.
ഡെവലപ്മെന്റ് ലീഗ് നൽകിയ ഏക്സ്‌പോഷറിനെ പറ്റി
ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് മത്സരസമയം നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 2022 ഏപ്രിലിൽ ഡെവലപ്മെന്റ് ലീഗ് റിലയൻസ് ഫൌണ്ടേഷൻ ആരംഭിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ 7 ടീമുകളുടെ യുവനിരയും റിലയൻസ് ഫൌണ്ടേഷൻ യങ് ചാംപ്സ് ടീമും ലീഗിൽ മാറ്റുരച്ചിരുന്നു. പ്രസ്തുത ടൂർണമെന്റ് തന്നെ വളരെയധികം സഹായിച്ചു എന്ന താരം വ്യക്തമാക്കി.
“ ഒരു ഫുട്ബോൾ താരം എന്ന നിലയിൽ ഡെവലപ്മെന്റ് ലീഗ് എന്നെ വളരെയധികം സഹായിച്ചു. എന്റെ വളർച്ചക്ക് ഉതകുന്ന രീതിയിൽ കുറച്ച് നല്ല മത്സരങ്ങൾ നൽകി. സ്കൗട്ട് ചെയ്യപ്പെടാൻ ഉള്ള അവസരമാണ് ലീഗ് തുറന്ന് തന്നത്. ലീഗിൽ ഞങ്ങൾ ഗോവക്ക് എതിരെയും കളിച്ചിരുന്നു. അവിടെ നിന്ന് സ്കൗട്ട് ചെയ്യപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്.” - സൽമാൻ ഫാരിസ് വ്യക്തമാക്കി.
എന്തുകൊണ്ട് എഫ്‌സി ഗോവ?
മൂന്ന് കാരണങ്ങളാണ് തന്നെ എഫ്‌സി ഗോവയിൽ എത്തിച്ചതെന്ന് താരം വ്യക്തമാക്കി. ആദ്യത്തെത് ഗോവ നൽകുന്ന മാച്ച് പ്രാക്ടീസും രണ്ടാമത്തേത് അവരുടെ പരിശീലകസംഘവും മൂന്നാമത്തേത് മുഹമ്മദ് നെമിലും ആയിരുന്നു എന്ന് താരം വ്യക്തമാക്കി.
" നിലവിൽ ഡെവലപ്മെന്റൽ ടീമുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇവിടെ നടത്തുന്ന പ്രകടനത്തിലൂടെ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുവാനും മത്സരങ്ങളുടെ ഭാഗമാകുവാനും അവസരം ലഭിക്കുമെന്ന് വിശ്വാസമുണ്ട്. മാത്രമല്ല, നിലവിൽ ഡ്യുറണ്ട് കപ്പ് കളിച്ചു. കൂടാതെ സെപ്തംബറിൽ നടക്കുന്ന ഗോവ പ്രൊ ലീഗ്, ഗോവ അണ്ടർ 20 ഫസ്റ്റ് ഡിവിഷൻ ലീഗും കളിക്കാൻ സാധിക്കും.
കൂടാതെ ഡെവലപ്മെന്റ് ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗ് എന്നിവ തിരികെ വന്നാൽ അവയുടെയും ഭാഗമാകാൻ സാധിക്കും എന്ന് കരുതുന്നു. ഒരു വർഷം മുഴുവനും ലഭിക്കുന്ന പരിശീലനവും മത്സരങ്ങളുമാണ് ഗോവയിൽ സൈൻ ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ആദ്യത്തെ കാരണം " - സൽമാൻ ഫാരിസ് സംസാരിച്ചു തുടങ്ങി.
[KH_ADWORDS type="2" align="center"][/KH_ADWORDS]
"രണ്ടാമത്തെ കാരണം ഗോവയുടെ കോച്ചിംഗ് സ്റ്റാഫ് ആണ്. കഴിഞ്ഞ സീസണിലെ റിലയൻസ് ഫൗണ്ടഷൻ ഡെവലപ്മെന്റ് ലീഗിൽ എഫ് സി ഗോവയ്ക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. അന്ന് അവരുടെ കോച്ചിംഗ് സ്റ്റാഫ് വളരെയധികം ആകർഷിച്ചു. അവർ താരങ്ങൾക്ക് നിൽക്കുന്ന പിന്തുണ കൂടിയാണ് ഈ സീസണിൽ ഗോവയുടെ ഭാഗമാകാൻ ഞാൻ തീരുമാനിക്കാൻ കാരണം."
" മൂന്നാമത്തെ കാരണം മുഹമ്മദ് നെമിൽ ഗോവയുടെ ഭാഗമാണ് എന്നത് തന്നെയാണ്. വളരെ ചെറുപ്പം മുതൽക്കേ ഉള്ള പരിചയം ആണ് നെമിലുമായുള്ളത്. അതിനാൽ, അവനോട് ഇതിനെപ്പറ്റി ചർച്ച ചെയ്തശേഷമാണ് ഞാൻ ഗോവയുടെ ഭാഗമാകാം എന്ന തീരുമാനത്തിലെത്തിയത്." - സൽമാൻ വ്യക്തമാക്കി.
ഡ്യുറണ്ട് കപ്പിൽ കളിക്കുന്നതിനെ കുറിച്ച്
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ടൂര്ണമെന്റാണ് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെതുമായ ഡ്യുറണ്ട് കപ്പ്. ദേശീയ തലത്തിൽ, ഒരു ടോപ് ലീഗിലെ താരത്തിന്റെ ആദ്യത്തെ എക്സ്പീരിയൻസ് ആണ് ഡ്യുറണ്ട് കപ്പിലേത്.
"വലിയ എക്സ്പീരിയൻസ് ആണ് ഡ്യുറണ്ട് കപ്പ് നൽകിയത്. ശക്തരായ ടീമുകൾക്ക് എതിരെയാണ് കളിച്ചത്. മൊഹമ്മദ്ൻസ് ഐ ലീഗിലെ ശക്തരായ ക്ലബ്ബാണ്. ഇന്ത്യൻ എയർഫോഴ്‌സ് തൊണ്ണൂറ് മിനിട്ടും കരുത്തോടെ കളിക്കുന്ന, ശാരീരികമായി വളരെ മുന്നിട്ട് നിൽക്കുന്ന ടീമാണ്. ബംഗളുരു എഫ്‌സി എല്ലാവർക്കും അറിയുന്ന പോലെ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്.
[KH_ADWORDS type="1" align="center"][/KH_ADWORDS]
അവർക്ക് എതിരെയുള്ള ഗോവയുടെ പ്രകടനം തൃപ്തികരം ആയിരുന്നെങ്കിലും കുറച്ചു കൂടി നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഞാനും ക്ലബ്ബും കരുതുന്നത്." - സൽമാൻ സംസാരിച്ചു തുടങ്ങി.
" ആദ്യമായി ആരാധകരുടെ മുന്നിൽ കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതേപോലെ വളരെയധികം എക്സ്പീരിയൻസ് ഉള്ള താരങ്ങൾക്ക് എതിരെ കളിക്കാൻ സാധിച്ചു. മത്സരങ്ങൾക്ക് മുൻപ് ഇത്തരം താരങ്ങളെ പറ്റിയും അവരുടെ നീക്കങ്ങളെ പറ്റിയും മനസിലാക്കാനും അവ കളിക്കളത്തിൽ ഫലപ്രദമായി തടയാനും സാധിച്ചു."- താരം വ്യക്തമാക്കി.
മുഹമ്മദ് നെമിലുമായുള്ള സൗഹൃദത്തെക്കുറിച്ച്
ഇന്ത്യയുടെ ഭാവിതാരങ്ങളിൽ ഒരാളാണ് എഫ്‌സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിൽ. ഗോവയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബായ എഫ്ഇ ഗ്രാമയിൽ കളിച്ച താരം കൂടിയാണ് നെമിൽ. ഫുട്ബോൾ ജീവിതം ആരംഭിച്ചത് മുതലുള്ള സൗഹൃദമാണ് തനിക്ക് നെമിലുമായുള്ളതെന്ന് സൽമാൻ സൂചിപ്പിച്ചു.
"സെപ്റ്റ് അക്കാദമിയിൽ നിന്ന് തന്നെ തുടങ്ങിയ പരിചയമാണ് നെമിലുമായുള്ളത്. റിലയൻസിലും ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. എന്റെ നീക്കങ്ങൾ എങ്ങനെയെന്ന് അവനും അവന്റേത് എനിക്കും അറിയാമായിരുന്നു.
കളിക്കളത്തിന് പുറത്തും ഞങ്ങൾ ഒരുമിച്ച് ആണ്. പരിശീലന സെഷനുകൾ കഴിയുമ്പോഴും മത്സരങ്ങൾക്ക് ശേഷവും ഞങ്ങൾ പരസ്പരം വിലയിരുത്തും." - സൽമാൻ ഫാരിസ് പറഞ്ഞു.
ഗോവയിലെ പരിശീലന സെഷനുകളെ പറ്റി
" എഫ്‌സി ഗോവയുടെ സീനിയർ ടീമിന്റെ അതേ ഫിലോസഫി തന്നെയാണ് റിസർവ് ടീമിലുമുള്ളത്. പ്ലെയിങ് സ്റ്റൈലും ട്രെയിനിങ്ങുമെല്ലാം സീനിയർ ടീമിന്റേത് തന്നെയാണ്. ബാലൻസ് ആയ ഒരു ട്രെയിനിങ് ആണ് തരുന്നത്."
സീനിയർ ടീം പ്രതീക്ഷകൾ
" ഗോവയുടെ സീനിയർ ടീമിന്റെ കയറണമെന്നും ഐഎസ്എൽ കളിക്കണമെന്നതുമാണ് ഏറ്റവും വലിയ ആഗ്രഹം. ഡ്യുറണ്ട് കപ്പ് അതിനുള്ള ചവിട്ടിപടിയാണ്. വളരെയധികം പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ ഞാൻ നോക്കി കാണുന്നത്." - സൽമാൻ ഫാരിസ് സംസാരിച്ചു നിർത്തി.
Related News
- Wales vs Kazakhstan Prediction, lineups, betting tips & odds
- Sudan vs Senegal Prediction, lineups, betting tips & odds
- Moldova vs Norway Prediction, lineups, betting tips & odds
- Who can replace Brandon Fernandes as India's number 10 against Bangladesh?
- EA FC 25 UEFA Dreamchasers Promo leaks ft. Kylian Mbappe, Ousmane Dembele & more
- Top seven best matches to watchout for in March International break 2025
- What is Cristiano Ronaldo's record against Denmark?
- Players to register 50+ goals & 50+ assists for Manchester United in Premier League
- Who are the top 11 active goalscorers in international football?
- Who are the 13 highest international scorers of all time?