6800 കി.മീ  ദൂരം കടന്ന് അയാൾ എത്തുകയാണ്.

ലിത്വാനിയൻ ക്ലബ് എഫ് .കെ സുഡുവയിൽ നിന്ന് ഐ. എസ്. എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ക്ലബ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. എഫ്.കെ സുഡുവയുടെ സ്‌പോർട്‌സ് ഡയറക്ടറായിരുന്ന കരോളിസ് സ്കിൻകിസാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടറായി എത്തുന്നത്. എഫ്.കെ സുഡുവയെ മൂന്ന് തവണ ലീഗ് ചാമ്പ്യൻമാരാക്കിയതിന്റെ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്.

ബ്ലാസ്റ്റേഴ്‌സിന്റെ കിട്ടാക്കനിയായ കിരീടമോഹം സഫലമാക്കാൻ ഇദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകവിശ്വാസം. എഫ്.കെ സുഡുവയുടെ വളണ്ടിയർ ആയിട്ടായിരുന്നു  സ്കിൻകിസ്‌ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം ക്ലബ്ബിന്റെ വക്താവായി മാറുകയും ചെയ്തു. 2015 മുതൽ സുഡുവയുടെ ഡയറക്ടറായി പ്രവർത്തിച്ച് വരികയാണ് സ്കിൻകിസ്‌.

30 കാരനായ ഇദ്ദേഹത്തിന് ക്ലബ്ബിൽ ഒന്നിൽ കൂടുതൽ ജോലികൾ ഉണ്ടങ്കിലും അദ്ദേഹത്തിന്റെ പ്രധാന ദൗത്യം ഊർജ്ജസ്വലരായ കളിക്കാരെ കണ്ടത്തൽ ആയിരുന്നു.  2017, 2018,  2019 വർഷങ്ങകളിൽ തുടർച്ചയായി മൂന്ന് തവണ സുഡുവയെ ലീഗ് ചാമ്പ്യന്മാരാക്കിയതിലൂടെ യൂറോപ്പിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ക്ലബ്ബ് സുഡുവും സ്കിൻകിസും. 

സെർബിയൻ ക്ലബ്ബ് ക്രീന സെസ്‌ഡയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസർ സ്റ്റീഫൻ പാന്റോവിച്ച്  വഴിയാണ് സ്കിൻകിസ്‌ ബ്ലാസ്റ്റേഴ്സിലേക് എത്തുന്നത്‌. സ്റ്റീഫൻ പാന്റോവിച്ചിന് ബ്ലാസ്റ്റേഴ്‌സുമായി മുമ്പ്തന്നെ ബന്ധം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഇഷ്ടപെട്ട സ്കിൻകിസ്‌ പാന്റോവിച്ചുമായി കഴിഞ്ഞ ജനുവരിയിൽ ക്ലബ്ബിനേയും കളിക്കാരെയും കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വന്നിരുന്നു.

ഒരു മാസം മുമ്പ് ബ്ലാസ്റ്റേഴ്‌സ്  പ്രസിഡന്റുമായി ഒരു കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. ആ കൂടിക്കാഴ്ച്ചയോട് കൂടി  സ്കിൻകിസ്‌ ബ്ലാസ്റ്റേഴ്സിലേക് ചേക്കേറുന്നതിന് തീരുമാനം എടുക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ര ശുപകരമായിരുന്നില്ല ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ. 10 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 7ആം സ്ഥാനത്ത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഫിനിഷ് ചെയ്യാൻ സാധിച്ചത്.     

ലോകനിലവാരത്തിൽ അത്രയ്ക്ക് ഉന്നതിയിലല്ല ഇന്ത്യൻഫുട്ബോളിന്റെ നിൽപ്പ് എങ്കിലും  പുതിയ സംരംഭകർക്ക്  ഇത് ഒരു വലിയ മാർക്കറ്റ് തന്നയാണ്. ദിനം തോറും വികസിച്ച് കൊണ്ടിരിക്കയാണ് ഇന്ത്യൻഫുട്ബാൾ. 2019-ന്റെ അവസാനമായിരുന്നു പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ വിറ്റി ഐ.എസ്.എൽ ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയുടെ 65 ശതമാനം ഷെയർ വാങ്ങിയത്.

135 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഫിഫ റാങ്കിംഗ് തീരെ തൃപ്തികരമല്ല. 108ആം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. അതിലും 23 സ്ഥാനങ്ങൾ പിറകിലാണ് ഇപ്പോൾ ലിത്വാനിയയും. എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുമ്പോൾ 170ആം റാങ്കിംഗിലായിരുന്നു ഇന്ത്യ എന്നത് ഒരു ശുഭപ്രതീക്ഷയും ഐ.എസ്.എല്ലിന്റെ മേന്മയും വിളിച്ചറിയിക്കുന്ന ഒന്ന് തന്നെയാണ്.

എഫ്.കെ സുഡുവ വിട്ട് ബ്ലാസ്റ്റേഴ്സിലേക് ചേക്കേറുന്ന സ്കിൻകിസുമായി _15min_ നടത്തിയ അഭിമുഖം.

എന്ത് കൊണ്ട് ഇന്ത്യ? അവിടെ എന്താണ് താങ്കളെ സ്വാധീനിച്ചത്? ആ രാഷ്ട്രം  മറ്റൊരു ലോകമായി താങ്കൾക്ക് അനുഭവപ്പെടുന്നുണ്ടോ?

തീർച്ചയായും ഇന്ത്യ മറ്റോരു ലോകമാണ്. അവിടുത്തെ ആളുകളും ജീവിതവും വ്യത്യസ്തമാണ്. അവിടുത്തെ ജീവിത സാഹചര്യങ്ങളെല്ലാം അനുകൂലമാണ് എന്നതാണ് എന്നെ ഏറെ തല്പരനാക്കുന്നത് . ഫുട്ബാളിന്റെ മേഖലയിലേക്ക് നോക്കിയാലും ആ മേഖലയും അവിടെ വളരെ ഉന്മേഷം തരുന്നതാണ്. ഇന്ത്യൻ സൂപ്പർ ലീഗിന് വെറും ആറ് വർഷത്തെ ആയുസ്സ് മാത്രമേ ഉളളൂ. അതിനുള്ളിൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ലീഗായി അത് അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. അതിലെ ജേതാക്കൾക്ക് നേരിട്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് സെലക്ഷൻ ഉണ്ട്. രസകരമായ പ്രവർത്തനാന്തരീക്ഷമുള്ള, ധാരാളം മത്സരങ്ങളുള്ള ഒരു മേഖലയാണത്. ശമ്പളങ്ങൾക്കപ്പുറം  എനിക് അവിടെ നിന്ന് ഒരുപാട് പഠിക്കാനും അനുഭവസമ്പത്ത് നേടാനും രസകരമായ ജീവിതം നയിക്കാനും സാധിക്കും.       

ലിത്വാനിയൻ ക്ലബ് മാനേജർമാർ എങ്ങനെയാണെന്ന് താങ്കൾക്കറിയാം. എന്നാൽ ഇന്ത്യയിൽ മാനേജർമാർ എങ്ങനെയാണ്?

അത് ഓരോ വ്യക്തിയേയും അനുസരിച്ചിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ലിത്വാനിയക്കാരനായാലും ഇന്ത്യക്കാരനായാലും. എന്നാൽ ഇവിടെ  ബ്ലാസ്റ്റേഴ്സ് പ്രസിഡന്റ് എനിക്ക് ഒരുപാട് പൊസിറ്റീവ്  എനർജിയാണ് നൽകിയത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കൽ ഒരു നവ്യാനുഭവമാകുമെന്ന് ഞാൻ കരുതുന്നു.

പുതിയ ടീമിന്റെ ഘടനയും കളിക്കാരുടെ ലെവലും എങ്ങനെയാണ്?

ഏഴ് വിദേശി താരങ്ങളാണ് ഒരു ടീമിൽ ഉണ്ടാകാൻ സാധിക്കുക. അതിൽ ഒരാൾ ഏഷ്യക്കാരൻ തന്നെയാകണം. അതിൽ അഞ്ച് പേർക്ക് മാത്രമേ  ഒരുമിച്ച് കളിക്കാൻ സാധിക്കൂ. ഇന്ത്യൻ കളിക്കാരെ സംബന്ധിച്ച്  അവർക്ക് മുന്നേറാനും പരിശീലിക്കാനുമുള്ള  അവസരങ്ങൾ ഇവിടെയുണ്ട്. ആഭ്യന്തര കളികളിലൂടെയും മറ്റും അവർ മികച്ച  മത്സരങ്ങളുമായി മുന്നേറി കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ പ്രധാന ലക്ഷ്യം  സാധ്യമായ വിദേശികളെ ഇങ്ങോട്ട്  കൊണ്ടുവരുന്നതിലാണ്. പണത്തിനനുസരിച്ച് കഴിവും ഊർജ്ജവുമുള്ളവരെ ടീമിലേക്ക് എത്തിക്കലാണ് പ്രധാന ടാസ്‌ക്.

ലീഗിന്റെ നിലവാരം എങ്ങനെ? യൂറോപ്യൻ ലീഗുകളുമായി താരതമ്യം ചെയ്യാൻ പറ്റുമോ?

നമ്മുടെ ലിത്വാനിയൻ ലീഗ് പോലുളള ചെറിയ ലീഗുകൾ  സൂപ്പർ ലീഗുമായി താരതമ്യം ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. കാരണം രണ്ടിടത്തിലേയും മത്സരാത്മകത വ്യത്യസ്തമാണ്. അവിടെ നിലവാരത്തിന്റെ കാര്യത്തിൽ പല ക്ലബ്ബുകളും പിന്നിൽ തന്നെയാണ്. എന്നാൽ നിരന്തരമായ വളർച്ച, സാമ്പത്തിക വളർച്ച, വലിയ മാർക്കറ്റിഗ് എന്നിവ അവിടെത്തെ പ്രേത്യേകതകളാണ്.

വലിയ മാർക്കറ്റ് എന്ന് പറഞ്ഞല്ലോ …. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ടീമിന്റെ ശരാശരി ബഡ്ജറ്റ് എത്രയാണ്?

ഒരു ടീമിന് ഏകദേശം 7-8 മില്യനോളം ബഡ്ജറ്റ് ഉണ്ടാകും. യാത്രയടക്കമായുള്ളതാണ് ബഡ്‌ജറ്റ്‌ എങ്കിലും ഇതുപോലൊരു രാജ്യത്ത് ഈ സംഖ്യയും ഏറെ കൗതുകമാണ്.

ലിത്വാനിയൻ കളിക്കാർ അപ്പാർട്ട്മെന്റുകൾ വാടകക്ക് എടുത്താണല്ലോ താമസിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ടീമുകളുടെ താമസം എങ്ങനെയാണ്?

തീർത്തും വ്യത്യസ്തം. ഈ ക്ലബ്ബിന്റെ കാര്യത്തിൽ കളിക്കാർ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് താമസിക്കുക.

താങ്കൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരു സന്ദർശനം നടത്തിയല്ലോ… നാൽപതിനായിരത്തോളം കാണികളെ ഉൾകൊള്ളുന്ന ഒരു സ്റ്റേഡിയം ആണല്ലോ അത്?

അതെ. അത് എല്ലാ ലീഗുകൾ വെച്ച് നോക്കിയാലും ഏറ്റവും കൂടുതൽ കാണികൾ വരുന്നൊരു സ്റ്റേഡിയമാണ്. എനിക്ക് സ്റ്റേഡിയത്തിൽ നിന്ന് ഒരു കളി മാത്രമേ കാണാൻ സാധിച്ചുള്ളൂ. അന്ന് അവിടെ 20000-ത്തിൽ പരം ആളുകൾ ഉണ്ടായിരുന്നു. അവിടെ കാണികൾ വരും. ടീമിന്റെ കളി മെച്ചപ്പെടുന്നുണ്ടെങ്കിൽ കാണികളുടെ എണ്ണം നിരന്തരം വർദ്ധിക്കും. ആകർഷണീയമായ ഫുട്‌ബോൾ അന്തരീക്ഷമാണ് അവിടെ ഉള്ളത്.

ലിത്വാനിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇന്ത്യൻ ആരാധകരെ വ്യത്യസ്തമാക്കുന്നത് എന്താണ്?

യൂറോപ്പിൽ ആ സപ്പോർട്ട് വ്യത്യസ്തമാണ്. ഇവിടെ അവരുടെ സപ്പോർട്ട് വസ്ത്രം, ശബ്ദം, മുഖം, കളർ എന്നിവയിലെല്ലാം പ്രകടമായിരിക്കും.

ഏതെങ്കിലും ലിത്വാനിയക്കാരനെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് ഉദ്ദേശമുണ്ടോ?

ഇതിനെ പറ്റി സംസാരിക്കൽ വളരെ നേരത്തെ ആയിപ്പോയി. സെപ്റ്റംബർ മാസത്തിലാണ് സീസൺ ആരംഭിക്കുക. ശേഷം മാത്രം ആലോചിക്കേണ്ടതാണ് അത്.

ഇവിടെ സുഡുവയിൽ ഏകദേശം കളിക്കാരും യൂറോപ്പുകാരാണ്. അവരുടെ ഏജന്റുമാർ ഇവിടത്തുകാർ തന്നെയാണ്. പക്ഷേ ഒരു വ്യത്യസ്തമായ മാർക്കറ്റിൽ ടീമിനെ നിർമിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതും എങ്ങനെ?

ആഭ്യന്തര കളിക്കാരുടെ കാര്യത്തിൽ എനിക്ക് അവരുടെ ഏജന്റുമാരെ അറിയാത്തതുകൊണ്ട് കാര്യങ്ങൾ നന്നാവാൻ കുറച്ചു സമയമെടുക്കും. പക്ഷേ ക്ലബ്ബിലെ ഈ രംഗത്തുള്ളവർ എന്നെ സഹായിക്കും.

ക്ലബ്ബിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടോ?

ഞങ്ങൾ ഏഴാം വർഷത്തിലേക്കാണ് കടക്കുന്നത്. ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ഫൈനൽ കളിക്കണം. പക്ഷേ ആദ്യ ലക്ഷ്യം പ്ലേഓഫ് തന്നെയാണ്.

ഒറ്റക്കാണോ ഭാര്യയോടൊപ്പമാണോ ഇന്ത്യയിലേക്ക് പോവുക?

ആദ്യം ഞാൻ ഒറ്റക്കായിരിക്കും. ഭാര്യക്ക് ജോലി ഉള്ളത് കാരണം പിന്നെ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കും.

താങ്കൾ അഞ്ച് വർഷമായി സുഡുവയിൽ പ്രവർത്തിക്കുന്നു. വിട്ട്പോകുന്നതിന് പ്രയാസമുണ്ടോ?

തീർച്ചയായും. ഇത് വളരെ പ്രയാസമേറിയതാണ്. എക്കാലത്തും എന്റെ ഹോം ഇതു തന്നെയായിരിക്കും. എനിക്ക് യുവത്വമാണ്. മറ്റുള്ള അന്തരീക്ഷങ്ങളെ കൂടി അനുഭവിച്ചറിയേണ്ട സന്ദർഭമാണ്. ഇവിടെയുള്ളവരുമായി ഇനി പ്രവർത്തിക്കാൻ കഴിയാത്തതിൽ ഏറെ പ്രയാസമുണ്ട്. ഇങ്ങനൊരു അവസരം ലഭിച്ചതിൽ അതിൽ ഞാൻ സന്തുഷ്ടനാണ്. ഈ ക്ലബ്ബിൽ എനിക്ക് ധാരാളം പാഠങ്ങൾ തന്നവരുണ്ട്. ഉപദേശങ്ങൾ നൽകിയവരുണ്ട്. എല്ലാവർക്കും അകമഴിഞ്ഞ നന്ദിയുണ്ട്. ഇത് ഒരു നിസാരമായ തീരുമാനം ആയിരുന്നില്ല. എന്തിരുന്നാലും എനിക്ക് ഒരു അവസരം വന്നപ്പോൾ ഞാൻ അത് ഉപയോഗിച്ചു. അത് നല്ലതിനാവട്ടെ.

താങ്കൾ ക്ലബ്ബ് വിടുകയാണ് എന്ന് അറിയിച്ചപ്പോൾ ക്ലബ്ബ് പ്രസിഡന്റ് വിഡ്മാന്റസ് മൊറോസ്‌കസിന്റെ പ്രതികരണം എന്തായിരുന്നു?

ഞാൻ ആദ്യം മുതൽക്ക് തന്നെ പ്രസിഡന്റുമായി നിരന്തരം ബന്ധം ഉള്ള ആൾ ആയിരുന്നു. എനിക്ക് ആദ്യ കോൾ വന്നപ്പോൾ തന്നെ ഞാൻ പ്രസിഡന്റിനോട് കാര്യം അവതരിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് ശ്രമിക്കണം എന്നുണ്ടെങ്കിൽ, ശ്രമിക്കാം…