ശറ്റോറിക്ക് പകരം സൂപ്പർ കോച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക്

എഫ് സി മോഹൻ ബഗാൻ പരിശീലകൻ കിബൂ വികൂന ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ്‌കാരനായ കോച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് മാനേജ്മെന്റുമായി സംസാരിച്ചതായാണ് ക്ലബ്ബിനോടടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.     

അടുത്ത സീസൺ മുതൽ എ ടി കെയും മോഹൻബഗാനും ലയിച്ച് ഒന്നായി മാറുമ്പോൾ രണ്ടു ടീമുകളിൽ ഏതെങ്കിലും ഒരു കോച്ചിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. സീസണിൽ എ ടി കെ ഐ.എസ്.എൽ കിരീടം നേടുകയും മോഹൻബഗാൻ ഐ ലീഗ് കിരീടം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എ ടി കെ കോച്ച് ആന്റോണിയോ ഹബാസിനെ തന്നെ നിലനിർത്തുമെന്ന് ക്ലബ്ബ് അറിയിച്ചതോടെയാണ് കിബൂ വികൂനയുടെ സ്ഥാനം തെറിച്ചത്.       

അതേസമയം ബ്ലാസ്റ്റേഴ്സിന് ഈ സീസൺ ദയനീയതയുടേതായിരുന്നു. സീസണിൽ 7ആം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്തതോടെ കോച്ച് എൽക്കോ ശറ്റോറിയുടെ സ്ഥാനം തുലാസിലായിരുന്നു. അതോടെ പുതിയ ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ കാര്യത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എഫ് സി ഗോവ അടുത്തിടെ പുറത്താക്കിയ കോച്ച് സെർജിയോ ലോബേറ ബ്ലാസ്റ്റേഴ്സ് കോച്ച് സ്ഥാനത്തേക്കു വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം അഭ്യൂഹതകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിബൂ വികൂന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റുമായി സംസാരിച്ചത്.    

സീസണിൽ ഐ ലീഗിൽ മോഹൻ ബഗാനിന്റെ സമഗ്ര ആധിപത്യമായിരുന്നു. നാല് മത്സരങ്ങൾ ശേഷിക്കെ വ്യക്തമായ ലീഡോട് കൂടിയാണ് മോഹൻ ബഗാൻ ലീഗ് കിരീടം ചൂടിയത്. കഴിഞ്ഞവർഷം ലീഗിൽ അഞ്ചാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാൻ സാധിച്ച മോഹൻബഗാൻ ഇക്കുറി കിരീടം നേടിയത് സീസണിൽ പുതുതായി വന്ന കോച്ച് കിബൂ വികൂനയുടെ മികവിൽ ആയിരുന്നു.   

 സ്‌പെയിനിലും ഹോളണ്ടിലും അടക്കം ധാരാളം ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജോസഫ് അന്റോണിയോ കിബൂ വികൂന കളിക്കാരെയും ടീമിനെയും കോർഡിനേറ്റ് ചെയ്യുന്നതിൽ മിടുക്കനാണ്. ഈ വർഷം ഇരു ക്ലബ്ബുകളും ചേർത്ത് ഒന്നാക്കുന്നതോടെ കോച്ചിനെ ക്ലബ്ബിന്റെ മറ്റേതെങ്കിലും സ്ഥാനത്ത് നിർത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശീലകനല്ലാതെ മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടെന്ന് കോച്ച് അറിയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് വികൂനയെ സമീപിച്ചത്.