കാമറൂൺ, ട്യൂണിഷ്യ, അൽജീരിയ, ഗിനിയ എന്നിവിടങ്ങളിൽ കളിച്ച പരിചയസമ്പന്നനായ താരമാണ് ബൗബ.

നിലവിലെ ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയുമായി കാമറൂണിയൻ പ്രതിരോധ താരം അമിനൗ ബൗബ കരാർ നടപടികൾ പൂർത്തിയാക്കിയതായ് ഖെൽ നൗ സ്ഥിരീകരിക്കുന്നു. ഗോകുലം കേരള എഫ്‌സിയുടെ കരാർ നിബന്ധനകൾ അംഗീകരിച്ച താരം ഒരുവർഷത്തെക്കാണ് ക്ലബ്ബുമായി കരാർ ഒപ്പിട്ടത്.

“അമിനൗ ബൗബ ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായി. ക്ലബുമായി ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പിട്ടത്. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള ഒരുക്കങ്ങൾ ക്ലബ്ബിൽ പുരോഗമിക്കുന്നു” – ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. അടുത്തിടെ ക്ലബ്ബ് വിട്ട് ക്യാപ്റ്റൻ മുഹമ്മദ് അവാലിനു പകരക്കാരനായാണ് ബൗബ ടീമിൽ എത്തുന്നത്.

താരത്തെപ്പറ്റി

വളരെയധികം പരിചയസമ്പന്നനായ കളിക്കാരനാണ് കാമറൂണിലെ ഗരോവയിൽ ജനിച്ച അമിനൗ ബൗബ. കാമറൂൺ, ട്യൂണിഷ്യ, അൽജീരിയ, ആഫ്രിക്കയിലെ ഗിനിയ എന്നിവിടങ്ങളിൽ കളിച്ച പരിചയസമ്പന്നനായ താരമാണ് ബൗബ. 2015 മുതൽ 2018 വരെ സൗദി അറേബ്യയിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു താരത്തിന് ഏഷ്യൻ ഫുട്ബോളിലും ആവശ്യത്തിന് പരിചയസമ്പത്തുണ്ട്.

PMUC സ്പോർട്ടിംഗ് ക്ലബ് ഡി ഡുവാലയുടെ യൂത്ത് ടീമിലൂടെയാണ് ബൗബ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2011 ൽ കാമറൂണിയൻ ടോപ് ഡിവിഷൻ ക്ലബ്ബായ കോട്ടോൺ സ്പോർട്ട് ഡി ഗാരൗ ടീമിന്റെ ഭാഗമായ താരമായി. തുടർന്ന് അടുത്ത മൂന്ന് വർഷം ക്ലബ്ബിൽ ചിലവഴിച്ച താരം തുടർന്ന് ടുണീഷ്യയിലെ എസ്പെരൻസ് ടുണിസ്, അൾജീരിയയിലെ സിഎസ് കോൺസ്റ്റന്റൈൻ എന്നിവിടങ്ങളിലും സൗദി അറേബ്യയിലെ അൽ-ഖലീജ്, അൽ-ഇത്തിഫാക്ക്, അൽ-തായ് ക്ലബ്ബുകളിലും കാമറൂണിലെ ജിക്കോ എഫ്സി ഡി ബാൻഡ്ജൗണിലും ഗിനിയിലെ ഹൊറോയ എസിയിലും കളിച്ചിട്ടുണ്ട്.

2013-14 സീസണിൽ ടുണീഷ്യയിലെ എസ്പെരൻസ് ടുണിസിന്റെ ഭാഗമായിരുന്നപ്പോൾ രാജ്യത്തെ മുൻനിര ലീഗായ ലിഗ് പ്രൊഫഷണൽനെൽ 1 നേടിയിട്ടുണ്ട്.

ഗോകുലം കേരളയുടെ പ്രീസീസൺ തയ്യാറെടുപ്പുകൾ

ഗോകുലം കേരള എഫ്‌സിക്ക് വളരെ പ്രധാനപ്പെട്ട ഒരു സീസണാണ് മുന്നിലുള്ളത്. കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ഐ ലീഗ് കിരീടം നിലനിർത്തുക എന്ന കടമ്പയാണ് ഇന്ന് പ്രധാനമായും ക്ലബ്ബിന് മുന്നിൽ ഉള്ളത്. പ്രത്യേകിച്ചും ക്ലബ്ബിന്റെ മാനേജ്മെന്റ് വിഭാഗത്തിൽ നിന്നും താരങ്ങളിൽ നിന്നും ധാരാളം കൊഴിഞ്ഞു പോക്ക് സംഭവിക്കുന്ന ഈ സമയത്ത്. വരുന്ന സീസണിൽ ക്ലബ്ബിന്റെ പുരുഷ വിഭാഗം ഡ്യുറണ്ട് കപ്പിലും ഐ ലീഗിലും മത്സരിക്കുന്നുണ്ട്. അതേസമയം വനിത ടീം ആകട്ടെ പ്രഥമ എഎഫ്‌സി വുമൺസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ഇന്ത്യൻ വുമൺസ് ലീഗ് (IWL) കിരീടം നിലനിർത്തുകയും ചെയ്യണം.

കൂടാതെ ഈ സീസണിന്റെ അവസാനത്തിൽ AFC കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും ക്ലബ്ബിന്റെ പുരുഷ ടീം കളിക്കും. അതിനാൽ തന്നെ ഗോകുലം കേരള എഫ്‌സി അവരുടെ പ്രീ-സീസൺ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. കോവളം എഫ്‌സിയോടും ലൂക്ക സോക്കർ ക്ലബ്ബിനോടും എംഎ ഫുട്ബോൾ അക്കാദമിയോടും സൗഹൃദ മത്സരങ്ങൾ ക്ലബ് കളിക്കുന്നുണ്ട്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ സി.കെ. ഉബൈദ്, സെബാസ്റ്റ്യൻ തങ്മുവാങ്സാങ്, നൗചാ സിംഗ്, ജെസ്റ്റിൻ ജോർജ്, സൽമാൻ കല്ലിയത്ത്, ഷിബിൽ മുഹമ്മദ്, അവാൽ, നിംഷാദ് റോഷൻ, ലാൽറോമാവിയ, തുടങ്ങി നിരവധി താരങ്ങൾ ക്ലബ് വിടുകയുണ്ടായി. മുൻ പരിശീലകനും കഴിഞ്ഞ സീസൺ വരെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന ബിനോ ജോർജ് ക്ലബ് വിട്ട് കേരള യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി.

അതിനാൽ തന്നെ കളിക്കാർക്ക് പകരക്കാരായി രക്ഷിത് ദാഗർ, കൃഷ്ണാനന്ദ സിംഗ്, ചാൾസ് ആനന്ദ്രാജ്, ബെനസ്റ്റൺ ബാരെറ്റോ, ഷോയിബ് അക്തർ, അക്ബർ ഖാൻ, ദീപക് സിംഗ് തുടങ്ങി നിരവധി താരങ്ങളെ ഗോകുലം ടീമിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ഗോകുലം കേരള എഫ്‌സി കരാറിൽ എത്തിയ ഏറ്റവും പുതിയ താരമാണ് അമിനൗ ബൗബ. ഐ-ലീഗ് നിയമങ്ങൾ അനുസരിച്ച് ക്ലബ്ബ് ഇനി മൂന്ന് വിദേശ താരങ്ങളെ കൂടി തട്ടകത്തിൽ എത്തിക്കണം.

For more updates, follow Khel Now on TwitterInstagram and join our community on Telegram.