ഈ സീസൺ കേരള പ്രീമിയർ ലീഗിൽ എംഎ ഫുട്ബോൾ അക്കാദമിയുടെ ഭാഗമായിരുന്നു റാഫി.

കേരളത്തിൽ നിന്നുള്ള യുവ പ്രതിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ്‌സിയുമായി കരാർ ഒപ്പുവെച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ജനിച്ചു വളർന്ന താരം ഇന്ത്യൻ U19 ടീമിന്റെ ഭാഗമായി നേപ്പാളിൽ വെച്ചു നടന്ന U19 സാഫ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായിട്ടുണ്ട്. 

കൂടാതെ ജൂനിയർ ടീമിനോപ്പം എഎഫ്‌സി U19 യോഗ്യത ടൂർണമെന്റും കളിച്ചിട്ടുണ്ട്. കൂടാതെ ടീമിനോപ്പം റഷ്യ, വനാറ്റു, തുർക്കി എന്നീ രാജ്യങ്ങളിൽ ധാരാളം സൗഹൃദ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ, ബംഗളുരു എഫ്‌സി റിസർവ് ടീമിനോപ്പം ബംഗളുരു സൂപ്പർ ഡിവിഷൻ ജേതാവുമായിരുന്നു.

അടുത്തിടെ, മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ ഭാഗമായി 2020-21 വർഷത്തെ കേരള പ്രീമിയർ ലീഗിന്റെ ഭാഗമായിരുന്നു താരം. അവിടെ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഗോകുലം കേരളയിൽ എത്തിച്ചത്. ടൂർണമെന്റിൽ താരം ഒരു മാൻ ഓഫ് ദി മാച്ച് അവാർഡും ഒരു ഗോളും നേടിയിട്ടുണ്ട്. ഖേൽ നൗവിന്റെ കേരള പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് റാഫി.

പ്രതിരോധത്തിൽ ഏത് പൊസിഷനും വഴങ്ങുന്ന റാഫി എം‌എ ഫുട്ബോൾ അക്കാദമിക്കായി സെന്റർ ബാക്ക്, വിംഗ്-ബാക്ക് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. 19 വയസ്സ് മാത്രമുള്ള റാഫി സീനിയർ കളിക്കളത്തിൽ മുന്നോട്ട് കുതിച്ചു ആക്രമണത്തിനായി ശ്രമിക്കുന്നത് വളരെ പ്രശംസനീയമാണ്. കളിക്കളത്തിൽ ശക്തമായ പ്രതിരോധം തീർക്കേണ്ട സാഹചര്യങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന താരം കൂടിയാണ്. അറ്റാക്കിങ് തേർഡിൽ കിട്ടുന്ന ത്രോ ബോൾ അവസരങ്ങളെ ഒരു ലോങ്ങ് ക്രോസ്സിനോ, ലോങ്ങ് ഫ്രീ കിക്കിനോ അല്ലെങ്കിൽ ഒരു കോർണർ കിക്കിനോ തുല്യമായി എടുക്കാൻ റാഫിക്ക് കഴിയും എന്നതാണ് താരത്തിന്റെ മറ്റൊരു സവിശേഷത. താരത്തിന്റെ ത്രോയിലൂടെ രണ്ട് ഗോളുകൾ ഇത്തവണ എംഎ അക്കാദമി ലീഗിൽ നേടിയിട്ടുണ്ട്. 

” ഐ-ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കരാർ ഒപ്പുവെച്ചത്തിൽ വളരെയധികം സന്തോഷമുണ്ട്. ഐ ലീഗിലെ ക്ലബ്ബിന്റെ മത്സരങ്ങൾ ഞാൻ പിന്തുടരാറുണ്ട്, അതിനാൽ തന്നെ ആ ടീമിൽ കൂടുതൽ ഊർജം പകരാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മലബാറിയൻസിനൊപ്പം ഒരു മികച്ച സീസൺ തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ” കരാർ ഒപ്പുവെച്ച ശേഷം മുഹമ്മദ് റാഫി പറഞ്ഞു.

” ദേശീയ ടീമിനോപ്പം വിവിധ പ്രായ വിഭാഗങ്ങളിൽ കളിച്ചു പരിചയസമ്പത്ത് നേടിയ റാഫി കേരളത്തിൽ നിന്ന് ഭാവിയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുന്ന ഫുട്ബോൾ താരമാണ്.  കേരളത്തിലെ യുവ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ ഫിലോസഫിയാണ് എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് റാഫിയുടെ സൈനിങ്‌. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. റാഫിക്ക് ക്ലബിനൊപ്പം ശോഭനമായ ഭാവിയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ” –  ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വിസി പ്രവീൺ പ്രതികരിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.