കഴിഞ്ഞ സീസണിൽ ലഭിച്ച അവസരങ്ങളിലെല്ലാം  മികച്ച പ്രകടനം നടത്താൻ ഹക്കുവിന് കഴിഞ്ഞിരുന്നു.

3 വർഷത്തേക്ക് ഹക്കുവിന്റെ കരാർ നീട്ടിയ വാർത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലപ്പുറത്തിലെ വാണിയന്നൂരിൽ നിന്നുള്ള ഹക്കു സ്പോർട്സ് അക്കാദമി ഓഫ് തിരൂരിലൂടെയാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തുടർന്ന് ഡി.സ്.കെ ശിവാജിയൻസ് യൂത്ത് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ 2017ൽ ചേരുന്നതിന് മുൻപ് ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ ഫത്തേഹ് ഹൈദരാബാദിന് വേണ്ടി അദ്ദേഹം  കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ഡിഫെൻസിവ് ചുമതലകളിൽ പക്വതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഹക്കുവിന് കഴിഞ്ഞിരുന്നു. 6 അടി പൊക്കത്തിന്റെ ഗുണം മുതലെടുത്തു ഹൈ ബോളുകൾ നേടിയെടുക്കാനും അദ്ദേഹം സമർഥനാണ്. നോർത്ത് ഈസ്റ്റിലൂടെ ഐ സ് ൽ അരങ്ങേറ്റം നടത്തിയെങ്കിലും പരിക്ക് മൂലം അധികം മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയും ആറാം ഐ സ് ൽ സീസണിൽ തന്റെ വളർച്ച പ്രകടമാക്കുന്ന കളി അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു. ഹക്കുവിന്റെ പ്രകടനങ്ങളിൽ  മാനേജ്മെന്റ് സംതൃപ്തരാണെന്ന് കരാർ പുതുക്കലിലൂടെ മനസിലാക്കാം. ലോക്കൽ താരങ്ങളെ വളർത്താൻ ക്ലബ്‌ ശ്രമിക്കുന്നുവെന്നതിന്റെ ശുഭ സൂചനയും ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു.

കരാർ പുതുക്കിയതിനെ കുറിച്ച് ഹക്കു ഇപ്രകാരം പറഞ്ഞു – “ഞാൻ കേരളത്തിൽ നിന്നുള്ള ഒരു പ്രാദേശിക കളിക്കാരനായതിനാൽ, ബ്ലാസ്റ്റേഴ്സ് എന്റെ കുടുംബമാണ്, എല്ലായ്പ്പോഴും എന്റെ സ്വന്തം! ക്ലബ് എന്നിൽ വിശ്വാസമർപ്പിച്ചതിൽ  ഞാൻ സന്തുഷ്ടനാണ്, ഒപ്പം മുന്നോട്ട് പോകുവാൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികൾ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ വീട്, ഞാൻ ഇവിടെതന്നെയുണ്ടാകും!”.

“ക്ലബിന്റെ പ്രതിരോധ നിരയിൽ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാൻ അബ്ദുൾ ഹക്കുവിന് കഴിവുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അർപ്പണബോധം എന്നിവയോടൊപ്പം ഞങ്ങളുടെ പുതിയ ഹെഡ് കോച്ചിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ഫുട്ബോളറായതിനാൽ ഞങ്ങളുടെ ആരാധകരുടെ നിരന്തരമായ സ്നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും അത് അദ്ദേഹത്തെ പ്രചോദിപ്പിക്കാൻ സഹായിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”,  ഈ നീക്കത്തെ കുറിച്ച്  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌.സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി.

For more updates, follow Khel Now on Twitter and join our community on Telegram.