കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇതുവരെ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് താരങ്ങളുടെ കരാർ പുതുക്കലിന് ക്ലബ്‌ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.

ഫാകുണ്ടോ പെരേരയുടെയും ജോർദാൻ മുറയുടെയും കരാറുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടാൻ ഒരുങ്ങുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഈ ഐഎസ്എൽ സീസണിൽ ഇതുവരെ ടീമിനോപ്പമുള്ള കളിക്കളത്തിലെ മികച്ച പ്രകടനമാണ് താരങ്ങളുടെ കരാറുകൾ നീട്ടാനായി ക്ലബ്ബിനെ പ്രേരിപ്പിച്ചത്.

” ഫാകുണ്ടോ പെരേരയുടെയും ജോർദാൻ മുറയുടെയും കരാറുകൾ നീട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ” – ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗനെ അറിയിച്ചു. 2020ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിന്നീട് നീട്ടാൻ സാധിക്കുന്ന രീതിയിലുള്ള ഒരു വർഷത്തെ കരാറിലാണ് ഫാകുണ്ടോ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. മുറെ ആകട്ടെ ഒരു വർഷത്തെ കരാറിലാണ് ടീമിൽ എത്തിയത്. താരത്തിന്റെ കരാർ ഒന്നോ അതിലധികമോ വർഷത്തേക്ക് നീട്ടാൻ സാധ്യത ഉള്ളതിനാൽ 2021-22 സീസണിലും ടീമിന്റെ ഏഷ്യൻ താരമായിരിക്കും. ഈ കരാർ പുതുക്കലിൽ ജോർദാൻ മുറെ സന്തുഷ്ടനാണെന്നും ഖേൽ നൗ മനസിലാക്കുന്നു.

2006ൽ അർജന്റീനിയൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ സിഎ എസ്റ്റുഡിയന്സിലൂടെയാണ് ഫാകുണ്ടോ പെരേര തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് സിഡി പാലെസ്റ്റിനോ, സാൻ ലൂയിസ്, ജിമ്നഷ്യ, PAOK, റേസിംഗ് ക്ലബ്‌, അപ്പോള്ളോൻ ലൈമസോൾ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം ബൂട്ട് അണിഞ്ഞിട്ടുണ്ട്. യുവേഫ യൂറോപ്പാ ലീഗിൽ കളിച്ചിട്ടുള്ള താരം ടൂർണമെന്റിൽ നിന്നായി 29 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും അഞ്ച് അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്.

പ്രഥമമായി അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും കൂടാതെ വിങ്ങർ ആയും സെക്കന്റ്‌ സ്ട്രൈക്കർ ആയും കളിക്കാൻ സാധിക്കുന്ന താരമാണ് ഫാകുണ്ടോ. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മധ്യ നിരയിലും വിങ്ങിലുമായി 11 മത്സരങ്ങളിൽ 794 മിനുട്ടുകളോളം കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടി ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ച താരം രണ്ട് അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്.

അതെ സമയം, എ ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈൻഴ്സുമായി ഒരു വർഷം കൂടി കരാർ ബാക്കി ഉണ്ടായിരുന്ന ജോർദാൻ മുറയെ പുറത്ത് വെളിപ്പെടുതാത്ത ട്രാൻസ്ഫർ ഫീസ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കളത്തിൽ ആദ്യ പതിനൊന്നിൽ എത്താൻ നാല് മത്സരങ്ങൾ കാത്തിരുന്ന താരമാണ് മുറെ. എന്നാൽ അതിനു ശേഷം ടീമിന്റെ ആദ്യ പതിനൊന്നിൽ സ്ഥിരസാന്നിധ്യമാണ് ഈ ഇരുപത്തിയഞ്ചുകാരൻ. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ നിലവിൽ റോയ് കൃഷണ, അരിഡാനെ സന്റാന,ഡിഗോ മൗറീഷ്യോ, ആദം ലെ ഫോണ്ട്രെ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനത്ത് ആണ്.

ഓസ്ട്രേലിയൻ രണ്ടാം ഡിവിഷൻ ലീഗ് കളിക്കുന്ന സൗത്ത് കോസ്റ്റ് വേൾവ്സ്ലൂടെയാണ് മുറെ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് APIA ലേച്ഛർദ്ട്ടിൽ കളിച്ചതിന് ശേഷമാണ് താരം സെൻട്രൽ കോസ്റ്റ് മറൈൻഴ്സിന്റെ ഭാഗമാകുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളായ ഫാകുണ്ടോ പെരേര, ജോർദാൻ മുറെ എന്നിവർക്കൊപ്പം വിസെന്റെ ഗോമേസിനെയും അടുത്ത സീസണിലും ടീമിൽ കാണാൻ സാധിക്കും. എന്നാൽ ഗാരി ഹൂപ്പർ, കോസ്റ്റ നമോൻസു, ബക്കറി കോനെ, യുവാണ്ടെ എന്നിവർ അടുത്ത സീസണും ടീമിൽ തുടരുമോ എന്നതിനെ പറ്റി കൃത്യമായ അറിവില്ല.

നിലവിൽ രണ്ട് വിജയവും നാല് സമനിലകളും അഞ്ച് തോൽവികളുമായി 10 പോയിന്റുകളുമായി ലീഗിൽ പത്താം സ്ഥാനത്ത് ആണ് കിബുവിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ്.ലീഗിൽ ഒൻപത് മത്സരങ്ങൾ കൂടി ബാക്കി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കിട്ടാവുന്നത്രയും പോയിന്റുകൾ നേടി ടേബിളിൽ പരമാവധി മുകളിലേക്ക് കയറാനാണ് ശ്രമിക്കുന്നത്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.