ഐഎസ്എല്ലിൽ ഈ സീസണിൽ ഒരു വിജയം പോലും നേടാത്ത ടീമാണ് ഒഡീഷ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച വൈകീട്ട് ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഒഡിഷ എഫ്‌സിയെ നേരിടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകളുമായി ഒൻപതാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒഡീഷ എഫ്‌സി ആകട്ടെ രണ്ട് പോയിന്റുകൾ മാത്രം നേടി ടേബിളിൽ അവസാനസ്ഥാനത്ത് ആണ്.

രണ്ട് ടീമുകളും ഇത്തവണ ലീഗിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരു വിജയം മാത്രം കണ്ടെത്തിയപ്പോൾ ഒഡിഷക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല. അതിനാൽ തന്നെ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത് ലീഗിലെ തങ്ങളുടെ ഇതുവരെയുള്ള മോശം പ്രകടനം അവസാനിപ്പിക്കാൻ വേണ്ടിയാണ്.

ടീം വിശകലനം

കേരള ബ്ലാസ്റ്റേഴ്‌സ്

ലീഗിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ചെന്നൈയിൻ എഫ്‌സി, എസ്‌സി ഈസ്റ്റ്‌ ബംഗാൾ എന്നീ ടീമുകളോട് സമനില പിടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻബഗാൻ, എഫ്‌സി ഗോവ, ബംഗളുരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നിവരോട് തോൽക്കുകയായിരുന്നു. ഹൈദരാബാദ് എഫ്‌സിക്ക് ഡിസംബർ 27 ന് നടന്ന മത്സരത്തിൽ മാത്രമാണ് കേരളം ജയിച്ചത്.

സീസൺ തുടങ്ങുമ്പോൾ വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്ന ടീം ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇതുവരെയുള്ള പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ടീമിന് ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ പോയി. എന്നിരുന്നാലും അവർ ഒരുവിധം എല്ലാ മത്സരങ്ങളിലും കളിക്കളത്തിൽ തങ്ങളുടെ കഴിവിന്റെ മിന്നാലാട്ടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവ ടീമിന് നല്ല റിസൾട്ടുകൾ നേടികൊടുക്കാൻ പര്യാപ്തമായവയല്ല.

ഈ സീസണിൽ ആറ് മത്സരങ്ങൾ ഒരു ജയം പോലും നേടാനാകാതെ ഇടറിയ ടീം ഏഴാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് ജയിക്കുകയും എന്നാൽ തൊട്ടടുത്ത മത്സരത്തിൽ മുംബൈ സിറ്റിയോട് സീസണിലെ നാലാമത്തെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിന് വിജയവഴിയിൽ തിരികെ വരാനുള്ള മത്സരമാണ് ഒഡീഷ എഫ്‌സിക്ക് എതിരെയുള്ളത്.

ഒഡീഷ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഒരു വിജയം പോലും നേടാത്ത ഏക ടീമാണ് ഒഡീഷ എഫ്‌സി. എട്ട് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് പോയിന്റുകൾ മാത്രം നേടിയ ഒഡിഷക്ക് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം മറ്റൊരു അഗ്നിപരീക്ഷയാണ്.

ഹൈദരാബാദിനോട് ആദ്യ മത്സരം തോറ്റ ഒഡീഷ എഫ്‌സി രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിയെ ആവേശകരമായി തന്നെ സമനിലയിൽ തളക്കുകയുണ്ടായി. എന്നാൽ അതിന് ശേഷം ടീമിൽ കളികൾക്കിടയിൽ നല്ല കോമ്പിനേഷനുകൾ ഉണ്ടാക്കാൻ കോച്ചായാ സ്റ്റർട്ട് ബാസ്റ്ററിനു സാധിക്കാത്തത് അടക്കമുള്ള കാരണങ്ങൾ മൂലം കളിക്കളത്തിൽ ടീം ബുദ്ധിമുട്ടുകയാണ്.

എന്നാൽ വ്യാഴാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ ടീം ഇറങ്ങുന്നത് മൂന്ന് പോയിന്റുകൾ കൈപ്പിടിയിൽ ഒതുക്കണമെന്ന വിജയപ്രതീക്ഷയോടെയാണ്. കളിക്കളത്തിൽ അടിക്കടി ചെറുതും വലുതുമായ തെറ്റുകൾ വരുത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിഴവുകൾ മുതലെടുത്ത് ഗോൾ നേടാനാകും ഒഡീഷ ശ്രമിക്കുക.

ടീം വാർത്ത

കേരള ബ്ലാസ്റ്റേഴ്സ്

പേശികൾക്ക് ഏറ്റ ചില പ്രശ്നങ്ങൾ മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കളത്തിൽ ഇറങ്ങാൻ കഴിയാതെ പോയ ബക്കറി കോനയും ഗാരി ഹൂപ്പറും ഒഡിഷക്ക് എതിരായ മൽസരത്തിൽ തിരിച്ചു വരാൻ സാധ്യത ഏറെയാണ്. അതിനാൽ തന്നെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും സാരമായ ചില മാറ്റങ്ങൾ ആദ്യ പതിനൊന്നിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

കൂടാതെ ഗോൾകീപ്പർ ആൽബിനോ ഗോമേസ്, ജോർദാൻ മുറായി, രാഹുൽ കെപി, വിസെന്റെ ഗോമേസ് എന്നിവർ ആദ്യ പതിനൊന്നിൽ തങ്ങളുടെ സ്ഥാനം ഏകദേശം ഉറപ്പിച്ചവരാണ്.

ഒഡീഷ എഫ്‌സി

ഒഡിഷയുടെ കാര്യത്തിലാകട്ടെ, മാർസലിഞ്ഞോ ഒഴികെയുള്ള വിദേശതാരങ്ങൾ ആദ്യ പതിനൊന്നിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. മുന്നേറ്റതാരങ്ങളായ മാനുവൽ ഓൻവുവിനെയും ഡീയോഗോ മൗറീഷ്യെയും ഉൾപ്പെടുത്തി ഒഡീഷ 4-3-3 ശൈലിയിൽ ആയിരിക്കും ഇന്ന് കളിക്കളത്തിൽ ഇറങ്ങാനുള്ള സാധ്യത.

ഇഞ്ചോടിഞ്ച്

ഈ ഐഎസ്എൽ ഒഡിഷയുടെ രണ്ടാമത്തെ സീസൺ ആയത് കൊണ്ട് തന്നെ ഇരു ടീമുകളും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയത് രണ്ട് തവണ മാത്രമാണ്. രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചിരുന്നു.

സാധ്യത ലൈൻഅപ്പ്‌

കേരള ബ്ലാസ്റ്റേഴ്‌സ്

ഗോമെസ്, നിഷു, സന്ദീപ്, കോസ്റ്റ, ജെസ്സൽ ; ജീക്സൺ ,ഗോമേസ് ; രാഹുൽ, പെരേര, സഹൽ ; മുറായി.

ഒഡീഷ എഫ്‌സി

അർഷദീപ്; സാരംഗി, ട്രാട്ട്, ടൈലർ, ആന്റണി; ജെസുരാജ്, റായ്, ബോറ; ജെറി, ഓൻവു, മൗറീഷ്യോ.

ശ്രദ്ധിക്കേണ്ട താരങ്ങൾ

വിസെന്റെ ഗോമേസ് (കേരള ബ്ലാസ്റ്റേഴ്‌സ്)

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏഴ് മത്സരങ്ങളിൽ നിന്നായി 626 ഓളം മിനുട്ടുകൾ കളിക്കളത്തിൽ ഇറങ്ങിയ താരമാണ് വിസെന്റെ. ഈ ഐഎസ്എല്ലിൽ കൃത്യതയാർന്ന 290 പാസുകൾ നൽകിയ മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് വിസെന്റെ. ഇതുവരെ ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. തുടക്കത്തിൽ ഒരു ഡിഫെൻസീവ് മിഡ്‌ഫീൽഡർ ആയി കളിച്ച താരം പിന്നീട് ഒരു ബോക്സ്‌ ടു ബോക്സ്‌ താരമായി കളിശൈലി മാറ്റിയിരുന്നു.

പരിക്ക് മൂലം ടീമിൽ നിന്നും മാറ്റപ്പെട്ട സെർജിയോ സിഡോഞ്ചക്ക് പകരമായി ഡിഫെൻസീവ് മിഡ്‌ഫീൽഡർ ആയ യുവണ്ടെയെ ടീമിൽ എത്തിക്കുമ്പോൾ ഇനിയുള്ള മത്സരങ്ങളിലും താരം ഒരു ബോക്സ്‌ ടു ബോക്സ്‌ താരമായി തുടരാനാണ് സാധ്യത. സഹൽ, മുറായി, രാഹുൽ തുടങ്ങിയവർക്ക് നൽകുന്ന കൃത്യമായ പാസ്സുകളും ആവശ്യമുള്ള സമയത്ത് ബോക്സിലേക്ക് ഷോട്ടുകൾ തൊടുക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ കളിക്കളത്തിലെ ശ്രദ്ധിക്കപ്പെടേണ്ട താരമാക്കി മാറ്റുന്നത്.

കോൾ അലക്സാണ്ടർ (ഒഡീഷ എഫ്‌സി)

കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ തന്നെ ഒഡിഷയുടെ ആക്രമണനിരയും പ്രതിരോധനിരയും ഇത്തവണ നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നത്. അതിനാൽ തന്നെ ഇരു ടീമുകളുടെയും മത്സരം നടക്കുന്നത് മധ്യനിരയിലാണ്. അവിടെയാണ് കോൾ അലക്സാണ്ടർ ശ്രദ്ധിക്കപ്പെടേണ്ട താരമായി മാറുന്നത്.

ഒഡിഷക്ക് വേണ്ടി ഏഴ് മത്സരങ്ങളിലും 90 മിനിറ്റ് മുഴുവനായും കളിച്ച ഈ താരം ഇതുവരെ73.99% കൃത്യതയിൽ പാസ്സുകൾ നൽകിയിട്ടുണ്ട്. ടീമിന് വേണ്ടി ഒരു ഗോൾ നേടിയ താരം പ്രതിരോധത്തിലാണ് കൂടുതൽ മികവ് തെളിയിച്ചത്. 33 ടാക്കിളുകളും 17 ഇന്റർസെപ്ഷനുകളും 8 ക്ലിയറൻസുകളും 10 ബ്ലോക്കുകളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.

നിങ്ങൾക്കറിയാമോ?

  • ഐഎസ്എല്ലിൽ ഇതുവരെ ഏറ്റവും കുറവ് ഗോളുകൾ (6) നേടിയതും ഏറ്റവും കൂടുതൽ ഗോളുകൾ (14) വഴങ്ങിയതുമായ ടീമാണ് ഒഡീഷ എഫ്‌സി.
  • 2015/16 ഐഎസ്എൽ സീസണിന് ശേഷം ഏറ്റവും കൂടുതൽ പെനാൽറ്റികൾ തടഞ്ഞിട്ട (3) താരമാണ് ആൽബിനോ ഗോമേസ്.

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷഎഫ്‌സിയും തമ്മിലുള്ള മത്സരം സ്റ്റാർ സ്പോർട്സ് 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി & എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി & എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2 (ഹിന്ദി) എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും, ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും സ്റ്റാർ സ്പോർട്സ് പ്രാദേശിക ചാനലുകളിലും ( ബംഗ്ലാ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി ), ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും മത്സരത്തിന്റെ തത്സമയം കാണാവുന്നതാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.