നിലവിൽ 2024 വരെ താരത്തിന് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ നൽകിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സുമായുള്ള പുതിയ കരാർ പ്രകാരം 2024 വരെ യുവ മണിപ്പൂരി മധ്യനിര താരം ഗിവ്സൺ സിങ് ക്ലബ്ബിൽ തുടരും. കരാർ 1 വർഷത്തേക്ക് കൂടി നീട്ടി.

മണിപ്പൂരിലെ മൊയ്‌രാങ്ങിൽ ജനിച്ച ഗിവ്സൺ സിങ് സമീപപ്രദേശങ്ങളിലെ പ്രാദേശിക കൊച്ചുമാരുടെ കീഴിലായിരുന്നു ആദ്യം പരിശീലനം നടത്തിയിരുന്നത്. അവിടെ നിന്ന് താരത്തിന്റെ പ്രതിഭ മിനർവാ പഞ്ചാബ് എഫ്സിയുടെ (നിലവിൽ പഞ്ചാബ് എഫ്‌സി) അക്കാദമിയിലെ സ്കൗട്ട്കളാണ് കണ്ടെത്തുന്നത്. തുടർന്ന് മിനർവ പഞ്ചാബിലൂടെയാണ് അവൻ വളർന്നത്.

അക്കാദമിയിലെ പ്രകടനം താരത്തെ ഇന്ത്യ ആതിഥേയം വഹിക്കുന്ന 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പിന് വേണ്ടി തയ്യാറെടുക്കുന്ന ഇന്ത്യൻ ദേശീയ അണ്ടർ 17 ടീമിന്റെ മുഖ്യപരിശീലകനായ നിക്കോലൈ ആദമിന്റെ മുന്നിൽ എത്തിച്ചു. എന്നാൽ ലോകകപ്പ് ടീമിന്റെ ഫൈനൽ സ്‌ക്വാഡിലേക്ക് അവസരം കിട്ടിയില്ലെങ്കിലും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ ഭാഗമായി താരം. അക്കാദമിയിൽ മൂന്നുവർഷത്തെ പരിശീലനത്തിനുശേഷം 2019ൽ എഐഎഫ്എഫിന്റെ കീഴിലുള്ള ഐ ലീഗ് കളിക്കുന്ന ഇന്ത്യൻ ആരോസ് എന്ന ഡെവലപ്മെന്റ് ടീമിലേക്ക് എത്തി.

ഐ ലീഗിൽ കേരള ക്ലബ് ഗോകുലം കേരള എഫ്‌സിക്ക് എതിരെ ഐ ലീഗിൽ അരങ്ങേറ്റം നടത്തിയ ഗിവ്സൺ സിങ് ആ സീസണിൽ ചർച്ചിൽ ബ്രദർസിനെ എതിരെ ആദ്യ ഗോൾ നേടി. മത്സരം ഇന്ത്യൻ ആരോസ് ജയിച്ചു. ആ സീസണിൽ രണ്ടു ഗോളുകളും 2 അസ്സിസ്റ്റുകളും നേടി മികവാർന്ന പ്രകടനം കാഴ്ചവെച്ചു ഈ മധ്യനിരക്കാരൻ.

2018 മലേഷ്യയിൽ വച്ച് നടന്ന എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യയുടെ അണ്ടർ 16 ടീമംഗമായിരുന്നു ഈ 19കാരൻ. തുടർന്ന് ഇന്ത്യയുടെ അണ്ടർ 17 ടീമിനെയും ഭാഗമായിട്ടുണ്ട് ഗിവ്സൺ. 2019ൽ റഷ്യക്കെതിരായി നടന്ന അന്തർദേശീയ സൗഹൃദമത്സരത്തിൽ ഇന്ത്യയുടെ അണ്ടർ 19 വിഭാഗത്തിൽ അങ്ങേയറ്റം കുറിച്ചു.

ഇന്ത്യൻ ആരോസിൽ കളി തുടങ്ങി ഒരു സീസണിന് ശേഷം താരത്തെ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ടീമിൽ എത്തിച്ചു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ താരം കളിക്കളത്തിൽ ഇറങ്ങി.

” കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള എന്റെ കരാർ നീട്ടുന്നതിൽ എനിക്ക് വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. പുതിയ സീസണിൽ, ടീമിനായി എന്റെ നൂറ് ശതമാനം നൽകുവാനും, കളിക്കളത്തിൽ എന്നിലുള്ള അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ” – ഗിവ്സൺ സിങ് സംസാരിച്ചു.

” ശക്തമായ മനസ്ഥിതിയും ഭാവിയിൽ ധാരാളം സാധ്യതകളുമുള്ള താരമാണ് ഗിവ്സൺ സിങ്‌. വരാനിരിക്കുന്ന സീസണുകളിലും അത്തരത്തിലുള്ള കളിക്കാരനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത്തിൽ അതിയായ സന്തോഷമുണ്ട് . അവന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ അവന്റെ ഫുട്ബോൾ കരിയറിൽ ഞാൻ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. ” – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിങ്കിസ് പറഞ്ഞു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.