മുൻ ഡ്യുറണ്ട് കപ്പ് ജേതാക്കളായ ആയ ഗോകുലം കേരള എഫ്‌സി ഇത്തവണയും ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സജീവ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പ് കളിക്കാൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ടൂർണമെന്റ് കൂടിയായ ഡ്യുറണ്ട് കപ്പിന്റെ 130 മത് ടൂർണമെന്റാണ് 2021 സെപ്തംബർ 5 മുതൽ കൊൽക്കത്തയിൽ നടക്കുന്നത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യൻമാരും 2019ലെ ഡ്യുറണ്ട് കപ്പ് ജേതാക്കളും ആയ കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്‌സി ഇത്തവണയും ടൂർണമെന്റിൽ ബൂട്ട് കേട്ടുന്നുണ്ട്.

1888 ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സർ മോർട്ടിമർ ഡ്യൂറന്റ് മുൻകൈയെടുത്ത് ഇന്ത്യയിലെ ആർമി വിഭാഗങ്ങൾക്കായി മാത്രം ആരംഭിച്ച ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. നിലവിൽ ഡ്യൂറൻഡ് ഫുട്ബോൾ ടൂർണമെന്റ് സൊസൈറ്റിയാണ് (ഡിഎഫ്ടിഎസ്) ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായാണ് ഇത്തവണ മത്സരിക്കുന്നത്.

ഈ വർഷത്തെ ടൂർണമെന്റിൽ ഐഎസ്എൽ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ബംഗളുരു എഫ്‌സി, ജംഷെഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി എന്നിവർക്ക് ഒപ്പം ഐ ലീഗ് ക്ലബ്ബുകളായ ഗോകുലം കേരള എഫ്സി, മുഹമ്മദൻ സ്പോർട്ടിംഗ്, സുദേവ ഡൽഹി എഫ്സി എന്നിവരും രണ്ടാം ഡിവിഷൻ ലീഗിൽ നിന്ന് എഫ്സി ബംഗളൂരു യുണൈറ്റഡ്, ഡൽഹി എഫ്സി എന്നീ ടീമുകളും പങ്കെടുക്കുന്നു. ഇന്ത്യൻ സായുധ സേനയെ പ്രതിനിധീകരിച്ച് സിആർപിഎഫ്, ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ആർമി ഗ്രീൻ, ആർമി റെഡ്, ആസാം റൈഫിൾസ് തുടങ്ങിയ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാവുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് C യിൽ ബംഗളൂരു എഫ്സി, ഡൽഹി എഫ്‌സി, ഇന്ത്യൻ നേവി ഫുട്ബോൾ ടീം എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ അടുത്ത നോക്ക്ഔട്ട് റൗണ്ടിലേക്ക് കടക്കും. മറ്റ് ടൂർണ്ണമെന്റുകളിൽ നിന്ന് വ്യത്യസ്തമായി ഡ്യൂറൻഡ് കപ്പ് വിജയിക്കുന്ന ടീമിന് മൂന്ന് ട്രോഫികൾ സമ്മാനിക്കുന്നു: ഡ്യൂറാൻഡ് കപ്പ്, ഷിംല ട്രോഫി എന്ന റോളിങ് ട്രോഫികളും രാഷ്ട്രപതി കപ്പ് എന്ന സ്ഥിരം ട്രോഫിയും.

നീണ്ട കാലങ്ങൾക്ക് ശേഷം സ്ഥിര വേദിയായിരുന്നു ഡൽഹിയിൽ നിന്നും മാറ്റി 2019ൽ ഫുട്ബോളിന്റെ മക്കയായ കൊൽക്കത്തയിൽ നടത്തി വരുന്ന ടൂർണമെന്റിന്റെ ഈ വർഷത്തെ എഡിഷൻ വിവേകാനന്ദ യുവ ഭാരതീ മൈതാനും മോഹൻബഗാൻ ക്ലബ് ഗ്രൗണ്ടും കല്യാണി ഇൻസ്പെയർ സ്റ്റേഡിയം ഗ്രൗണ്ടിലുമായാണ് നടത്തുന്നത്.

” ഈ വർഷത്തെ ഡ്യുറാൻഡ് കപ്പിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷവാന്മാരാണ്. പ്രീ-സീസണിന്റെ ഭാഗമായി മത്സരങ്ങൾ കളിക്കുന്നത് വളരെ പ്രധാനമായതിനാൽ നമുക്ക് മികച്ച മത്സരങ്ങൾ ഇനി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ടൂർണമെന്റിന്റെ മത്സരക്രമം പൊരുതാൻ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ കളിക്കാർക്ക് ഒരു പ്രചോദനമായി തീരും എന്ന് കരുതാം. ” – കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ച് പറഞ്ഞു.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സെപ്തംബർ 11 ന് ഇന്ത്യൻ നേവിയെയും സെപ്തംബർ 15 ന് ബംഗളുരു എഫ്‌സിയെയും അവസാന മത്സരത്തിൽ 21 ന് ഡൽഹി എഫ്‌സിയെയും നേരിടും. മത്സരങ്ങൾ എല്ലാം വൈകുന്നേരം മൂന്ന് മണിക്കാണ്. Addatimes എന്ന അപ്ലിക്കേഷനിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കും.

For more updates, follow Khel Now on TwitterInstagram and join our community on Telegram.