Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ 7 മുൻ വിദേശ താരങ്ങൾ - അവർ ഇപ്പോൾ എവിടെയാണ്?

Published at :November 1, 2020 at 1:46 AM
Modified at :November 1, 2020 at 1:46 AM
Post Featured Image

Dhananjayan M


കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റെ കഴിഞ്ഞ ആറ് വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ അമ്പതോളം വിദേശതാരങ്ങൾ ക്ലബിന് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ എത്തി ഐഎസ്എല്ലിൽ കളിച്ച വിദേശതാരങ്ങൾക്ക് അവരുടെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരളത്തിൽ  കളിച്ച ഭൂരിഭാഗം വിദേശതാരങ്ങളും തങ്ങളുടെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നായി കാണുന്നത് ക്ലബ്ബിനൊപ്പമുള്ള ദിനങ്ങളാണ്. ഇന്നും കേരള ബ്ലാസ്‌റ്റേഴ്‌സിനെ അഗാധമായി സ്നേഹിക്കുകയും ക്ലബ്ബിലേക്ക് ഒരു തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന താരങ്ങളെ കാണാം.

പുതിയൊരു ഐഎസ്എൽ സീസണ് ഗോവയിൽ കൊടിയേറുമ്പോൾ ടീമിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കി കളിക്കളത്തിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിരിക്കുകയാണ്. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ വിദേശതാരങ്ങളിൽ ചിലരെ പരിശോധിക്കുകയാണ് ഖേൽ നൗ.

1. ഇയാൻ ഹ്യും

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ വിദേശതാരമാണ് ഹ്യൂമട്ടൻ എന്ന് ആരാധകരാൽ വിളിക്കപ്പെടുന്ന ഇയാൻ ഹ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ താരം. ക്ലബ്ബിന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ താരം. ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോൾ നേടിയ മൂന്നാമത്തെ താരം. അങ്ങനെ ക്ലബ്ബിന് വേണ്ടി ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ മഞ്ഞപ്പടയുടെ എക്കാലത്തെയും വലിയ ഹീറോയായിരുന്നു ഈ മുൻ കാനഡ ദേശീയ താരം.

ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായിരുന്ന ലെസ്റ്റർ സിറ്റി, ബർനെസ്‌ലി, പ്രെസ്റ്റോൺ നോർത്ത് എൻഡ് എന്നിവക്ക് വേണ്ടി കളിച്ച ഇയാൻ ഹ്യും 2014, 2017-18 സീസണുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ചിരുന്നത്. ആദ്യ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 5 ഗോളുകൾ നേടിയ ഹ്യും പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് കൂടാതെ എടികെ, പൂനെ സിറ്റി എഫ്‌സി എന്നീ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. മൂന്നാം സീസണിൽ എടികെയോടൊപ്പം ഐഎസ്എൽ കിരീടം നേടി. കിരീടനേട്ടത്തോടൊപ്പം സീസണിൽ ഏറ്റവും അധികം ഗോൾ നേടിയ രണ്ടാമത്തെ താരമായും മാറി. അഞ്ച് സീസണുകൾ ഐഎസ്എല്ലിൽ കളിച്ച താരം വിവിധ ക്ലബ്ബുകൾക്കായി 68 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളും 7 അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 28 മത്സരങ്ങളിൽ നിന്നായി നേടിയ 10 ഗോളുകളും 3 അസിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു.

2019ൽ ഐഎസ്എല്ലിൽ പൂനെ സിറ്റിക്ക് ഒപ്പമുണ്ടായിരുന്ന ഹ്യും സീസണ് ശേഷം ഫുട്ബോളിൽ നിന്ന് വിരമിക്കുകയായിരുന്നു. നിലവിൽ കാനഡയിൽ സ്ഥിരതാമസമാക്കിയ താരം പ്രാദേശിക ഫുട്ബോൾ ക്ലബ്ബായ വുഡ്സ്റ്റോക്ക് എഫ്‌സിയിൽ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്നു. കൂടാതെ ഇയാൻ ഹ്യും ലിമിറ്റ്ലെസ്സ് കോച്ചിംഗ് എന്ന പേരിൽ പരിശീലന പ്രോഗ്രാമുകളും നടത്തുന്നുണ്ട്. ഭാവിയിൽ അതിനെ ഒരു അക്കാദമി ആയി വളർത്തിയെടുക്കാനും താരം ആലോചിക്കുന്നു. നിലവിൽ യുവേഫയുടെയും കാനഡയുടെയും ബി ലെവൽ കോച്ചിങ് ലൈസൻസ് കൈവശമുള്ള ഹ്യും അടുത്ത അഞ്ച് വർഷത്തിൽ എ ലെവൽ, പ്രൊ ലെവൽ കോച്ചിങ് ലൈസൻസുകൾ കരസ്ഥമാക്കി പരിശീലന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

2. ആരോൺ ഹ്യൂഗ്സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണിൽ മാർക്വീ താരമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ നോർത്ത് അയർലണ്ട് ഇന്റർനാഷണൽ താരം. ഇംഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൻ വില്ല, ഫുൾഹാം, ക്യുപിആർ, ബ്രിട്ടോൺ ഹോവ് എന്നിവക്ക് വേണ്ടി ബൂട്ട് കെട്ടിയ ആരോൺ ഹ്യൂഗ്സ് എന്ന പ്രതിരോധ താരം തന്റെ കരിയറിൽ ഒരു തവണ പോലും റെഡ് കാർഡ് വാങ്ങിയിരുന്നില്ല.  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എന്നും പ്രിയപ്പെട്ടവൻ ആയിരുന്നു ഹ്യൂഗ്സ്. ചോര പൊട്ടിയൊഴുകുന്ന തലയുമായി കളിക്കളത്തിൽ നിന്ന് കയറി, ഒടുവിൽ മുറിവിൽ ഒരു ബാൻഡേജുമായി കളിക്കളത്തിൽ ഇറങ്ങി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച പോരാളി.

2016/17 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരം അടുത്ത രണ്ട് സീസണുകളിൽ സ്കോടീഷ് ക്ലബ്ബായ ഹാർട്സിനു വേണ്ടി കളത്തിൽ ഇറങ്ങി. 2019 ജൂണിൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച താരത്തിന് കളിക്കളത്തിലെ സംഭാവനകൾ കണക്കിലെടുത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് Most Excellent Order of the British Empire (MBE) ബഹുമതി നൽകി ആദരിച്ചു. നിലവിൽ യുവേഫയുടെ ബി ലൈസൻസ് കൈവശമുള്ള ഹ്യൂഗ്സ് മറ്റു ലൈസൻസുകൾ നേടാൻ ശ്രമിക്കുകയാണ്. കൂടാതെ ടെക്നിക്കൽ ഡയറക്ടർ എന്ന ലക്ഷ്യം നേടിയെടുക്കാൻ UEFA MIP എന്ന സ്പോർട്സ് മാനേജ്മെന്റ് കോഴ്സും ചെയ്യുകയാണ്.

3. ദിമിതർ ബെർബറ്റോവ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച സൈനിങ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ചുവന്ന ചെകുത്താന്മാരുടെ ഇതിഹാസ താരം ദിമിതർ ബെർബറ്റോവിന്റേത്. ജർമൻ ക്ലബ്ബായ ബയർ ലെവർകുസെന് വേണ്ടിയും ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടൻ ഹാമിനും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ബൂട്ട് കെട്ടിയ, ബൾഗേറിയ ദേശീയ ഫുട്‌ബോൾ ടീമിന്റെ ചരിത്രത്തിൽ രാജ്യത്തിനായി ഏറ്റവും അധികം ഗോൾ നേടിയ , ബൾഗേറിയയുടെ മുൻ നായകൻ ബെർബയുടെ കേരളത്തിലേക്കുള്ള വരവിന് ഇതിൽ പരം പ്രതീക്ഷകൾ നൽകാൻ ഇല്ലായിരുന്നു.

ALSO READ: അനുഭവസമ്പത്തിന്റെ കരുത്തുമായി കടല് കടന്നെത്തുന്ന കൊമ്പന്മാർ

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള താരത്തിന്റെ പ്രകടനം ആരാധകരുടെ പ്രതീക്ഷക്ക് ഒപ്പം ഉയരാൻ കഴിയാതെ പോയി. ഐഎസ്എല്ലിൽ ഒൻപതു മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമാണു ബെർബറ്റോവിന്റെ സമ്പാദ്യം. തന്റെ സ്വാഭാവികമായ പെര്ഫെക്ട് ഫോർവേഡ് പൊസിഷനിൽ തിളങ്ങാൻ കഴിയാതെ പോയ ബെർബയെ ആദ്യം കോച്ചായ റെനെ മൂളന്‍സ്റ്റീനും പിന്നീട് വന്ന ഡേവിഡ് ജെയിംസും മധ്യനിരയിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് സീസൺ അവസാനം ക്ലബ്ബ് വിട്ട താരം 2019 സെപ്റ്റംബറിൽ ഫുട്ബോളിൽ കരിയറിൽ നിന്ന് വിരമിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം വിരമിക്കലിന് മുൻപായി ബൾഗേറിയൻ സിനിമയായ ' റെവല്യുഷൻ എക്സി' ലൂടെ അഭിനയരംഗത്തും താരം കാൽമുദ്ര പതിപ്പിച്ചു. ഈ അടുത്തിടെ യുവേഫ എ കോച്ചിങ് ലൈസൻസ് കരസ്ഥമാക്കിയ ബെർബ യുവേഫ പ്രൊ ലൈസൻസിന് വേണ്ടി ശ്രമിക്കുകയാണ്. കൂടാതെ 2008ൽ ബൾഗേറിയയിലെ കുട്ടികളുടെ വികസനത്തിനായി താരം സ്ഥാപിച്ച ദിമിതർ ബെർബറ്റോവ് ഫൌണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ് താരം ഇന്ന്.

4. ജോസു കരിയസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ജനപ്രിയനായ വിദേശതാരം. മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന മഞ്ഞപ്പടയുടെ സ്വന്തം ജോസുട്ടൻ. ഇന്നും ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരണമെന്നും ക്ലബ്ബിനൊപ്പം ഐഎസ്എൽ ട്രോഫി നേടണം എന്നും ആഗ്രഹിക്കുന്ന താരം. 2015 മുതൽ രണ്ട് സീസണുകൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന താരം ഇടതു വിങ്ങിലെ ഏത് പൊസിഷനിലും മധ്യനിരയിലും  ഒരേപോലെ മികവ് പുലർത്തിയിരുന്നു.

ലോകോത്തര ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നു വന്ന ജോസു കരിയറിൽ ഇതുവരെ യൂത്ത് ടീമുകൾ അടക്കം പതിനഞ്ചിൽ അധികം ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. 2017ൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം അതിന് ശേഷം സ്പാനിഷ് ക്ലബ്ബായ  എക്സ്ട്രേമധുര യുഡി, അമേരിക്കൻ ക്ലബ്ബായ എഫ്‌സി സൈൻസിന്നേറ്റി, സ്പെയിനിലെ യുഇ ല്ലാഗോസ്റ്ററെ, ഫിന്നിഷ് ക്ലബ്ബായ എഫ്‌സി ലഹ്തി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നു. നിലവിൽ സ്പാനിഷ് ക്ലബ്ബായ സിഎഫ് പെരലാടയുടെ താരമാണ് ഇരുപതിയെഴുകാരനായ ജോസു.

5. അന്റോണിയോ ജർമൻ

മുൻനിര ഇന്ത്യൻ ലീഗുകളിലെ കേരള ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ഗോകുലം കേരള എഫ്‌സിക്ക് വേണ്ടിയും കളിച്ച ഏക വിദേശതാരമാണ് അന്റോണിയോ ജർമൻ. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ക്വീൻ പാർക്ക്‌ റേഞ്ച്ഴ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം 2015ലാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി 22 മത്സരങ്ങളിൽ നിന്ന് 6 ഗോളും 5 അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.

2017ൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം തുടർന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ എബ്ബ്സ്ഫ്ലീറ്റ് യുണൈറ്റഡ്, ഹെമേൽ ടൗൺ, സെന്റ് ആൽബൻസ് സിറ്റി എന്നിവക്ക് വേണ്ടി കളിച്ചിരുന്നു. 2018ൽ ഗോകുലം കേരളയുമായി കരാറിലെത്തിയ താരം പിന്നീട് വ്യകതിപരമായ കാരണങ്ങളാൽ ടീം വിടുക ആയിരുന്നു. നിലവിൽ മലേഷ്യൻ സൂപ്പർ ലീഗ് കളിക്കുന്ന റോയൽ പോലീസിന്റെ താരമാണ് അന്റോണിയോ ജർമൻ.

6. ഗ്രഹാം സ്റ്റാക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും കേരളത്തിലെത്തി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായം അണിഞ്ഞ മറ്റൊരു വിദേശതാരം. പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണൽ, ലീഡ്‌സ് യുണൈറ്റഡ്, വേൾവ്സ്, ബ്ലാക്ക്പൂൾ, റീഡിങ് തുടങ്ങിയ ടീമുകളിൽ കളിച്ചിരുന്നു ഗ്രഹാം സ്റ്റാക്ക്. 2003/04 സീസണിൽ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെ ' ഇൻവിസിബ്ൾസ് ' ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായി ചരിത്രത്തിൽ ഇടം നേടിയ ആഴ്സണൽ ടീമിന്റെ ഭാഗമായിരുന്നു സ്റ്റാക്ക്.

2016ൽ ഇംഗ്ലണ്ടിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബായ ബാർനെറ്റിൽ നിന്നായിരുന്നു ക്ലബ്ബിന്റെ ഗോൾകീപ്പിങ് കോച്ചായും ഗോൾകീപ്പർ ആയും താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ പരിശീലകൻ ആയിരുന്ന സ്റ്റീവ് കോപ്പലിന്റെ കീഴിൽ കളിക്കളത്തിൽ ക്ലബ്ബിന്റെ ഗോൾ വല കാത്ത ഗ്രഹാം സ്റ്റാക്ക് മലയാളികൾക്ക് ഒരു പിടി ഓർമ്മകൾ സമ്മാനിച്ചാണ് ക്ലബ് വിട്ടു പോയത്.കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സ്റ്റാക്ക് 2017ൽ ഇംഗ്ലണ്ടിലെ ഈസ്റ്റ്‌ലെ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. എന്നാൽ 2018ൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച താരം മുൻനിര ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫോഡിന്റെ പരിശീലക സംഘത്തോടൊപ്പം ചേരുകയായിരുന്നു. ആദ്യം വാറ്റ്ഫോഡ് ഫുട്ബോൾ അക്കാദമിയിലെ ഗോൾകീപ്പിങ്ങ് ടീമിന്റെ തലവൻ ആയിരുന്ന ഗ്രഹാം സ്റ്റാക്ക് പിന്നീട് ക്ലബ്ബിന്റെ സീനിയർ ടീമിന്റെ ഗോൾകീപ്പിങ് കോച്ചായും അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്നു.

7. വിക്ടർ പുൾഗ

2014ൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സീസണിൽ ക്ലബ്ബിലെത്തിയ സ്പാനിഷ് മധ്യനിര താരമാണ് വിക്ടർ ഹെററോ ഫോർകാട എന്ന വിക്ടർ പുൾഗ. ആദ്യത്തെ രണ്ട് സീസണുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരത്തെ പിന്നീട് 2017/18 സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ക്ലബ് തിരികെ വിളിക്കുകയായിരുന്നു.

എന്നാൽ ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം സീസണിനോടുവിൽ ഫുട്ബോൾ നിന്ന് പിൻവാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബായ ജാംഷെഡ്പൂർ എഫ്‌സിയിൽ മുഖ്യ പരിശീലകൻ അന്റോണിയോ ഇറിയോണ്ടോയുടെ  കീഴിൽ സഹപരിശീലകൻ ആയിരുന്നു. കൂടാതെ 2018ൽ സ്പാനിഷ് ക്ലബ്ബായ സിഡി ആൽമസോരയുടെ ക്ലബ് പ്രസിഡന്റ്‌ ആയും പുൾഗ സ്ഥാനമേറ്റിരുന്നു.

Advertisement