കഴിഞ്ഞ സീസണിൽ ഐ ലീഗിൽ പഞ്ചാബ് എഫ്‌സിയുടെ താരമായിരുന്നു ഈ ഇരുപതുകാരൻ.

കഴിഞ്ഞ ഐ ലീഗ് സീസണിൽ പഞ്ചാബ് എഫ്‌സിയുടെ പ്രതിരോധനിര കാത്ത യുവതാരം ഹോർമിപാം റുയിവ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ ഒപ്പിട്ടു. 2024 വരെ നീണ്ടു നിൽക്കുന്ന മൂന്ന് വർഷത്തെ കരാറിലാണ് താരം ടീമിൽ എത്തുന്നത്. 2019-20 സീസണിൽ എഐഎഫ്എഫ് ഡെവലപ്പ്മെന്റൽ ടീമായ ഇന്ത്യൻ ആരോസിന്റെ അവിഭാജ്യഘടകമായിരുന്നു ഹോർമിപാം റുയിവ.

മണിപ്പൂരിലെ സോംഡാലിൽ ജനിച്ചു വളർന്ന ഹോർമിപാം റുയിവ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ കളിച്ചു തുടങ്ങിയിരുന്നു. എന്നാൽ 2017ൽ സ്പോർട്സ് അക്കാദമി ഓഫ് ഇന്ത്യയുടെ ഇംഫാലിലെ അക്കാദമിയിലൂടെയാണ് താരത്തിന്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള കാൽവെപ്പുണ്ടായത്. പിന്നീട് 2018ൽ താരം മിനർവ പഞ്ചാബ് അക്കാദമിയിലേക്ക് എത്തുകയായിരുന്നു. ടീമിനോപ്പമുള്ള പ്രകടനം താരത്തെ എത്തിച്ചത് ഇന്ത്യയുടെ അണ്ടർ 18 ദേശീയ ടീമിലേക്ക് ആയിരുന്നു. 2018-19 സീസണിൽ മിനർവ പഞ്ചാബ് ഹീറോ എലൈറ്റ് U-18 ലീഗ് കിരീടം നേടുമ്പോൾ ടീമിന്റെ പ്രധാന താരമായിരുന്ന അവൻ 2019ൽ നേപ്പാളിൽ വെച് U-18 സാഫ് കപ്പ് ജേതാക്കളായ ഇന്ത്യൻ ജൂനിയർ ടീമിന്റെയും ഭാഗമായിരുന്നു.

തുടർന്ന് 2019-20 സീസണിൽ പഞ്ചാബ് എഫ്‌സിയിൽ നിന്ന് ഇന്ത്യൻ ആരോസിലേക്ക് ലോൺ അടിസ്ഥാനത്തിൽ നീങ്ങിയ താരം ടീമിനൊപ്പം 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനു വേണ്ടിയുള്ള താരത്തിന്റെ ആദ്യ മത്സരം ഡ്യുറണ്ട് കപ്പ് ജേതാക്കളായ ഗോകുലം കേരള എഫ്‌സിക്ക്‌ എതിരെ ആയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഗോകുലത്തോട് ഇന്ത്യൻ ആരോസ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും മത്സരത്തിന്റെ താരമായി തിരഞ്ഞെടുത്തത് ഹോർമിപാം റുയിവയെ ആയിരുന്നു. ഈ സീസൺ ഐ ലീഗിൽ പഞ്ചാബ് എഫ്‌സിയിലേക്ക് തിരിച്ചെത്തിയ താരം ടീമിനോപ്പം 9 മത്സരങ്ങളിലായി 600ൽ അധികം മിനുട്ടുകൾ കളിച്ചിട്ടുണ്ട്.

” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കൊപ്പം എന്റെ ഫുട്‌ബോൾ യാത്ര തുടരുന്നതിൽ എനിക്ക് ആവേശമുണ്ട്. അവരുടെ ആരാധകവൃന്ദത്തെക്കുറിച്ച് ഞാൻ വളരെയധികം കേട്ടിട്ടുണ്ട്, എല്ലായ്പ്പോഴും ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു.  കൂടുതൽ കഠിനമായി പരിശ്രമിക്കുവാനും ഭാവിയിൽ മഞ്ഞപ്പടക്ക് വേണ്ടി മികച്ചത് നൽകുവാനും ഞാൻ ആഗ്രഹിക്കുന്നു.  ടീമിനൊപ്പം പരിശീലനം തുടങ്ങാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ” – ഹോർമിപാം റുയിവ പ്രതികരിച്ചു.

” ഹോർമിപാമിനെപ്പോലൊരു കഴിവുള്ള കളിക്കാരൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റത്തിൽ തന്നെ ‘മാൻ ഓഫ് ദ മാച്ച്’ ആയ താരം, ക്ലബ്ബിലെ എല്ലാവരുടെയും പ്രത്യേകിച്ച് മഞ്ഞപ്പടയുടെയും പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ നമ്മുടെ പ്രതിരോധത്തിന്റെ  കേന്ദ്രമായി മാറാനുള്ള കഴിവ് അവനുണ്ട്.  അദ്ദേഹത്തിന് എല്ലാവിധ ആശംസകളും കൂടാതെ ഫുട്ബോൾ കരിയറിന് എന്റെ മുഴുവൻ പിന്തുണയും നേരുന്നു. ” – കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ചരിത്രത്തിലെ തന്നെ വളരെ മോശം സീസണിന് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പിന് ഒരുങ്ങുകയാണ്. അതിനാൽ തന്നെ പുതിയ ഒരു ടീമിനെ രൂപപ്പെടുത്തി എടുക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. സെർജിയോ റാമോസിന്റെ കടുത്ത ആരാധകനായ ഹോർമിപാമിനെയും കഴിഞ്ഞ മാസം അവസാനം ടീമിൽ എത്തിച്ച സഞ്ജീവ് സ്റ്റാലിന്റെയും സൈനിങ് പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ യുവത്വവും വേഗതയും നൽകും എന്ന് കരുതാം. ഹോർമിപാമിനെയും സഞ്ജീവിനെയും കൂടാതെ ധാരാളം കഴിവുള്ള ഇന്ത്യൻ യുവതാരങ്ങളെ വരും ആഴ്ചകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.