കേരളം ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏഴ് വയസ്സ് പൂർത്തിയാകുമ്പോൾ ടീമിന്റെ പഴയ സീസണുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ ക്ലബ്ബിന് ഇന്ന് ഏഴ് വയസ്സ്. 2014ലാണ് ഐഎംജി – റിലയൻസ്, സ്റ്റാർ സ്പോർട്സ് എന്നിവരോടൊപ്പം ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുന്നത്. തുടർന്ന് നടത്തിയ ബിഡിങ്ങിൽ കൊച്ചി ഫ്രഞ്ചസി ലഭിക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന സച്ചിൻ ടെൻണ്ടുക്കറും പിവിപി വെഞ്ചേഴ്സും അടങ്ങുന്ന ഗ്രൂപ്പിനായിരുന്നു. ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആയിരുന്നു ക്ലബ്ബിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതൊരു തുടക്കമായിരുന്നു. കേരളത്തിന്റെ ഫുട്ബോൾ സ്നേഹം അന്ന് മുതൽ ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിൽ തുന്നിചേർക്കപെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ആരാധകക്കൂട്ടായ്മയുള്ള ക്ലബ്ബായ് കേരള ബ്ലാസ്റ്റേഴ്‌സ് മാറി.

ഏഴ് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് രണ്ടു ഫൈനലുകൾ; ആദ്യ സീസണിലും മൂന്നാം സീസണിലും. രണ്ടു ഫൈനലിലും എതിരാളികളായത് എടികെയും. നിർഭാഗ്യം കൊണ്ട് മാത്രം കിരീടം നഷ്ടപ്പെട്ട ആ ഫൈനലുകൾ ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെയും മനസിലെ വിങ്ങലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കടന്ന് വരവ് കേരള ഫുട്ബോളിന് പുത്തൻ ഉണർവ് നൽകി. ഒരു പക്ഷെ, ആ വർഷങ്ങളിൽ ഇന്ത്യൻ ദേശീയ ലീഗുകളിൽ കേരളത്തിലെ ക്ലബ്ബുകൾക്ക് പ്രതിനിധ്യം ഇല്ലാതിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്തുണയെ ത്വരിതപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ ധാരാളം താരങ്ങളെ ഇന്ത്യൻ ദേശീയ ടീമിന് സംഭാവന ചെയ്യാനും കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. സന്ദേശ് ജിങ്കൻ മുതൽ സഹൽ അബ്ദുൽ സമദിനെയും ഇന്ന് ജീക്സൺ സിങ്ങിനെ വരെയും ആ നിരയിൽ നിന്ന് കണ്ടെടുക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയിലാണ്. ഇന്നെല്ലെങ്കിൽ നാളെ ക്ലബ് ഒരു ദേശീയ കിരീടം നേടിയെടുക്കും എന്ന്. ഓരോ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിൽ ആഴ്ത്തിയ നിമിഷങ്ങൾ ഖേൽ നൗ ഒപ്പിയെടുക്കുന്നു.

1. സുശാന്ത് മാത്യുവിന്റെ ഗോളും ഐഎസ്എൽ ഫൈനലും

2014ലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ സെമി ഫൈനൽ മത്സരം. ആദ്യ പാദത്തിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടുന്നു. ആദ്യ പകുതിയിൽ മുപ്പത് മിനുട്ടിൽ ഇഷ്ഫാഖ് അഹമ്മദിന്റെയും ഇയാൻ ഹ്യൂമിന്റെയും ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിൽക്കുന്നു. മത്സരം 90 മിനുട്ടും കഴിഞ്ഞ് അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നു. അധിക സമയത്തിന്റെ നാലാമത്തെ മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഗോൾ ഒരു മലയാളിയുടെ കാലുകളിൽ നിന്ന് പിറക്കുന്നു. ഗുർവിന്ദരിൽ നിന്ന് ലഭിക്കുന്ന പന്ത് ഇയാൻ ഹ്യും മധ്യനിര താരമായ സുശാന്ത് മാത്യുവിന് മറിച്ചു നൽകുന്നു. ഒറ്റക്ക് പന്തുമായി കുതിക്കുന്ന താരത്തിന്റെ കാലിൽ നിന്ന് പിറക്കുന്ന മഴവില്ല് പന്തിനെ ഗോൾ വലയിൽ എത്തിക്കുന്നു. അറുപതിനായിരത്തിൽ കൂടുതൽ ആരാധകർ നിറഞ്ഞ സ്റ്റേഡിയം ആർത്തു വിളിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പാദത്തിൽ ചെന്നൈയിൻ എഫ്‌സി സാധാരണ സമയത്തിൽ മൂന്ന് ഗോളുകൾ അടിച്ചു തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സ്റ്റീഫൻ പിയർസൺ നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നു. എന്നാൽ നിർഭാഗ്യം അവിടെ കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അരങ്ങേറ്റ സീസണിൽ തന്നെ കിരീടം സ്വപ്നം കണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ശ്വസിക്കുന്ന സമൂഹത്തിന്റെ തന്നെ പ്രതിനിധിയായാണ്  ഫൈനൽ പോരാട്ടത്തിന് എത്തുന്നത്. എന്നാൽ ഫൈനലിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ എടികെയുടെ മുഹമ്മദ് റഫീഖ് നേടിയ ഗോളിൽ കൊൽകത്തൻ ടീം ആദ്യ സീസൺ ഐഎസ്എൽ കിരീടം നേടുകയായിരുന്നു.

2. ജോസ്സു കുരിയസിന്റെ ഗോളും ശക്തരായ ആരാധക സാന്നിദ്ധ്യവും  

ആദ്യ സീസണിലെ ഫൈനൽ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. ശക്തമായ ഒരു ആരാധക അടിത്തറ കെട്ടിയുയർത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ആ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ശരാശരി 52000 ന് അടുത്ത് ആരാധകരെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. പക്ഷെ, ആ സീസണിൽ ദയനീയമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. ഇംഗ്ലീഷ് പരിശീലകൻ പീറ്റർ ടെയ്ലറിന്റെയും പിന്നീട് അദ്ദേഹം ക്ലബ് വിട്ടപ്പോൾ ക്ലബ്ബിന്റെ ഗ്രാസ്റൂട്ട് പ്രോഗ്രാമിൽ നിന്ന് പ്രൊമോട്ട് ചെയ്ത ടെറി ഫെലനിന്റെയും കീഴിൽ 14 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയം മാത്രമാണ് ക്ലബ് നേടിയത്. പോയിന്റ് ടേബിളിൽ ഏറ്റവും അവസാനമായാണ് ടീം സീസൺ അവസാനിപ്പിച്ചത്.

സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ച താരങ്ങളിൽ ഏറ്റവും പ്രധാനിയായിരുന്നു എഫ്‌സി ബാർസലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നു വന്ന ജോസു കരിയസ്. ടീമിന് വേണ്ടി അധ്വാനിച്ചു കളിക്കുന്ന, എക്കാലവും ആരാധകരുടെ പ്രിയപ്പെട്ടവനായ ജോസു നോർത്ത് ഈസ്റ്റ് യുണൈററ്റഡിന് എതിരെ നേടിയ വെടിച്ചില്ല് കണക്കെയുള്ള ഗോൾ ഒരു ആരാധകനും ഇന്നും മറന്നുകാണില്ല. ഇന്ന് തന്റെ ഇരുപതിയെട്ടാം വയസ്സിലും അദ്ദേഹം ആഗ്രഹിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള തിരിച്ചുവരവാണ്.

3. ക്ലബ്ബിന്റെ രണ്ടാമത്തെ ഐഎസ്എൽ ഫൈനൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആയ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ക്ലബ് രണ്ടാമതും ഐഎസ്എൽ ഫൈനൽ കേറിയ സീസണായിരുന്നു മൂന്നാമത്തേത്. ലോകോത്തര ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരവും ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകനും ആയിരുന്ന ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ടീമിൽ അഴിച്ചുപണി നടത്തിയിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആ സീസണിൽ ഐഎസ്എല്ലിൽ എത്തിയത്. ലീഗിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളിൽ മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും ഗോളുകൾ നേടാൻ കഴിയാതെ പോയി. തുടർന്ന് ഐ ലീഗിൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് വായ്‌പ അടിസ്ഥാനത്തിൽ ടീമിൽ എത്തിയ സി കെ വിനീതിന്റെ ചിറകിലേറിയാണ് കേരളം ബ്ലാസ്റ്റേഴ്‌സ് ഫൈനൽ പ്രവേശനം നേടിയത്.

സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഡൽഹി ഡൈനമോസിനെ തോൽപ്പിച്ചു ചരിത്രത്തിലെ രണ്ടാമത്തെ ഫൈനലിൽ എത്തിയപ്പോൾ നിർഭാഗ്യം അവിടെയും കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. വീണ്ടും ഫൈനലിൽ എടികെയോട് ഏറ്റുമുട്ടേണ്ടി വന്ന ടീം മുഹമ്മദ് റാഫിയുടെ ഗോളിൽ മുന്നിൽ എത്തിയെങ്കിലും തുടർന്ന് ഗോൾ വഴങ്ങി സാധാരണ സമയത്തു മത്സരം സമനിലയിൽ കലാശിക്കുകയാണ് ഉണ്ടായത്. തുടർന്ന് അധിക സമയത്തും സമനിലയിൽ തുടർന്ന മത്സരത്തിന്റെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ എടികെ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ കിരീടം നേടുകയായിരുന്നു

4. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡിമിറ്തർ ബെർബേട്ടോവിന്റെ കേരളത്തിലേക്കുള്ള വരവ്

മറ്റൊരു ഫൈനൽ കൂടി നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ്, കിരീടം ലക്ഷ്യമാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ അമ്പരപ്പിച്ച ഒരു സൈനിങ് ആയിരുന്നു ആ സീസണിൽ നടത്തിയത്. ലോകോത്തര ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ഡിമിറ്തർ ബെർബേട്ടോവിന്റെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള കടന്ന് വരവ്. കൂടാതെ ക്ലബ് വിട്ട പരിശീലകൻ സ്റ്റീവ് കോപ്പലിന് പകരക്കാരൻ ആയി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയിരുന്ന റെനെ മ്യുലെൻസ്റ്റീനെയും മറ്റൊരു ഇതിഹാസം വെസ് ബ്രൗണിനെയും ടീമിൽ എത്തിച്ചു.  ഇയാൻ ഹ്യൂമിനെയും തിരികെ എത്തിക്കുന്നു . എന്നാൽ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ആ സീസൺ മറ്റൊരു മോശം പ്രകടനത്തിലേക്കായിരുന്നു ക്ലബ്ബിനെ എത്തിച്ചത്. ആദ്യ പതിനൊന്ന് കളികളിൽ നിന്ന് ഒരു വിജയം മാത്രം സ്വന്തമാക്കിയ റെനേ ആ സീസൺ പകുതിയോടെ ടീമുമായി വഴിപിരിയുന്നു .

തുടർന്ന് ആദ്യ സീസണിലെ പരിശീലന ആയ ഡേവിഡ് ജെയിംസിനെ തിരികെ തട്ടകത്തിൽ എത്തിക്കുന്നു .തുടർന്ന് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിനെ നയിച്ച ഡേവിഡ് ജെയിംസ് അടുത്ത സീസണിൽ പരിശീലകൻ ആയി തുടർന്നു. സീസണിൽ വളരെ പ്രതീക്ഷയോടെ ടീമിൽ എത്തിച്ച ബെർബക്ക് സ്ട്രൈക്കെർ പൊസിഷനിൽ തിളങ്ങാൻ സാധിക്കാത്തതിനാൽ മധ്യ നിരയിൽ കളിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു . ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത് . സീസണിന് അവസാനം ക്ലബ് വിട്ട ബെർബ പരിശീലകൻ ഡേവിഡ് ജെയിംസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തിലുള്ള ഇതിഹാസ താരങ്ങളെ ടീമിൽ എത്തിക്കുന്ന സൈനിങ്‌ പോളിസി എന്നേക്കുമായി അവസാനിപ്പിച്ചു .

4 . സഹൽ അബ്ദുൽ സമദിന്റെ ഉദയം 

2018 ഫെബ്രുവരി 8 ന് ഐഎസ്എല്ലിന്റെ നാലാം സീസണിൽ ഡേവിഡ് ജെയിംസ് ഇതിഹാസതാരമായ ബെർബെറ്റോവിനെ പിൻവലിച്ചുകൊണ്ട് ഒരു ഇരുപതുകാരൻ പയ്യനെ കളത്തിൽ ഇറക്കുന്നു . അതൊരു തുടക്കമായിരുന്നു. ഇന്ന് കേരള ഫുട്ബോളിന്റെ പോസ്റ്റർ ബോയ് ആയി അറിയപ്പെടുന്ന സഹൽ അബ്ദുൽ സമദ് എന്ന താരത്തിന്റെ പ്രൊഫഷണൽ കരിയറിലേക്കുള്ള കാൽവെപ്പ് ആയിരുന്നു അത് . തുടർന്ന് അഞ്ചാം സീസൺഐഎസ്എല്ലിൽ ഡേവിഡ് ജയിംസിന്റെ കീഴിലും ക്ലബ് മോശം പ്രകടനം തുടർന്നെകിലും സഹൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനം കവർന്നിരുന്നു. 

ചെന്നൈയിൻ എതിരായ മത്സരത്തിൽ സഹൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന് ഇടയിലും മികവുറ്റ പ്രകടനത്തിലൂടെ അവനെ കാത്തിരുന്നത് ആ സീസണിലെ ഐഎസ്എൽ എമേർജിങ് പ്ലയെർ പുരസ്കാരവും ആ വർഷത്തെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ എഐഎഫ്എഫ് എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും ആയിരുന്നു. അവിടെ തുടങ്ങുന്നു സഹൽ അബ്ദുൽ സമദ് എന്ന അറ്റാക്കിങ് മിഡ്ഫീൽഡറിന്റെ വളർച്ച. ഇന്ന് ഇന്ത്യൻ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒരാളാണ് സഹൽ. 2020 ഓഗസ്റ്റ് 21ന് കേരള ബ്ലാസ്റ്റേഴ്‌സ് സഹലുമായുള്ള കരാർ 2025 വരെ പുതുക്കുകയുണ്ടായി.

6. ഹൈദരാബാദിന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഓർമയിൽ ഒളിമങ്ങാത്ത അധ്യായം ആണ് ഹൈദരാബാദ് എഫ് സി ക്ക് എതിരെ പിന്നിൽ നിന്ന് വന്നു പിടിച്ചു വാങ്ങിയ പടു കൂറ്റൻ ജയം. ഇന്നും ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലേ ഏറ്റവും വലിയ ജയമായി അത് അറിയപ്പെടുന്നു. 

അന്നൊരു  ഞായറാഴ്ച ആയിരുന്നു ഹോം ഗ്രൗണ്ടിൽ കുറെ നാളായി തുടരുന്ന വിജയ വരൾച്ച അവസാനിപ്പിക്കാൻ കച്ച മുറുക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. മത്സരത്തിന് വെറും 14 മിനിറ്റിന്റെ ആയുസ് മാത്രം ഉള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് വല ഹൈദരാബാദ് എഫ്‌സി കുലുക്കി. ISL ലെ സൂപ്പർ താരം മഴസ്ലീന്യോ മറിച്ചു നൽകിയ പന്ത് ബോബോ വലയിലാക്കി. സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറ്റൊരു തോൽവി കൂടി മണത്തു. പക്ഷെ വിധി മറ്റൊന്നായിരുന്നു. പിന്നെ കണ്ട കാഴ്ച ബ്ലാസ്റ്റേഴ്‌സ് ആരാധകരേപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഹൈദരാബാദ് പ്രതിരോധത്തിനെ ചിന്നഭിന്നമാക്കി കൊമ്പന്മാർ അവരെ തച്ചു തകർത്തു വിട്ടു.

പിന്നെ തുടർച്ചയായി 5 ഗോളുകൾ കൊമ്പന്മാർ ഹൈദരാബാദ് വലയിൽ നിക്ഷേപിച്ചു. അന്നത്തെ ഹിറ്റ് കോമ്പിനേഷൻ ആയിരുന്ന ഓഗ്‌ബച്ചേ മെസ്സി ബൗളി സഖ്യം തന്നെ ആയിരുന്നു അന്നും തിളങ്ങിയത്. ഒഗ്‌ബെച്ചെ രണ്ട് ഗോളുകളുമായി മുന്നിൽ നിന്നു നയിച്ചപ്പോൾ റാഫേൽ മെസ്സി ബൗളി, സത്യാസെൻ സിംഗ്, ഡ്രോബറോവ് എന്നിവർ ഓരോ ഗോളുകൾ നേടി ഹൈദരാബാദ് വധം പൂർത്തിയാക്കി.

7 . സന്ദേശ് ജിംഗാൻറെ ടീം വിടലും ബെംഗളുരുവിന് എതിരായ രാഹുൽ കെപിയുടെ വിജയ ഗോളും 

കേരള ബ്ലാസ്റ്റേഴ്സിന്റെ 2020-21 സീസൺ സംഭവ ബഹുലം ആയിരുന്നു. മോഹൻ ബഗാനിനെ ഐ ലീഗ് ജേതാക്കൾ ആക്കിയ കിബു വിക്യൂനയെ മുഖ്യ പരിശീലകൻ ആയി കേരള ബ്ലാസ്റ്റേഴ്‌സ് നിയമിക്കുന്നു. കേരള ബ്ലാസ്റ്റർസിന്റെ രൂപീകരണം മുതൽ ടീമിന്റെ ഭാഗമായിരുന്ന സന്ദേശ് ജിങ്കൻ ടീം വിടുന്നു. താരത്തെ ഇതിഹാസമായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ജെഴ്‌സി നമ്പർ പിൻവലിക്കുകയും ചെയുന്നു. താരം എടികെ മോഹൻ ബഗാനിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ ജിങ്കന്റെ അഭാവം നികത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയാതെ പോകുന്നു. ദുർബലമായ പ്രതിരോധം ടീമിന്റെ പ്രകടനത്തെ താളം തെറ്റിച്ചു. 36 ഗോളുകളാണ് ടീം ഈ സീസണിൽ വഴങ്ങിയത്.

എന്നാൽ ഈ സീസണിലും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മറക്കാൻ കഴിയാത്ത ഒരു നിമിഷം ആയിരുന്നു റിവൽ ക്ലബ്ബായ ബെംഗളൂരു എഫ്‌സിക്ക് എതിരായ രണ്ടാമത്തെ മത്സരത്തിൽ ടീം നേടിയ അഭിമാനത്തിന് തുല്യമായ വിജയം. ഒരു സമനിലയിൽ അവസാനിക്കും എന്ന ആരാധകർ വിശ്വസിച്ച മത്സരത്തിന്റെ ഗതി മാറ്റിയത് മലയാളി വിങ്ങർ രാഹുൽ കെപി മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ നേടിയ ഗോൾ ആണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബോക്സിന്റെ അടുത്ത് നിന്ന് ബംഗളുരുവിന് കിട്ടിയ ത്രൗ പ്രതിരോധത്തിൽ ഇന്റർസെപ്റ് ചെയ്ത് ഹൂപ്പർ നൽകിയ ത്രൂ ബോൾ പിടിച്ചെടുത്ത് മുന്നേറിയ രാഹുൽ അത് കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.