കഴിഞ്ഞ ഐ ലീഗ് സീസണിൽ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ, മോഹന്‍ ബഗാന് ഐ-ലീഗ് കിരീടം നേടികൊടുത്ത കോച്ചാണ് കിബു വിക്കൂന.

കഴിഞ്ഞ സീസണിലെ കോച്ചായിരുന്ന എൽക്കോ ഷട്ടോരിയെ പരിശീലക സ്ഥാനത്തു നിന്നും മാറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ സീസൺ ഐ ലീഗിൽ മോഹൻബഗാനൊപ്പം കിരീടമുയർത്തിയ കിബു വിക്കൂന-യെ പുതിയ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ സീസണിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകിയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്ന് ഏൽക്കോ ഷട്ടോറി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതെങ്കിലും ടീമിന്റെ പ്രകടനം ശരാശരി ആയിരുന്നു. സീസണിലെ ലീഗിലെ 18 മത്സരങ്ങളിൽ ടീം വിജയിച്ചത് നാലിൽ മാത്രം. ഏഴു വീതം തോൽവികളും സമനിലകളുമായി ടീം സീസൺ അവസാനിപ്പിച്ചത് പോയിന്റ് പട്ടികയിൽ ഏഴാമതായി.

ഇന്ത്യയിലെ ആദ്യ സീസണിൽ തന്നെ മോഹൻ ബ​ഗാനെ ഐ-ലീ​ഗ് ജേതാക്കളാക്കിയ മികവുമായാണ് കിബു വിക്കൂന ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആകുന്ന ആദ്യത്തെ സ്പാനിഷ് കോച്ചാണ് കിബു. പ്രതിരോധം ഭദ്രമാക്കിയുള്ള പ്രെസ്സിങ് – പാസ്സിങ് ശൈലിയാണ് കിബുവിന്റേത്.

എങ്കിലും കഴിഞ്ഞ സീസൺ ടീമിന് നൽകിയ പ്രതിസന്ധികളിൽ നിന്ന് ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഐഎസ്എല്ലിന്റെ  പ്ലേ ഓഫിൽ എത്തിക്കാൻ കിബു വിക്കൂന ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ പരിശോധിക്കാം.

1. ശക്തമാകേണ്ട പ്രതിരോധം

ആദ്യ സീസൺ മുതൽ മികച്ച പ്രതിരോധനിരക്ക് പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ഏറ്റവും ദുർബലമായത് ടീമിന്റെ പ്രതിരോധനിരയാണ്. ലെഫ്റ്റ് വിങ്ബാക്കിൽ കളിച്ചിരുന്ന ജെസ്സല്‍ കാര്‍നെറോ ഒഴികെയുള്ള താരങ്ങൾ എല്ലാം ശരാശരിക്ക് താഴെയുള്ള പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. അത് ടീമിന്റെ കളിക്കളത്തിലെ പ്രകടനത്തെ വളരെയധികം ബാധിച്ചു.

ടീമിന്റെ പ്രതിരോധത്തിന്റെ നെടുംതൂണായ സന്ദേശ് ജിങ്കനു സീസണ് മുന്നോടിയായി ഉണ്ടായ പരിക്കായിരുന്നു പ്രധാന പ്രശ്നം. താരത്തിന് പകരമായി ഏൽക്കോ പുതിയ പ്രതിരോധ താരങ്ങളെ കൊണ്ട് വന്നെങ്കിലും പ്രതിരോധം സ്ഥിരത ഇല്ലാതെ തന്നെ തുടർന്നു. നിലവിൽ സന്ദേശ് ജിങ്കൻ ടീം വിട്ടതിനാൽ ആ പോരായ്മ നികത്തുക എന്നതായിരിക്കും കിബുവിന്റെ മുന്നിലുള്ള വെല്ലുവിളി.

നിലവിൽ ജിങ്കനോളം നിലവാരം പുലർത്തുന്ന പ്രതിരോധ താരങ്ങൾ ഇന്ത്യയിൽ കുറവായതിനാൽ തന്നെ സെന്റർ ബാക്ക് പൊസിഷനിൽ വിദേശതാരങ്ങളെ ആശ്രയിക്കാൻ കിബു നിർബന്ധിതൻ ആകും. കൂടാതെ അബ്ദുൾ ഹക്കു അടക്കമുള്ള സെന്റർ ബാക്ക് പൊസിഷനിലെ താരങ്ങൾക്ക് കഴിഞ്ഞ സീസണിൽ സ്ഥിരമായ പങ്കാളി കളിക്കളത്തിൽ ഇല്ലാതെ പോയതും ടീമിന് തിരിച്ചടിയായി.

പുതിയ സീസണിൽ വലത് വിങ്ബാക്കിലേക്ക് ബംഗളുരു എഫ്‌സിയിൽ നിന്ന് നിഷു കുമാറിനെ സൈൻ ചെയ്തിട്ട് ഉണ്ട്. എങ്കിലും കളിക്കളത്തിൽ സെൻട്രൽ ഡിഫെൻസിലേക്ക് ഇന്ത്യൻ പ്രതിരോധ താരങ്ങൾക്ക് ഒപ്പം നിലവാരമുള്ള കളി പുറത്തെടുക്കുന്ന കോസ്‌റ്റയെയോ കോനിനെയോ പോലെയുള്ള താരങ്ങളെ ഉപയോഗിക്കാൻ കിബു ശ്രമിക്കണം. ടീമിന്റെ ഭാവി മുന്നിൽ കണ്ട് ശക്തമായ പ്രതിരോധനിര രൂപപ്പെടുത്തി എടുക്കാൻ ആയിരിക്കണം വരുന്ന സീസണിൽ കിബു വിക്കൂന ശ്രദ്ധ നൽകേണ്ടത്.

Watch: ISL 2019-20 All Goals: Kerala Blasters FC ft. Messi & Bartholomew Ogbeche

2. ടീമിന്റെ ആക്രമണ ഫുട്ബോൾ സ്വഭാവം നിലനിർത്തുക

മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ആക്രമണ ഫുട്ബോൾ ആണ്. ആദ്യ സീസൺ മുതൽ അഞ്ചാം സീസൺ വരെയും ടീം കാഴ്ചവയ്ക്കാതിരുന്ന രീതിയിലുള്ള ആക്രമണ ഫുട്ബോളിനാണ് ആ സീസണിൽ കാണികൾ സാക്ഷിയായത്. പാസ്സിങ് ഗെയ്മിന് ഒപ്പം ഏതു വിധേനയും ഗോൾ നേടണമെന്ന് ആഗ്രഹിച്ചുള്ള ടീമിന്റെ പ്രകടനം കഴിഞ്ഞ സീസണിൽ ടീമിന് നേടി കൊടുത്തത് 29 ഗോളുകൾ ആയിരുന്നു.

പുതിയ സീസണിൽ കിബു വിക്കൂന ടീമിൽ ഉപയോഗിക്കുന്ന പ്രെസ്സിങ് – പാസ്സിങ് കളി രീതിയോടൊപ്പം നിലനിർത്താൻ ശ്രമിക്കേണ്ടത് ടീമിൽ തുടരുന്ന കളിക്കാരുടെ ഈ അഗ്രസ്സീവ് ഫുട്ബോൾ മെന്റാലിറ്റിയാണ്. പുതുതായി ടീമിൽ എത്തിയ ഗാരി ഹൂപ്പർ, ജോർദാൻ മുറായ്ഫ, ഫാകുണ്ടോ പെരേര, രോഹിത് കുമാർ, ഗിവ്‌സൺ തുടങ്ങിയ താരങ്ങളിലും ഈ മെന്റാലിറ്റി പകർന്നു നൽകുകയാണെങ്കിൽ മികച്ച രീതിയിൽ ആക്രമണ ഫുട്ബോൾ കളിക്കുന്ന ഒരു ടീമിനെ രൂപപ്പെടുത്തി എടുക്കാം.

3. യുവതാരങ്ങളുടെ കൃത്യമായ ഉപയോഗം

കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ കയറിയ എല്ലാ ടീമുകളുടെയും പ്രത്യേകതയായിരുന്നു അവരുടെ ശക്തമായ യുവനിരയും കളിക്കളത്തിൽ അവരുടെ കൃത്യമായ ഉപയോഗവും. ചെന്നൈയുടെ ലാൽഡിംലിന രേന്ദ്ലെയ്‌, ജെറി ലാൽരിൻസുവാല, ലല്ലിൻസുവാല ചാങ്തെ എന്നിവരും എടികെയുടെ സുമിത് രാതിയും ഗോവയുടെ മുഹമ്മദ്‌ നവാസും ബെംഗളുരുവിന്റെ സുരേഷ് വാങ്ജവും ആഷിഖ് കുരുണിയനും ലിയോൺ അഗസ്റ്റിനും ഐഎസ്എല്ലിൽ ഇന്ത്യൻ യുവതാരങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണങ്ങൾ ആണ്.

എല്ലാകാലത്തും ഇന്ത്യൻ യുവതാരങ്ങൾക്ക് വളരെയധികം അവസരങ്ങൾ നൽകുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ ആറു ഐഎസ്എൽ സീസണുകളിൽ നിന്നായി മൂന്ന് എമേർജിങ് പ്ലയെർ അവാർഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരങ്ങളായ ജീക്സൺ സിങ്, രാഹുൽ കെപി എന്നിവരെ കൂടാതെ സഹൽ അബ്ദുൾ സമദ്, കെ പ്രശാന്ത്, അർജുൻ ജയരാജ്‌ തുടങ്ങി ധാരാളം യുവതാരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലും റിസേർവ് ടീമിലും ഉണ്ട്. എങ്കിലും അവരെ ടീമിന് സഹായകമായി ഉപയോഗിക്കാൻ പൂർണമായി ഷട്ടൊരിക്ക് കഴിഞ്ഞിട്ടില്ല. അതിന് ഒരു മാറ്റം വരുത്താൻ കിബുവിന് കഴിയണം.

വായിക്കുക: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ് ബക്കരി കോൻ ശനിയാഴ്ച ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരും

യുവതാരങ്ങളെ അനുഭവസമ്പത്തുള്ള താരങ്ങൾക്ക് ഒപ്പം കളിപ്പിച്ചു അവരെ ഭാവിയിലേക്ക് വളർത്തികൊണ്ട് വരേണ്ടതുണ്ട്. സീനിയർ താരങ്ങൾക്ക് ഒരു ബാക്കപ്പ് ആയി കളിപ്പിച്ചും അവരുടെ കൂടെ കളിപ്പിച്ചും അവർക്ക് പകരം കളിക്കളത്തിൽ ഇറക്കിയും യുവനിരയിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കിബു ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ താരങ്ങൾക്ക് ലോകോത്തര ഫുട്ബോൾ ലീഗുകളിൽ നിന്ന് ലഭിച്ച അനുഭവസമ്പത്തും കളിക്കളത്തിൽ ഉള്ള വീക്ഷണവും യുവ താരങ്ങളിലേക്ക് എത്തിക്കാനും കിബു വഴി ഒരുക്കണം. മോഹൻബഗാനിൽ യുവതാരങ്ങളിൽ കിബു വെച്ച വിശ്വാസം കേരളത്തിലെ താരങ്ങളിൽ കൂടി നൽകിയാൽ കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ഫുട്ബോൾ ടീമിനും അതൊരു മുതൽക്കൂട്ടായിരിക്കും.

4. ഗോൾവലക്ക് താഴെയുള്ള പാളിച്ചകൾ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ചർച്ചവിഷയമായത് ടീമിലെ ഗോൾകീപ്പർമാരായിരുന്നു. എൽക്കോ ഷട്ടോരിയോടൊപ്പം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയ മലയാളി ഗോൾകീപ്പർ ടിപി രഹനേഷും ഐ ലീഗിലെ സീസണിൽ മികച്ച ഗോളി എന്ന ഖ്യാതിയുമായി റിയൽ കശ്മീർ എഫ്‌സിയിൽ നിന്ന് എത്തിയ ബിലാൽ ഖാനും ഗോൾവലക്ക് താഴെ കാഴ്ചവെച്ച പ്രകടനം നിരാശജനകമായിരുന്നു. രഹനേഷ് കളിക്കളത്തിലെ നിസ്സാരമായ പിഴവുകളിലൂടെ ഗോളുകൾ വഴങ്ങിയപ്പോൾ ബിലാൽ ഖാന്റെ പ്രശ്നം ആത്മവിശ്വാസമില്ലായ്മ ആയിരുന്നു. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്നായി ടീമിലെ ഗോൾകീപ്പർമാർക്ക് നേടാനായത് 3 ക്‌ളീൻഷീറ്റുകൾ മാത്രം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച ഗോൾകീപ്പർമാർ ഉണ്ടായിരുന്നത് അഞ്ചാം സീസണിൽ ആയിരുന്നു. ഇന്ത്യൻ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ഗോൾവല കാത്ത ധീരജ് സിങ് ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവലക്ക് മുന്നിൽ ശ്രദ്ധേയമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. കൂടാതെ ബാക്കപ്പിനായി നവീൻകുമാർ എന്ന രണ്ടാം ഗോളിയും. എന്നാൽ മാനേജ്മെന്റ് അവരെ ആ സീസണിന്റെ അവസാനത്തിൽ വിട്ടുകളയുകയായിരുന്നു. ഈ ഒരു പിഴവ് തിരുത്തേണ്ടത് കിബുവിന്റെ കടമയാണ്.

ഒഡീഷയിൽ നിന്ന് ആൽബിനോ ഗോമസിനെയും ബംഗളുരുവിൽ നിന്ന് പ്രഭ്സുഖാൻ സിങ്ങിനെയും സൈൻ ചെയ്തിട്ടുണ്ടെങ്കിലും ഐഎസ്എൽ പോലുള്ള വേദിയിൽ വേണ്ടത്ര പരിചയസമ്പത്തുള്ള ഗോൾകീപ്പമാർ ടീമിൽ ഇല്ലാത്തത് ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയണം.

5. തുടർച്ചയായ പരിക്കുകളും സ്ഥിരതയില്ലാത്ത ആദ്യ പതിനൊന്നും

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായിരുന്നു  ടീമിലുണ്ടായിരുന്ന താരങ്ങളുടെ തുടർച്ചയായുള്ള പരിക്കുകൾ. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ഇത്രയും പരുക്കുകൾ ഉണ്ടായ ടീം വേറൊന്ന് ഉണ്ടാകില്ല. സീസൺ തുടങ്ങിയ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ പരുക്കുകൾ മൂലം പുറത്തിരിക്കേണ്ടി വന്നവർ വളരെയധികമാണ്. അതിനാൽ തന്നെ കഴിഞ്ഞ സീസണിൽ തുടർച്ചയായി ഒരേ ടീമിനെ കളിക്കളത്തിൽ ഇറക്കാൻ എൽക്കോയിക്ക് സാധിക്കാതെ വന്നു. പകരക്കാരായി ഇറക്കേണ്ട താരങ്ങളെയും ആദ്യ പതിനൊന്നിൽ ഉൾപെടുത്തിയതിനാൽ ടീമിന്റെ ടാക്ടിക്കൽ സൈഡ് കലങ്ങിമറിഞ്ഞു. മികച്ച ഒരു ടാക്ടിഷ്യൻ ആയ എൽക്കോക്ക് ഒരു സ്ഥിരം ടക്റ്റിക്സ് കണ്ടെത്താൻ ബുദ്ധിമുട്ടായി മാറി.

ഇത്തവണ കോവിഡ് 19 പകർച്ചവ്യാധി കാരണം ഐഎസ്എൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുമ്പോൾ ടീമുകൾക്ക് എത്രത്തോളം പ്രീസീസൺ മത്സരങ്ങൾ ലഭിക്കും എന്നത് സംശയമാണ്. അതിനാൽ തന്നെ കൃത്യമായ പ്രീസീസൺ പരിശീലന പരിപാടികളിലൂടെ ടീമിന്റെ ശാരീരികക്ഷമത കണ്ടെത്താൻ ആയിരിക്കും കിബു ശ്രമിക്കുക.

എങ്കിലും ടീമിലെ പരിക്കിന്റെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കിബുവിന് സാധിക്കും. അതിന് വേണ്ടി വരുന്ന സീസണിൽ കോച്ചിനൊപ്പം പോളിയസ് റഗോസ്കസ് എന്ന ലിത്വാനിയൻ ഫിസിക്കൽ ട്രെയിനർ കൂടി മോഹൻബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണുവാനും ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സിന് കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചാൽ കിബുവിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന് തീർച്ചയായും ഐഎസ്എൽ 2020/21 സീസണിൽ പ്ലേഓഫിൽ കയറാൻ കഴിയും.

For more updates, follow Khel Now on Twitter, Instagram and join our community on Telegram.