ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സെന്റർ ബാക്ക് ആയ സന്ദേശ് ജിങ്കൻ ടീം വിട്ടതോടെ താരത്തോടുള്ള ആദരസൂചകമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് 21 ആം നമ്പർ ജേഴ്സി പിൻവലിച്ചു.

നീണ്ട കാലം ടീമിന്റെ വിശ്വസ്ത താരമായി കളിച്ച്‌ ഒരു കളിക്കാരൻ എന്ന നിലയിൽ നേടിയ മികച്ച വളർച്ച താരത്തിന്റെ ടീമിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“കേരളാ ബ്ലാസ്‌റ്റേഴ്‌സ് അദ്ദേഹത്തിന്റെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള തീരുമാനത്തെ മാനിക്കുന്നു, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ബ്ലാസ്റ്റേഴ്‌സിന് എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ക്ലബ്ബിന് നൽകിയ സംഭാവനകളെ പരിഗണിച്ച്‌ അദ്ദേഹത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ ആയ 21 ഉം വിരമിക്കുകയാണ്” ഭരദ്വാജ് പറഞ്ഞു.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്ന ടീമിന്റെ തുടക്കം തൊട്ട് തന്റെ 20 ആം വയസ്സ് മുതൽ ടീമിലുള്ള താരമാണ് ജിങ്കൻ. ക്ലബ്ബിന് വേണ്ടി ആകെ 5 സീസണുകളിലായി 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് താരം. “ക്ലബ്ബിന്റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് വലിയൊരു കാര്യമാണ്. നമ്മൾ പരസ്പരം ഒരുപാട് മധുരിക്കുന്ന ഓർമ്മകൾ ഉണ്ടാക്കിയിട്ടുണ്ട്, പരസ്പരം വളർച്ചകളിൽ സഹായിച്ചിട്ടുണ്ട്, അവസാനം പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.

ക്ലബ്ബിന്റെ മുന്നോട്ടുള്ള ഗമനത്തിന് എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു. എപ്പോഴും ക്ലബ്ബിന് പിന്നിൽ അണിനിരന്ന കേരളത്തിലെ ജനങ്ങളെ പരാമർശിക്കാതെ കഴിയില്ല. എന്റെയും ബ്ലാസ്റ്റേഴ്‌സിന്റെയും മേലിൽ നിങ്ങൾ കാണിച്ച സ്നേഹത്തിനും നിങ്ങൾ നൽകിയ പിന്തുണക്കും ഞാൻ ഏറെ നന്ദി അർപ്പിക്കുന്നു. ഇനിയും നിങ്ങൾ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബിനും ആരാധകർക്കും എക്കാലത്തും എന്റെ മനസ്സിൽ സ്ഥാനമുണ്ടാകും,” ജിങ്കൻ പറഞ്ഞു.

ഖത്തർ, യു എ ഇ, ഓസ്ട്രേലിയൻ ക്ലബ്ബുകളിൽ നിന്നെല്ലാം താരത്തിന് ഓഫർ ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം എങ്കിലും താരം ഇവയിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.

അതിനിടയിൽ, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന അറ്റാക്കിങ് മിഡ്ഫീൽഡർ സാമുവൽ ലാൽമുവാൻപുയ ഒഡിഷ എഫ് സിയിലേക്ക് ചേക്കേറി.

For more updates, follow Khel Now on Twitter and join our community on Telegram.