മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് പോയിന്റ് ഉള്ള ഇന്ത്യ അഞ്ച് ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ്‌ ഈയിൽ നാലാം സ്ഥാനത്താണ്.അതിനാൽ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചാൽ മാത്രമേ പ്രതീക്ഷ നിലനിർത്തുവാൻ ആവുകയുള്ളൂ.

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ നാളെ തജിക്കിസ്ഥാനിലെ ദുഷൻബെയിൽ ഉള്ള റിപ്പബ്ലിക്കൻ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ അഫ്ഘാനിസ്ഥാനെ നേരിടും. ഇരു ടീമുകളെ സംബന്ധിച്ചിടത്തോളം ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് പോയിന്റ് ഉള്ള ഇന്ത്യ അഞ്ച് ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ്‌ ഈയിൽ നാലാം സ്ഥാനത്താണ്.

അതിനാൽ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചാൽ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ നിലനിർത്തുവാൻ സാധിക്കുകയുള്ളു. ഒരു ജയവും രണ്ട് തോൽവിയുമായി അഫ്ഗാൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. യൂറോപ്യൻ ലീഗിൽ കളിക്കുന്ന നിരയുമായി ഇറങ്ങുന്ന അഫ്ഘാനിസ്ഥാനെതിരെ ജയം നേടാൻ ഇന്ത്യക്ക് സാധിച്ചാൽ അഞ്ച് ദിവസങ്ങൾക്കു ശേഷമുള്ള അടുത്ത മത്സരത്തിൽ ഒമാനെതിരെ നല്ലവണ്ണം പോരാടാൻ ഇന്ത്യക്ക് സാധിക്കും എന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാക്ക് വിശ്വസിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പറഞ്ഞത് ഇങ്ങനെയാണ്. ” വിവിധ സ്ഥലങ്ങളിൽ ഞാൻ പോയി പലതരത്തിലുള്ള ആളുകളെ കണ്ടു. ഇതെല്ലാം ഈ രാജ്യത്തിൽ വന്നതിന് ശേഷം ആദ്യമായിട്ടാണ്. നമുക്ക് മുൻപിൽ വളരെ കടുപ്പമേറിയ മത്സരമാണ് ഉള്ളത്. നമ്മൾ ഖത്തറിനെയും ബംഗ്ലാദേശിനെയും നേരിട്ടു. അഫ്ഘാനിസ്താനും ഇന്ത്യയും ഒരേ തരത്തിലുള്ള ടീമുകളായിട്ടാണ് എനിക്ക് തോന്നിയത്. മികച്ച ശാരീരിക മികവുള്ള അവരുടെ കളിക്കാരിൽ ചിലർ യൂറോപ്യൻ അനുഭവ സമ്പത്തുള്ളവർ ആണ് “.

“ തീർച്ചയായും അത് ടോപ് ഡിവിഷൻ അല്ലെങ്കിൽ കൂടിയും അത് അവർക്ക് ഒരല്പം അധികം ക്വാളിറ്റി നൽകും. അവരുടെ കളികണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്. അവർക്ക് നല്ല മനഃസാന്നിധ്യവും കായിക ക്ഷമതയും ഉണ്ടാകും അതിനാൽ നമുക്ക് ഈ മത്സരം എളുപ്പമാകില്ല. അതിനാൽ മത്സരത്തിന്റെ പ്രാമുഖ്യം നിലനിർത്തി കളിക്കാർക്ക് വിശ്രമം നൽകേണ്ടത് വളരെ ആവശ്യകത നിറഞ്ഞ ഒന്നാണ്.”

Tactical Preview: Afghanistan vs India

“ കാരണം നമ്മുടെ കൂടുതൽ താരങ്ങളും അവരുടെ അവസാന മത്സരം കളിച്ചത് 10ആം തീയതിയാണ്. അതിനുശേഷം നമ്മൾ ഇങ്ങോട്ടേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിക്ക് ഞങ്ങൾ ഇവിടെ എത്തിച്ചേർന്നു. അതിനാൽ തുടർന്നുള്ള 40 മണിക്കൂർ കളിക്കാർക്ക് വിശ്രമം നൽകി മത്സരത്തിന് തയ്യാറാവുക എന്നതാണ്. ഇന്ത്യൻ ആരാധകർ ടീമിനെ പിന്തുണക്കുന്നത് വളരെ അഭിനിവേശത്തോടെയാണ് എന്നതിൽ വളരെ സന്തോഷമുണ്ട്. ആരാധകർക്ക് ടീമിൽ നല്ല പ്രതീക്ഷയുണ്ട് അതിനാൽ ഞങ്ങൾ കഴിവിന്റെ പരമാവധി പുറത്തെടുക്കും “.

അഫ്ഘാൻ പരിശീലകൻ അഭിപ്രായപ്പെട്ടത് ഇങ്ങനെ ” കളിക്കാർ ഇപ്പോൾ പരിശീലനത്തിൽ ആണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഞങ്ങൾക്ക് ശക്തരായ എതിരാളിയെയാണ് നേരിടാൻ പോകുന്നത് എന്ന് ഞങ്ങൾക്കറിയാം. ഖത്തറിനോട്‌ സമനിലയും ഒമാനെതിരെ തോറ്റെങ്കിലും ആദ്യപകുതി വരെ 1-0 മുന്നിട്ട് നിൽക്കുക എന്നതിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസിലാക്കാം അവർ മികച്ച ടീം ആണെന്ന്. തജികിസ്താനിൽ കളിക്കുവാൻ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഇവിടെ നല്ല റെക്കോർഡാണ് ഞങ്ങൾക്ക്‌ ഉള്ളത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ തജികിസ്താനോട് സമനിലയും നേപ്പാളിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു “.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ അപ്രതീക്ഷിത തോൽവിയോടെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ ക്യാംപെയ്ൻ ആരംഭിച്ചത്. പിന്നീട് സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഖത്തറിനെതിരെയും കൊൽക്കത്തയിൽ വെച്ച് ബംഗ്ലാദേശിനോടും സമനില നേടി. ഖത്തറിനോട് അവരുടെ നാട്ടിൽ നേടിയ സമനിലക്ക് ജയത്തിന് തുല്യ മധുരമുണ്ടായിരുന്നുവെങ്കിലും ബംഗ്ലാദേശിനോട് നേടിയ സമനില ഇന്ത്യയുടെ ആത്മവിശ്വാസം പാടെ ചോർത്തി.

പ്രതിരോധം ഇന്ത്യ നേരിടുന്ന വെല്ലുവിളി ഇന്ത്യയുടെ വന്മതിലുകളായ അനസ് എടത്തൊടികയും സന്ദേശ് ജിങ്കന്റെയും അഭാവം ക്യാമ്പിൽ ഇപ്പോൾ തന്നെ അലയടിച്ചുകഴിഞ്ഞു. മുട്ടിനേറ്റ പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ ജിങ്കൻ കുറച്ച് മാസങ്ങളായി ടീമിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതേ സമയം അനസ് കുടുംബ സംബന്ധമായ വിഷയം മൂലമാണ് ഇന്ത്യൻ ടീമിന്റെ ദുബായിലെ ക്യാമ്പ് വിട്ട് നാട്ടിലേക്ക് തിരിച്ചത്.

ഇന്ത്യൻ സ്‌ക്വാഡ്

ഗോൾകീപ്പേർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ധീരജ് സിംഗ് മൊയ്റാങ്ദം

പ്രതിരോധം: പ്രീതം കോട്ടൽ, നിഷു കുമാർ, രാഹുൽ ഭേകെ, നരേന്ദർ, ആദിൽഖാൻ, സാർത്ഥക് ഗോലൂയി, സുഭാശിഷ് ബോസ്, മന്ദർ റാവു ദേശായ്

മധ്യനിര: ഉദാന്ത സിംഗ്, ജാക്കിചന്ദ്‌ സിംഗ്, സിമിൻലൈൻ ദൗങ്കെൽ, റെയ്നിർ ഫെർണാണ്ടസ്, വിനീത് റായ്, സഹൽ അബ്ദുൾ സമദ്, പ്രണോയ് ഹാൽഡർ, അനിരുദ്ധ് ഥാപ്പ, ലാലിൻസുല്ല ചാങ്‌തെ, ബ്രാൻഡോൺ ഫെർണാണ്ടസ്, ആഷിഖ് കുരുണിൻ.

മുന്നേറ്റ നിര : സുനിൽ ഛേത്രി, മൻവീർ സിംഗ്, ഫാറൂഖ് ചൗധരി