രണ്ടാം പകുതിയിൽ മതേജ് പോപ്ലറ്റാനിക്കും, സ്ലാവിസാ സ്‌റ്റോജെനോവിക്കും നേടിയ ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെയെ തോല്പിച്ചത്.

പുതിയ സീസണിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ വെടിക്കെട്ട് പ്രകടനത്തോടെ തുടങ്ങി കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്രമണ ഫുട്ബാളുമായി ഡേവിഡ് ജെയിംസിന്റെ പിള്ളേർ കളം അടക്കി വാണപ്പോൾ സ്റ്റീവ് കോപ്പലിന്റെ പിള്ളേർക്ക് മറുപടിയില്ലാതെയായി.

രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെയെ തകർത്തത്തിലൂടെ കൊമ്പന്മാർ തങ്ങളുടെ തുടക്കം ഗംഭീരമാക്കി. മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യ പകുതിയിൽ താൻ നിരാശനായിരുന്നുവെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. തങ്ങൾ വിചാരിച്ച രീതിയിൽ ഉള്ള ശൈലിയിൽ അല്ല ആദ്യ പകുതിയിൽ കളിച്ചതെന്നും ജെയിംസ് പറഞ്ഞു.
 
“റാകിപും ലാൽറുവത്താരയും മികച്ച പ്രകടനം കാഴ്ച വെച്ചു, പക്ഷെ അതിനേക്കാളേറെ കളിക്കാരുടെ അച്ചടക്കത്തിൽ പ്രതിബദ്ധതയിലും തൃപ്തനാണ്. അവർക്ക് കുറച്ച് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും മികച്ച ടീം തങ്ങളുടേത് ആണെന്നാണ് ഞാൻ ചിന്തിക്കുന്നത് ” ഡേവിഡ് ജെയിംസ് പറഞ്ഞു.
 
മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നാല് വിദേശ താരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനെ കുറിച്ച് ജെയിംസിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, “നന്നായി പരിശീലിക്കുകയും, കളിക്കാൻ തയ്യാറാവുന്നവരെയും കേന്ദീകരിച്ചാണ് എന്റെ സെലക്ഷൻ. എല്ലാ മത്സരത്തിലും അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കണം എന്ന് നിർബന്ധമില്ല.”

Also Read:


 
“നാല് വിദേശ താരങ്ങളെ വെച്ച് കളിക്കുന്നത് സുഖപ്രദമായിരുന്നു. ഞങ്ങളുടെ പ്രകടനത്തിൽ നിരാശനായതിനാൽ രണ്ടാം പകുതിയിൽ കളി മെച്ചപ്പെടുത്താൻ കറേജ് പെക്‌സണിനെ കൊണ്ട് വന്നു.” ജെയിംസ് കൂട്ടിച്ചേർത്തു.
 
മത്സരങ്ങൾക്ക് അനുസരിച്ച് ടീമിന്റെ തന്ത്രങ്ങൾ മാറ്റിയേക്കും എന്ന സൂചനയും ഡേവിഡ് ജെയിംസ് നൽകി. “സീസണിൽ ഉടനീളം ഒരേ തന്ത്രം ഉപയോഗിക്കാൻ കഴിയില്ല. എതിരാളികൾക്ക് അനുസരിച്ച് നമ്മുടെ തന്ത്രങ്ങൾ മാറ്റണം. എല്ലാ കളിക്കാരും ഇന്ന് ഉണ്ടായിരുന്നില്ല. ” ജെയിംസ് പറഞ്ഞു.