ലാലിയൻസുവാല ചാങ്തെക്ക്‌ ഇന്ത്യയിലെ ഏറ്റവും മികച്ച വിങ്ങർ ആവാൻ കഴിയുമെന്നും ഡൽഹി ഡയനാമോസ് കോച്ച് പറഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളീ താരം സികെ വിനീതിന്റെ ഗോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു നിൽക്കെ 84ആം മിനുറ്റിൽ ആൻഡ്രിജ ഗോൾ നേടിയതോടെ ഡൽഹി തുടർച്ചയായ രണ്ടാം തോൽവി വഴങ്ങുന്നതിൽ നിന്ന് രക്ഷപ്പെട്ടു.

മത്സര ശേഷം പത്രസമ്മേളനത്തിന് വന്ന ഡൽഹി ഡയനാമോസ് കോച്ച് ജോസഫ് ഗാംബൌ. ഒരു പോയിന്റ് നേടിയെങ്കിലും, തങ്ങൾക്ക് കളി ജയിക്കാമായിരുന്നു എന്ന് ഗാംബൌ പറഞ്ഞു.

മത്സരത്തിൽ ഡൽഹിക്ക് വേണ്ടി യുവ താരം ലാലിയൻസുവാല ചാങ്തെക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ വേഗത കൊണ്ട് പാർശ്വങ്ങളിലൂടെ മിന്നലാക്രമങ്ങൾ നടത്തിയ താരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിടിപ്പത് പണിയാണ് നൽകിയത്. 

താരത്തിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡൽഹി കോച്ചിന് നൂറ് നാവ്. ” ചാങ്തെ ഒരു നല്ല കളിക്കാരനാണ്. അവൻ ഒരു യുവ താരമാണ്. അവൻ മെച്ചപ്പെടാൻ ഏറെയുണ്ട്. ഭാവിയിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച വിങ്ങർ ആവാൻ ചാങ്തെക്ക് കഴിയും” ഗാംബൌ  പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ  ഡൽഹിക്ക് വേണ്ടി മധ്യനിരക്കാരൻ മാർക്കോസ് ടെബാർ കളിയ്ക്കാൻ ഇറങ്ങിയിരുന്നില്ല. താരത്തിന്റെ അഭാവം ടീമിനെ ബാധിച്ചോ എന്ന് ചോദിച്ചപ്പോൾ ഗാംബൌന്റെ മറുപടി ഇങ്ങനെ, “ഇല്ല. ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ട്. ഞങ്ങൾ ചെറിയ സമയത്തിനുള്ളിൽ കുറെ മത്സരങ്ങൾ കളിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം ഞങ്ങൾക്ക് വലിയൊരു നഷ്ടം ആയിരുന്നു.”


Read More:


17ആം തിയ്യതി എ ടി കെക്ക് എതിരെ കളിച്ച ഡൽഹിക്ക് കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് മുൻപ് വിശ്രമിക്കാൻ സമയം കിട്ടിയിരുന്നില്ല അതിനെ കുറിച്ച് ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെ, “കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മത്സരം കളിക്കുന്നത് കളിക്കാർക്ക് നല്ലതല്ല, കോച്ചിനും നല്ലതല്ല.”

ഡൽഹി ഡയനാമോസ് ഗോൾ നേടിയ സമയത്ത് സന്ദേശ് ജിങ്കൻ നിലത്ത് കിടക്കുകയായിരുന്നു. ഒരു പക്ഷേ അതല്ലായിരുന്നുവെങ്കിൽ ഡൽഹി മുന്നേറ്റ നിരക്കാർ ഗോൾ അടിക്കുമോ എന്ന് ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെ, “ഞങ്ങൾ ഒരു ഗോളടിച്ചു. അവരുടെ സെൻട്രൽ ഡിഫൻഡർക്ക്  എന്താണ് പറ്റിയതെന്ന് ഞങ്ങൾക്ക് അറിയില്ല.”