തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തുകയാവും കേരളത്തിന്റെ ലക്ഷ്യം.

ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ എ ടി കെയെ അവരുടെ തട്ടകത്തിൽ തകർത്ത് തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള 6 മത്സരങ്ങളിലും വിജയിക്കാൻ ആയിട്ടില്ല. 1 വിജയവും, 2 തോൽവിയും, 4 സമനിലയുമായി 7 പോയിന്റാണ് ടീം ഇത് വരെ നേടിയിട്ടുള്ളത്. ടീമിന്റെ പ്രകടനത്തിൽ ആരാധകർ തൃപ്തരല്ല എന്ന് പറയേണ്ടതില്ലലോ!

അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ കളിക്കാൻ ഇറങ്ങുമ്പോൾ വിജയം മാത്രമാവും കേരളം ലക്ഷ്യം വെക്കുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് കേരളം ഗോവക്കെതിരെയുള്ള മത്സരത്തിൽ ഒഴിച്ച് ടീം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്ന് പറഞ്ഞു.

“ഫുട്ബോളിൽ മത്സരങ്ങൾ വിജയിക്കണം, [ഞങ്ങൾക്ക്] പ്ലേ-ഓഫിലേക്ക് യോഗ്യത നേടണം. ഗോവക്കെതിരെയുള്ള മത്സരത്തിൽ ഒഴികെ മറ്റുള്ള മത്സരങ്ങളിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എഫ്‌സി ഗോവ ഒരു മികച്ച ടീമാണ്. ചില സന്ദർഭങ്ങളിൽ ചില ടീമുകൾ നിങ്ങളെക്കാൾ മികച്ചതാണെന്ന് സമ്മതിക്കേണ്ടി വരും.”  ജെയിംസ് പറഞ്ഞു.


Read More: ഞങ്ങൾ തോറ്റത് ഐ എസ് എല്ലിലെ മികച്ച രണ്ട് ടീമുകളോട് : ഡേവിഡ് ജെയിംസ്


ബെംഗളൂരു എഫ്‌സിക്ക് എതിരെ തോറ്റെങ്കിലും, ടീം മാന്യമായ പ്രകടനം തന്നെയാണ് പുറത്തെടുത്തതെന് ജെയിംസ് പറഞ്ഞു. “ബെംഗളുരുവിന് എതിരെ ഉള്ള മത്സരം ഉൾപ്പെടെ, മറ്റു ആറ് മത്സരങ്ങളിലും ഞങ്ങൾ മാന്യമായ പ്രകടനം പുറത്തെടുത്തു. ഞങ്ങൾക്ക് ഇപ്പോഴും മത്സരങ്ങൾ ജയിക്കണം. യോഗ്യത നേടണം, ഐ എസ് എൽ ജയിക്കണം.”

എതിരാളികളെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഇത്തവണ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് ജെയിംസ് പറഞ്ഞു. “നോർത്ത് ഈസ്റ്റ് എല്ലാവരെയും അവരുടെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയെന്ന് തോന്നുന്നു. അവരുടെ റിക്രൂട്മെന്റുകൾ മികച്ചതാണെന്നും, അവർ ഇപ്പോൾ നല്ല സ്ഥിതിയിലാണ്.”