ഹോം മത്സരത്തിന്റെ ആനുകൂല്യവും തോൽവി ഏറ്റുവാങ്ങി വരുന്ന ഗോവയുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് ടീമിന്റെ നാളത്തെ വിജയം ഉറപ്പ് വരുത്തേണ്ടത് പരിശീലകൻ ഈൽകോ ഷാറ്റോറിയുടെ ചുമതലയാണ്.

ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ നേരിടും. ഇരു ടീമുകളും ഈ അവസാനം കഴിഞ്ഞ അവരുടെ മത്സരത്തിൽ തോൽവി രുചിച്ചതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുകയില്ല. ജയം കാണാതെ തുടർച്ചയായ നാലാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഹോം സ്റ്റേഡിയത്തിൽ അഭിമാനം വീണ്ടെടുക്കാനുള്ള മത്സരമായിരിക്കും നടക്കുക. ലീഗിലെ ആദ്യ തോൽവി ജാംഷെഡ്പൂരിനോട് ഏറ്റുവാങ്ങിയ ഗോവയ്ക്ക് കൊച്ചിയിൽ മൂന്ന് പോയിന്റ് നേടാനാകുമെന്ന വിശ്വാസം ഉണ്ട്.

ആദ്യ മത്സരത്തിൽ കരുത്തരായ എറ്റിക്കെയ്ക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ജയത്തോടെയാണ് ലീഗിന് തുടക്കം കുറിച്ചത്. പിന്നീട് വിജയം കാണാതെ തുടരെ തോൽവികളും സമനിലയും ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് കനത്ത സമ്മർദ്ദത്തിലാണ് ഉള്ളത്. ഹോം മത്സരത്തിന്റെ ആനുകൂല്യവും തോൽവി ഏറ്റുവാങ്ങി വരുന്ന ഗോവയുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് ടീമിന്റെ നാളത്തെ വിജയം ഉറപ്പ് വരുത്തേണ്ടത് പരിശീലകൻ ഈൽകോ ഷാറ്റോറിയുടെ ചുമതലയാണ്.

ഈ കഴിഞ്ഞ ചെവ്വാഴ്ച്ച ജംഷെഡ്പൂരിനോട് ലീഗിലെ അവരുടെ ആദ്യ തോൽവി എഫ് സി ഗോവ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ സീസണിലും ഗോവ തങ്ങളുടെ ആദ്യ തോൽവി രുചിച്ചത് ജാംഷെഡ്പൂരിനോടായിരുന്നു. എന്നിരുന്നാലും തോൽ‌വിയിൽ തകരാതെ വീണ്ടും വിജയ വഴിയിൽ അവർ എത്തുകയുണ്ടായി. അത് തന്നെയാകും സെർജിയോ ലൊബേറോയും കൂട്ടരും ബ്ലാസ്റ്റേഴ്സിനെതിരെ പ്രയോഗിക്കുക.

ടീം വാർത്ത

കേരള ബ്ലാസ്റ്റേഴ്‌സ്

തനിക്കെതിരെ ആരോ കൂടോത്രം ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന ഈൽകോ ഷാറ്റോറി ‘ടീം വാർത്ത’ അല്ലെങ്കിൽ ‘പരിക്ക്’ എന്നീ വാക്കുകൾ കേൾക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ഇപ്പോഴത്തെ പതിവ്. ജിങ്കന്റെ പരിക്കിൽ വലഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തിരിച്ചടികൾ നേരിട്ട്കൊണ്ടിരിക്കുകയാണ്. പരിക്കിന്റെ ആഘാതം ടീമിനെ ശക്തമായി ബാധിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് മുക്തമായി മാരിയോ അർക്വേസ്‌ തിരിച്ചുവരുന്നത് ടീമിന് ഒരല്പം കരുത്തേകും.

പരിക്ക് മൂലം വിശ്രമത്തിലായ ജൈറോ റോഡ്രിഗസിന് പകരം വന്ന വ്ലാത്കൊ ഡ്രോബാറോവിന് ഇന്ന് കന്നി അങ്കത്തിന് അവസരം ലഭിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

എഫ് സി ഗോവ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിക്കാണ് അലട്ടുന്നതെങ്കിൽ ഗോവയെ അലട്ടുന്നത് സസ്പെൻഷൻസാണ്. അത് ലൊബേറേയ്ക്ക് ഏറ്റവും തലവേദന നൽകുന്ന ഒന്നുമാണ്. നോർത്ത് ഈസ്റ്റിനെതിരെ ഉള്ള മത്സരത്തിൽ കളത്തിലെ മോശം പെരുമാറ്റത്തെ തുടർന്ന് സെയ്‌മിൻലിൻ ഡൗങ്കൽ, ഹ്യൂഗോ ബൗമോസ് എന്നിവർ വിലക്ക് ലഭിച്ചതിനാൽ കേരളത്തിനെതിരെ ഉള്ള മത്സരത്തിൽ അവർ ലഭ്യമല്ല. കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതിനാൽ ഇവർക്കൊപ്പം അഹമ്മദ് ജാഹുവും ചേരും. പരിക്ക് മൂലം കൊറോയ്ക്ക് കഴിഞ്ഞ മത്സരം നഷ്ടപ്പെട്ടിരുന്നു എങ്കിലും നാളത്തെ മത്സരത്തിൽ താരം ഇറങ്ങുമോയെന്ന് ഇപ്പോഴും വ്യക്തമല്ല.

നേർക്കുന്നേർ

ഇവർ ഇരുവരും പത്ത് തവണ ഏറ്റുമുട്ടിയപ്പോൾ 7 തവണ ഗോവയും 3 തവണ ബ്ലാസ്റ്റേഴ്സിനുമായിരുന്നു ജയം.

ശ്രദ്ധിക്കേണ്ട താരം

സഹൽ അബ്ദുൾ സമദ് (കേരള ബ്ലാസ്റ്റേഴ്‌സ്)

വളരെ മികവ് പുലർത്തുന്ന 22 കാരനായ താരത്തിന്റെ സേവനം ടീമിന് ഒട്ടും ഒഴിവാക്കാൻ സാധിക്കുന്നതല്ല. ഹൈദരാബാദിനെതിരെ രാഹുൽ നേടിയ ഗോൾ സഹലിന്റെ അസ്സിസ്റ്റ്‌ വഴിയായിരുന്നു. ബെംഗളുരുവിനെതിരെ പകരക്കാരനായി ഇറങ്ങിയ സഹൽ രാഹുലിന് കിടിലൻ പാസ്സ് നൽകുകയും രാഹുൽ അത് സ്കോർ ചെയ്യുകയും ചെയ്തുവെങ്കിലും ഓഫ്‌സൈഡ് വിധിയിൽ അത് പാഴാവുകയായിരുന്നു.

ലെന്നി റോഡ്രിഗസ് (എഫ് സി ഗോവ)

അഹമ്മദ് ജാഹുവിന്റെ അഭാവത്തിൽ ടീമിന്റെ വലിയ ഒരു ഭാഗം ചുമതല 32 കാരനായ റോഡ്രിഗസിനായിരിക്കും. താരത്തിന്റെ സ്ഥിരതയിൽ നിന്ന് വ്യക്തമാകുന്നത് അദ്ദേഹം ഈ ദൗത്യത്തിന് ചേർന്ന വ്യക്തിയാണ് എന്നതാണ്. സഹലിന്റെ ഭാഗത്ത്‌ നിന്നുള്ള ഭീഷണി തടയുവാൻ പോന്ന താരമാണ് ഇദ്ദേഹം.

സാധ്യത ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ്: രഹനേഷ് (ഗോൾകീപ്പർ); രാകിപ്, ഗെയ്ക്‌വാദ്, ഡ്രോബറോവ്, ജെസ്സെൽ; ജീക്സൺ, സിദോഞ്ച, സഹൽ, രാഹുൽ, മെസ്സി ബൗളി; ഓഗ്‌ബെച്ചേ.

എഫ് സി ഗോവ: നവാസ് (ഗോൾകീപ്പർ); സെരിറ്റൻ, ഫാൾ, പെന, മന്ദർ; ലെന്നി, ബേദിയാ, ജാക്കിചാന്ദ്‌, ബ്രാൻഡോൺ; കോറോമിനാസ്, മൻവീർ.

നിങ്ങൾക്കറിയാമോ ?

എഫ് സി ഗോവയ്‌ക്കെതിരെ കളിച്ച അവസാന നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ഈൽകോ ഷാറ്റോറി ഗോവയ്‌ക്കെതിരെ ഇതുവരെ തോറ്റിട്ടില്ല. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ ആയിരുന്നപ്പോൾ ഒരു ജയവും തോൽവിയുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

സംപ്രേഷണം

ഞായറാഴ്ച വൈകുന്നേരം 7:30ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ജിയോ ടിവി എന്നിവയിൽ ലഭ്യമാണ്.