മുംബൈ സിറ്റി എഫ്‌സിയ്ക്കെതിരെ തന്റെ ടീമിന്റെ പ്രകടനത്തിൽ താൻ സന്തുഷ്ടവാനാണെന്നും കോച്ച് പറഞ്ഞു.

രണ്ടാം വിജയം നേടാനാകാതെ കൊമ്പന്മാർ. മുംബൈ സിറ്റിയുമായി അവരുടെ തട്ടകത്തിൽ 1-1-ന്റെ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന മൂന്നാമത്തെ സമനിലയാണ് ഇത്.

മെസ്സി ബൗളിയിലൂടെ ആദ്യം ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയുടെ അമിൻ ചെർമിറ്റിയുടെ ഗോളിലൂടെയാണ് സമനില കുരുക്കിൽ പെട്ടത്. കഴിഞ്ഞ 6 കളികളിൽ നിന്നും വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. നിലവിൽ ആറ് പോയിന്റോടെ ലീഗ് ടേബിളിൽ എട്ടാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

മത്സരശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയിരുന്നു കോച്ച്. ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് ടീമും ഡേവിഡ് ജെയിംസ് പരിശീലിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിനെയുംകുറിച്ചുള്ള വിലയിരുത്തൽ നടത്തുകയായിരുന്നു കോച്ച്.

കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസിന് കീഴിൽ 7 മത്സരങ്ങൾക്ക് ശേഷം 7 പോയിന്റുകൾ മാത്രമേ നേടാൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടുള്ളു. എന്നാൽ ഈ തരത്തിലുള്ള താരതമ്യത്തിൽ കഴമ്പില്ലെന്ന് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഈൽകോ ഷറ്റോറി പറഞ്ഞു.

“കഴിഞ്ഞ സീസണിൽ ലോങ്ങ്‌ ബോൾസ് കളിച് ഗോൾ നേടാനാണ് ഡേവിഡ് ജെയിംസ് ശ്രമിച്ചത്. ഈ സീസണിൽ എന്റെ ടീമിൽ ഇത് വരെ പരിശീലനം ലഭിക്കാത്ത താരങ്ങളുണ്ട്. അവരെ മെച്ചപ്പെട്ട കളിക്കാർ ആക്കിയെടുക്കാൻ സമയം ആവശ്യമാണ്. എന്റെ ടീം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.” – ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പറ്റി അദ്ദേഹം പറഞ്ഞു.

” നമ്മുടെ താരങ്ങൾ നന്നായി കളിച്ചു. എന്നാൽ അവസാനം ചില കാര്യങ്ങളിൽ പിഴവ് സംഭവിച്ചു. ഈ തരത്തിലുള്ള പിഴവുകൾ സംഭവിച്ചാൽ അത് ബുദ്ധിമുട്ടാകും. രണ്ടാം പകുതിയിലും ആദ്യ പകുതിയിലെ പോലെ കളിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്.”

മുംബൈയുടെ മികച്ച ടീമിനെതിരെ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഷാറ്റോറി അഭിനന്ദിച്ചു.

“ഞാൻ എന്റെ കളിക്കാരെ കുറ്റപെടുത്തില്ല കാരണം അവരെല്ലാം ചെറുപ്പമാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളില്ലാതെ ഒരു പോയിന്റ് ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. കൗണ്ടർ അറ്റാക്കിലുടെ അപകടം സൃഷ്ടിക്കാൻ മുംബൈയ്ക്ക് വളരെ കുറച്ച് മാത്രമേ സാധിച്ചിട്ടുള്ളു. യുവ താരങ്ങൾ കളിച് ഒരു പോയിന്റ് നേടിയതിൽ ഞാൻ തൃപ്തനാണ്.”-പരിക്ക് വലയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച താരങ്ങൾ ഇല്ലായിരുന്നെന്നും പകരം കളിച്ചത് യുവ താരങ്ങൾ ആയിരുനെന്നും പരിശീലകൻ വിശദമാക്കി.

മുംബൈ സിറ്റിയിലെ പൗലോ മച്ചാഡോയെ പോലെ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്ലേ മേക്കർ ബ്ലാസ്റ്റേഴ്‌സ് ഇല്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

“ടീമിൽ പൗലോ മച്ചാഡോയെ പോലെയുള്ള ഒന്നോ രണ്ടോ താരങ്ങൾ ആവശ്യമാണ്. സ്‌ട്രൈക്കറിന്റെ പിറകിലും വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് സിഡോ. അദ്ദേഹം ഇപ്പോൾ വളരെ പിറകിലാണ് കളിക്കുന്നത്. 3 വിദേശ താരങ്ങൾ മാത്രമാണ് ടീമിൽ കളിച്ചത്. ബാക്കിയുള്ളവരിൽ രണ്ട് മൂന്ന് താരങ്ങൾ ചെറുപ്പമാണ്. അത് കൊണ്ട് തന്നെ നമ്മൾ നന്നായി കളിച്ചു. വളരെ മികച്ച പ്രകടനം തന്നെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ. ” – ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തിൽ തൃപ്തനാണെന്ന് ഷാറ്റോറി അറിയിച്ചു.

ബ്ലാസ്റ്റേഴ്സിന് മുംബൈയ്ക് എതിരെയും അവസാനം ഗോൾ വഴങ്ങി സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മെസ്സി ബോളി ഗോൾ നേടി 2 മിനുട്ടിനുള്ളിൽ മുംബൈ ആമീൻ ഷെർമിറ്റിയിലൂടെ സമനില ഗോൾ നേടി. എന്നാൽ ഷാറ്റോറി തന്റെ താരങ്ങളെ പിന്തുണച്ചു. വേണ്ടത്ര പക്വത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

” പ്രതിരോധത്തിൽ പ്രശ്‌നമില്ല. കളിയെ നിയന്ത്രിക്കാൻ ടീമിന് സാധിച്ചു. എന്നാൽ പക്വത കുറവ് കൊണ്ടുള്ള പ്രശ്നങ്ങളുണ്ട്. അവസാന മത്സരത്തിൽ ഗോവയ്‌ക്കെതിരെ ഗോൾ കീപ്പർ പന്തുമായി ഗ്രൗണ്ടിൽ കിടന്നിരുന്നു എങ്കിൽ ആ മത്സരം ജയിക്കാമായിരുന്നു.യുവ താരങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ കൂടുതൽ , അവരെ മെച്ചപ്പെടുത്തുന്നത് ഒരു സമയം ആവശ്യമുള്ള പ്രക്രിയയാണ്. ടീമിലെ എല്ലാ മികച്ച താരങ്ങളും കളിച്ചിട്ടും തോറ്റാൽ നിങ്ങൾക് എന്നെ വിമർശിക്കാം.” ഷറ്റോറി പറഞ്ഞു നിർത്തി.