വിജയ വഴിയിൽ തിരിച്ചെത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുംബൈ സിറ്റി എഫ് സി നാളെ സ്വന്തം തട്ടകത്തിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

ആദ്യം ജയം ബ്ലാസ്റ്റേഴ്സിനോട് എവേ മത്സരത്തിൽ നേടിയിരുന്നുവെങ്കിലും പിന്നീട് ജയം കാണാതെ അഞ്ച് മത്സരങ്ങളാണ് മുംബൈ പൂർത്തിയാക്കിയത്. ഇതേ അവസ്ഥയിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഈ കഴിഞ്ഞ അവസാന മത്സരത്തിൽ ഗോവക്കെതിരെ അധികസമയത്ത് വഴങ്ങിയ ഗോളിലാണ് വിജയം കൈവിട്ടത്. അതിനാൽ ഇരുവരും രണ്ടും കൽപിച്ചാകും പോരാട്ടത്തിനിറങ്ങുക.

ടീം വാർത്തകൾ

മുംബൈ സിറ്റി എഫ് സി: നിലവിൽ തകർച്ച നേരിട്ട് കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു വിജയം നേടുക എന്നത് മുംബൈ സിറ്റിക്ക് ഇപ്പോൾ ലഭിക്കാവുന്ന സുവർണാവസരങ്ങളിൽ ഒന്നാണ്. അതിനാൽ ടീമിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടുകയും ആരാധകരുടെ പിന്തുണയ്ക്ക് ആവേശം കയറ്റുകയും ചെയ്യുവാൻ ജോർജി കോസ്റ്റ ശ്രദ്ധിക്കേണ്ടതുണ്ട്. ഒഡിഷാക്കെതിരെയും ഗോവക്കെതിരെയും സ്വന്തം നാട്ടുകാരുടെ മുൻപിൽ വെച്ച് അന്ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിനാൽ മോശം ഫോം തുടരുന്ന ബ്ലാസ്റ്റേഴ്സിനെതിരെ മൂന്ന് പോയിന്റ് ഉറപ്പാക്കാനായാൽ അവർക്ക് തങ്ങളുടെ ഹോം ഫാൻസിന്റെ പിന്തുണ പൂർവാധികം ശക്തിയോടെ വീണ്ടെടുക്കാൻ ആകും.

” വ്യക്തിഗത പിഴവുകൾക്ക് നമ്മൾ തോൽവി ഏറ്റുവാങ്ങേണ്ടി വരുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് നമ്മൾ കണക്കിലെടുക്കേണ്ട കാര്യം ഒരു ‘ടീം പ്ലേ’ ആണ് ഞങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും നല്ല രീതിയിൽ കളിക്കുന്നു. നമ്മുടെ മത്സരത്തിന് ഒരുപാട് ക്വാളിറ്റിയുണ്ട്. ചില ചെറിയ പിഴവുകളാണ് നമുക്ക് പോയിന്റ് നഷ്ടമാക്കി കളയുന്നത്. ഏറ്റവും നന്നായി കളിക്കുവാനാണ് പാട്. നമ്മൾ അത് ചെയ്യുന്നുണ്ട്. ഒരു ടീം എന്ന നിലയിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഈ ക്വാളിറ്റി നമ്മൾ നൽകിയാൽ മത്സരങ്ങൾ ജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ് “. പത്രസമ്മേളനത്തിൽ മുംബൈ കോച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി: പരിക്കുകൾ വൻതോതിൽ ബാധിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് നാളെ നടക്കുന്ന മത്സരത്തിൽ വിജയം അത്യധികം അനിവാര്യമാണ്. ടീമിന് പുതുജീവനേകി പരിശീലകന്റെ രൂപത്തിൽ എത്തിയ ഈൽകോ ഷാറ്റോറിക്ക് താരങ്ങൾക്ക് ആത്മവിശാസം പകർന്നു നൽകുവാൻ ആയെങ്കിലും ടീമിന്റെ പ്രകടനത്തിൽ സ്ഥിരത കണ്ടെത്തുവാൻ ഇതുവരെ സാധിച്ചിട്ടില്ല.

പരിക്കിൽ നിന്ന് മുക്തമായി വരുന്നതിനാൽ നാളെ നടക്കുന്ന മത്സരത്തിൽ മാരിയോ അർക്വേസ്‌ ഇറങ്ങില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്. മൗസ്തഫ, രാഹുൽ കെ പി എന്നിവരും പരിക്കിന്റെ പിടിയിലായതിനാൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

“ ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങൾ നമ്മൾ കളിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും എനിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. നമ്മൾ പരിക്കിന്റെ പിടിയിലാണ്. നമ്മൾ ഒരടി മുന്നോട്ട് വെക്കാൻ നോക്കുമ്പോൾ രണ്ടടി പിന്നോട്ടേക്കാണ് പോകുന്നത്. ഒരു മെച്ചപ്പെടൽ ടീമിന് ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ കരുതിയിരിക്കുന്നത്. ബെംഗളൂരു ഗോവ എന്നീ ടീമുകൾക്കെതിരെ നമ്മൾ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പരിശീലകൻ എന്ന നിലയിൽ നാളത്തെ മത്സരത്തെ കുറിച്ച് ഞാൻ വളരെ വ്യാകുലനാണ്. എന്നിരുന്നാലും ഉള്ളത്കൊണ്ട് പ്രവർത്തിക്കാനെ എനിക്ക് സാധിക്കു. ഞാൻ പരാതി പറയാനും ഒഴിവ്കഴിവുകൾ പറയാനും മുതിരില്ല ” പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

ശ്രദ്ധിക്കേണ്ട താരങ്ങൾ

മോടൂ സുഗു (മുംബൈ സിറ്റി എഫ് സി)

മുംബൈയുടെ മുൻനിരയിൽ ഏറ്റവും അപകടം വിതക്കാൻ കഴിവുള്ള താരമാണ് മോടൂ സുഗു. എന്നാൽ കാലിനേറ്റ പരിക്ക് താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന് വിള്ളൽ ഏൽപിക്കുകയുണ്ടായി. എന്നിരുന്നാലും ലൈനപ്പിൽ തിരിച്ചെത്തിയ താരം ടീമിന് പുത്തനുണർവ് ഏകിയേക്കും.

സഹൽ അബ്ദുൾ സമദ് (കേരള ബ്ലാസ്റ്റേഴ്‌സ്)

ഈ സീസണിൽ സ്ഥിരമായ അവസരങ്ങൾ ടീമിൽ സഹലിന് ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും താരത്തിന്റെ കളത്തിലെ സാനിധ്യം ടീമിന് വളരെ അധികം ധൈര്യം പകരുന്ന ഒന്നാണ്. മധ്യനിരയുടെ കാവലാളായി മാറുന്ന ഈ 22കാരൻ നൽകുന്ന ഓരോ പാസും എതിരാളികളുടെ പ്രതിരോധത്തെ തുളക്കുവാൻ സാധിക്കുന്ന ഒന്നാണ്.

സാധ്യത ലൈനപ്പ്

മുംബൈ സിറ്റി എഫ് സി: അമരീന്ദർ; സൗവിക്, ഗോലുയി, പ്രതീക്ക്, ബോസ്; ബോർജസ്, മച്ചാഡോ, ലാർബി; റെയ്‌നൈയർ, സുഗു, ചെർമിറ്റി.

കേരള ബ്ലാസ്റ്റേഴ്‌സ്: രെഹനേഷ്; രാകിപ്, ഗെയ്ക്‌വാദ്, ഡ്രോബറോവ്, ജെസ്സെൽ; ജീക്സൺ, സിദോഞ്ച, സഹൽ, പ്രശാന്ത്, മെസ്സി ബൗളി; ഓഗ്‌ബെച്ചേ.