Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഗോകുലം കേരള റിസർവ് ടീം മുഖ്യപരിശീലകനായി പൗലോ സിൽവയെ നിയമിക്കുന്നു

Published at :November 2, 2022 at 2:48 AM
Modified at :November 4, 2022 at 9:44 PM
Post Featured

Joseph Biswas


കേരള പ്രീമിയർ ലീഗിൽ ഇനി ഈ 71 വയസ്സുകാരനാണ് ടീമിനെ നയിക്കുക

ഗോകുലത്തിനിനി കളിമേളത്തിൽ പോർച്ചുഗീസ് ടച്ച്, ഹെഡ് കോച്ച് പൗലോ സിൽവ ഇനി ഗോകുലം റിസർവ് ടീമിനൊപ്പം

എഴുപത്തിയൊന്നു കേരള ഫുട്‌ബോളിന്റെ ഗ്ലാമർ വേദിയായ കേരളാ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനായി മലബാറിന്റെ കല്പന്തുരാജാക്കന്മാർ കച്ചകെട്ടിത്തുടങ്ങുന്നു, ഗോകുലം കേരള റിസർവ് സൈഡിന് ഇനി പോർച്ചുഗീസ് പ്രൊഫസറുടെ ശിക്ഷണകാലം. പൗലോ ഹോർഹേ അന്റെനേസ് ടാ സിൽവ എന്ന പൗലോ സിൽവയാണ് പുതിയ ധൗത്യവുമേറ്റെടുത്ത് കടൽകടന്നു കേരളത്തിന്റെ മണ്ണിൽ കാലുകുത്തുന്നത്.

കഴിഞ്ഞ ആറു സീസണുകളിലായി ഏറെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഗോകുലം കേരള പുതിയ സീസണിനായുള്ള ഒരുക്കങ്ങളുടെ ഇടയിലാണ് നിലവിൽ. പഴയ താരങ്ങളിൽ പലരെയും തിരിച്ചുപിടിച്ചും പറഞ്ഞയച്ചും പുതിയ യുവതാരങ്ങളെ കൂടാരത്തിൽ എത്തിച്ചുമാണ് ഗോകുലം അവരുടെ പടയൊരുക്കം ഗംഭീരമാക്കുന്നത്. രണ്ടു കിരീടങ്ങൾ നേടുകയും രണ്ടുതവണ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഗോകുലം, 22 ടീമുകൾ പങ്കെടുത്ത കഴിഞ്ഞ സീസണിൽ കെ പി എല്ലിൽ കാര്യമായിത്തന്നെ കളിയെ സമീപിച്ചെങ്കിലും അവസാനനാലിൽ എത്താൻ സാധിച്ചിരുന്നില്ല.

നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യമോ പുതിയ സീസൺ കേരള പ്രീമിയർ ലീഗിനു തുടക്കമായേക്കാം എന്നാണ് നിലവിൽ കേരള ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധമുള്ള വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്.

മുപ്പത്തിയൊന്നു വയസ്സുകാരനായ പൗലോ ഹോർഹേ അന്റെനേസ് ടാ സിൽവ, പോർച്ചുഗൽ കോയ്ബ്രയിൽ നിന്നുമാണ് മലബാറിയൻ കുട്ടികളെ കളിപഠിപ്പിക്കാൻ ഇവിടേയ്ക്കെത്തിയിരിക്കുന്നത്. വലിയ പ്രൊഫൈലോ മറ്റോ അവകാശപ്പെടാനില്ല എന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും ഈ കളിയെക്കുറിച്ചും തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് മുൻപും കരിയറിൽ തെളിയിച്ചിട്ടുണ്ട്.

2018-19 സീസണിൽ നാവൽ അണ്ടർ 19 ടീമിനൊപ്പം തന്റെ കോച്ചിങ് കരിയർ ആരംഭിച്ച ഇദ്ദേഹം തൊട്ടടുത്ത വർഷം ബോവാവിസ്ത യൂത്ത് 19 ടീമിലും തന്റെ സമയം ഫലപ്രദമായി ചിലവഴിച്ചു. ശേഷം 2020-21 സീസണിൽ എ ആർ സി ഒലെയ്‌റോസ് ക്ലബ്ബിൽ സഹപരിശീലകനായി ചേർന്ന ഇദ്ദേഹം അവിടെ നിന്നും 2021-22 സീസണിൽ ഒരു വർഷത്തെ സേവനത്തിനു ശേഷം ഒളിവേറൻസേ ക്ലബ്ബിൽ ടെക്നിക്കൽ കോച്ച് ആയി ചേർന്നു.

ലഭ്യമായ വിവരങ്ങൾ പ്രകാരം അവിടെ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് ക്ലബ്ബായിരുന്ന ക്യാനിലസ് 2010ഇൽ എത്തുന്നത് 2022 സീസണിന്റെ തുടക്കത്തിലാണ്. അവിടെ മുഖ്യ പരിശീലകനായിയായിരുന്നു അദ്ദേഹത്തിന്റെ റോൾ. മൂന്നു മത്സരങ്ങളിൽ രണ്ടു വിജയങ്ങൾ കരസ്ഥമാക്കി ഇദ്ദേഹം അവിടെനിന്നും നേരെ കേരളത്തിലേയ്ക്ക്, തീർത്തും വ്യത്യസ്തമായ ഫുട്‌ബോൾ സഹചര്യങ്ങളിലേയ്ക്കു ചുവടുവയ്ക്കുകയാണ്.

4-2-3-1 കളിശൈലിയിൽ കളിമെനയുന്ന ഇദ്ദേഹം ഒരേസമയം ആക്രമണ ഫുട്‌ബോളിന് പ്രാധാന്യം നൽകുകയും അതുപോലെതന്നെ ഡിഫൻസിൽ വിള്ളലുകൾ വരാതെ കളി സെറ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ സീസണിലെ ചെറിയ നിരാശയ്ക്കു പകരമായി ഈ സീസണിൽ മികച്ച ടീമുകൾക്കൊപ്പം നന്നായി കളിക്കാനും പരമാവധി മികച്ച സ്ഥാനം കയ്യടക്കാനും കഴിയും എന്ന പ്രതീക്ഷയിലാണ് പോർച്ചുഗീസ് പരിശീലകന്റെ വരവോടെ ആരാധകർ ഏവരും.

കേരള പ്രീമിയർ ലീഗിൽ പങ്കെടുത്ത അത്രയും സീസണുകളിൽ മികവാർന്ന പ്രകടനമാണ് ഗോകുലം കാഴ്ചവച്ചത്. 2016-17 സീസണിൽ സെമി പ്രവേശം നേടിയ ടീം 2017-18 വർഷം ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ശേഷം അടുത്ത രണ്ടു സീസണിൽ തുടർച്ചയായി രണ്ടാം സ്ഥാനം നേടി 2020-21 സീസണിൽ വീണ്ടും ചാമ്പ്യന്മാരായി കളിവിളയാട്ടം തുടർന്നു.

കഴിഞ്ഞ സീസണിൽ ഇരുപത്തിരണ്ടു ടീമുകളാണ് കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നത്. അതിൽ നിന്നും മികച്ച പ്രകടനം നടത്താൻ ഗോകുലം ശ്രമിച്ചുവെങ്കിലും കാര്യക്ഷമമായി സെമിയോ ഫൈനലോ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല. ഈ സീസണിൽ അതിനാൽ തന്നെ നേരത്തെ പരിശീലനവും ട്രയലുകളുൾപ്പടെയുള്ള പ്ലേയർ മോണിറ്ററിങ്ങും കാര്യമായി നടത്തി ഗോകുലം കേരള ഇപ്പോൾ അവരുടെ പുതിയ പരിശീലകനെ കൂടി ടീമിനൊപ്പം ചേർത്തിരിക്കുകയാണ്.

Advertisement
football advertisement
Advertisement