ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകനായും ടെക്നിക്കൽ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗോകുലം കേരള എഫ്‌സി രൂപം കൊണ്ട് നാല് കൊല്ലങ്ങൾക്ക് ഇപ്പുറം ക്ലബ് അതിന്റെ പാരമ്യത്തിലൂടെ കടന്നുപോകുകയാണ്. 2019ൽ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്ണമെന്റായ ഡ്യൂറൻഡ് കപ്പും തുടർന്ന് അടുത്ത രണ്ടു വർഷത്തിൽ 2021ൽ കേരളത്തിലേക്ക് ആദ്യമായി ഒരു ഐ ലീഗ് കിരീടം എത്തിച്ച പെരുമയോടെ ഗോകുലം കേരള എഫ്‌സി ദേശീയ തലത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്. കൂടാതെ സംസ്ഥാന തലത്തിൽ ക്ലബ്ബിന്റെ ആദ്യ വർഷത്തിൽ തന്നെ കേരള പ്രീമിയർ ലീഗ് നേടുകയും അടുത്ത രണ്ട് വര്ഷം റണ്ണേഴ്‌സ് അപ്പ് ആകുകയും നാലാം വര്ഷം വീണ്ടും കിരീടം ഉയർത്തുകയും ചെയ്തു. ദേശീയതലത്തിൽ ബോഡോസ കപ്പും ഇൻഡിപെൻഡസ് ലീഗ് കപ്പും റിസർവ് നിര നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടൂര്ണമെന്റായ ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ടീം സെമി ഫൈനൽ വരെ എത്തി മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്.

ഈ കിരീടനേട്ടങ്ങൾക്ക് പുറകിൽ ഗോകുലം കേരളയുടെ രൂപീകരണം മുതൽക്കേ തന്നെ രണ്ടു സീസണുകളിൽ മുഖ്യ പരിശീലകനായും പിന്നീട് ടെക്നിക്കൽ ഡയറക്ടർ ആയും ക്ലബ്ബിന്റെ ഭാഗമായ ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നു. കേരളത്തിൽ നിന്ന് എഎഫ്‌സി പ്രൊ ലൈസൻസ് കോച്ചിങ് ഡിപ്ലോമ നേടിയ ഏക പരിശീലകൻ സാക്ഷാൽ ബിനോ ജോർജ്!

ഫുട്ബോൾ കരിയറിന്റെ തുടക്ക കാലത്ത് കോളേജ് ടീമുകൾക്ക് വേണി പന്ത് തട്ടിയ ബിനോ ജോർജ് തുടര്ന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ എത്തുകയും യൂണിവേഴ്സിറ്റി ടീമിന് വേണ്ടിയും തമിഴ്‌നാട് U21 ടീമിനേയും കളിക്കുകയുണ്ടായി. തുടർന്ന് ഗോവയിലെ മോർമുഗോ പോർട്ട് ടെസ്റ്റിന് വേണ്ടി ബൂട്ട് കെട്ടി പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ച താരം തുടർന്ന് മുഹമ്മദൻ സ്പോർട്ടിങിന് വേണ്ടിയും എഫ്‌സി കൊച്ചിന് വേണ്ടിയും കളിച്ചിരുന്നു. തുടർന്ന് പരിക്ക് മൂലം കരിയർ അവസാനിപ്പിച്ച താരം പിന്നീട് ശ്രദ്ധയൂന്നിയത് പരിശീലന രംഗത്തായിരുന്നു. 

2006 ൽ വിവാ കേരളയുടെ സഹപരിശീലനായി കോച്ചിങ് കരിയർ തുടങ്ങിയ ബിനോ ജോർജ് പിന്നീട് കേരള സ്പോർട്സ് കൗൺസിലിലും കേരള സന്തോഷ് ടീമിലും പരിശീലകൻ ആയിരുന്നു. പിന്നീട് കോഴിക്കോട് ക്വാർട്സ് എഫ്‌സി, കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ പരിശീലകൻ ആയിരുന്നു ബിനോ ജോർജ്. 2017 ലാണ് അദ്ദേഹം പുതുതായി രൂപം കൊണ്ട ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്. ബിനോ ജോർജുമായി ഖേൽനൗ നടത്തിയ അഭിമുഖത്തിൽ ഗോകുലം കേരളയുടെ ജൈത്രയാത്രയെ പറ്റിയും ക്ലബ് വിടാനുള്ള തീരുമാനത്തെ പറ്റിയും ഭാവി തീരുമാനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ തുടർന്ന് വായിക്കാം.

ഗോകുലം കേരള എഫ്‌സിയോടൊപ്പമുള്ള യാത്ര

“ 2016 ൽ ഞാൻ പ്രൊ ലൈസൻസ് നേടി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ഗോകുലം കേരളയുടെ പ്രസിഡന്റ് വിസി പ്രവീൺ  അന്ന് ഒരു ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചത്. തുടർന്ന് ഞാൻ ടീമിന്റെ സാരഥ്യം ഏറ്റെടുത്തു. ഞാൻ നേരിട്ട ഏറ്റവും വലിയ ഒരു വെല്ലുവിളി ഐ ലീഗിന്റെയും സെക്കന്റ് ഡിവിഷന്റെയും ഭാഗമല്ലാത്ത പുതിയൊരു ടീമിലേക്ക് താരങ്ങളെ എത്തിക്കുക എന്നതായിരുന്നു. അന്ന് കേരളത്തിൽ രൂപപ്പെട്ട ക്ലബ്ബുകൾ അധികം വൈകാതെ തകർന്നു പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായിരുന്നതിനാൽ ഗോകുലത്തിന്റെ ഭാവി മലയാളികൾക്ക് മുന്നിൽ അനിശ്ചിതത്വത്തിലായിരുന്നു. അതിനാൽ കളിക്കാർ മുന്നോട്ട് വരാതിരുന്നതിനെ തുടർന്ന് എൻ്റെ കോളേജ് ടീമിലെ താരങ്ങളെ ടീമിന്റെ ഭാഗമാക്കി. എന്റെ നോട്ടപുള്ളികൾ ആയിരുന്ന അർജുൻ ജയരാജ് അടക്കമുള്ള ചില താരങ്ങളെ ടീമിൽ എത്തിച്ചു. അവർക്ക് നേതൃത്വം നൽകുന്നതിനായി സുശാന്ത് മാത്യു എന്ന സീനിയർ താരത്തിനെയും ടീമിൽ വെച്ചു. അരങ്ങേറ്റത്തിൽ തന്നെ  റൂർക്കേലയിൽ നടന്ന ഓൾ ഇന്ത്യ ബിജു പട്‌നായിക് ട്രോഫി നേടി ക്ലബ് പ്രൊഫഷണൽ ഫുട്ബോളിൽ വരവറിയിച്ചു. “ – അദ്ദേഹം സംസാരിച്ചു തുടങ്ങി.

“ തുടർന്ന് ക്ലബ് കോർപറേറ്റ് എൻട്രി വഴി ഐ ലീഗിന്റെ ഭാഗമായി. അന്ന് ട്രാൻസ്ഫറിന്റെ സമയം കഴിഞ്ഞതിനാൽ താരങ്ങളെ കിട്ടാൻ പ്രയാസമുണ്ടായിരുന്നു. തുടർന്ന് മുൻ ക്ലബായ കൽക്കത്ത യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിൽ നിന്ന് ചില താരങ്ങളെ എത്തിച്ച് ചുരുങ്ങിയ ബഡ്ജെറ്റിൽ ഒരു തട്ടിക്കൂട്ട് ടീമുണ്ടാക്കി ഐ ലീഗിലേക്ക് കയറി. എങ്കിലും മോശമല്ലാത്ത പ്രകടനമാണ് ക്ലബ് കാഴ്ചവെച്ചത്. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും ആ സീസണിൽ ജേതാക്കളായ മിനർവ പഞ്ചാബിനെയും തോൽപ്പിച്ചു ജൈൻറ്റ് കില്ലേഴ്‌സ് എഫ്‌സി എന്ന പേര് നേടിയെടുത്തു. ആ സീസണിൽ സൂപ്പർ കപ്പിലേക്ക് കയറിയ എന്റെ ടീം തോൽപ്പിച്ചത് ചെൽസിയുടെ മുൻ പരിശീലകൻ അവ്രാം ഗ്രാന്റിന്റെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആയിരുന്നു. “ – അദ്ദേഹം കൂട്ടിച്ചർത്തു.

“ അടുത്ത സീസണിൽ എൻ്റെ നിർദ്ദേശ പ്രകാരമാണ് ഫെർണാണ്ടോ സാന്റിയാഗോയെ ക്ലബ്ബിൽ എത്തിക്കുന്നത്. ഒരു മാസം അദ്ദേഹത്തിന് ട്രെയിനിങ് പിരീഡ് ആയി നൽകി. എന്നാൽ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷനിലെ പോരായ്‌മ റിസൾട്ടിനെ ബാധിക്കുന്നതായി കണ്ടപ്പോൾ ഞാൻ വീണ്ടും മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്തു. ചിലർക്കുള്ള തെറ്റിദ്ധാരണ കൂടിയാണ് ആ സീസണിൽ ഞാൻ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു എന്ന്. ആദ്യ രണ്ട് വർഷം ഞാൻ ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയിരുന്നു. 2019-20 സീസണിൽ വീണ്ടും ഫെർണാണ്ടോ സാന്റിയാഗോയെ പരിശീലകനായി നിയമിച്ചു. ” – ബിനോ ജോർജ് വ്യക്തമാക്കി.

ചുരുങ്ങിയ കാലത്തേക്കുള്ള കോൺട്രാക്ടുകൾ ആണെങ്കിലും കൃത്യ സമയത്ത് സാലറി കൊടുക്കുന്നതാണ് ഗോകുലം കേരളയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന അദ്ദേഹം വ്യക്തമാക്കി.

“ താരങ്ങളെ എടുക്കുന്നതിലും അവരുടെ സാലറി തീരുമാനിക്കാനും പ്രവീൺ സർ എനിക്ക് ആവശ്യത്തിന് സ്വാതന്ത്രം നൽകിയിരുന്നു. നമ്മൾക്ക് താരങ്ങളുമായുള്ള ബന്ധവും മാനേജ്മെന്റിന് നമ്മളോടുള്ള ബന്ധവും ശക്തമായിരുന്നു. പ്രവീൺ സാറും ഗോപാലൻ സാറും ആവശ്യത്തിന്  സപ്പോർട്ട് തരുന്നതിനാൽ മത്സരങ്ങൾ തോൽക്കുമ്പോഴും വലിയ പ്രഷർ ഉണ്ടായിരുന്നില്ല. അതിന്റെ ഒപ്പം യൂത്ത് സെന്ററുകൾ തുടങ്ങി. റിസർവ് ടീം, U13,U15 ടീമുകൾ രൂപികരിച്ചു. കേരളത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് തന്നെ മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മികച്ച താരങ്ങളെ ക്ലബ്ബിൽ എത്തിച്ചു. അവരെ ടൂര്ണമെന്റുകൾക്ക് കൊണ്ട് പോകും. എമിൽ ബെന്നി അടക്കമുള്ള താരങ്ങളെ എനിക്ക് ടീമിൽ എത്തിക്കാനായി. ഗോകുലം വിട്ടശേഷവും ഞാൻ ക്ലബ്ബിൽ എത്തിച്ച താരങ്ങളാണ് എസ്‌ബിഐയുടെ ഗോൾകീപ്പർ മിഥുൻ, എംഎ കോളേജിന്റെ മുഹമ്മദ് റാഫി, കെഎസ്ഇബിയുടെ ഉവൈസ് എന്നിവർ. “ – കോച്ച് കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകൻ ആയതിനെ കുറിച്ച് 

2019 ൽ കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായി ബിനോ ജോർജ് ചുമതയേറ്റിരുന്നു. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു. തമിഴ്‌നാടിനെ നാല് ഗോളുകൾക്കും. തൊട്ട് മുന്നത്തെ വർഷത്തെ യോഗ്യത റൗണ്ടിൽ പുറത്തായ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവിനാണ് അന്ന് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. എന്നാൽ കോവിഡ് ഭീതി മൂലം ഫൈനൽ റൌണ്ട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

“ഗോകുലത്തിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിക്കുമ്പോൾ കോച്ചിങ് ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ട് ക്ലബ് പ്രസിഡന്റ് പ്രവീൺ സാറിനോട് സംസാരിച്ചാണ് ഞാൻ കേരളം സന്തോഷ് ട്രോഫി ടീമിനെ ഏറ്റെടുത്തത്. മറ്റൊരു സന്തോഷ് ട്രോഫി കൂടി എടുക്കാൻ സാധിക്കുന്ന നല്ലൊരു ടീം ആയിരുന്നു അത്. എമിൽ ബെന്നി, ലിയോൺ അഗസ്റ്റിൻ, ജിഷ്‌ണു എന്നിവർ അടങ്ങിയ ഒരു ടോപ് ടീം. അവരെ ഗോവയിൽ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി കൊണ്ട് പോയി. കേരള ബ്ലാസ്റ്റേഴ്‌സ് അന്ന് കഷ്ടിച്ചായിരുന്നു രക്ഷപെട്ടത്. ഫെർണാണ്ടോ സാന്റിയാഗോയുടെ കീഴിൽ കിസീക്കയും മാർക്കസും ഉൾപ്പെടുത്തി ഇറങ്ങിയ ഗോകുലം കേരളയെ തോൽപ്പിച്ചു. യോഗ്യത റൗണ്ടിൽ കേരളത്തിന്റെ ആധിപത്യമായിരുന്നു. പക്ഷെ നിർഭാഗ്യം മൂലം ടൂർണമെന്റിന്റെ അടുത്ത ഘട്ടം നടക്കാതെ പോയി. “ – ബിനോ ജോർജ് വ്യക്തമാക്കി.

പരിശീലകൻ എന്ന നിലയിൽ ക്ലബിനൊപ്പം ഒരു കിരീടം ലഭ്ക്കാതിരുന്നതിനെ കുറിച്ച് 

“ അന്ന് ഗോകുലത്തിന് കാര്യമായ ബഡ്‌ജറ്റ്‌ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ നല്ല താരങ്ങളെയും എത്തിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ ഇന്ന് ക്ലബിന് ആവശ്യത്തിന് ബജറ്റ് ലഭിക്കുന്നുണ്ട്. അതിനാൽ അതിനനുസരിച്ചുള്ള മികച്ച വിദേശ താരങ്ങൾ ക്ലബ്ബിലേക്ക് വരുന്നു. ജനങ്ങൾ വിചാരിക്കുന്നത് മറ്റേ കോച്ചിന് ട്രോഫി കിട്ടി ബിനോ കോച്ചിന് എന്തുകൊണ്ട് കിട്ടിയില്ല എന്നാണ്. പക്ഷെ അവർ ചിന്തിക്കുന്നില്ല ഇന്ത്യൻ സാഹചര്യങ്ങളിൽ വിദേശ താരങ്ങളാണ് ഓരോ ക്ലബ്ബിന്റെയും നട്ടെല്ലെന്ന്. ഐ ലീഗ് ആയാലും ഐഎസ്എൽ ആയാലും അവിടെ കളിയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് വിദേശ താരങ്ങൾ ആണ്. സുനിൽ ഛേത്രിയെ പോലെയുള്ള ചില താരങ്ങൾ മാത്രമാണ് വിദേശ താരങ്ങളോട് കിട പിടിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നത്. കഴിഞ്ഞ സീസണിൽ അവാൽ, മുഹമ്മദ് ഷെരിഫ് എന്നീ മികച്ച താരങ്ങൾ ക്ലബ്ബിൽ എത്തി. അങ്ങനെയാണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. ആവശ്യത്തിന് ബഡ്‌ജെറ്റും നല്ല വിദേശ വിദേശ താരങ്ങളുമാണ് ക്ലബ്ബുകളുടെ വിജയങ്ങൾക്ക് കാരണം. “ – ബിനോ ജോർജ് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ പറ്റി

“ കേരളം ബ്ലാസ്റ്റേഴ്സിൽ ആദ്യമുണ്ടാകേണ്ട മാറ്റം മാനേജ്മെന്റ് തലത്തിലാണ്. ടീമിന്റെ നിലവിലെ മാനേജ്‌മന്റ് അന്യ സംസ്ഥാനത്ത് നിന്നുള്ളവരാണ്. അവിടെ മലയാളികൾ വരണം . അപ്പോൾ അവർക്ക് സ്വന്തം ടീം എന്ന ഒരു വികാരം ഉണ്ടാകും. ആര് തോറ്റു എന്തിന് തോറ്റു എന്നും പറഞ്ഞ് ക്ലബ് ഉപയോഗിച്ചു കാശുണ്ടാക്കാൻ മാത്രമല്ല, ടീമിനെ ഒരു പാഷൻ ആയി കൊണ്ടുപോകാൻ സാധിക്കണം. പരിശീലകർക്ക് നീണ്ട കരാർ കൊടുക്കുകയും ഒരു സ്ഥിരമായ സ്‌കോട്ടിങ് ഡിപാർട്മെന്റ് ഇന്ത്യയിൽവെക്കുകയും വേണം. ഉദാഹരണത്തിന്, ഹൈദരാബാദ് എഫ്‌സിയുടെ പ്രകടനം എടുത്ത് നോക്കുക. മികച്ച രീതിയിൽ സ്‌കൗട് ചെയ്തത് ധാരാളം ഇന്ത്യൻ താരങ്ങളെ അവർ ടീമിൽ എത്തിച്ചിട്ടുണ്ട്. ഈ അടുത്ത് ഹൈദരാബാദ് സൈൻ ചെയ്ത റബീഹ് ഞാൻ ഗോകുലത്തിലേക്ക് എത്തിക്കാൻ ശ്രമിച്ച താരമാണ്. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഇവൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് നിരയുടെ ഭാഗമായിരുന്നു. ഇത്തരത്തിലുള്ള കഴിവുള്ള താരങ്ങളെ വിട്ട് കളയാതെ വളർത്തിക്കൊണ്ട് വന്നാൽ സീനിയർ ടീമിന് ഒരു മുതൽക്കൂട്ട് ആയിരിക്കും.” – കോച്ച് കൂട്ടിച്ചേർത്തു.

എന്താണ് ഭാവിപരിപാടികൾ

രൂപീകരണം മുതൽ നാല് വർഷം ക്ലബ്ബിന്റെ ഭാഗമായിരുന്ന ബിനോ ജോർജ് ക്ലബ് വിടുകയാണെന്ന് കഴിഞ്ഞ ജൂൺ ആദ്യ വാരം ഗോകുലം കേരള എഫ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിങ്ങിലേക്ക് ശ്രദ്ധ ചെലുത്താൻ ആ തീരുമാനം എടുത്തത് എന്നും ധാരാളം ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

“ എനിക്ക് നിലവിൽ 45 വയസ്സ് ആകുന്നതേയുള്ളു. ഇത്ര ചെറുപ്പത്തിലേ ഒരു ടെക്നിക്കൽ ഡയറക്ടർ ആകേണ്ട ആവശ്യം എനിക്കില്ല. ഗോകുലത്തിനോടുള്ള അടുപ്പം കൊണ്ട് മാത്രമാണ് ഞാൻ രണ്ടു വര്ഷം ടെക്നിക്കൽ ഡയറക്ടർ ആയി പിടിച്ചുനിന്നത്. എനിക്ക് വീണ്ടും കോച്ചിങ്ങിലേക്ക് വരണം. മുൻപ് സൂചിപ്പിച്ചത് പോലെ സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകൻ ആകാൻ പെർമിഷൻ ചോദിച്ചത് എനിക്ക് കോച്ച് ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ടാണ്. ഈ കാലയളവിൽ ഗോകുലം ഐ ലീഗ് ജേതാക്കൾ ആയി. വിമൻസ് ലീഗ് നേടി. ഡ്യുറാൻഡ് കപ്പ് ജേതാക്കളായി. രണ്ടു വര്ഷം കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. എല്ലാ ട്രോഫികളും നേടി. ഇനി എനിക്ക് മുന്നോട്ട് പോയേ തീരൂ. എന്റെ സ്കില്ലുകൾ പൊടിതട്ടിയെടുത്ത് മൂർച്ച കൂട്ടണം. അല്ലെങ്കിൽ മാറുന്ന കാലത്ത് എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുകയില്ല. “ – അദ്ദേഹം അറിയിച്ചു.

“ എന്റെ യുവേഫ ലൈസൻസിന്റെ ഒരു മൊഡ്യൂൾ പൂർത്തിയായതാണ്. ബാക്കി എപ്പോ വേണമെങ്കിലും ചെയ്യാം. പക്ഷെ കോവിഡ് മൂലം കോഴ്‌സ് നിർത്തി വച്ചിരിക്കുകയാണ്. എൻറെ കൂടെ പ്രൊ ലൈസൻസ് ചെയ്ത ഒരു സുഹൃത്ത് വഴി ഒരു ചൈനീസ് ക്ലബ്ബിലേക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ, ഇന്ത്യ വിട്ടുപോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ രണ്ടോളം ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് അന്വേഷണം എത്തുന്നുണ്ട്. പക്ഷെ ഐഎസ്എൽ ക്ലബ്ബുകളിൽ അസ്സിസ്റ്റന്റ് കോച്ച് \ യൂത്ത് ഡെവലൊപ്മെന്റ് ഹെഡ് ആയിട്ട് മാത്രമേ നില്ക്കാൻ സാധിക്കൂ. ഐ ലീഗിൽ നിന്നും രണ്ടാം ഡിവിഷനിൽ നിന്നും ഓരോ ക്ലബ്ബുകൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വിളിക്കുന്നുണ്ട്. ഫുട്ബോൾ ഒരു ജോലിയായല്ല ഒരു പാഷൻ ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്. അത് വികാരങ്ങൾ നിറഞ്ഞ കളിയാണ്. കളി തോൽക്കുമ്പോൾ ഞാൻ കരയും, ജയിക്കുമ്പോൾ ആഘോഷിക്കും. അതിനാൽ തന്നെ പന്ത് കളിച്ചു വരുന്നവർ ആരും കഷ്ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിന്റെ തൊണ്ണൂറുകളിലെ ഖ്യാതി തിരികെ കൊണ്ട് വരണം. ഞാൻ തിരഞ്ഞെടുത്ത് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കൊണ്ട് വന്ന ഒരു താരം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ അതാണ് എന്റെ പ്രതിഫലം.” – അദ്ദേഹം സംസാരിച്ചു നിർത്തി.

For more updates, follow Khel Now on TwitterInstagram and join our community on Telegram.