നിലവിൽ കോച്ചിന്റെ താത്കാലിക ചുമതല താങ്‌ബോയ് സിങ്‌ടോക്ക് ആണ് നൽകിയിട്ടുള്ളത്.

മുംബൈ സിറ്റി എഫ്‌സിക്കെതിരെ 6-1 തോറ്റതിന് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഡേവിഡ് ജെയിംസ് പരസ്പരധാരണയോടെ  പിരിഞ്ഞത്. ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നേടാൻ മാത്രമാണ് സാധിച്ചത്. 12 മത്സരങ്ങളിൽ നിന്ന് 9 പോയിന്റ് മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലേക്ക് എത്താനുള്ള സാധ്യത തീരെ കുറവാണ്.

എന്നാൽ ഡേവിഡ് ജെയിംസ് മാത്രമല്ല കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിൽ ജയിംസിന്റെ അസ്സിസ്റ്റന്റും മുൻ ഐസ്ലാൻഡ് അന്താരാഷ്ട്ര താരവുമായ ഹെർമനും, ഗോൾകീപ്പിങ് റോറി ഗ്രാൻഡും ഫിറ്റ്നസ് കോച്ച് ഡേവിഡ് റിച്ചാർഡ്സണും ടീം വിട്ടെന്ന് ഖേൽ നൗ മനസ്സിലാക്കുന്നു.
കഴിഞ്ഞ സീസണിൽ റെനേ മ്യൂലെൻസ്റ്റീനെ പുറത്താക്കി ഡേവിഡ് ജെയിംസിനെ കൊണ്ട് വന്നതിന് ശേഷമാണ് ഹെർമൻ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്. ജെയിംസും ഹെർമനും കേരളത്തിലേക്ക് വരുന്നതിന് മുൻപ് പോർട്സ്‌മൗത്തിൽ സഹതാരങ്ങൾ ആയിരുന്നു.
കഴിഞ്ഞ ഐസ്ലാൻഡ് താരം ഗുഡ്‌ജോൺ ബാൾഡ്വിൻസ്സനെ കൊണ്ട് വരുന്നതിൽ മുഖ്യ പങ്ക് ഹെർമൻ വഹിച്ചിരുന്നു. കേരളത്തിലേക്ക് വരാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത് ഹെർമൻ ആണെന്നും ബാൾഡ്വിൻസൺ വെളിപ്പെടുത്തിയിരുന്നു.
ജയിംസിന്റെ കീഴിലുണ്ടായിരുന്ന കോച്ചിങ് സ്റ്റാഫിൽ ഇപ്പോൾ ഒരാൾ മാത്രമാണ് അവശേഷിക്കുന്നത്; താങ്‌ബോയ് സിങ്‌ടോ. മുൻ ഷില്ലോങ് ലജോങ് കോച്ച് കൂടിയായ സിങ്‌ടോക്കാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ  താത്കാലിക കോച്ചിങ് ചുമതല നൽകിയിട്ടുള്ളത്.
ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ കോച്ചിനെ കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിന്റെ കോച്ചായി ഒരു ഇന്ത്യൻ കോച്ചിനെ നിയമിക്കാനുള്ള സാധ്യതയും ഉണ്ട്.