ഫലം മോശമാണെങ്കിലും നമ്മുടെ ടീം അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഇഷ്ഫാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ശനിയാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ് സിയെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നേരിടും.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ  സ്ഥാനത്താണ് എഫ്‌സി ഗോവ. 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റ് ആണ് ടീമിന്റെ ഇത് വരെ ഉള്ള സമ്പാദ്യം. മത്സരത്തിന് മുന്നോടിയായി  മാധ്യമങ്ങളെ കണ്ട സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഫലങ്ങൾ മോശമാണെങ്കിലും പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

” നമ്മൾ പൂർണമായും മാറുന്നതിന് ഒരു നടപടിക്രമം ഉണ്ട്. പുതിയ പരിശീലകൻ, പുതിയ തത്വങ്ങൾ. പല പരിശീലകരെ വെച്ചുള്ള പുതിയ ദിശയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ക്ലബ് അവരുടെ തത്വങ്ങൾ പോലും മാറ്റുകയുണ്ടായി. പുതിയ പരിശീലകൻ ടോട്ടൽ ഫുടബോളിൽ വിശ്വസിക്കുന്ന ആളാണ്. നിർഭാഗ്യവശാൽ ഫലം മോശമാണെങ്കിലും നമ്മുടെ ടീം അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവെക്കുന്നത് ” ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.

പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള എഫ് സി ഗോവ, ബെംഗളൂരു എഫ് സി, എ റ്റി കെ എന്നീ ടീമുകളുടെ പ്രകടന നിലവാരത്തെ പറ്റി ചോദിച്ചപ്പോൾ അവർ സാധാരണ ഫുട്ബാളാണ് കളിക്കുന്നതെന്ന് സഹപരിശീലകൻ പറഞ്ഞു.

” ബെംഗളൂരു, ഗോവ എന്നീ ടീമുകൾ അവരുടെ സ്‌ക്വാഡിന്റെ 80% നിലനിർത്തിയിരുന്നു. പോരാത്തതിന് പരിശീലകരിലും മാറ്റമില്ല. അതിനാൽ തന്നെ ഘടനകളെ പറ്റി നല്ല ധാരണ അവർക്കുണ്ട്. മത്സര ഫലത്തെ പറ്റി പറഞ്ഞാൽ അത് അവർക്ക് അനുകൂലമാണ്. എല്ലാ മൂന്ന് ടീമുകളും സാധാരണ ഫുട്ബോൾ കളിയാണ് കാഴ്ചവെച്ചത് ” അദ്ദേഹം വിശദീകരിച്ചു.

രാഹുൽ കെ പിയെ പറ്റി പറഞ്ഞത് ഇങ്ങനെ.

” രാഹുൽ പൂർണ ആരോഗ്യവാൻ ആണോ എന്ന് നാളെ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു,” ഇഷ്ഫാഖ് പറഞ്ഞു.

ചെന്നൈയിൻ എഫ് സിയെ കുറിച്ച്

” അവരെക്കൊണ്ട് സാധിക്കും എന്നൊരു വിശ്വാസം പുതിയ പരിശീലകൻ അവർക്ക് നൽകി കഴിഞ്ഞു. കുറച്ച് ജയങ്ങൾ ലഭിച്ചാൽ നമുക്ക് സ്വയം വിശ്വാസം ലഭിക്കും. അവർക്ക് നല്ല താരങ്ങളാണ് ഉള്ളത്. അവർ നല്ല ഒതുക്കമുള്ള ഫുട്‍ബോളാണ് കളിക്കുന്നത്. ചില സമയങ്ങളിൽ പരിശീലകനെ മാറ്റുന്നതും നമുക്ക് ഗുണം ചെയ്യും. മുൻപുണ്ടായിരുന്ന പരിശീലകൻ മോശമായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല. എങ്കിലും ചില സമയങ്ങളിലെ മാറ്റങ്ങൾ താരങ്ങളെ പ്രചോദിപ്പിക്കും. കളിക്കാർ പഴയ താരങ്ങൾ തന്നെയായിരിക്കും എങ്കിലും ചില താരങ്ങൾ ഈ പരിശീലകന്റെ കീഴിൽ തിളങ്ങി. അവർക്ക് നല്ല അവസരങ്ങളും ലഭിച്ചു ” അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചു.

ഇരുവരും നേർക്കുനേർ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൽ എഫ് സിയും 13 തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 3 ജയം ബ്ലാസ്റ്റേഴ്സിനൊപ്പവും 5 ജയം ചെന്നൈയിൻ എഫ് സിക്ക് ഒപ്പവും നിന്നു. ബാക്കിയുള്ള അഞ്ച് മത്സരങ്ങളും സമനിലയിൽ കലാശിച്ചു.

ടീം വാർത്തകൾ

ആതിഥേയർക്ക് അവരുടെ വിദേശ താരം വ്ലാട്കോ ഡ്രോബറോവ്, മൗസ്തഫ ഗനിങ് എന്നിവരെ സസ്‌പെൻഷൻ മൂലം നാളത്തെ മത്സരത്തിൽ നഷ്ടമാകും. എന്നിരുന്നാലും റെഡ് കാർഡ് സസ്‌പെൻഷൻ കഴിഞ്ഞ് അബ്ദുൾ ഹക്കു തിരിച്ചെത്തുന്നത്  ബ്ലാസ്റ്റേഴ്സിന് ആശ്വാസമാകും.

സാധ്യത ലൈനപ്പ്

രഹനേഷ്, റാകിപ്, ഗെയ്ക്‌വാദ്, ഹക്കു, ജെസ്സെൽ, ജീക്സൺ, സിദോഞ്ച, നർസാറി, സെയ്ത്യാസെൻ, മെസ്സി ബൗളി, ഓഗ്‌ബെച്ചേ

സംപ്രേഷണം

നാളെ ശനിയാഴ്ച ഇന്ത്യൻ സമയം 7:30ന് മത്സരം ആരംഭിക്കും. സ്റ്റാർസ് സ്പോർട്സ് നെറ്റ്‌വർക്ക്, ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നിവയിൽ മത്സരം ലഭ്യമാണ്