മുസ്തഫയും താനും പരസ്പരം നന്നായി മനസ്സിലാക്കുനെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം മരിയോ ആർക്വെസ്.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം മരിയോ ആർക്വെസ്. മത്സരശേഷം ഖേൽ നൗവുമായി സംസാരിക്കുകയായിരുന്നു താരം.

മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് സ്പാനിഷ് താരമായ ആർക്വെസ് കാഴ്ചവെച്ചത്. പ്രതിരോധിച്ചും, ആക്രമിച്ചും കളിച്ച താരം കളിക്കളത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണ്. സാധാരണ താരം ഡിഫൻസീവ് മിഡ്ഫീല്ഡറുടെ റോളാണ് കളിക്കാറുള്ളത്. എന്നാൽ ഇരു സാഹചര്യത്തിൽ താൻ കളിക്കാൻ തയ്യാറാണെന്ന് താരം പറഞ്ഞു.

ടീമിന് വേണ്ടി ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ശ്രമിക്കുന്നു.

“രണ്ട് സാഹചര്യത്തിലും എനിക്ക് സുഖകരമായാണ് തോന്നുന്നത്. ടീമിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഞാൻ ശ്രമിക്കുന്നു,” താരം ഖേൽ നൗവിനോട് പറഞ്ഞു.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ വഴങ്ങിയ സമനില ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകുന്നതാണ് ഇന്നലത്തെ കൊച്ചിയിലെ ഫലം. എന്നാൽ തങ്ങൾ തങ്ങളുടെ പോരാട്ടം തുടരുമെന്ന് മരിയോ വ്യക്തമാക്കി.

“ഞങ്ങൾക്ക് കുറച്ച് കൂടി മത്സരങ്ങളുണ്ട്, ഞങ്ങൾക്ക് പോരാടണം, ഇന്ന് കളിച്ചത് പോലെ. ഞങ്ങൾക്ക് സീസൺ മെച്ചപ്പെടുത്തണം.”

മുസ്തഫയും ഞാനും പരസ്പരം മനസ്സിലാക്കുന്നു

മധ്യനിര താരം മുസ്തഫയും ആർക്വെസും തമ്മിലുള്ള കൂട്ടുക്കെട്ട് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് എതിരെ കളിക്കളത്തിൽ കണ്ടു. തങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കുന്നു എന്നാണ് ആർക്വെസ് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്.

“ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കുന്നു. ജീക്സണെ പോലെ, മറ്റു താരങ്ങളെ പോലെ, ഞങ്ങൾ ഒരു നല്ല കൂട്ടുക്കെട്ട് ഉണ്ടാക്കുന്നു,” ആർക്വെസ് അഭിപ്രായപ്പെട്ടു.

മധ്യനിരയിൽ മരിയോ ആർക്വെസിന്റെ സാന്നിധ്യം അടുത്ത മത്സരങ്ങളിൽ നിർണ്ണായകമാണ്. കളിക്കളത്തിൽ എതിരാളികൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്സിന് മരിയോയെ പോലെയുള്ള കളിക്കാരെ ആവശ്യമാണ്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആറിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പത്ത് മത്സരങ്ങൾ കളിച്ചപ്പോൾ 8 പോയിന്റ് ആണ് സമ്പാദ്യം. ഒരു വിജയവും, അഞ്ച് സമനിലയും, നാല് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.