ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ കടന്നുപോകുന്നത്

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പരിശീലകനായി ഇവാൻ വുകുമാനോവിച്ച് തുടരുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറിലാണ് ഇവാൻ ഒപ്പിട്ടത്. കരാറിൽ പരിശീലകന്റെ കീഴിൽ ടീം കാഴ്ചവെക്കുന്ന പ്രകടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉണ്ടായിരുന്നു. നിലവിൽ ക്ലബ് കാഴ്ച വെച്ച തോൽവികൾ അറിയാതെയുള്ള പത്തോളം മത്സരങ്ങളുടെ മുന്നേറ്റത്തെ തുടർന്ന് പരിശീലകന്റെ കരാർ നീട്ടുന്നതിനുള്ള ഈ വ്യവസ്ഥകൾ ആക്ടിവേറ്റ് ചെയ്യപ്പെടുകയായിരുന്നു.

ജംഷഡ്പൂർ എഫ്‌സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ വുകൊമാനോവിച്ച് ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി.

അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇവാൻ വുക്കോമാനോവിച്ച് തുടരുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. “അദ്ദേഹത്തിന്റെ കരാറിൽ ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ചില വ്യവസ്ഥകൾ ഉണ്ടായിരുന്നു. അവ പ്രവർത്തനക്ഷമമായി.” – ഉറവിടം വാർത്ത സ്ഥിരീകരിച്ചു.

കൂടാതെ, മറ്റ് ക്ലബ്ബുകൾ ഇവാനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കുന്നത് തടയുന്നതിനായി ഒരു ദീർഘകാലകരാർ കോച്ചിന് നൽകാനാണ് ക്ലബ് താല്പര്യപ്പെടുന്നത്. നിലവിലെ സീസൺ അവസാനിച്ചുകഴിഞ്ഞാൽ ക്ലബ് ഈ ഓഫർ മുന്നോട്ട് വയ്ക്കുമെന്നും ഉറവിടം കൂട്ടിച്ചേർത്തു. “ക്ലബ്ബും പരിശീലകനും ഒരു പുതിയ കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നു. ഈ സീസൺ അവസാനിച്ചുകഴിഞ്ഞാൽ, കേരള ബ്ലാസ്റ്റേഴ്‌സ് ഇവാന് ഒരു പുതിയ ദീർഘകാല കരാർ വാഗ്ദാനം ചെയ്യാനുള്ള സാധ്യതയുണ്ട് “- അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി .

ഇവാൻ വുകുമാനോവിച്ചിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്‌സ്

ആരാധകരെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി പത്ത് മത്സരങ്ങൾ നീണ്ടുനിൽക്കുന്ന അപരാജിത കുതിപ്പായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. 2021-22 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്നായി 23 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാമത് നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിയുമായി 3 പോയിന്റ്റുകളുടെ വ്യത്യാസം മാത്രമുള്ള ക്ലബിന് രണ്ട് മത്സരങ്ങൾ ഇനിയും കളിക്കാൻ ബാക്കിയുണ്ട്.

കളിച്ച 13 മത്സരങ്ങളിൽ ക്ലബ് ആറെണ്ണത്തിൽ ജയിച്ചു. രണ്ടെണ്ണത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്. അതിൽ അവസാനത്തെ തോൽവി കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ബംഗളുരു എഫ്‌സിയോട് ഏറ്റുമുട്ടിയതിൽ ഉണ്ടായതാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിനാണ് ബംഗളുരു അന്ന് തടയിട്ടത്. എന്നാൽ, അടുത്ത മത്സരത്തിൽ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയത്തോടെ പോയിന്റ് ടേബിളിന്റെ ആദ്യ സ്ഥാനങ്ങളിലേക്ക് തിരികെവന്നു.

ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി വാർത്തസമ്മേളനത്തിൽ, അടുത്ത സീസണിലും താൻ പരിശീലന സ്ഥാനത്ത് ഉണ്ടാകുമെന്ന് വുകൊമാനോവിച്ച് സൂചന നൽകി. കോച്ചിന്റെ കരാർ നീട്ടുന്നതിൽ എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, “അതെ, ഞങ്ങൾ നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്. അടുത്ത വർഷം ഹോം സ്റ്റേഡിയമായ കൊച്ചിയിൽ ഇതേ പോലെ പരസ്പരം കാണാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്ന് അദ്ദേഹം വ്യകതമാക്കി.

ജംഷെഡ്പൂരിന് എതിരായ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടാം സ്ഥാനം നിലനിർത്താൻ സഹായിക്കും. കൂടാതെ, ആ ജയത്തോടെ പോയിന്റ് നിലയിൽ ഹൈദരാബാദ് എഫ്‌സിയോടൊപ്പം എത്താനും സാധിക്കും. ജംഷെഡ്പൂരുമായുള്ള സീസണിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

For more football updates, follow Khel Now on Twitter, Instagram and join our community on Telegram.