Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ജോബി ജസ്റ്റിൻ : കേരള ബ്ലാസ്റ്റേഴ്‌സ് എന്നെ സമീപിച്ചിട്ടില്ല, എ.ടി.കെയിൽ തന്നെ തുടരും

Published at :May 11, 2020 at 9:52 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


ലോക്ക്ഡൌൺ കാലത്ത് സമയം ചിലവിടുന്നതിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനുള്ള സ്വപ്നത്തെ കുറിച്ചും ജോബി ജസ്റ്റിൻ വിശദമാക്കുന്നു.

എ.ടി.കെയിലായിരുന്ന ജോബി ജസ്റ്റിൻ ലോക്കഡോൺ മൂലം തിരുവനന്തപുരത്തെ തന്റെ  വീട്ടിൽ തന്നെയാണ് കഴിയുന്നത് . ഈ ആഴ്ചയുടെ തുടക്കത്തിൽ ജോബി ജസ്റ്റിനുമായി അഭിമുഖം നടത്താൻ ഖേൽ നൗവിനു കഴിഞ്ഞു. എ.ടി.കെയിലെ അനുഭവത്തെ കുറിച്ചും ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള മോഹത്തെക്കുറിച്ചും  അദ്ദേഹം പങ്കുവെച്ചു.

ലോക്ക്ഡൌൺ കാലത്ത് ഫുട്ബോൾ താരങ്ങളെല്ലാം വീട്ടിൽ നിന്ന് തന്നെയാണ് ശാരീരിക പരിശീലനം നടത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയിലെ പരിശീലനത്തെ കുറിച്ച് ജോബി ഇങ്ങനെ പറഞ്ഞു " എല്ലാ ദിവസവും രാവിലെ കുറച്ചു മണിക്കൂറുകൾ ഞാൻ പരിശീലിക്കാറുണ്ട്. മിക്കപ്പോഴും ഒറ്റക്ക് തന്നെയാണ് പരിശീലനം. ഇതുകൂടാതെ യോഗയും ചെയുന്നുണ്ട്. ഫുട്ബോൾ കളികളില്ലാത്തതിനാൽ, യോഗയും പേർസണൽ ട്രെയിനിങ്ങും സ്ഥിരമായി ചെയ്യുന്നത് കൊണ്ട് ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നുണ്ട്. "

കഴിഞ്ഞ സീസണിൽ ആകെ 10 മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നുള്ളു. സെമി ഫൈനലിലും ഫൈനലിലും പകരക്കാരുടെ നിരയിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ മൂന്നു മൽസരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ അദ്ദേഹത്തിനായി. അധികം അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഒരു ഗോളും ഒരു അസിസ്റ്റും നേടിയത് അദ്ദേഹത്തിന് മികച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. അവസരം ലഭിച്ച പല താരങ്ങളേക്കാൽ തന്റെ പ്രകടനം  മികച്ചതായതിനാൽ തന്റെ കളിയെ കുറിച്ച് അദ്ദേഹത്തിന് കാര്യമായ ആകുലതകളൊന്നുമില്ല

"സത്യസന്ധമായി പറഞ്ഞാൽ, ഞാൻ എ.ടി.കെയിൽ വളരെയധികം സന്തോഷവാനാണ്. എനിക്ക് അവിടെ മൂന്നു വർഷത്തെ കരാറുണ്ട്. എന്റെ ആദ്യ ഐ.സ്.ൽ സീസണിൽ  ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് മത്സരങ്ങളാണ് എനിക്ക് കളിക്കാൻ കഴിഞ്ഞത്. എന്നാൽ ഞാൻ തന്നെ അതിന് കാരണമായിരിക്കാം. "- ജോബി പറഞ്ഞു

"6 മൽസരത്തിന്റെ സസ്പെൻഷനോടെയാണ് എനിക്ക് 2018-19 ഐ ലീഗ് സീസൺ അവസാനിപ്പിക്കേണ്ടി വന്നത്. സസ്‌പെഷന്റെ പകുതി ഈസ്റ്റ്‌ ബംഗാളിൽ വെച്ചു തന്നെ കഴിഞ്ഞിരുന്നു. പക്ഷെ ബാക്കിയുള്ള സസ്പെന്ഷൻ എ.ടി.കെ യിൽ തീർക്കേണ്ട അവസ്ഥയായിരുന്നു, അതുമൂലം ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ എ.ടി.കെയുടെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞില്ല. "

"ആദ്യ മൂന്ന് മത്സരങ്ങളിൽ എന്റെ സ്ഥാനത്തു കളിച്ചിരുന്ന മുന്നേറ്റക്കാർ മികച്ച പ്രകടനം നടത്തി. സസ്പെന്ഷൻ കഴിഞ്ഞ് തിരിച്ചു സ്‌ക്വാഡിൽ തിരിച്ചു എത്തിയപ്പോൾ അവർക്കെതിരെ  മത്സരിക്കേണ്ട  അവസ്ഥയായി. മറ്റു പൊസിഷനുകളിൽ കളിച്ചു  ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ  ഒരു ശ്രമം നടത്തിയെങ്കിലും, അതും നല്ല രീതിയിൽ നടന്നില്ല"

"എന്നിരുന്നാലും അതിൽ എനിക്ക് കുഴപ്പമില്ല. 2 സീസൺ കൂടി എനിക്ക് അവിടെയുണ്ട്. മികച്ച പ്രകടനം നടത്തി കോച്ചിന്റെ ഇഷ്ടം നേടിയെടുത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. "

ജോബി ബ്ലാസ്റ്റേഴ്സിലേക്ക് പോകുമെന്ന റൂമോഴ്സിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ "ഇല്ല, അവർ (കേരള ബ്ലാസ്റ്റേഴ്‌സ് )എന്നെ ഇതുവരെ  ബന്ധപ്പെട്ടിട്ടില്ല. "

" എ.ടി.കെയിൽ നിന്നുകൊണ്ട് സ്വയം മെച്ചപ്പെടുത്തുന്നതിലാണ് ഇപ്പോഴെന്റെ ശ്രദ്ധ. ഈസ്റ്റ്‌ ബംഗാളിന് വേണ്ടി എനിക്ക് മുൻപ് കളിക്കാൻ സാധിച്ചു. മോഹൻ ബഗാൻ എന്റെ ക്ലബ്ബുമായി ലയിച്ചതോടെ, കൊൽക്കത്തയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 3 ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ കഴിയും. മികച്ചൊരു അംഗീകാരമായി ഞാനതിനെ കാണുന്നു"

"പക്ഷെ, ഒരു നാൾ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് എന്റെ വലിയൊരു മോഹമാണ്. എന്റെ സ്വന്തം സംസ്ഥാനത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അവരുടെ മികച്ച ആരാധകർ ഇന്ത്യക്ക് പുറത്തും നല്ല രീതിയിൽ പ്രസിദ്ധരാണ്. അവർക്ക് വേണ്ടി കളിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. "

" ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ഞാനുമായി സംസാരിക്കാൻ താല്പര്യമുണ്ടെങ്കിൽ, ഞാനതിന് തയ്യാറാണ്, നമുക്ക് നോക്കാം " ജോബി ജസ്റ്റിൻ പറഞ്ഞു

Advertisement