Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഫാൻസോൺ: കേരള ബ്ലാസ്റ്റേഴ്സിന് ചേർന്നതാര്? കിബു വികുനയോ സെർജിയോ ലോബേരയോ?

Published at :April 22, 2020 at 1:42 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


ഏതു സ്പാനിഷ് പരിശീലകനാണ് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ചേരുക എന്ന ചോദ്യത്തിന് രണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നു.

കിബു വിക്കുന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചേരുമെന്ന് ഖേൽ നൗ പുറത്ത് വിട്ടപ്പോൾ തന്നെ മഞ്ഞപ്പടയിൽ ഉണ്ടായ ആവേശം വളരെയധികം പ്രകടമായിരുന്നു.

മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിച്ച കിബുവിനെ സ്വന്തമാക്കിയതിലൂടെ മികച്ച തീരുമാനമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് എടുത്തതെന്ന് പറയേണ്ടിയിരിക്കുന്നു. ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ സെർജിയോ ലോബേരയുമായും ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

ഈ വിഷയത്തിൽ ക്ലബ്ബിന്റെ രണ്ട് ആരാധകർക്ക് പറയാനുള്ളതെന്തെന്ന് നോക്കാം

മുരളി കാർത്തിക് (കിബു വിക്കുനയ്ക്കൊപ്പം )

Muralee Karthik

കുറച്ചു കാരണങ്ങൾ കൊണ്ടാണ് കിബു വികുനയ്ക്ക്, ലോബേരക്ക് മുകളിൽ ഞാൻ പ്രാധാന്യം നൽകുന്നത്. ഡിഫെൻസിവ് രീതി പിന്തുടരാതെ പൂർണ്ണമായ് ആക്രമണ ഫുട്ബോൾ കളിക്കാനാണ് ഇരു പരിശീലകരും താൽപര്യപ്പെടുന്നത്. യുവ താരങ്ങളെ വളർത്തിയെടുക്കുന്ന കാര്യത്തിൽ ഇരുവരും മിടുക്കു തെളിയിച്ചുകഴിഞ്ഞു.

സ്.കെ സാഹിൽ, ശുഭ ഘോഷ്, ശങ്കർ റോയ്, നോൺഗദംബ നവോറം തുടങ്ങിയ താരങ്ങളെ മികച്ച തലത്തിലെത്തിക്കാൻ കിബു വികുനയ്ക്ക് കഴിഞ്ഞു. അതുപോലെ സെറിടൻ ഫെര്ണാണ്ടസിനെ പോലുള്ള താരങ്ങളെ സെർജിയോ ലോബേരയും വളർത്തിയെടുത്തിട്ടുണ്ട്.

ഒരു ശരാശരി ടീമിനെ പോലും ചാമ്പ്യന്മാരാക്കാനുള്ള കഴിവ് കിബുവിനുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള പ്രധാന കാരങ്ങളിലൊന്ന് അതുതന്നെയാണ്. എന്നാൽ അത്തരത്തിൽ കിരീടം നേടിയെടുക്കാൻ ലോബേരയ്ക്ക് കൂടുതൽ മികച്ച താരങ്ങളെയും മറ്റും വേണം. കഴിഞ്ഞ സീസണിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ അത് നമ്മൾക്ക് മനസ്സിലാക്കാവുന്നതാണ്.

സീസണിന്റെ പകുതി എത്തിയപ്പോഴേക്കും കോറോമിനാസിനും ഹ്യൂഗോ ബ്യുമസിനും പരിക്ക് പറ്റുകയും, മൊർത്താത ഫാൾ, അഹ്‌മദ്‌ ജാഹു എന്നിവർ സ്‌പെൻഡ് ആവുകയും ചെയ്തു. ഇതു കാരണം അവരുടെ തനതായ ഫുട്ബോൾ ശൈലിയിൽ കളിക്കാൻ ഗോവയ്ക്കായില്ല.

എന്നാൽ മോഹൻ ബഗാനിൽ പ്രധാന ഡിഫെൻഡറായ ഡാനിയേൽ സൈറസിന്റെത് ഉൾപ്പെടെ ഒത്തിരി പരിക്കുകൾ നേരിട്ടിട്ടും അതിനെയെല്ലാം തരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസ് ഗോണ്സാല്സിനെ സെന്റർ ബാക്കായി കളിപ്പിക്കാനുള്ള റിസ്ക് ഏറ്റെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. പല കാരണങ്ങൾ കൊണ്ട് സീസണിലുടനീളം 4-2-3-1, 4-3-3, 4-4-2 ഫോർമേഷനുകളിൽ കളിക്കേണ്ടി വന്ന മോഹൻ ബഗാന് എല്ലാ കളി ശൈലിയിലും നല്ല പ്രകടനം നടത്താൻ കഴിഞ്ഞു.

വിദേശ താരങ്ങളെ ലോബര കൂടുതൽ ആശ്രയിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ വിദേശ താരങ്ങൾ ഇല്ലാതെ തന്നെ മികച്ച പതിനൊന്നു താരങ്ങളെ അണിനിരത്തി മികച്ച പ്രകടനം ടീമിനെ കൊണ്ട് നടത്താൻ കിബുവിനാവും. ഒരിക്കൽ കൽക്കട്ട ഫുട്ബോൾ ലീഗിൽ രണ്ടു വിദേശ താരത്തെ മാത്രം ഇറക്കി മികച്ച പ്രകടനം നടത്താൻ കിബുവിന്റെ മോഹൻ ബഗാൻ ടീമിന് കഴിഞ്ഞിരുന്നു.

പകരക്കാരെ ഇറക്കുന്ന തീരുമാനങ്ങളിൽ ലോബരയ്ക്ക് പലപ്പോഴും തെറ്റാറുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാൻ കിബു വിക്കുന സമർഥനാണ്. സുഭാ ഘോഷിനെ പലപ്പോഴും പകരക്കാരനായി കൊണ്ടുവന്ന്, ബഗാന് 3 പോയിന്റുകൾ നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

ഇത്തരം കാരണങ്ങൾ കൊണ്ട് ലോബേരയെക്കാൾ കിബു വികുനയെ ഞാൻ കൂടുതൽ പിന്തുണയ്ക്കുന്നു. തന്റെ കഴിവുകൾ പുറത്തെടുത്തു മികച്ച ഐ.സ്.ൽ സീസൺ അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം.

മുഹമ്മദ് ഹസീബ് (സെർജിയോ ലോബറേയ്‌ക്കൊപ്പം )

Mohammed Haseeb Kerala Blasters fan

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. പക്ഷേ ക്ലബിന്റെ പ്രകടനം മിക്കപ്പോഴും ആരാധകർക്ക് നിരാശ ആണ് ഉണ്ടാക്കിയിട്ടുള്ളത്. സ്റ്റീവ് കൊപ്പെൽ ക്ലബ്ബ് വിട്ട് പോയ ശേഷം തുടർച്ചയായി മൂന്ന് പ്രാവശ്യം പോയിന്റ് ടേബിളിൽ ഏറ്റവും താഴെ തട്ടിൽ ആണ് ക്ലബിന്റെ സ്ഥാനം. ഈ അവസ്ഥക്ക് മാറ്റം വരുത്താൻ വേണ്ടി ആയിരുന്നു മാനേജ്മെന്റ് ഈൽകോ ഷട്ടോരിയെ ക്ലബ്ബിൽ കൊണ്ട് വന്നത്.

പക്ഷേ അദ്ദേഹവും തന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ പരാജയപ്പെടുകയും, ക്ലബ്ബ് അദ്ദേഹത്തിനെ നിലനിർത്താതിരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ഇങ്ങനെ കഷ്ടപ്പെടുന്ന സമയത്ത്, സെർജിയോ ലോബേരയുടെ എഫ്.സി. ഗോവ കഴിഞ്ഞ മൂന്ന് സീസണുകളിൽ അക്രമണ ഫുട്ബോൾ കളിച്ച് വളരെ മികച്ച ഒരു മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയായിരുന്നു.

ഗോവയോടൊപ്പം ലൊബേര നടത്തിയ വിപ്ലവം തന്നെയാണ് അദ്ദേഹത്തെ കിബു വികുനക്ക് പകരം ക്ലബ്ബ് പരിഗണിക്കേണ്ടിയിരുന്നതിന്റെ പ്രധാന കാരണം. ക്ലബിന്റെ പ്രതിച്ഛായയും മാനസികാവസ്ഥയും അദ്ദേഹം മാറ്റി എടുത്തു. മറ്റുള്ളവർക്ക് നേരിടാൻ ഭയമുളള ഒരു ടീമാക്കീ അവരെ അദ്ദേഹം മാറ്റി. എതിർ ടീം രണ്ട് ഗോൾ അടിച്ചാൽ തിരിച്ച് നാലെണ്ണം അടിക്കാനുള്ള ശേഷി അവർക്ക് ഉണ്ടായിരുന്നു.

എല്ലാവരും തങ്ങളുടെ ടീം ഗോവയെപ്പോലെ കളിക്കാൻ ആഗ്രഹിച്ചു. ബ്രാണ്ടൻ ഫെർണാണ്ടസിനെ പോലെയുള്ള താരങ്ങളുടെ വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ബ്രണ്ടൻ ഇപ്പൊൾ ഇന്ത്യൻ ഫുട്ബോൾ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ കൂടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റാതിരുന്ന ജാക്കിചന്ത് സിംഗ് ഗോവയുടെ നിർണായക താരങ്ങളിൽ ഒരാളായി മാറി.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയിരുന്നത് ഐ.എസ്.എല്ലിൽ കഴിവ് തെളിയിച്ച ഒരു മാനേജറെ ആയിരുന്നു. അതിന് ലൊബേരയെക്കാൾ അനുയോജ്യനായ ഒരാൾ ഉണ്ടായിരുന്നില്ല.

കിബു വിക്യുന മൊഹൻ ബഗാനിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു. അദ്ദേഹം മികച്ച ഒരു പരിശീലകൻ ആണെന്നതിൽ സംശയമില്ല. പക്ഷേ തുടർച്ചയായി ഈ പ്രകടനം നിലനിർത്താൻ പറ്റും എന്നുള്ളത് അദ്ദേഹം തെളിയിക്കേണ്ടിരിക്കുന്നു. ഈൽക്കോ ഷട്ടോരിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഇത് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. പക്ഷേ ലൊബേരയുടെ ഗോവ തുടർച്ചയായി മൂന്നു പ്രാവശ്യം ആദ്യ നാല് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു.

ഐ ലീഗ്, ഐ.എസ്.എല്ലിൽ നിന്നും വ്യത്യസ്തമാണ്. ക്ലബിന്റെ ബജറ്റ് തൊട്ട് കളിക്കാരുടെ നിലവാരം വരെ വ്യത്യസ്തം ആണ്. ബഗാന് ഒപ്പം വിക്യൂനക്ക്‌ നല്ല പ്രകടനം കാഴ്ചവെക്കാൻ പറ്റി. പക്ഷേ അത് കൊണ്ട് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പം അത് തുടരാൻ സാധിക്കും എന്ന് പറയാൻ പറ്റില്ല.

ലൊബേരക്ക് വിക്യുനയെക്കാൾ പരിശീലകൻ ആയിട്ടുള്ള അനുഭവ സമ്പത്തുണ്ട്. അദ്ദേഹം കൂടുതൽ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ദശാബ്ദത്തിനിപ്പുറം ഈ മേഖലയിൽ പ്രവർത്തിക്കുന്നു. അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് കിബു വിക്യുനക്ക് പകരം അദ്ദേഹത്തെ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.

Advertisement