നവംബർ 7 മുതൽ ജോർഡാനിലെ അമ്മാനിലാണ് ടൂർണമെന്റ് അരങ്ങേറുക.

എഎഫ്‌സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ അരങ്ങേറുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായ് പുതുചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഗോകുലം കേരള എഫ്‌സി. അതിന്റെ ഭാഗമായി ടൂർണമെന്റിലേക്കുള്ള ക്ലബ്ബിന്റെ സ്‌ക്വാഡിനെ തിങ്കളാഴ്ച വൈകീട്ട് ക്ലബ് പ്രഖ്യാപിച്ചു.

നവംബർ ഏഴിനു തുടങ്ങുന്ന ടൂർണമെന്റിൽ 4 രാജ്യങ്ങളെ പ്രതിനിധീകരിച്ച് നാലു ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. ഉസ്‌ബകിസ്ഥാൻ ക്ലബ്ബായ എഫ്സി ബുന്യോദ്കോർ, ഇറാൻ ക്ലബ്ബായ ഷഹർദാരി സിർജാൻ, ജോർദാൻ ക്ലബ്ബായ അമ്മാൻ എഫ്‌സി എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള ഗോകുലം കേരളക്ക് പുറമെ മറ്റ് ക്ലബ്ബുകൾ.

മുൻ കേരളാ താരവും ഇന്ത്യൻ ദേശീയ വനിത ഫുട്ബോൾ ടീമിന്റെ സഹ പരിശീലകയുമായ പ്രിയ പിവിയാണ് ഗോകുലം കേരള വനിതാ ടീമിൻ്റെ ഹെഡ് കോച്ച്. 23 അംഗ ടീമിലെ പത്ത് പേർ ഇന്ത്യയുടെ ദേശീയ ടീം അംഗങ്ങളാണ്. അഞ്ച് വിദേശ താരങ്ങളും സ്‌ക്വാഡിൽ ഉണ്ട്. മൂന്ന് താരങ്ങൾ മലയാളികൾ ആണ്.

പോർട്ടോ റിക്കോയുടെ മുൻ ദേശീയ താരമായിരുന്ന മിഡ്‌ഫീൽഡർ അഡ്രിയാന ടിറാഡോ, മ്യാൻമർ ദേശീയ താരമായ വിൻ തീംഗി ടുൻ, കൊളമ്പിയൻ സ്ട്രൈക്കർ കാരെൻ സ്റ്റെഫാനി, ഘാന ദേശീയ താരമായ സൂസൻ അമ ദുവാ, ഘാന ജൂനിയർ ടീം അംഗമായ എൽഷാദായി അച്ചെംപോങ് എന്നിവരാണ് ആ അഞ്ച് വിദേശ താരങ്ങൾ. ഗോൾകീപ്പർ ഹീര ഗീത രാജ്, പ്രതിരോധ താരങ്ങളായ മഞ്ജു ബേബി, ഫെമിന രാജ് എന്നിവർ ടീമിലെ മലയാളി സാന്നിധ്യങ്ങളാണ്.

ഈ മാസം തുടങ്ങാനിരിക്കുന്ന സീനിയർ വനിത നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന റെയിൽവേസ് ടീമിന്റെ ഭാഗമായ മനീഷ പന്നയെ ഡിപ്പാർട്മെന്റിൽ റിലീവ് ആകാൻ സാധിക്കാത്തതിനെ തുടർന്ന് ഗോകുലത്തിന്റെ സ്‌ക്വാഡിൽ ഇടം നേടാൻ സാധിച്ചില്ല.

ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നതിനാൽ ഗോകുലത്തിന്റെ ഡ്രെസ്സിങ് റൂമിൽ കളിക്കാർ എല്ലാവരും ആവേശത്തിൽ ആണെന്ന് മുഖ്യപരിശീലക പ്രിയ ഖേൽ നൗവിനോട് സൂചിപ്പിച്ചു.

” ആദ്യമായാണ് ഇന്ത്യൻ ക്ലബ്ബിന് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. ഇന്ത്യയിൽ വനിത ഫുട്ബോളിനെ ക്ലബ് സംസ്കാരം കൊണ്ട് വരുക എന്നതിന്റെ അടുത്ത പടിയാണ് ഈ ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം. ഇതൊരു നല്ല തുടക്കം ആയിരിക്കും. പിന്നെ ചരിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ആവേശം ക്ലബ്ബിൽ ഉണ്ട്. ” – പ്രിയ കോച്ച് പറഞ്ഞു.

” എതിരാളികളെ ഒരിക്കലും നിസ്സാരക്കാരായി എഴുതി തള്ളുന്നില്ല. കാരണം ഗ്രൂപ്പിലുള്ള ജോർദാൻ ക്ലബ്ബിന് ഒരു ഹോം അഡ്വാൻടേജ് കൂടി ഉണ്ട്. മറ്റ് ക്ലബ്ബുകളെ പറ്റി അധികം പറയാൻ ആയിട്ടില്ല. കൂടാതെ ക്ലബ്ബിലെ പത്തോളം ഇന്ത്യൻ താരങ്ങൾ ദേശീയ ക്യാമ്പിലേക്ക് പോയതിനാലും നാഷണൽ ടീം ഡ്യൂട്ടി ഉണ്ടായിരുന്നതിനാലും വിദേശ താരങ്ങളെ എത്തിക്കാൻ വൈകിയതിനാലും ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ പ്രീ സീസൺ നടത്താൻ സാധിച്ചില്ല. എങ്കിലും നിലവിൽ എല്ലാ താരങ്ങളും ക്ലബ്ബിൽ എത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ടീമിനെ നന്നായി തന്നെ ഒരുക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ” – കോച്ച് വ്യക്തമാക്കി.

ഈ കോവിഡ് 19 മഹാമാരിയാണ് ക്ലബ്ബിന്റെ പദ്ധതികളെ തകിടം മറിച്ചതെന്ന് ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വ്യക്തമാക്കി.

” ഈ പാൻഡെമിക് സാഹചര്യം മൂലം വിദേശ താരങ്ങളെ നേരത്തെതന്നെ ക്ലബ്ബിൽ എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. കൂടാതെ ഭൂരിഭാഗം വിദേശ താരങ്ങൾക്കും ദേശീയ ടീം ഡ്യൂട്ടി ഉണ്ട്. ഉദാഹരണത്തിന് പ്രതിരോധ താരം സൂസൻ അമ ഘാന ദേശീയ ടീം ക്യാമ്പിൽ നിന്നാണ് ക്ലബ്ബിലേക്ക് എത്തുന്നത്. ഞങ്ങൾ ഉഗാണ്ടൻ, നൈജീരിയൻ താരങ്ങളെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അവരും ദേശീയ ടീമിന്റെ തിരക്കുകളിലാണ്. ” – വിസി പ്രവീൺ സൂചിപ്പിച്ചു.

” സീനിയർ വുമൺസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മനീഷ നിലവിൽ റെയിൽവേസിന്റെ ക്യാമ്പിലാണ്. ഞങ്ങളും എഐഎഫ്എഫും മനീഷയെ വിട്ടുകിട്ടുന്നതിനായി റെയിൽവേസിനോട് അഭ്യർത്ഥിച്ചെങ്കിലും ഡിപ്പാർട്മെന്റ് നിയമങ്ങൾ മൂലം അവർക്ക് താരത്തെ വിട്ടുനൽകാൻ സാധിക്കുകയുണ്ടായില്ല. മനീഷയുടെ സേവനം ഞങ്ങൾക്ക് എഎഫ്‌സി വനിത ചാമ്പ്യൻഷിപ്പിൽ ലഭിക്കുകയില്ല. ” – അദ്ദേഹം വ്യക്തമാക്കി.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.