Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

മുൻ ഗോകുലം കേരള എഫ്‌സി മിഡ്ഫീൽഡർ മുഹമ്മദ് ഷഫീറിനെ ടീമിലെത്തിച്ച് ഗർവാൾ എഫ്‌സി

Published at :September 26, 2020 at 8:19 PM
Modified at :September 26, 2020 at 8:19 PM
Post Featured Image

Dhananjayan M


കഴിഞ്ഞ സീസണുകളിൽ ഗോകുലം കേരള എഫ്‌സിയുടെ റിസർവ് ടീമിനൊപ്പം കേരള പ്രീമിയർ ലീഗ് കളിച്ച താരമാണ് മുഹമ്മദ് ഷഫീർ.

ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഗർവാൾ എഫ്‌സി ഇരുപതിനാലുകാരനായ മലയാളി ഫുട്ബോൾ താരം മുഹമ്മദ്‌ ഷഫീറുമായി പുതിയ സീസണിലേക്കുള്ള കരാർ ഒപ്പിട്ടതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ക്ലബ്ബിന്റെ ഐ ലീഗ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി താരം ഡൽഹി ക്ലബ്ബായ ഗർവാൾ എഫ്‌സിയിൽ ചേരും.

“ മുഹമ്മദ്‌ ഷഫീർ ഗർവാൾ എഫ്‌സിയുമായി കരാർ ഒപ്പിട്ടു. ” കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. മൂന്നു മാസത്തെ കരാറിലാണ് മുൻ ഗോകുലം കേരള എഫ്‌സി താരം ഗർവാളിലേക്ക് എത്തുന്നതെങ്കിലും, കളിക്കളത്തിലെ പ്രകടനത്തെ അടിസ്ഥാനത്തിൽ ക്ലബിന് താരവുമായുള്ള കരാർ നീട്ടുന്നതിനുള്ള ഒരു ഓപ്ഷൻ കൂടി കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖേൽനൗ മനസിലാക്കി.

മലപ്പുറത്തെ എം‌എസ്‌പി സ്‌കൂളിലൂടെയാണ് ഷഫീർ തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിച്ചത്. 2012 ൽ സുബ്രതോ കപ്പിന്റെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച എംഎസ്പി ടീമിന്റെ ഭാഗമായിരുന്നു താരം. എന്നാൽ ഫൈനലിൽ എം‌എസ്‌പി യൂറോപ്യൻ വമ്പൻമാരായ ഉക്രൈനിന്റെ എഫ്‌സി ഡൈനാമോ കൈവിനോട് 5-2 ന് പരാജയപ്പെടുകയാനുണ്ടായത്. തുടർന്ന് താരം പൂനെയിലെ ഡി‌എസ്‌കെ ശിവാജിയൻസ്-ലിവർപൂൾ എഫ്‌സി അക്കാദമിയിൽ ചേർന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയുടെ ഫുട്ബോൾ ടീമിൽ പ്രവേശിച്ച താരം ടീമിനൊപ്പം 2018 ൽ ദേശീയ ചാമ്പ്യന്മാരായി.

2018ൽ ഗോകുലം കേരള എഫ്‌സിയിൽ ചേർന്ന താരം റിസർവ് ടീമിനൊപ്പം 2018-19 സീസണിലെയും 2019-20 സീസണിലെയും കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു. എന്നാൽ രണ്ടു സീസണുകളിലും ഗോകുലം കേരള എഫ്‌സി ലീഗിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇന്ത്യൻ നാവികസേന ഫുട്ബോൾ ടീമിനോടും കേരള ബ്ലാസ്റ്റേഴ്സ് റിസർവിനോടും യഥാക്രമം തോൽക്കുകയായിരുന്നു. 2019 ബോഡൂസ കപ്പിൽ ഗോകുലത്തിന്റെ താരമായിരുന്ന സഫീർ ടീമിനൊപ്പം ഫൈനലിൽ മിനർവ പഞ്ചാബ് എഫ്‌സിയെ ( നിലവിൽ പഞ്ചാബ് എഫ്‌സി) തോൽപ്പിച്ച് ട്രോഫി ഉയർത്തി.

അതേ വർഷം തന്നെ ഗോകുലം കേരള എഫ്‌സി താരവുമായി 2021 വരെയുള്ള കരാറിൽ ഒപ്പു വെച്ചെങ്കിലും ഈ മാസം തുടക്കത്തോടെ ക്ലബ്ബും താരവും തമ്മിൽ പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

ഗർവാൾ എഫ്‌സി 2020-21 സീസണിലേക്കുള്ള ഐ-ലീഗ് യോഗ്യതാ ടൂർണമെന്റിന് വേണ്ടി തയ്യാറെടുക്കുന്നതിനാൽ മുഹമ്മദ്‌ സഫീറിന്റെ സാന്നിധ്യം ടീമിനെ കൂടുതൽ ശക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

Advertisement