ഗോകുലം കേരളയുടെ ഐ-ലീഗ് നേട്ടത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മനസിലാക്കേണ്ടത്
പ്രാദേശിക മാത്സര്യം മാറ്റിവെച്ചാൽ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് ചില കാര്യങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ കേരളത്തിൽ നിന്നുള്ള ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്‌സി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഈ വർഷത്തെ ഐ ലീഗിൽ ജേതാക്കളായ ടീം ഒരു ദേശീയ ഫുട്ബോൾ ലീഗ് നേടുന്ന ആദ്യത്തെ കേരള ക്ലബ് ആയി ചരിത്രത്തിൽ പേര് രേഖപെടുത്തി. കഴിവുള്ള ധാരാളം താരങ്ങളെ ദേശീയ ഫുട്ബോളിലേക്ക് സംഭാവന ചെയ്യുന്ന, എന്നാൽ ഒരു ടീം എന്ന നിലയിൽ ദേശീയ തലത്തിലെ ലീഗുകളിൽ പിന്നിലേക്ക് പോകുന്ന കേരളത്തിന് തികച്ചും അഭിമാനകരമായിരുന്നു ആ നിമിഷം. ഐ ലീഗിൽ ഗോകുലം കേരള എഫ്‌സി നേടിയ കിരീടവും ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് സാന്നിധ്യവും കേരള ഫുട്ബോളിന്റെയും കായികരംഗത്തിന്റെയും വളർച്ചയെ അത്യധികം സ്വാധീനിക്കുന്നതാണ്.
കൂടുതൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഗോകുലം കേരള എഫ്‌സിയുടെ വിജയത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പഠിക്കേണ്ടതായിട്ടുണ്ട്. 2014ൽ കേരള ബ്ലാസ്റ്റേഴ്‌സ് രൂപവൽക്കരിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് ഗോകുലം കേരള എഫ്‌സി പിറവി എടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ നാല് വർഷം മുൻപ് 2017 ജനുവരിയിൽ. എന്നാൽ ഈ നാല് വർഷത്തിൽ കേരള ഫുട്ബോളിന് അഭിമാനിക്കത്തക്ക വണ്ണമുള്ള പല നേട്ടങ്ങളും സ്വന്തമാക്കാൻ ഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. എഫ്‌സി കൊച്ചിന് ശേഷം ഡ്യുറണ്ട് കപ്പ് കേരളത്തിൽ എത്തിച്ച, ദേശീയ വനിത ലീഗ് ജേതാക്കളായ, അന്തർദേശീയ ടൂർണമെന്റ് ആയ ഷെയ്ഖ് കമാൽ ക്ലബ് കപ്പിൽ സെമി ഫൈനലിസ്റ്റുകൾ ആയ, ഏറ്റവും പ്രധാനമായി കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ ക്ലബ്. കൂടാതെ ശക്തമായ റിസർവ് ടീം നിരയും അവർ നേടിയ പ്രാദേശിക - ദേശീയ കിരീടങ്ങളും ക്ലബ് ഷെൽഫിൽ ഭദ്രമായി സൂക്ഷിക്കപ്പെടുന്നു.
[KH_ADWORDS type="4" align="center"][/KH_ADWORDS]
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മൂന്ന് സീസണുകളിൽ രണ്ടു തവണ ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ട്ടപെട്ട ടീം ആണെന്ന വാസ്തവം ഓർക്കാതെയല്ല ഇനി എഴുതുന്നത്. അതിന് ശേഷമുള്ള സീസണുകളിൽ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിന്റെ കാര്യമെടുത്താൽ നിരാശജനകമായിരുന്നു ടീമിന്റെ പ്രകടനം. വണ്ടർ വിക്യൂന എന്ന് വിശേഷിപ്പിച്ച് ടീമിൽ എത്തിച്ച സ്പാനിഷ് തന്ത്രജ്ഞൻ കിബു വിക്യൂനയുടെ കീഴിൽ ഇരുപത് മത്സരങ്ങളിൽ നിന്നായി ക്ലബ് വിജയിച്ചത് കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ്. 36 ഗോളുകൾ വഴങ്ങുകയും ചെയ്തിരുന്നു. തുടർന്ന് മറ്റ് സീസണുകളിലെ ആവർത്തനം പോലെ തന്നെ സീസണിന് മുന്നോടിയായി ക്ലബ് കിബു വിക്യൂനയുമായി വഴി പിരിഞ്ഞു. യഥാർത്ഥത്തിൽ, ഐഎസ്എലും ഐ ലീഗും ഒരു പ്രൊമോഷൻ - റിലഗേഷൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നേൽ ഗോകുലം കേരള എഫ്‌സി തീർച്ചയായും ടോപ് ലീഗിലേക്ക് പ്രൊമോഷൻ നേടുകയും കേരള ബ്ലാസ്റ്റേഴ്‌സ് റിലഗേറ്റ് ആകുകയും ചെയ്യുമായിരുന്നു.
ഇരു ടീമുകളും വ്യത്യസ്ത ലീഗുകളിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ടീമുകൾ ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും തമ്മിൽ ഒരു പ്രാദേശിക മാത്സര്യം നിലവിലുണ്ട്. ഇരു ടീമുകളുടെയും ആരാധകർ സോഷ്യൽ മീഡിയകളിലും കേരള പ്രീമിയർ ലീഗ് സമയങ്ങളിൽ സ്റ്റേഡിയങ്ങളിലും പരസ്പരം വാക്പോർ നടത്തിയിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് ചില കാര്യങ്ങൾ മനസിലാക്കാനും പഠിക്കേണ്ടതുമുണ്ട്.
3. സിസ്റ്റത്തിന് അനുയോജ്യമായ കളിക്കാരെയും കോച്ചുമാരെയും ഉപയോഗിക്കുക
ഏഴ് സീസണുകളിലായി ഒൻപത് പരിശീലകർ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഒരു കോച്ചും ഒരു വർഷത്തിൽ കൂടുതൽ ക്ലബ്ബിന്റെ ഭാഗമായിട്ടില്ല എന്നതാണ് സത്യം. വസ്തുത എന്നതിനപ്പുറം വളരെ അപകടകാരിയായ സംഗതിയാണ് ഇത്. കാരണം, ഓരോ കോച്ചിനും ഓരോ കളിശൈലിയാണ് ഉണ്ടാകുക. ഓരോ സീസണിലും വ്യത്യസ്ത പരിശീലകർ എന്ന് പറയുമ്പോൾ ഒരു സീസണിലെ താരങ്ങൾ കളിക്കേണ്ട ഫുട്ബോൾ കഴിഞ്ഞ സീസണിൽ നിന്ന് ഭിന്നമായിരിക്കും. അങ്ങനെ ഒൻപത് പരിശീലകർ ഒൻപത് കളിശൈലികൾ. അവയിൽ ഓരോ സീസണിലും ഈ ശൈലിയിൽ ഉൾകൊള്ളിക്കാൻ കഴിയാത്ത താരങ്ങളെ ടീം വിടാനും അനുവദിക്കുന്നു. ഇത് ടീമിൽ സ്ഥിരമായി മാറ്റങ്ങൾ ഉണ്ടാകാൻ കാരണമായി തീരുകയും ടീമിന്റെ സ്വത്വത്തെ ഇല്ലാതാകുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, കേരള ബ്ലാസ്റ്റേഴ്‌സ് 2016 സ്റ്റീവ് കോപ്പലിന്റെ കീഴിൽ ഐഎസ്എൽ ഫൈനലിൽ എത്തുമ്പോൾ പ്രതിരോധം ശക്തമാക്കി കൗണ്ടർ അറ്റാക്കിലൂടെ ഗോളുകൾ നേടി മുന്നേറുന്ന രീതി ആയിരുന്നു അവലംഭിച്ചിരുന്നത്. അവിടെ നിന്ന് കഴിഞ്ഞ സീസണിലേക്ക് എത്തിനോക്കുമ്പോൾ ഇതേ ടീം കിബു വിക്യൂനയുടെ കീഴിൽ കളിക്കുന്നത് പന്ത് കൈവശം വെച്ച് പ്രതിരോധത്തിൽ നിന്ന് കളി മെനയുന്ന ശൈലിൽ ആണ്. അതിനാൽ തന്നെ ആത്യന്തികമായി എന്താണ് ക്ലബ്ബിന്റെ കളിശൈലി എന്ന് ചോദ്യമുയരുന്നു. എന്നാൽ ഗോകുലം കേരള എഫ്‌സിക്ക് ഇനിയും ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോകേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
സ്പാനിഷ് പരിശീലനായ സാന്റിയാഗോ വരേലക്ക് പകരം ഇറ്റാലിയൻ പരിശീലകനായ വിൻസെൻസോ ആൽബർട്ടോ അനീസിനെ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി ഗോകുലം കേരള എഫ്‌സി നിയമിച്ചപ്പോൾ ആരാധകർ കരുതിയിരുന്നത് മുൻ പരിശീലകൻ കൊണ്ട് വന്ന പ്രവർത്തനങ്ങളെ എല്ലാം മാറ്റി പുതിയൊരു ടീമിനെ കളത്തിൽ ഇറക്കും എന്നായിരുന്നു. എന്നാൽ അദ്ദേഹം തന്റെ താരങ്ങൾക്ക് കൂടുതൽ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന രീതിയിൽ ആക്രമണ ഫുട്ബോൾ ശൈലി രൂപപ്പെടുത്തി എടുത്തു. അത് വിജയിക്കുകയും മാർച്ച് 27ന് ഗോകുലം കേരള എഫ്‌സി ഐ ലീഗിൽ മുത്തമിടുകയും ചെയ്തു.
[KH_ADWORDS type="3" align="center"][/KH_ADWORDS]
2. ദീർഘകാല പദ്ധതികളുടെ ഭാഗമായി കൂടുതൽ യുവ താരങ്ങളെ വളർത്തിയെടുക്കുക.
കുറെയേറെ വർഷങ്ങളായി ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കുറച്ചു താരങ്ങൾ ഗോകുലം കേരള എഫ്‌സിയിൽ ഉണ്ട്. കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിൽ എത്തിച്ച വിദേശ താരങ്ങളേയും ദീപക് ദേവ്റാണിയെ പോലെയുള്ളവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവർ ദീർഘകാലമായി ക്ലബ്ബിന്റെ ഭാഗമായവരും പരസ്പരം അറിയുന്നവരുമാണ്.
ഇത് കൂടാതെ, ചാമ്പ്യൻ മനോഭാവമുള്ള ഒരു ഡെവലപ്പ്മെന്റൽ റിസർവ് നിരയും ക്ലബ്ബിന്റെ ഭാഗമായി ഉണ്ട്. ഈ വർഷത്തെയടക്കം രണ്ട് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ ടീം രണ്ട് സീസണുകളിൽ റണ്ണർസ് അപ്പ് ആയിട്ടുണ്ട്. കൂടാതെ ദേശീയ ടൂർണമെന്റുകൾ ആയ ബോഡുസ കപ്പ്, ഇൻഡിപെൻഡൻസ് കപ്പ് എന്നിവയിലും റിസർവ് നിര കപ്പ് ഉയർത്തിയിട്ടുണ്ട്. ഈ സീസണിൽ ഐ ലീഗിൽ തിളങ്ങിയ എമിൽ ബെന്നി, താഹിർ സമാൻ എന്നിവർ സീനിയർ ടീമിൽ എത്തുന്നതിന് മുന്നോടിയായി റിസർവ് ടീമിൽ കഴിവ് തെളിയിച്ചവരാണ്. ഇത്തവണ കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള കിരീടം നേടിയപ്പോൾ കളിക്കളത്തിൽ തിളങ്ങിയത് കഴിഞ്ഞ സീസണിൽ ഐ ലീഗിലുള്ള സീനിയർ ടീമിലേക്കുള്ള അവസരം അവസാന നിമിഷം നഷ്ട്ടപെട്ട റിഷാദും ആസിഫും ഗണേശനും അടങ്ങിയ താരങ്ങളാണ്.
കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ, ഇനിയും അവരുടെ റിസർവ് നിരയെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസൺ ഐഎസ്എല്ലിൽ റിസർവ് നിരയിൽ നിന്നും സീനിയർ ടീമിലെ ആദ്യ പന്തിനൊന്നിലെ സ്ഥിരം അംഗമായി മാറിയത് സഹൽ അബ്ദുൾ സമദ് മാത്രമായിരുന്നു. ഈ ഒരു സ്ഥിതി എത്രയും പെട്ടെന്ന് മാറിയാൽ തന്നെ ക്ലബ്ബിന്റെ വളർച്ചയും പ്രകടനവും ത്വരിതഗതിയിൽ മുന്നോട്ട് പോകും.
നിലവിൽ ആരാധകർക്ക് സന്തോഷകരമായ കാര്യം എന്തെന്നാൽ, നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങൾക്കും വളർന്നു വരുന്ന താരങ്ങൾക്കും ദീർഘകാല കരാർ നൽകിയിട്ടുണ്ട്. നിഷു കുമാർ, ജീക്സൺ സിങ്, ഗിവ്സൺ സിങ്, പൂയ്ട്ടിയ, രാഹുൽ കെപി തുടങ്ങിയ യുവതാരങ്ങളുടെ കരാറുകൾ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി നീട്ടിയിട്ടുള്ളതിനാൽ വരും വർഷങ്ങളിൽ അവർ ഒരുമിച്ച് കളിക്കുന്ന സ്ഥിതി രൂപപ്പെടും. കൂടാതെ, നിലവിൽ റിസർവ് ടീമിന്റെ ഭാഗമായ ശ്രീകുട്ടൻ വിഎസ്, സച്ചിൻ സുരേഷ്, ഗോതിമയും മുക്തസന ഉൾപ്പെടെയുള്ള താരങ്ങൾക്ക് സീനിയർ താരങ്ങൾക്ക് ഒപ്പം പരിശീലനത്തിനുള്ള അവസരം നൽകുന്നത് അവരുടെ നിലവാരം ഉയർത്താൻ കാരണമാകും.
1. കളിക്കാരുടെ സ്കൗട്ടിംഗ്, കൃത്യമായ സൈനിങ്ങുകൾ
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്കൗട്ടിംഗ് വളരെ മോശം ആയിരുന്നു എന്ന് നിസംശയം പറയാം. 2020-21 ഐഎസ്എൽ സീസണിൽ ടീമിൽ എത്തിയ വിദേശ താരങ്ങളുടെ പ്രകടനം ഈ വാദത്തെ സാധൂകരിക്കുന്നു. ചില മിന്നലാട്ടങ്ങൾ കണ്ടിരുന്നു എന്നല്ലാതെ ലീഗിൽ ഒരു മുന്നേറ്റമുണ്ടാക്കി എടുക്കാൻ ഈ താരങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.
[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]
എന്നാൽ ഗോകുലം കേരള എഫ്‌സിയുടെ സൈനിങ്ങുകൾ വളരെ കൃത്യമായിരുന്നു. ദീപക് ദേവ്റാണിയും മുഹമ്മദ് അവാലും പ്രതിരോധത്തിൽ ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്തപ്പോൾ നവോച്ച സിങ് ആകട്ടെ തന്റെ മികച്ച പ്രകടനങ്ങളുടെ ഫലമായി രണ്ട് സീസണുകൾക്ക് അപ്പുറം ഐഎസ്എല്ലിൽ മുംബൈ സിറ്റിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.
വിൻസി ബാരേറ്റോയും ഡെന്നിസ് ആന്റവിയും ഫിലിപ് അഡ്ജയും ആക്രമണത്തിൽ ശ്രദ്ധയൂന്നിയപ്പോൾ ഷെരീഫ് മുഖമ്മദ് മധ്യനിരയിൽ കളി നിയന്ത്രിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനകളായ മാർക്കസ് ജോസഫ്, ഹെൻറി കിസേക്ക, നാഥാനിയേൽ ഗാർസിയ എന്നിവർ ടീം വിട്ടപ്പോൾ ഏതൊക്കെ പൊസിഷനുകളിൽ ആരൊക്കെ വേണം എന്ന് ക്ലബ് മാനേജ്മെന്റിന് വ്യക്തമായി അറിയാമായിരുന്നു.
പുതിയ ഐഎസ്എൽ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുമ്പോൾ ഇത്തരം ചില കാര്യങ്ങൾ ഗോകുലം കേരളയിൽ നിന്ന് മനസിലാക്കി എടുക്കുന്നത് നല്ലതായിരിക്കും. ഏതൊക്കെ പൊസിഷനിൽ ആരൊക്കെ വേണം എന്ന് ക്ലബ് കൃത്യമായി തീരുമാനിക്കുകയും അതിന് അനുസരിച്ചുള്ള സ്കൗറ്റിംഗിന് നേതൃത്വം നൽകുകയും വേണം. മിക്ക ആരാധകർക്കും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എന്താണ് ചെയ്യണ്ടതെന്ന് ഒരു ഏകദേശ ധാരണ ഉണ്ട്. അവരുടെ അഭിപ്രായത്തിൽ പരിചയസമ്പന്നരായ ഇന്ത്യൻ സെന്റർ ബാക്ക്, ഒരു റൈറ്റ് ബാക്ക്, ഒരു ഗോൾ സ്‌കോറിംഗ് ഫോർവേഡ്, വിങ്ങേർസ് എന്നിവ അത്യാവശ്യമായി ടീമിൽ എത്തിക്കേണ്ട താരങ്ങളിൽ ഉൾപ്പെടുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ് ശരിയായ ദിശയിൽ പ്രവർത്തിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആണ്.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- ISL 2024-25: Full fixtures, schedule, results, standings & more
- Derby County vs Portsmouth Prediction, lineups, betting tips & odds
- SC Freiburg vs VfL Wolfsburg Prediction, lineups, betting tips & odds
- Empoli vs Torino Prediction, lineups, betting tips & odds
- Hamza Choudhury likely to make his debut for Bangladesh against India
- ISL 2024-25: Full fixtures, schedule, results, standings & more
- Manjappada fans release joint statement against Kerala Blasters FC management
- Top five matches in India involving international football clubs
- Mikael Stahre outlines his solutions that can lead Kerala Blasters back to winning ways in ISL
- Oscar Bruzon explains how East Bengal can avoid Odisha FC threat and continue winning run in ISL