മൊഹമ്മദൻസിന് വേണ്ടി മുപ്പതിലധികം ഗോളുകൾ നേടിയ താരമാണ് അഡ്ജ.

ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്‌സി ഘാന ഫുട്ബോൾ താരം ഫിലിപ്പ് അഡ്ജയെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. പ്രീസീസണിൽ പരിക്കേറ്റ് ഗോകുലം കേരളയുടെ സ്‌ക്വാഡിൽ നിന്നും റിലീസ് ചെയ്യപ്പെടാൻ ഒരുങ്ങുന്ന സാലിഓ ഗുണ്ടോക്ക് പകരക്കാരൻ ആയാണ് അഡ്ജെ ടീമിൽ എത്തുന്നത്.

“ഗോകുലം കേരളവുമായുള്ള കരാർ പൂർത്തിയാക്കാൻ ഫിലിപ്പ് അഡ്ജ ” കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. കൊൽക്കത്തയിലെ പ്രീസീസണിന് ഇടയിൽ ഉണ്ടായ പരിക്ക് മൂലം ഗുണ്ടോയെ 2020-21 സീസണിലെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായും ഖേൽ നൗ മനസിലാക്കുന്നു. അതിനാലാണ് ഐ ലീഗ് ക്ലബ്ബായ മൊഹമ്മദാൻ എസ്‌സി സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്ത ഫിലിപ്പ് അഡ്ജയെ ടീമിലെത്തിക്കാൻ ഗോകുലം കേരള എഫ്‌സി ശ്രമിക്കുന്നത്.

22 വയസ്സ് മാത്രമുള്ള താരം 2018-19 സീസൺ മുതലാണ് ഇന്ത്യയിൽ കളിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ ആദ്യമായി മൊഹമ്മദൻസിന് വേണ്ടി കളിക്കാൻ ഇറങ്ങുമ്പോൾ അധികം അറിയപ്പെടാതിരുന്ന താരമായിരുന്നു അഡ്ജ. തുടർന്ന് ആ സീസണിൽ ജാംഷെഡ്പൂർ എഫ്‌സിയുടെ റിസർവ് ടീമിന് എതിരെ നേടിയ ഹാട്രിക്കും ട്രാവു എഫ്‌സിക്കും ചിങ്കവെങ്‌ എഫ്‌സിക്കും എതിരെയുള്ള ഇരട്ടഗോളും അടക്കം പത്ത് മത്സരങ്ങളിൽ നിന്നായി പത്ത് ഗോളുകളാണ് താരം നേടിയത്.

തുടർന്ന് ആ വർഷം തന്നെ മൊഹമ്മദൻസിന് വേണ്ടി വ്യത്യസ്ത ടൂർണമെന്റുകളിൽ നിന്നായി 21 ഗോളുകൾ കൂടി താരം നേടിയിട്ടുണ്ട്. തുടർന്ന് 2019-20 സീസണിലെ കൽക്കട്ട ഫുട്ബോൾ ലീഗിൽ കൽക്കട്ട കസ്റ്റമ്സിന് വേണ്ടി ഹ്രസ്വകരാറിൽ കളിച്ചിട്ടുണ്ട്. 2019-20 സീസണിൽ ഐ ലീഗിൽ നേരോക്കക്ക് വേണ്ടി കളിക്കുകയും ഒൻപത് ഗോളുകൾ നേടുകയും ചെയ്തു.

എന്നാൽ ആ സീസൺ കോവിഡ് -19 പകർച്ചവ്യാധി മൂലം റദ്ദാക്കപെടുകയും പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിൽ ഉണ്ടായിരുന്ന മോഹൻബഗാൻ ജേതാക്കളാക്കുകയും ചെയ്തു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നേരോക്ക എഫ്‌സി വിട്ട താരം ഒക്ടോബറിൽ നടന്ന ഐ ലീഗ് യോഗ്യത ടൂർണമെന്റ് കളിച്ച ഭവാനിപൂർ എഫ്‌സിയുടെ ഭാഗമായി.

ഭവാനിപൂർ ഐ ലീഗ് യോഗ്യത നേടിയില്ലെങ്കിലും നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളോടെ അഡ്ജേ ടൂർണമെന്റിൽ മികച്ചു നിന്നു. പിന്നീട് ടൂർണമെന്റിൽ വിജയിച്ച് ഐ ലീഗ് യോഗ്യത നേടിയ മുൻ ക്ലബ്ബായ മൊഹമ്മദൻസിലേക്ക് താരം തിരികെപോയി.

എന്നാൽ പുതിയ ഐ ലീഗ് സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ക്ലബ്‌ താരത്തെ ടീമിൽ നിന്ന് റിലീസ് ചെയ്യുകയായിരുന്നു. ഗുണ്ടോക്ക് പകരക്കാരനെ തേടുന്ന ഗോകുലം കേരള എഫ്‌സി തുടർന്ന് താരത്തെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.

ഗോകുലം കേരള എഫ്‌സി ആകട്ടെ ഐഎഫ്എ ഷീൽഡിൽ ക്വാർട്ടർ ഫൈനലിൽ മൊഹമ്മദൻസിനോട്‌ എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു. എന്നാൽ അതിന് ശേഷം ഇന്ത്യൻ ആരോസ്, ട്രിജിത് ദാസ് എഫ്‌എ, ഐഎഫ്എ ഷീൽഡ് ജേതാക്കളായ റിയൽ കാശ്മീർ എന്നിവരോട് സൗഹൃദമത്സരത്തിൽ വിജയം കണ്ടെത്തി. 

For more updates, follow Khel Now on TwitterInstagram and join our community on Telegram.