Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

അഫ്ഗാൻ താരം ഷെരീഫ് മുഖമ്മദിനെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി

Published at :November 14, 2020 at 2:07 AM
Modified at :November 14, 2020 at 2:07 AM
Post Featured Image

Dhananjayan M


റഷ്യയിലെയും സ്വീഡനിലെയും മുൻ നിര ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ് ഷെരീഫ്.

പുതിയ ഐ ലീഗ് സീസണിലേക്ക് അഫ്ഗാനിസ്ഥാൻ മിഡ്‌ഫീൽഡർ ഷെരീഫ് മുഖമ്മദിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി. റഷ്യൻ ക്ലബ്ബുകളായ അൻഴി മഖാച്കല, സ്പാർട്ടാക് നൽച്ചിക്, സ്വീഡിഷ് ക്ലബ്ബായ എസ്കിൽസ്തുന തുടങ്ങിയ ക്ലബ്ബുകളിലെ അനുഭവസമ്പത്തുമായാണ് താരം കേരളത്തിൽ എത്തുന്നത്.

റഷ്യയിൽ ജനിച്ച് വളർന്ന ഷെരീഫ് തന്റെ ഏഴാം വയസ്സിൽ റഷ്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ അൻഴി മഖാച്കല എന്ന ക്ലബ്ബിന്റെ അക്കാദമിയിലൂടെയാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അക്കാദമിയിൽ നിന്നും യൂത്ത് ടീമുകളിലൂടെ ക്ലബ്ബിന്റെ സീനിയർ ടീമിലും താരം ഇടം നേടി. പിന്നീട് തുടർച്ചയായി അഞ്ച് വർഷം ടീമിന്റെ ഭാഗമായിരുന്നു ഷെരീഫ്. മുപ്പത്തുകാരനായ താരം അവസാനമായി കളിച്ചത് മാൽഡിവിയൻ ക്ലബ്ബായ മസിയക്ക് വേണ്ടിയാണ്.

റഷ്യയിൽ അൻഴിയിൽ ഫുട്ബോൾ ഇതിഹാസങ്ങളായ റോബർട്ടോ കാർലോസിനും സാമുവൽ ഇറ്റോക്കും ഒപ്പവും നിലവിലെ ആഴ്സണൽ താരം വില്യമിനുമോപ്പവും കളിച്ച താരവുമാണ് ഷെരിഫ് മുഖമ്മദ്. അഫ്ഗാനിസ്ഥാൻ ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു ഷെരീഫ്.

" ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ക്ലബ്ബിൽ കളിക്കുന്നത്. അതിന് ഒരു അവസരം തന്നതിൽ ഗോകുലം കേരള എഫ്‌സിയോട് ഞാൻ നന്ദി പറയുന്നു. ഞാൻ കോച്ചിനോട് സംസാരിച്ചിരുന്നു. ഇന്ത്യയിലെത്തി ടീമിനൊപ്പം പരിശീലനം ആരംഭിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു. " - ഷെരീഫ് പ്രതികരിച്ചു.

" റഷ്യൻ പ്രീമിയർ ലീഗിലും മറ്റ് മുൻനിര ലീഗുകളിലും കളിച്ച് പരിചയമുള്ള താരമാണ് ഷെരീഫ്. താരത്തിന് സെന്റർ ബാക്കായും സെന്റർ മിഡ്‌ഫീൽഡർ ആയും കളിക്കാൻ സാധിക്കും. നന്നായി പാസ്സുകൾ നൽകാൻ കഴിയുന്ന നിലവാരമുള്ള ഒരു കളിക്കാരനാണ്. എ‌എഫ്‌സി കപ്പിലുള്ള അദ്ദേഹത്തിന്റെ അനുഭവം ഞങ്ങൾക്ക് പ്രയോജനകരമാകും. അദ്ദേഹത്തെ ടീമിലെത്തിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഷെരീഫിൽ നിന്ന് മികച്ചത് പുറത്ത് കൊണ്ട് വരാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് " - ഗോകുലം കേരള എഫ്‌സിയുടെ മുഖ്യപരിശീലകൻ വിൻസെൻസോ ആൽബർട്ടോ ആനിസ് പ്രതികരിച്ചു.

" വളരെയധികം അനുഭവസമ്പത്തുള്ള താരമാണ് ഷെരീഫ്. പുതിയ സീസണിലേക്ക് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളുടെ ടീമിൽ അദ്ദേഹം ഒരു പ്രധാന താരമായിരിക്കും. ഷെരീഫിന് ഗോകുലം കേരള എഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം. " - ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രതികരിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement