ഇന്ത്യൻ ഫുട്ബോളിലേക്കുള്ള തന്റെ വരവിനെ കുറിച്ചും തന്റെ പുതിയ ക്ലബ്ബിനുവേണ്ടിയുള്ള ആശയങ്ങളെ കുറിച്ചും മറ്റും വിൻസെൻസോ ആൽബർട്ടോ ആന്നീസ് സംസാരിച്ചു.

നിലവിൽ ഓഫ് സീസണിൽ കടന്നുപോകുന്ന മിക്കവാറും എല്ലാ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളും അടുത്ത് തന്നെ ആരംഭിക്കാൻ ഇരിക്കുന്ന 2020-21 സീസണിനുള്ള തയ്യാറെടുപ്പിൻ്റെ തിരക്കിലാണ്. ഗോകുലം കേരള എഫ്‌സിയും ചില സൈനിങ്ങുകൾ പ്രഖ്യാപിച്ചു അതെ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. അവയിൽ ഏറ്റവും പ്രധാനപെട്ടതാണ് ടീമിന്റെ പുതിയ മുഖ്യപരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസിന്റേത്.

മുൻ ബെലിസ് ദേശീയ ഫുട്ബോൾ  ടീം പരിശീലകനായ വിൻസെൻസോ ആൽബർട്ടോ ആന്നീസ് ഘാന, ഇന്തോനേഷ്യ, ലാത്വിയ, എസ്റ്റോണിയ, കൊസോവോ, പലസ്തീൻ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലെയും പരിശീലകൻ ആയിട്ടുണ്ട്. 35കാരനായ അന്നീസുമായി ഖേൽനൗ നടത്തിയ അഭിമുഖത്തിൽ താൻ ഗോകുലത്തിൽ ചേരാനിടയായ കാരണങ്ങളും അടുത്ത സീസണിൽ ക്ലബ്ബിൽ നടത്താൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു.

“ഗോകുലം കേരള എഫ്‌സിക്ക് എന്റെ പ്രൊഫൈൽ ഇഷ്ടപ്പെടുകയും ഒരു ഏജന്റ് വഴി എന്നോട് സംസാരിക്കുകയും ചെയ്തു.  ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങിയ ഉടൻ തന്നെ എനിക്ക് ടീമിനോട് താല്പര്യം ഉണ്ടായി.  അവരെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം തോന്നി, അവരുടെ നിബന്ധനകൾ അംഗീകരിക്കാൻ ഞാൻ കൂടുതൽ സമയം എടുത്തില്ല.” ഗോകുലം കേരള എഫ്‌സി കരാർ ഒപ്പിടാൻ എങ്ങനെ സമീപിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അന്നീസ് ആരംഭിച്ചു.

“ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് എനിക്ക് ലഭിച്ച അഭിപ്രായങ്ങൾ വളരെ മികച്ചതായിരുന്നു.  മാർക്കോ മാറ്റെറാസി, ഗിയാൻലൂക്ക സാംബ്രോട്ട, അലസ്സാൻഡ്രോ ഡെൽ പിയറോ തുടങ്ങിയ ഇറ്റാലിയൻ കോച്ചുകളും കളിക്കാരും റോബർട്ടോ കാർലോസ്, സിക്കോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ഐ‌എസ്‌എല്ലിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി എനിക്ക് ഇന്ത്യൻ ഫുട്ബോളിനോട്‌ വലിയ താല്പര്യമുണ്ടായിരുന്നു, എനിക്ക് ഇന്ത്യയിലേക്ക് വരാനുള്ള ഓപ്ഷനുകൾ പോലും ഉണ്ടായിരുന്നു.  ഇന്ത്യയിലേക്കുള്ള എൻ്റെ വരവിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു വ്യക്തി ഇവിടത്തെ ദേശീയ ടീമിന്റെ മുൻ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ്. കഴിഞ്ഞകൊല്ലം നമ്മൾ കണ്ടുമുട്ടിയപ്പോൾ ഇവിടത്തെ ഫുട്ബാളിനെക്കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നു. ഏഷ്യൻ ടീമുകളെയും കളിക്കാരെയും പരിശീലിപ്പിച്ച അനുഭവസമ്പത്ത് എന്നെ ഇവിടെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ഞാൻ പല രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.  കൂടാതെ, ഘാന, ബെലീസ് എന്നിവിടങ്ങളിൽ ഞാൻ ക്ലബ്ബുകളുമായുള്ള എന്റെ കരാറുകൾ പുതുക്കിയിട്ടില്ല, അതിന് കാരണം ഞാൻ അവിടെ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല. എനിക്ക് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ട്ടമാണ്, ഇന്ത്യയും ഇന്ത്യൻ ഫുട്ബോളും എന്നെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കോച്ചിംഗ് കരിയറിലെ ഒരു പ്രധാന ഭാഗമാണ് ഗോകുലം, അവർ നൽകുന്ന വെല്ലുവിളികൾ ഞാൻ ഏറ്റെടുക്കും.”

ഇന്തോനേഷ്യലെ ക്ലബ്ബായ പി‌എസ്‌ഐഎസ് സെമറാങിനെ പരിശീലിപ്പിച്ച തന്റെ മുൻ അനുഭവം ഓർമിച്ചെടുത്ത വിൻസെൻസോ ആൽബർട്ടോ ആനിസ്, ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അനുഭവിച്ചതിന് തുല്യമാണെന്ന് പറഞ്ഞു. “ഉദാഹരണത്തിന്, ‘3 + 1 നിയമം‘. ഇവയെല്ലാം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടേത്മായുള്ള സമാനതകളാണെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ പുതിയ  ക്ലബ്ബിൽ എന്റെ കരിയർ ആരംഭിച്ചതിന് ശേഷമേ എനിക്ക് അവ കൃത്യമായി പറയാൻ കഴിയൂ.” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“ഞാൻ ഇതിനകം ഗോകുലത്തിന്റെ കുറച്ച് മത്സരങ്ങൾ കണ്ടു, അതിനെ അടിസ്ഥാനമാക്കി, ആക്രമണാത്മക ഫുട്ബോൾ ആയിരിക്കും ഞങ്ങൾ കൂടുതൽ കളിക്കുന്നത്. അടിസ്ഥാനപരമായി, ഞങ്ങൾ എല്ലാ മത്സരങ്ങളും വിജയിക്കാൻ വേണ്ടി മാത്രമേ കളിക്കുകയുള്ളൂ, അത് ഞങ്ങളുടെ ആക്രമണങ്ങളിൽ തന്നെ പ്രതിഫലിക്കും.” ഗോകുലത്തിന്റെ കളിരീതിയോടുള്ള സമീപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു.

“ഞങ്ങൾ മുന്നോട്ട് ആക്രമിക്കുവാനും നേരിട്ടുള്ള കളികൾക്കും ശ്രമിക്കും.  ഞങ്ങളുടെ ആക്രമണസമയത്ത് കൂടുതൽ ആളുകളെ എതിർവശത്തെ ബോക്സിൽ നിർത്താനും ആഗ്രഹിക്കുന്നു.  വിദേശ കളിക്കാർക്ക് അമിത പ്രാധാന്യം നൽകുകയില്ല. ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും ശരിയായ രീതിയിൽ അണിനിരത്തി, ഗോകുലത്തെ ഒരു ‘ആഗോള’ ടീമാക്കി മാറ്റും. ”

ടീം പരിശീലനം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവരോടൊപ്പമുള്ള ആദ്യ ദിവസം മുതൽ തന്നെ കളിക്കാർക്കിടയിൽ വിജയിക്കുവാൻ വേണ്ടിയുള്ള ഒരു മാനസികാവസ്ഥ വളർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും യുവേഫ പ്രോ ലൈസൻസ് ഉടമ കൂട്ടിച്ചേർത്തു. “ഗോകുലത്തിനൊപ്പം ഐ-ലീഗ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ മാനസികാവസ്ഥയിലാണ് ഞാൻ അവരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങുന്നത്,” അദ്ദേഹം പറഞ്ഞു.

ഗോകുലം കേരള എഫ്‌സിയുടെ യൂത്ത് ഡെവലപ്പ്മെന്റിനെ കുറിച്ച് സംസാരിച്ച 35 കാരൻ ഇത് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട മേഖലകളിലൊന്നാണെന്ന് പറഞ്ഞു.  യുവ കളിക്കാരെ വികസിപ്പിക്കാനും ഭാവി താരങ്ങളാക്കി മാറ്റാനും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.  ക്ലബിന്റെ യൂത്ത് ഡെവലൊപ്മെന്റ് പ്രോഗ്രാമിൽ താൻ സന്തുഷ്ടനാണെന്നും അവരുടെ രീതികളിൽ പ്രതീക്ഷ പ്രകടിപ്പിച്ചതായും അന്നീസ് കൂട്ടിച്ചേർത്തു.

“യുവ താരങ്ങളുമായി പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അവർക്ക് എളുപ്പത്തിൽ പരിശീലനം നൽകാനും ഏത് കളിരീതിക്കും അനുയോജ്യമായ രീതിയിൽ പൊരുത്തപ്പെടുത്തി എടുക്കാനും കഴിയും.  അവരുടെ ഊർജ്ജം ഒരു അധിക ബോണസാണ്, എന്നെപ്പോലെ തന്നെ യൂത്ത് ഡെവലപ്പ്മെന്റും പ്രധാനമാണെന്ന് ക്ലബ് കരുതുന്നതിൽ എനിക്ക് സന്തോഷമുണ്ട്.  ഇക്കാര്യത്തിൽ ഇന്ത്യൻ ഫുട്ബോളിന് ഇറ്റലിയിൽ നിന്ന് ചില കാര്യങ്ങൾ എടുക്കാൻ കഴിയും, പ്രത്യേകിച്ചും സ്ഥിരത, ശാരീരിക വശങ്ങൾ, വ്യക്തിപരമായും ഒരു ടീം എന്ന നിലയിലുമുള്ള അച്ചടക്കം എന്നിവ.”

2019-20 സീസണിൽ ഐ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാനേക്കാൾ 17 പോയിന്റ് പിന്നിൽ ഗോകുലം കേരള ലീഗിൽ ആറാം സ്ഥാനത്താണ്.  ലീഗ് അവസാനിക്കുന്നതിനുമുമ്പ് കളിച്ച 15 മത്സരങ്ങളിൽ ആറെണ്ണം മാത്രമേ അവർക്ക് വിജയിക്കാനായുള്ളൂ.  ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോച്ച് മറുപടി പറഞ്ഞത് അടുത്ത സീസണിൽ മികച്ച ഫിനിഷിംഗ് പ്രതീക്ഷിക്കുന്നു എന്നാണ്.  “ഈ സീസണിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.  അതിന് വേണ്ടി ഞങ്ങൾക്ക് ഒരു നല്ല ടീമും മികച്ച കളിക്കാരും ഉണ്ട്. ഞങ്ങളുടെ ഫലങ്ങളിൽ എല്ലാവരേയും സന്തോഷിപ്പിക്കുന്നതിന് ഇനി ബാക്കിയുള്ളത് സമയമാണ്.” കോച്ച് പറഞ്ഞു.

വിൻസെൻസോ ആൽബർട്ടോ അന്നീസ് ഗോകുലം കേരളത്തിന്റെ ആരാധകർക്ക് ഒരു സന്ദേശം കൂടി നൽകി, “ക്ലബ്ബിന്റെ പിന്തുണയെക്കുറിച്ച് എനിക്കറിയാം, അവരെയും കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.  ഞങ്ങളെ പിന്തുണയ്ക്കുന്നത് തുടരണമെന്നും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. ആരാധകരുടെ പിന്തുണ ഞങ്ങൾക്ക് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് ഈ ദുഷ്കരമായ സമയങ്ങളിൽ.  ഐ-ലീഗ് ജയിക്കാൻ മാത്രമല്ല, ടീമിനെയും കളിക്കാരെയും വികസിപ്പിക്കാനും ഇന്ത്യൻ ഫുട്ബോളിൽ അവരെ ഒരു ശക്തിയാക്കാനും ഞങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എന്റെ ഭാഗത്തുനിന്ന് ഞാൻ ഉറപ്പുനൽകാം,” അദ്ദേഹം പറഞ്ഞു നിർത്തി.

For more updates, follow Khel Now on Twitter and join our community on Telegram.