തന്റെ ഇത്രയും നാളത്തെ കരിയറിൽ നടന്ന പല കാര്യങ്ങളെക്കുറിച്ചും ബ്രിട്ടോ മനസ്സ് തുറന്നു.

മോഹൻ ബാഗാനോടൊപ്പം കീരീടം നേടിയതിലൂടെ തന്റെ കഠിനാധ്വാനത്തിന് ഗുണം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിഭാശാലിയായ ബ്രിട്ടോ മിക്കപ്പോഴും പകരക്കാരനായാണ് മോഹൻ ബഗാന് വേണ്ടി കളത്തിലിറങ്ങിയത്.

കളത്തിലിറങ്ങിയപ്പോഴെല്ലാം തന്റെ പ്രതിഭ തെളിയിക്കുന്ന നീക്കങ്ങൾ നടത്താൻ  അദ്ദേഹത്തിന് കഴിഞ്ഞു. ഒത്തിരി പ്രതിസന്ധികളെ മറികടന്നാണ്  മോഹൻ ബഗാൻ പോലൊരു വലിയ ക്ലബ്ബിൽ എത്തിപ്പെടാൻ ബ്രിട്ടോയ്ക്ക് കഴിഞ്ഞത്.

ഖേൽ നൗ താരവുമായി ബന്ധപ്പെടുകയും അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. “കുട്ടികാലത്ത് തന്നെ ഞാനൊരു അത്ലറ്റിക്സ് കളിക്കാരനായിരുന്നു. 100m, ലോങ്ങ്‌ ജമ്പ്, 400m തുടങ്ങിയ കായിക ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്ന് സ്കൂൾ മാനേജ്മെന്റ് ഒരു ഫുട്ബോൾ ടീം  രൂപീകരിക്കുകയും, ആ സമയത്ത് ആ ടീമിൽ ജോയിൻ ചെയ്യാൻ എന്നോടാരോ ആവശ്യപ്പെടുകയും  ചെയ്തു. അങ്ങനെയാണ് ഈ ഗെയ്മിലേക്ക് ഞാൻ എത്തുന്നത് “- ബ്രിട്ടോ പറഞ്ഞു

“പത്താം ക്ലാസ്സിലായിരുന്നപ്പോഴാണ് ഫുട്ബോളിനെ ഒരു കരിയറായി ഞാൻ നോക്കി കാണാൻ തുടങ്ങിയത്. ജൂനിയർ നാഷണൽസിൽ കേരളത്തിന്‌ വേണ്ടി രണ്ട് തവണ കളിക്കാൻ സാധിച്ചു. വിവ കേരളയ്ക്കും പൂനെ ഫ് സിയ്ക്കും വേണ്ടി അണ്ടർ 19 ലീഗിലേക്കും ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. “

അദ്ദേഹത്തിന്റെ അച്ഛൻ മുതൽ കിബു വിക്കുന വരെ നിരവധി പരിശീലകർ അദ്ദേഹത്തിന്റെ കരിയറിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് ബ്രിട്ടോ പറഞ്ഞതിങ്ങനെ “അച്ഛനാണ് എന്റെ ആദ്യ പരിശീലകൻ, എന്റെ കളികൾക്ക് ശേഷം എന്നെ എല്ലാ കാര്യങ്ങളും  അദ്ദേഹം പഠിപ്പിച്ചു തന്നു. എന്റെ നേവി കോച്ചായ അഭിലാഷ് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. നേവിയിൽ ചേരാനും അതിന്റെ കൂടെ പ്രൊഫഷണൽ ഫുട്ബോൾ മുന്നോട്ട് കൊണ്ടുപോവാനും എന്നെ ഉപദേശിച്ചത് അദ്ദേഹമാണ്. “

“എന്നെ കുട്ടികാലം തോട്ട് ബിനോ ജോർജ് സഹായിച്ചത് ഞാൻ ഓർക്കുന്നു. ഖാലിദ് ജമീൽ,സങ്കർലാൽ ചക്രബർട്ടി, കിബു വിക്കുന,മോഹൻ ബഗാൻ ഒഫീഷ്യൽസ്  തുടങ്ങി എന്റെ എല്ലാ സീനിയർ ടീം പരിശീലകരോടും എനിക്ക് വലിയ നന്ദിയുണ്ട്. “

ജൂനിയർ ഫുട്ബോളിൽ സജീവമായിരുന്നെങ്കിലും കരിയറിന്റെ മുന്നേറ്റത്തിൽ കുറച്ചു താമസം വന്നതിന്റെ കാരണത്തെകുറിച്ച് ബ്രിട്ടോ പറഞ്ഞതിങ്ങനെ -“പരിക്ക് പറ്റിയപ്പോൾ ശരിയായ രീതിയിൽ  റെസ്റ്റെടുത്തില്ലെന്നതാണ് ലേറ്റ് ബൂമറായതിന്റെ ഒരു കാരണം. ഞാൻ കളി തുടർന്നുകൊണ്ടിരുന്നു. പൂനെ സിറ്റിക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്നപ്പോൾ 19ആം വയസ്സിൽ കാലിൽ രണ്ട് ഓപ്പറേഷൻ ചെയ്യേണ്ടി വന്നതിന്റെ കാരണം അതാണ്. അതുകാരണം കുറച്ചു കാലം ഗെയിമിൽ നിന്ന് വിട്ടുനിക്കേണ്ടി വന്നു, പിന്നീട് ഇതിലേക്ക് തിരിച്ചു വരുകയെന്നത് വലിയൊരു കടമ്പയായിരുന്നു. “

2017-18 ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രോതേഴ്സിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു മുന്നേറ്റമുണ്ടായത്. “ചർച്ചിലിൽ ജോയിൻ ചെയ്ത സമയത്ത് ആദ്യ 5 കളികളിലും എനിക്ക് അവസരം ലഭിച്ചിരുന്നില്ല. ആ 5 കളികൾ ചർച്ചിൽ തോൽക്കുകയും ചെയ്തു. അതുകാരണം അവർ ടീമിൽ മാറ്റങ്ങൾ വരുത്തുകയും, ഈസ്റ്റ്‌ ബംഗാളിനെതിരെ കളിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയുമുണ്ടായി. ആ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റും ഞാൻ നേടി, അന്ന് ഒരു പോയിന്റാണ് ഞങ്ങൾ നേടിയത്. ചർച്ചിലിലാണ് എനിക്ക് എന്റെ ബിഗ് ബ്രേക്ക്‌ കിട്ടിയതെന്ന് തോന്നുന്നു “

“എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ചർച്ചിൽ ബ്രദർസ്, ഗോവൻ ടീമുകളിൽ കളിക്കാനും എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ആദ്യ സീനിയർ ഐ ലീഗ്‌ ടീമും അത് തന്നെയാണ്. ചർച്ചിൽ എന്റെ കരിയറിൽ വളരെ സ്പെഷ്യലായ ഒന്നാണ്, അവിടത്തെ ടീം മാനേജിനെന്റിനോടും പരിശീലകരോടും ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. ” ബ്രിട്ടോ പറഞ്ഞു.

ചർച്ചിലിന് ശേഷം മോഹൻ ബഗാനിലേക്കാണ് ബ്രിട്ടോ പോയത്. “ഞങ്ങൾ  മോഹൻ ബഗാനെതിരെയും ഈസ്റ്റ്‌ ബംഗാളിനെതിരെയും  കളിച്ചപ്പോൾ  എനിക്ക് നല്ല പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു, എന്നെ സൈൻ ചെയ്യാൻ അവരെ ഇമ്പ്രെസ്സ് ചെയ്തത് അതായിരിക്കാം.”

ബാഗാനൊപ്പം അദ്ദേഹം ഉണ്ടായിരുന്ന ആദ്യ ഐ ലീഗ്‌ സീസണിൽ പോയിന്റ് ടേബിളിൽ മുൻപിൽ എത്താൻ ടീമിന് കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത സീസണിൽ കിരീടം നേടിയെടുക്കാൻ ബഗാന്  കഴിഞ്ഞു. 27 വയസ്സുകാരനായ താരം ഇതിനെകുറിച്ച് പറഞ്ഞതിങ്ങനെ “അതെ, രണ്ടു സീസണിലെ റിസൾട്ടുകൾ തികച്ചും വ്യത്യസ്ത ദ്രുവങ്ങളിൽ ഉള്ളവയായിരുന്നു. ആദ്യ സീസണിൽ കൽക്കട്ട ഫുട്ബോൾ ലീഗ്‌ നേടിയെങ്കിലും, ഐ ലീഗ് നഷ്ടമായി, രണ്ടാമത്തെ സീസണിൽ സി.ഫ്.ൽ തോറ്റെങ്കിക്കും ഐ ലീഗ് നേടിയെടുക്കാൻ കഴിഞ്ഞു. പക്ഷെ, രണ്ടാം വർഷം ഞങ്ങൾ കുറച്ചുകൂടി ശക്തമായായ സ്ക്വാഡായിരുന്നെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്കെല്ലാം അറിയുന്ന പോലെ സ്പോർട്സ് ഇങ്ങനെയാണ്, ചിലപ്പോൾ തോൽക്കും ചിലപ്പോൾ ജയിക്കും “

“ഇതുവരെ എന്നെ പരിശീലിപ്പിച്ച പരിശീലകരിൽ ഏറ്റവും ബുദ്ധിപൂർവ്വവും സാങ്കേതികത്തികവുമുള്ള പരിശീലകനാണ് കിബു വികുന. കളിയിൽ ഞങ്ങളുടെ എല്ലാ നീക്കങ്ങളും  കണ്ട്, തെറ്റ് തിരുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രേത്യേകത, എപ്പോഴും  അദ്ദേഹം  ശാന്തനായും വളരെ കൂളായും കാര്യങ്ങളെ  നേരിടുന്നു. “

“കൊൽക്കത്ത ഡെർബിയിൽ കളിക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഞാൻ കാണുന്നു. ആ ഒരു ആരാധകരുടെ മുൻപിൽ കളിക്കുമ്പോൾ വിദേശ ലീഗുകളിൽ കളിക്കുന്ന പോലത്തെ  ഫീലാണ് ലഭിച്ചത്. ഡെർബിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് “

മോഹൻ ബഗാൻ – എ ടി കെ ലയനത്തെകുറിച്ച് ബ്രിട്ടോ തന്റെ അഭിപ്രായം പങ്കുവെച്ചു -” എ ടി കെ – മോഹൻ ബഗാൻ ലയനത്തിൽ ഞാൻ സന്തുഷ്ടനല്ല. രണ്ട് ടീമുകളുടെ ഭാഗത്തുനിന്നും തെറ്റായ തീരുമാനമാണ് കൈകൊണ്ടത്, ഇത്‌ ഒത്തിരി താരങ്ങളുടെ കരിയറിനെ മോശമായി ബാധിക്കും. “

നേവിയിലെ തന്റെ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ “നേവിക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയുന്നത് തന്നെ എന്റെ സ്വപ്ന ജോലിക്കും  മുകളിലുള്ള കാര്യമാണ്. രാജ്യത്തിന്റെ സൈനികനായി പ്രവർത്തിക്കാൻ കഴിയുകയെന്നത്  എന്റെ സ്വപ്നമായിരുന്നു. ഇത് നേടിയെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു. ഇന്ത്യൻ നേവിയാണ്  എനിക്ക് രണ്ടാം ജന്മം നൽകിയത് “

“നേവിയിൽ ചേർന്നതിന് ശേഷം സന്തോഷ്‌ ട്രോഫിയിൽ മൂന്ന് തവണയും ഐ ലീഗിൽ മൂന്ന് സീസണുകളിലും കളിക്കാൻ സാധിച്ചു. അതുകൊണ്ട്  ഇന്ത്യൻ നേവിയാണ് എന്റെ ഫുട്ബോൾ കരിയറിന്റെ വിജയത്തിൽ  പ്രധാന  കാരണമായത്. “

അവസാനമായി മോഹൻ ബഗാനിലെ തന്റെ അനുഭവത്തെ കുറിച്ച് ബ്രിട്ടോ മനസ്സ് തുറന്നു “അതെ, ഐ ലീഗ് ചാമ്പ്യൻ എന്ന പദവി എന്റെ കരിയറിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. മികച്ച സ്പാനിഷ് പരിശീലകരും, സ്പാനിഷ് കളിക്കാരുമടങ്ങിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്ന് തന്നെയാണ്. ഇത് ഞാനെപ്പോഴും ഓർക്കും. എന്റെ കരിയറിലെ ഒരു സ്പെഷ്യൽ എക്സ്പീരിയൻസായി തന്നെ ഇത്‌ നിലനിൽക്കും. മോഹൻ ബഗാനിൽ എന്റെ കൂടെ ജോലി ചെയ്ത എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.”

For more football updates, follow Khel Now on TwitterInstagram and join our community on Telegram.