ഗോകുലം കേരളയെ 2019 ഡ്യൂറൻഡ് കപ്പ് നേടിയെടുക്കാൻ നയിച്ച മുഘ്യ പരിശീലകനാണ് സാന്റിയാഗോ വരേല.

ഗോകുലം കേരളയിൽ വരും സീസണിലേക്ക് സാന്റിയാഗോ വരേല തുടരില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പരിശീലകനെ നിയമിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

2017-18, 2019 -20 സീസണുകളിൽ ഗോകുലത്തെ വരേല പരിശീലിപ്പിച്ചിരുന്നു. ആദ്യ സീസണിൽ ഗോകുലത്തെ കേരള പ്രീമിയർ ലീഗ് ജേതാക്കളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ സ്വകാര്യ ബുദ്ധിമുട്ടുകൾ കാരണം ഐ ലീഗ് തുടങ്ങും മുൻപ് തന്നെ അദ്ദേഹം സ്പെയിനിലേക്ക് മടങ്ങുകയാണ് ഉണ്ടായത്.

തോട്ടടുത്ത സീസണിൽ വരേല തിരിച്ചെത്തുകയും ക്ലബ്ബിനെ ഡ്യൂറൻഡ് കപ്പ് നേടി കൊടുക്കുവാൻ സഹായിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ കപ്പ് ടൂർണമെന്റിൽ ഗോകുലത്തെ സെമി ഫൈനൽ വരെ എത്തിക്കാനും വരേലയ്ക്ക് സാധിച്ചു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കോവിഡ് മൂലം സീസൺ നേരെത്തെ അവസാനിപ്പിച്ചിരുന്നു. നിരവധി യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹം ക്ലബ്ബിന് നൽകിയ നേട്ടങ്ങൾക്ക് മാനേജ്‌മന്റ് നന്ദി അറിയിച്ചു.

ഈ നീക്കത്തെ കുറിച്ച ഗോകുലം കേരള പ്രസിഡന്റ് വി.സി പ്രവീൺ പറഞ്ഞതിങ്ങനെ – “ക്ലബ്ബിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്, അതൊരിക്കലും മറക്കാൻ കഴിയുകയില്ല. ഗോകുലത്തിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തു, ക്ലബ്ബിന് അദ്ദേഹം നേടികൊടുത്ത എല്ലാ നേട്ടങ്ങൾക്കും വേണ്ടി അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. പുതിയ പരിശീലകനെ തേടിയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് നിയമനം നടത്താനാകുമെന്ന് കരുതുന്നു.”

“എന്നിൽ വിശ്വാസമർപ്പിച്ച ക്ലബ്ബിനോട് എന്റെ നന്ദി അറിയിക്കുന്നു. ക്ലബ് പ്രെസിഡന്റിനോടും, കളിക്കാരോടും, സ്റ്റാഫിനോടും എന്റെ നന്ദി അറിയിക്കുന്നു. ഗോകുലത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ആരാധകരോട് എന്റെ പ്രേത്യേക സ്നേഹം അറിയിക്കുന്നു”, വരേല പറഞ്ഞു.

For more updates, follow Khel Now on Twitter, Instagram and join our community on Telegram.