പ്രാദേശികമായുള്ള യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലബ്ബിന്റെ ഈ നീക്കം.

കേരളത്തിന്റെ വടക്കേയറ്റത്ത് കാസറഗോഡ് ജനിച്ചു വളർന്ന രാഹുൽ കെപി ഗോകുലം കേരള എഫ്‌സിയുടെ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. ഗോകുലത്തിന്റെ അണ്ടർ 18 അക്കാദമി ടീമിലും റിസർവ് ടീമിലും കളിച്ച താരത്തിന് കഴിഞ്ഞ വർഷമാണ് ക്ലബ്ബിന്റെ സീനിയർ ടീമിൽ ഇടം നേടാൻ അവസരം ലഭിച്ചത്. ഗോകുലം കേരള എഫ്‌സിയുടെ അക്കാദമിയിൽ നിന്ന് ഭാവിയുടെ താരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ കഴിഞ്ഞ വർഷം ഡ്യുറണ്ട് കപ്പ്‌ ജേതാക്കളായ ഗോകുലം കേരളയുടെ ടീമിന്റെ ഒപ്പം കളിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ക്ലബ്ബിനൊപ്പം ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിലും ഐ-ലീഗിലും കളിച്ചിരുന്നു. ഗോകുലത്തിന്റെ വിങ്ങുകളിലൂടെ കളിക്കളത്തിൽ തന്റെ സാന്നിധ്യം പ്രകടമാക്കിയ രാഹുൽ കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ നാല് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങുകയും രണ്ട് അസിസ്റ്റുകൾ നേടുകയും ചെയ്തു.

2017/18 സീസണിൽ സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് രാഹുൽ കെപി എന്ന താരത്തെ ആരാധകർ ശ്രദ്ധിക്കുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ടൂർണമെന്റിൽ കേരളം കിരീടം ഉയർത്തിയപ്പോൾ നിലവിൽ ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായ ജിതിൻ എംഎസിനൊപ്പം ടൂർണമെന്റിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരമായി മാറി. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ അഞ്ച് ഗോളുകളാണ് രാഹുൽ കേരളത്തിന്‌ വേണ്ടി നേടിയത്.

” എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച ക്ലബ്ബാണ് ഗോകുലം കേരള എഫ്‌സി. ഒരിക്കൽ ഗോകുലം കേരള എഫ്‌സിയുടെ അക്കാദമിയുടെ ഭാഗമായിരുന്നു ഞാൻ. ഇന്ന് അടുത്ത മൂന്ന് വർഷം കൂടി ക്ലബ്ബിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ക്ലബ് എനിക്ക് സ്വന്തം വീട് പോലെയാണ്, ഒരു മലബാറിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ” – രാഹുൽ കെപി പ്രതികരിച്ചു.

” ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളായി വളർന്നു വരാൻ കഴിവുള്ള താരമാണ് രാഹുൽ. ഞങ്ങളുടെ അണ്ടർ 18 അക്കാദമി ടീമിൽ നിന്ന് തുടങ്ങി  റിസർവ് ടീമിലൂടെ വളർന്ന് കഴിഞ്ഞ വർഷം സീനിയർ ടീമിലേക്ക് മുന്നേറിയ താരമാണ് അവൻ. താരത്തിന്റെ കഠിനാധ്വാനം, ക്ലബ്ബിനോടുള്ള പ്രതിബദ്ധത, മികവ് പുലർത്താനുള്ള ആഗ്രഹം എന്നിവ കണക്കിലെടുക്കുമ്പോൾ ഗോകുലം കേരള എഫ്‌സിയുമായുള്ള ഈ കരാർ പുതുക്കൽ അവൻ അർഹിച്ചിരുന്നു. ” – ഗോകുലം കേരള എഫ്‌സിയുടെ സിഇഒ ഡോ. ബി അശോക് കുമാർ പ്രതികരിച്ചു.

” രാഹുൽ കെപിയുടെ കരാർ പുതുക്കൽ ക്ലബ്ബിനെ ഞങ്ങൾ ഭാവിയിൽ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നതിന്റെ ഉദാഹരണമാണ്.  ഞങ്ങളുടെ അക്കാദമികളിലൂടെ വളർന്നു വന്ന താരമാണ് രാഹുൽ. കളിക്കളത്തിലെ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന്റെ കരാർ പുതുക്കാൻ ഞങ്ങൾ മുന്നോട്ട് വന്നത്. കേരളത്തിലെ പ്രാദേശിക താരങ്ങൾക്ക് ഞങ്ങളുടെ ക്ലബ്ബിലൂടെ അവസരം ലഭിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ” – ക്ലബ്ബിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ സംസാരിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.