മോഹൻബഗാനൊപ്പവും മിനർവാ പഞ്ചാബ് എഫ്‌സിക്കുമൊപ്പം ഐ ലീഗ് ജേതാവായ താരമാണ് ദീപക്.

ഭുരി എന്ന് വിളിക്കപ്പെടുന്ന, ഡൽഹിയിൽ ജനിച്ചു വളർന്ന ദീപക് ദേവ്റാനി ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. തുടർന്ന് ഈസ്റ്റ്‌ ബംഗാളിന്റെ ഫുട്ബോൾ അക്കാദമിയിലും താരം പരിശീലനം നേടി. ഇന്ത്യയുടെ അണ്ടർ 16 ദേശീയ ടീം അംഗമായിരുന്ന ദീപക് ദേവ്റാനി അവിടെ നിന്ന് 2010-11 സീസണിൽ ഐ ലീഗ് കളിക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ഡെവലപ്പ്പിങ് ടീമായ പാലിയൻ ആരോസിൽ (നിലവിൽ ഇന്ത്യൻ ആരോസ് ) ചേർന്നു. എന്നാൽ ആ സീസണിൽ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചത്. തൊട്ടടുത്ത സീസണിൽ കാൽമുട്ടിനേറ്റ പരിക്കുമൂലം ടീമിനായി 20 മത്സരങ്ങളിൽ നിന്ന് താരത്തിന് വിട്ടുനിൽക്കേണ്ടി വന്നു.

അടുത്ത സീസണിൽ ഐ ലീഗിലെ ഗോവൻ ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ഡെ ഗോവയിൽ ചേർന്ന താരം സീസണിനൊടുവിൽ ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റിയിലേക്ക് ചേക്കേറി. എന്നാൽ സൈൻ ചെയ്ത ഉടൻ തന്നെ ക്ലബ്‌ ദീപകിനെ മോഹൻ ബഗാനിലേക്ക് വായ്പാടിസ്ഥാനത്തിൽ അയച്ചു. ആ സീസണിൽ മോഹൻബഗാനൊപ്പം താരം ഐ ലീഗ് കിരീടമുയർത്തി. തൊട്ടടുത്ത സീസണിൽ മിനർവാ പഞ്ചാബിലെത്തിയ താരം അവിടെയും ഐ ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായി.

കഴിഞ്ഞ സീസണിൽ മണിപ്പൂരിൽ നിന്നുള്ള ഐ-ലീഗ് ടീമായ ട്രാവു എഫ്‌സിയുടെ താരമായിരുന്നു ഈ ഇരുപത്തിഴുകാരൻ. ട്രാവു എഫ്‌സിയുടെ പ്രതിരോധത്തിൽ മുഖ്യ പങ്കുവച്ച ഈ സെന്റർബാക്ക് ടീമിനായി രണ്ട് ഗോളുകൾ നേടുകയും ചെയ്തു. ടീമിൽ കിടയറ്റ പ്രതിരോധം തീർക്കുന്നതിനൊപ്പം തന്നെ ഗോളുകൾ നേടാൻ കൂടി പരിശ്രമിക്കുന്ന താരമാണ് ദീപക്.

“ ഗോകുലം കേരള എഫ്‌സിയോടൊപ്പം എന്റെ കരിയറിലെ ഹാട്രിക്ക് ഐ ലീഗ് കിരീടം നേടാൻ ആഗ്രഹിക്കുന്നു. ക്ലബ്ബിലെ ഈ ടീമിനൊപ്പം കിരീടം നേടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഹാട്രിക്ക് നേട്ടത്തിന് ഞാൻ കഠിനമായി പ്രയത്നിക്കുമെന്നും ആ ട്രോഫി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ഫുട്ബോൾ ആരാധകർക്ക് സമ്മാനിക്കുകയും ചെയ്യും. ”ദീപക് ദേവ്‌റാനി പറഞ്ഞു.

“ ദീപക് ദേവ്‌റാനിയെ ടീമിൽ എത്തിക്കാനായതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഒരു ധീരനായ പ്രതിരോധനിരക്കാരനും പരിചയസമ്പന്നനുമായ കളിക്കാരനാണ് അവൻ. അവൻ ഞങ്ങളുടെ ടീമിന് കൂടുതൽ ബലം നൽകും, ഒരു മുതൽക്കൂട്ടായിരിക്കും. ”ഗോകുലം കേരള എഫ്‌സിയുടെ സിഇഒ ഡോ. ബി അശോക് കുമാർ പറഞ്ഞു.

“ഈ വർഷം ഞങ്ങൾക്ക് ശക്തമായ ഒരു ടീം ഉണ്ട്. ദേവ്രാനിയെപ്പോലുള്ള പരിചയസമ്പന്നരായ കളിക്കാർ ഇത്തവണ ലീഗ് നേടാൻ ടീമിനെ സഹായിക്കും. ഗോകുലത്തിലെ അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു, ”ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.