മലേഷ്യ, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പന്നനായ താരമാണ് അഗ്യാര.

പുതിയ ഐ ലീഗ് സീസണിലേക്കായി ഘാന സ്‌ട്രൈക്കർ ഡെന്നിസ് ആന്റ്‌വി അഗ്യാരയുമായി കരാർ ഒപ്പുവെച്ച് ഗോകുലം കേരള എഫ്‌സി. മലേഷ്യ, സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകളിൽ കളിച്ച് പരിചയസമ്പത്ത് നേടിയ താരമാണ് ഈ ഇരുപതിയെഴുകാരൻ.

ഘാനയിലെ അക്രയിൽ ജനിച്ച ഡെന്നിസ് ആൻറ്വി അഗ്യാര പന്ത്രണ്ടാം വയസ്സുമുതൽ നഗരത്തിലെ ആക്ര അക്കാദമിയിലൂടെയാണ് ഫുട്ബോൾ പരിശീലനം നേടിയത്. തുടർന്ന് ഘാന പ്രീമിയർ ലീഗിലെ ക്ലബ്ബായ ആക്ര ഹാർട്സ് ഓഫ് ഓകിലൂടെയാണ് താരം പ്രൊഫെഷണൽ ഫുട്ബോൾ കരിയറിന് തുടക്കം കുറിക്കുന്നത്.

പിന്നീട് 18 വയസ്സുള്ളപ്പോൾ, 2011ൽ മലേഷ്യൻ സൂപ്പർ ലീഗ് ടീമായ കെലാന്റൻ എഫ്‌സിയുമായി അദ്ദേഹം കരാർ ഒപ്പുവെച്ചു. ക്ലബ്ബിനൊപ്പം മലേഷ്യൻ സൂപ്പർ ലീഗും മലേഷ്യൻ എഫ്എ കപ്പും നേടിയ ആൻറ്വിക്ക് ആ സീസൺ തന്റെ കരിയറിലെ സുപ്രധാന വഴിതിരിവ് ആയിരുന്നു. ക്ലബ്ബിന് വേണ്ടിയുള്ള അരങ്ങേറ്റ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ താരം നേടി.

തുടർന്ന് അടുത്ത സീസണിൽ മറ്റൊരു മലേഷ്യൻ ക്ലബ്ബായ പേർലിസ് എഫ്‌സിയിലേക്ക് താരം വയ്പാടിസ്ഥാനത്തിൽ നീങ്ങി. സീസണിനോടുവിൽ ഘാനയിലേക്ക് മടങ്ങിയ താരം ഇന്റർനാഷണൽ എല്ലിസ് എഫ്‌സിയിൽ ചേർന്നു. 12 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ താരം വിജയകരമായ ഒരു സീസണിന് ശേഷം സ്വീഡിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്സി റോസെൻഗാർഡ് 1917ന്റെ ഭാഗമായി.

സ്വീഡിഷ് ക്ലബ്ബിനൊപ്പം സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി താരം പിന്നീട് നോർവിജിയൻ ക്ലബ് എഫ്കെ ജെർവിൽ എത്തുകയായിരുന്നു. അവിടെയും 10 ഗോളുകളോളം നേടി താരം. പിന്നീട് മറ്റൊരു ഒന്നാം ഡിവിഷൻ നോർവിജിയൻ ക്ലബ്ബായ ഐകെ സ്റ്റാർട്ടിന്റെ ഭാഗമായ താരം 29 മത്സരങ്ങളിൽ നിന്ന് പത്തോളം ഗോളുകൾ നേടി. തുടർന്ന് താരം നോർവേയിലെ അസനെയിലും സ്വീഡനിലെ രണ്ടാം ഡിവിഷനിലെ ട്രല്ലെബോർഗ്സിന്റെയും ഭാഗമായി.

“ഗോകുലം കേരള എഫ്‌സിയുടെ ഭാഗമാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ക്ലബിന് കൃത്യമായ ഒരു വീക്ഷണം ഉണ്ട്, അത് കൃത്യമായതുമാണ്. അവരുടെ ചിന്തകൾ എന്നെ വളരെയധികം ആകർഷിച്ചു. അവരുടെ പുതിയ പരിശീലകനുമായി സംസാരിച്ചപ്പോൾ, ഗോകുലം എനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ് ആണെന്ന് എനിക്ക് മനസിലായി. ഈ സീസണിൽ കിരീടം നേടികൊണ്ട് ഗോകുലം കേരള എഫ്‌സിയുടെ ആരാധകരെ സന്തോഷവാന്മാരാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ എന്റെ ടീമംഗങ്ങൾക്ക് ഒപ്പം പരിശീലനം ആരംഭിക്കാൻ ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നു ” – ആന്റ്‌വി സംസാരിച്ചു.

” ഒരു ജേതാവിന്റെ മാനസികാവസ്ഥയുള്ള കളിക്കാരനാണ് ആന്റ്‌വി. സ്വീഡനിലും നോർവേയിലും ലീഗുകളിൽ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. താരത്തെ കളിക്കളത്തിൽ വിങ്ങർ, സെന്റർ ഫോർവേഡ്, സെക്കന്റ്‌ സ്ട്രൈക്കർ എന്നീ സ്ഥാനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ പ്രധാന സവിശേഷത വേഗവും ശക്തിയുമാണ്.അദ്ദേഹത്തിന് ക്ലബ്ബിനൊപ്പം വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” – ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ ആനിസ് പ്രതികരിച്ചു.

” വരാനിരിക്കുന്ന ഐ ലീഗ് സീസണിൽ ആന്റ്‌വി ഞങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഞങ്ങൾക്കൊരു പരിചയസമ്പന്നനായ ഒരു താരത്തെ ആവശ്യമായിരുന്നു, ആന്റ്‌വി അതിന് അനുയോജ്യനാണ്. വരാനിരിക്കുന്ന സീസണിൽ ഒരു ചാമ്പ്യൻസ് സ്ക്വാഡ് നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ” – ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രതികരിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.