Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഗർഹ്വാൾ എഫ്‌സിയുടെ മുൻ വൈസ് ക്യാപ്റ്റൻ മഹിപ് അധികാരി ഗോകുലം കേരള എഫ്‌സിയിൽ

Published at :November 7, 2020 at 2:59 AM
Modified at :November 7, 2020 at 2:59 AM
Post Featured Image

Dhananjayan M


ഈയിടെ അവസാനിച്ച ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ ഡൽഹി ക്ലബ്ബായ ഗർഹ്വാൾ ഹീറോസ് എഫ്‌സിയുടെ താരമായിരുന്നു മഹിപ്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഗർഹ്വാൾ എഫ്‌സിയിൽ നിന്ന് മധ്യനിര താരം മഹിപ് അധികാരിയെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ മാസം കൊൽക്കത്തയിൽ വെച്ച് നടന്ന ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ ഗർഹ്വാൾ എഫ്‌സിയുടെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ.

യോഗ്യത ടൂർണമെന്റിൽ ഗർഹ്വാൾ എഫ്‌സിക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ അംഗമായിരുന്നു മാഹിപ്. ടൂർണമെന്റിൽ നാല് അസ്സിസ്റ്റുകളുമായി തിളങ്ങിയ മഹിപിന്റെ കളിക്കളത്തിലെ പ്രകടനത്തെ തുടർച്ചയായി നിരീക്ഷിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ഗോകുലം കേരള എഫ്‌സി താരവുമായി കരാർ ഒപ്പിട്ടത്.

https://twitter.com/GokulamKeralaFC/status/1324653898573860864

ഒരിക്കലും ഒന്നിൽ നിന്നും പിന്മാറാത്ത മനോഭാവമുള്ള കളിക്കാരനാണ് മഹിപ്. അതോടൊപ്പം കളിക്കളത്തിൽ തന്റെ കഴിവിന്റെ പരമാവധി നൽകാനും താരം ശ്രമിക്കാറുണ്ട്. എതിർ ടീമിന്റെ പ്രതിരോധ നിരയെ മുറിച്ച് കടക്കുന്ന രീതിയിലുള്ള പാസ്സുകൾ നൽകാൻ കഴിവുള്ള താരം ഗോകുലം കേരള എഫ്‌സിയുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ കരിയർ ആരംഭിച്ച മഹിപ് ഡൽഹിയെ അണ്ടർ 14 വിഭാഗത്തിൽ പ്രതിനിധികരിച്ചിട്ടുണ്ട്. ഡൽഹിയിലെ ഗർഹ്വാൾ ഹീറോസിന്റെ അക്കാദമിയിൽ ചേരുന്നതിന് മുൻപ് ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിൽ നിന്ന് ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ താരം ടീമിനൊപ്പം അണ്ടർ 18 യൂത്ത് ലീഗിന്റെ ഭാഗമായിട്ടുണ്ട്.

ഗർഹ്വാളിന്റെ അക്കാദമിയിൽ എത്തിയ താരം തുടർന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി എടുക്കുകയായിരുന്നു. 2018/19 സീസണിൽ സന്തോഷ്‌ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുണ്ട് താരം. മഹിപ് തന്റെ കരിയറിൽ ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകളിലും വിദേശത്ത് വെച്ച് നടന്ന ധാരാളം ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി പോർട്ടുഗൽ, നോർവേ തുടങ്ങിയ രാജ്യങ്ങളിലേക്ക് താരം സഞ്ചരിച്ചിട്ടുണ്ട്.

"മലബാറിയൻസ് ഫുട്ബോൾ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് കൂടാതെ ഒരു ഐലീഗ് ടീം എന്നെ സ്കൗട്ട് ചെയ്ത് ടീമിൽ എത്തിച്ചത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് എന്റെ കരിയറിലെ ഒരു പ്രധാനപെട്ട ഘട്ടമാണ്, കൂടാതെ ക്ലബിനെ സഹായിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും. പരിശീലനത്തിനായി കോഴിക്കോട് എത്താൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. " - കരാർ ഒപ്പ് വെച്ചതിന് ശേഷം മഹിപ് പ്രതികരിച്ചു.

" യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ തന്നെ മഹിപ് ഞങ്ങളിൽ മതിപ്പുണ്ടാക്കി. അവന്റെ കരിയറിലെ ട്രാക്ക് റെക്കോർഡ് പരിശോധിച്ച് ഉറപ്പിക്കുകയും അത് മികച്ചതായി കണ്ടെത്തുകയും ചെയ്തു. ഐ ലീഗ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഐ-ലീഗിലേക്കുള്ള ഈ മാറ്റം താരത്തിന് ഒരുപാട് ഗുണം ചെയ്യും. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമായി സ്വയം മുന്നേറാൻ ഗോകുലം കേരള എഫ്‌സി നൽകുന്ന അവസരം അവൻ നന്നായി ഉപയോഗിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. " - ഗോകുലം കേരള എഫ്‌സിയുടെ സിഇഒ ഡോ. ബി അശോക് കുമാർ പ്രതികരിച്ചു.

" ഗോകുലം കേരള എഫ്‌സിക്ക് കൃത്യമായ ഒരു വീക്ഷണം ഉണ്ട്. ആ ദിശയിലേക്കാണ് ക്ലബ് നീങ്ങുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭാവിയിൽ ക്ലബ്ബിന്റെ മുഖം ആയി മാറാൻ സാധിക്കുന്ന നിരവധി യുവതാരങ്ങളുമായി ഞങ്ങൾ കരാറിൽ എത്തിയിട്ടുണ്ട്. മഹിപിനെ ഗോകുലം കേരള എഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും, ആശംസകൾ നേരുകയും ചെയ്യുന്നു. " - ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രതികരിച്ചു.

Advertisement