ആദ്യ സീസണിൽ തന്നെ ക്ലബ്ബിനൊപ്പം ഐ ലീഗ് കിരീടം നേടിയ കോച്ചാണ് വിൻസെൻസോ അന്നീസ്.

ഗോകുലം കേരള എഫ്‌സിയുടെ മുഖ്യപരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസുമായി ഒരു വർഷത്തേക്ക് ‌കരാർ പുതുക്കിയാതായി ഗോകുലം കേരള എഫ്‌സി ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ഐ ലീഗ് കിരീടം നേടിയതിന്റെ ബാക്കിപത്രമായിരുന്നു പരിശീലകന്റെ കരാർ നീട്ടുന്നതിനുള്ള ക്ലബ്ബിന്റെ തീരുമാനം.

” വിൻസെൻസോ ആൽബർട്ടോ അന്നീസ് ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ ഒപ്പിട്ടതായി ഗോകുലം കേരള എഫ്‌സി സന്തോഷത്തോടെ അറിയിക്കുന്നു. ക്ലബ്ബിനെ അടുത്ത സീസണിൽ ഐ ലീഗ് കിരീടം നിലനിർത്തുന്നതിനുള്ള പോരാട്ടത്തിലേക്കും എഎഫ്‌സി കപ്പിലേക്കും നയിക്കുന്നത് ഇറ്റാലിയൻ കോച്ച് തന്നെ ആയിരിക്കുമെന്നാണ് ഈ കരാർ പുതുക്കൽ കൊണ്ട് അർത്ഥമാക്കുന്നത്. ” – ക്ലബ് ഔദ്യോഗിക പത്രകുറിപ്പിൽ വ്യക്തമാക്കി.

” വീണ്ടും ഗോകുലം കേരള എഫ്‌സി കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ആവേശത്തിലാണ്.  അടുത്ത സീസണിലേക്കായുള്ള ലക്ഷ്യങ്ങൾ ഞങ്ങൾ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾക്ക് വീണ്ടും ഐ ലീഗ് നേടേണ്ടതുണ്ട് കൂടാതെ എ‌എഫ്‌സി കപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അടുത്ത വർഷത്തേക്കും ഗോകുലത്തോടൊപ്പമുള്ള എന്റെ പ്രോജക്റ്റ് തുടരാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ”പുതിയ കരാർ ഒപ്പിട്ട ശേഷം കോച്ച് അന്നീസ് പ്രതികരിച്ചു. മലേഷ്യ, ബെലിസ്, ഘാന, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി കരിയർ പൂർത്തിയാക്കിയതിനു ശേഷമാണ് കോച്ച് ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ എന്നെ വളരെ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച അദ്ദേഹം തുടർന്ന് ടീമിനെ  ലീഗ് ജേതാക്കൾ ആക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ കീഴിൽ ലീഗിൽ ടീം കളിച്ച 15 മത്സരങ്ങളിൽ ഒൻപതെണ്ണം വിജയിക്കുകയും രണ്ടെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. ടീം ആകെ നേടിയത് 31 ഗോളുകൾ ആണ്. കൂടാതെ താരങ്ങളിൽ ശക്തമായി വിജയതൃഷ്ണ രൂപപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പല മത്സരങ്ങളിലും പുറകിൽ നിന്ന ശേഷമുള്ള ടീമിന്റെ തിരിച്ചു വരവ് ഇത് അടിവരയിടുന്നുണ്ട്. അതിനാലാണ് കേരളത്തിൽ നിന്ന് ഐ ലീഗ് ടൈറ്റിൽ നേടുന്ന, എഎഫ്‌സി കപ്പ് കളിക്കുന്ന ആദ്യ ക്ലബ്ബായ് മാറാനും ഗോകുലത്തിന് സാധിച്ചത്.

” മുഖ്യ പരിശീലകനുമായുള്ള കരാർ നീട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.  ഏഷ്യയിലും വിജയങ്ങൾ തുടരാൻ അദ്ദേഹത്തിന് കഴിയുമെന്ന് ക്ലബ്ബിന് പൂർണ്ണ വിശ്വാസമുണ്ട്.  അടുത്ത സീസണിൽ അദ്ദേഹത്തിന് മികച്ചനേട്ടം ഉണ്ടാക്കാൻ സാധിക്കട്ടെ ഞങ്ങൾ ആശംസിക്കുന്നു. ” – ഗോകുലം കേരള എഫ്‌സിയുടെ ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

” ഞങ്ങളുടെ ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ ആനിസുമായുള്ള കരാർ പുതുക്കൽ ഞങ്ങളുടെ ക്ലബിനും കേരള ഫുട്ബോളിനും ഒരു സന്തോഷ വാർത്ത തന്നെയാണ് . ഈ കരാർ പുതുക്കിയതിന് ഞങ്ങളുടെ  ചെയർമാൻ ഗോകുലം ഗോപാലൻ സാറിനോടും പ്രസിഡന്റ് പ്രവീൺ സാറിനോടും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.  അദ്ദേഹം വന്നു, അദ്ദേഹം കണ്ടു, ഞങ്ങളുടെ കളിക്കാരുടെയും ക്ലബ് മാനേജ്മെന്റിന്റെയും പിന്തുണയോടെ അദ്ദേഹം വിജയിച്ചു. 2020-21ലെ ഐ-ലീഗ് ചാമ്പ്യൻഷിപ്പ് നേടുന്നതിന് വേണ്ടി മൈതാനത്തും പുറത്തും ഒരു ‘അവിശ്വസനീയമായ ടീമിനെ’ നയിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ” -ഗോകുലം കേരളയുടെ സിഇഒ ഡോ. ബി. അശോക് കുമാർ പ്രതികരിച്ചു.

” വിൻസെൻസോയ്‌ക്കൊപ്പം കേരള ഫുട്‌ബോളിലേക്ക് കൂടുതൽ കിരീടങ്ങൾ നൽകി ക്ലബ് മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലവാരത്തിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.” – അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram