എണ്ണത്തിൽ കുറവാണെങ്കിലും കളിച്ച മലയാളി താരങ്ങൾക്കെല്ലാം തങ്ങളുടെ മികവ് തെളിയിക്കാൻ ഐ-ലീഗ് യോഗ്യത മത്സരങ്ങളിലൂടെ കഴിഞ്ഞു.

ഈ വർഷം തുടക്കത്തിൽ ലോകമെങ്ങും കോവിഡ് 19 പകർച്ചവ്യാധി മൂലം എല്ലാ കായിക മത്സരങ്ങൾക്കും അതത് രാജ്യങ്ങൾ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലോകോത്തര സ്റ്റേഡിയങ്ങൾ പോലും കാൽപന്തിന്റെ ചലനവും ആരാധകരുടെ ആരവങ്ങളും ഇല്ലാതെ അടഞ്ഞു കിടന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തുടർന്ന് ലോകമെങ്ങും കാൽപന്ത് പോരാട്ടങ്ങൾ നിയന്ത്രണങ്ങളോടെ തിരികെ വന്നപ്പോൾ ഇന്ത്യയിലെ മുഖ്യധാര ഫുട്ബോൾ, കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിച്ച് കൊൽക്കത്തയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലെ 2020/21 സീസണിലേക്കുള്ള ഐ-ലീഗ് യോഗ്യത മത്സരങ്ങളിലൂടെ തിരിച്ചെത്തി.

എഫ്‌സി ബെംഗളൂരു യുണൈറ്റഡ്, മുഹമ്മദൻ സ്പോർട്ടിങ്, ഭവാനിപോർ എഫ്‌സി, എആർഎ എഫ്‌സി, ഗർഹ്വാൾ എഫ്‌സി തുടങ്ങിയ ടീമുകൾ ടൂർണമെന്റിന് മുന്നോടിയായി താരങ്ങളെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു. എങ്കിലും ഈ ടീമുകളുമായി കരാറിലെത്തിയ മലയാളി ഫുട്ബോൾ താരങ്ങളുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമായിരുന്നു. അതിൽ തന്നെ കളിക്കളത്തിൽ അവസരം ലഭിച്ചവരും കുറവാണ്. 2020/21 സീസണിലേക്കുള്ള ഐ-ലീഗ് യോഗ്യത ടൂർണമെന്റിൽ വിവിധ ടീമുകൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് മലയാളി താരങ്ങളെ പരിചയപ്പെടാം.

5. ഗനി അഹ്‌മദ്‌ നിഗം – മുഹമ്മദൻ സ്പോർട്ടിങ്

മുൻ ഐഎസ്എൽ ക്ലബ്ബായ പൂനെ സിറ്റിയുടെ റിസർവ് ടീമിലൂടെ വളർന്നു വന്ന യുവതാരമാണ് കോഴിക്കോടുകാരനായ ഗനി നിഗം. 2017ൽ ഐഎഫ്എ ഷീൽഡിൽ മോഹൻബഗാനെ തോൽപ്പിച്ച് പൂനെ അണ്ടർ-19 ടീം കിരീടം നേടിയപ്പോൾ ഇരട്ടഗോളുകളോടെ ഗനി അഹ്‌മദ്‌ ദേശീയ തലത്തിൽ ശ്രദ്ധ നേടി. തുടർന്ന് 2017/18 സീസണിൽ കോഴിക്കോട് ആസ്ഥാനമായ ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയുടെയും ഭാഗമായ താരം ടീമിന് വേണ്ടി ഗോൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിയുടെ ഭാഗം ആയിരുന്നു നിഗം. തുടർന്നാണ് ഐ ലീഗ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻസ് ഇരുപത്തിരണ്ടുകാരനായ താരത്തെ സ്വന്തമാക്കിയത്.

ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയവും ഒരു സമനിലയും കരസ്ഥമാക്കിയ മുഹമ്മദൻസിനൊപ്പം ഐ ലീഗ് യോഗ്യത നേടിയെടുത്ത താരം ക്ലബിന് വേണ്ടി ടൂർണമെന്റിലാകെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കൂടാതെ ക്ലബിന് ഐ-ലീഗ് യോഗ്യത നേടിയെടുക്കാനുള്ള നിർണായകമായ മത്സരത്തിൽ ഭവാനിപോരിന് എതിരായി രണ്ടാം പകുതിയിൽ  പകരക്കാരൻ ആയി കളിക്കളത്തിൽ ഇറങ്ങി 67 ആം മിനുട്ടിൽ ഗോൾ നേടുകയായിരുന്നു താരം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുഹമ്മദൻസ് ആ മത്സരം ജയിച്ചപ്പോൾ ക്ലബ്ബിനെ കാത്തിരുന്നത് ആറ് വർഷങ്ങൾക്ക് ശേഷം ഐ-ലീഗിലേക്കുള്ള തിരിച്ചു വരവിനുള്ള അവസരമായിരുന്നു. ടൂർണമെന്റിൽ ടീമിനൊപ്പം നാല് മത്സരങ്ങളിലും കളിക്കളത്തിൽ ഇറങ്ങിയ താരം ആദ്യ മത്സരത്തിൽ ഒഴിച്ച് മൂന്നെണ്ണത്തിൽ പകരക്കാരന്റെ വേഷത്തിൽ ആയിരുന്നു.

4. അഫ്ദാൽ വരിക്കോടൻ – ഗർഹ്വാൾ എഫ്‌സി

2020/21 ഐ-ലീഗ് യോഗ്യത റൗണ്ടിൽ ഗോൾ കണ്ടെത്തിയ മറ്റൊരു മലയാളിയാണ് ഡൽഹി ക്ലബ്ബായ ഗർഹ്വാൾ ഹീറോസിന്റെ അഫ്ദാൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന്റെ മുൻ നായകൻ കൂടി ആയിരുന്ന അഫ്ദാൽ ലോകോത്തര ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ നടത്തിയ ടാലെന്റ് ഹണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട് ഇംഗ്ലണ്ടിലെ ക്ലബ്ബിന്റെ സോക്കർ സ്കൂളിൽ ട്രെയിനിങ് നടത്തിയ താരമാണ്. തൊട്ടടുത്ത വർഷം അഫ്ദാൽ ഈഗിൾസ് എഫ്‌സിയുടെ ഒപ്പം കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു. തുടർന്ന് 2017/18ൽ കേരള ഫുട്ബോൾ ടീമിനൊപ്പം സന്തോഷ്‌ ട്രോഫി കിരീടം നേടിയ താരം സെമിയിൽ മിസോറാമിനെതിരെ നിർണായക ഗോൾ നേടി ടീമിനെ ഫൈനലിൽ എത്തിച്ചു.തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയ താരം റിസർവ് ടീമിന്റെ ക്യാപ്റ്റൻ ആയി രണ്ടാം ഡിവിഷൻ ഐ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്ലബ്ബിനെ നയിച്ചു.

ALSO READ: അനുഭവസമ്പത്തിന്റെ കരുത്തുമായി കടല് കടന്നെത്തുന്ന കൊമ്പന്മാർ

നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു സമനിലയുമായി പോയിന്റ് ടേബിളിൽ അവസാനമായിരുന്നു ഗർഹ്വാൾ എഫ്‌സി ടൂർണമെന്റ് അവസാനിപ്പിച്ചത്. മുഹമ്മദൻസിനും ബംഗളുരു യുണൈറ്റഡിനും എതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് അഫ്ദാലിന് പകരക്കാരൻ ആയി ഇറങ്ങാൻ അവസരം ലഭിച്ചത്. മൂന്നാമത്തെ മത്സരത്തിൽ ഭവാനിപോരിന് എതിരെ 12 ആം മിനുട്ടിൽ വിദേശസ്ട്രൈക്കർ ആയ വിക്ടർ ഫിലിപ്പിനെ പിൻവലിച്ചാണ് കോച്ച് അഫ്ദാലിനെ കളത്തിൽ ഇറക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ഗർഹ്വാൾ തോറ്റെങ്കിലും അഫ്ദാൽ ടീമിന് വേണ്ടി ആശ്വാസഗോൾ നേടി. അവസാന മത്സരത്തിൽ എആർഎ എഫ്‌സിക്ക് എതിരെ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയും ചെയ്തു.

3. മുഹമ്മദ്‌ ഷഫീർ – ഗർഹ്വാൾ എഫ്‌സി

Muhammed Shafeer

ഐ ലീഗ് യോഗ്യത റൗണ്ടിൽ ഗർഹ്വാൾ എഫ്‌സിക്ക് വേണ്ടി കളിച്ച മറ്റൊരു മലയാളി താരമാണ് മുഹമ്മദ്‌ ഷഫീർ. മലപ്പുറം എംഎസ്പി സ്കൂളിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച ഷഫീർ 2012ലെ സുബ്രതോ കപ്പിൽ ഫൈനലിൽ എത്തിയ എംഎസ്പി ടീമിലെ അംഗമായിരുന്നു. പിന്നീട് പൂനെയിലെ ഡി‌എസ്‌കെ ശിവാജിയൻസ്-ലിവർപൂൾ എഫ്‌സി അക്കാദമിയിലൂടെ വളർന്ന താരം തുടർന്ന് 2018ൽ കാലിക്കറ്റ്‌ സർവകലാശാലയോടൊപ്പം ദേശീയ കിരീടം നേടി. പിന്നീട് ഗോകുലം കേരള എഫ്‌സിയിൽ ചേർന്ന താരം റിസർവ് ടീമിനൊപ്പം രണ്ടു സീസണുകൾ കേരള പ്രീമിയർ ലീഗിൽ കളിച്ചു. കൂടാതെ ക്ലബ്ബിനൊപ്പം 2019ൽ ബോഡുസാ കപ്പ്‌ ജേതാവായിട്ടുണ്ട് താരം.

മൂന്ന് മാസത്തെ കരാറിലാണ് ഗർഹ്വാൾ എഫ്‌സി മധ്യനിര താരമായ ഷഫീറിനെ ക്ലബ്ബിൽ എത്തിക്കുന്നത്. ടൂർണമെന്റിലെ നാല് മത്സരത്തിൽ മൂന്നെണ്ണത്തിലും ആദ്യ പതിനൊന്നിൽ അംഗമായിരുന്ന ഷഫീർ ടീമിന് വേണ്ടി കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുഹമ്മദൻസിന് എതിരായ ആദ്യ മത്സരത്തിൽ പെനാൽറ്റി ബോക്സിന് മുന്നിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് ഷഫീർ നല്ല രീതിയിൽ തന്നെ ബോക്സിൽ എത്തിച്ചെങ്കിലും ഗോൾ കീപ്പർ പ്രിയന്ത് സിങ് പന്ത് കൈപിടിയിൽ ഒതുക്കുകയായിരുന്നു. കളിക്കളത്തിൽ മധ്യനിരയിൽ കളി നിയന്ത്രിച്ചും എതിർ ടീമിന്റെ ഗോൾ പോസ്റ്റിലേക്ക് ലോങ്ങ്‌ റേഞ്ചറുകൾ തൊടുത്തും താരം സജീവമായിരുന്നു.

2. അഖിൽ പി – എഫ്‌സി ബംഗളുരു യുണൈറ്റഡ്

എഫ്‌സി ബംഗളുരു യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയ മലയാളി മധ്യനിര താരമാണ് മുൻ എഫ്‌സി തൃശ്ശൂർ നായകൻ കൂടിയായ അഖിൽ. കേരള പ്രീമിയർ ലീഗ് ക്ലബ്ബായ എഫ്‌സി തൃശ്ശൂരിലൂടെയാണ് അഖിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ടീമിനൊപ്പം തൃശ്ശൂർ ജില്ല ഡിവിഷനിലും കേരള പ്രീമിയർ ലീഗിലും താരം കളിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ 2016/17 സീസണിൽ എഫ്‌സി തൃശ്ശൂരിനൊപ്പം റണ്ണേഴ്‌സ്അപ്പ്‌ ആയിട്ടുണ്ട്. തുടർന്ന് മിനർവ പഞ്ചാബ് എഫ്‌സിയിൽ കളിച്ച താരം പിന്നീട് തിരികെ കേരളത്തിൽ മടങ്ങിയെത്തി ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കുന്ന എഫ്‌സി കേരളയോടൊപ്പം ചേരുകയായിരുന്നു. അവിടെ നിന്നാണ് താരത്തെ ബംഗളുരു യുണൈറ്റഡ് സ്വന്തമാക്കിയത്.

നാല് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ ആദ്യ പതിനൊന്നിൽ ഇടം നേടിയ അഖിൽ മറ്റു മത്സരങ്ങളിൽ പകരക്കാരനായാണ് കളിക്കളത്തിൽ ഇറങ്ങിയത്.ടീമിന്റെ മധ്യനിരയിൽ റൊണാൾഡോ ഒലിവേരക്കും വില്യം ഓപ്പകുവിനുമൊപ്പം ടീമിന്റെ കളി മെനഞ്ഞ താരമാണ് അഖിൽ. കളിക്കളത്തിൽ ഡിഫെൻസീവ് മിഡ്‌ഫീൽഡറായി കളി നിയന്ത്രിച്ച അഖിൽ ടീമിന്റെ പ്രതിരോധത്തിനൊപ്പം തന്നെ മുന്നേറ്റത്തിലും പങ്കുവഹിച്ചു.

1.ശ്രീക്കുട്ടൻ – എആർഎ എഫ്‌സി

ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ ARA എഫ്‌സിക്ക് വേണ്ടി ബൂട്ട് കെട്ടിയ യുവ മലയാളി മുന്നേറ്റ താരമാണ് ശ്രീക്കുട്ടൻ വിഎസ്. മൈതാനത്തിന്റെ ഇരുവശങ്ങളിലും ഒരേ പോലെ വിങ്ങർ ആയി കളിക്കാൻ കഴിയുന്ന ശ്രീക്കുട്ടൻ കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ എഫ്‌സി കേരളയുടെ മുൻ താരമാണ്. 2018ൽ സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു ശ്രീക്കുട്ടൻ.

ARA എഫ്‌സിയുടെ ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ മൂന്നിലും ആദ്യ പതിനൊന്നിൽ ഇടം പിടിച്ച താരമാണ് ശ്രീക്കുട്ടൻ. വലത് വിങ്ങിലൂടെ നിരന്തരം മുന്നേറിയ താരം ക്രോസുകളിലൂടെ എതിർ ടീമുകളുടെ ബോക്സിനെ നിരന്തരം വിറപ്പിച്ചു കൊണ്ടിരുന്നു. കളിക്കളത്തിൽ മികച്ച വേഗത്തിൽ മുന്നേറാൻ സാധിക്കുന്ന ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ശ്രീക്കുട്ടൻ കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും ഒരു മുതൽക്കൂട്ടാണ്.

For more updates, follow Khel Now on Twitter and join our community on Telegram.