ആരാധകരുടെ ഇഷ്ടതാരവും  കളിക്കളത്തിലെ ഉറച്ച പോരാളിയുമാണ് സന്ദേശ് ജിങ്കൻ.

കഴിഞ്ഞ എ.ഫ്.സി ടൂർണമെന്റിൽ ഡിഫെൻസിനെ മികച്ച രീതിയിൽ കളിച്ചു മുന്നേറാൻ ജിങ്കൻ പ്രധാന പങ്കാണ് വഹിച്ചത്. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യയെ പല തവണ ക്യാപ്റ്റൻ എന്ന നിലയിൽ നയിക്കാനുള്ള അവസരവും അദ്ദേഹത്തിനുണ്ടായി.

കളിക്കളത്തിൽ തന്റെ ശൗര്യവും ആവേശവും പ്രകടിപ്പിക്കാറുണ്ടെങ്കിലും, കളിക്കളത്തിന് പുറത്തു അദ്ദേഹം കൂടുതൽ ശാന്തമായ പ്രകൃതക്കാരനാണ്. കവിതയും ചെറുകഥയും എഴുതാറുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചരിത്ര പ്രേമി കൂടിയായ അദ്ദേഹം, സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

കാൽമുട്ടിനേറ്റ പരിക്ക് മൂലം കുറച്ചു കാലമായി സന്ദേശ് ജിങ്കൻ ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദേശിയ ടീമിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കഴിഞ്ഞ കുറെ മാസങ്ങളായി അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പരിക്കിൽ നിന്ന് പൂർണമായി  മോചിതനാകാൻ ശ്രമിക്കുകയും,  ലോക്ക്ഡൌൺ കാലഘട്ടം ഗുണകരമായി പ്രയോജനപ്പെടുത്തുകയുമാണ് താരം.

ബാക്കിയുള്ള ഫിഫ വേൾഡ് കപ്പ്‌ ക്വാളിഫൈയർസിന് വേണ്ടി തയ്യാറെടുക്കുകയാണ് 26 കാരനായ ജിങ്കൻ. എഴുത്തും അതിനോടൊപ്പം ശ്രദ്ധിക്കുന്ന ജിങ്കൻ, ഫിഫ.കോം-നോട്‌ ഇപ്രകാരം പറഞ്ഞു “വാക്കുകളോട് എന്നും എനിക്ക് ഇഷ്ടമായിരുന്നു. ഏതെങ്കിലും പുസ്തകത്തിൽ നിന്നോ  പാട്ടിൽ നിന്നോ ഒരു നല്ല വരികണ്ടാൽ എനിക്ക് രോമാഞ്ചം തോന്നാറുണ്ട്. ഫുട്ബോളിൽ നിന്ന് വിരമിച്ചാൽ എന്റേതായ ഒരു പുസ്തകം തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ട് “

“പല ഏഷ്യൻ കുട്ടികൾക്ക്   മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും റിയൽ മാഡ്രിഡിന് വേണ്ടിയുമൊക്കെ കളിക്കാനാണ് ആഗ്രഹം. എന്നാൽ എനിക്ക് എന്റെ കുട്ടികാലം തൊട്ടേ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായിരുന്നു സ്വപ്നം കണ്ടത്. “

“പതിനാലും പതിനഞ്ചും വയസ്സു പ്രായമുള്ള സമയത്ത്,  ഇന്ത്യയുടെ കളിയുള്ളപ്പോൾ സ്കൂളിൽ  ഫോർമേഷൻ തയ്യാറാക്കിയും സുഹൃത്തുക്കളുമായി അതിന്റെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. “

“എന്റെ രാജ്യത്തെ ഞാനത്രയ്ക്ക് സ്നേഹിക്കുന്നു. അതിലെപ്പോഴും ഞാൻ  അഭിമാനിക്കാറുമുണ്ട്.2010-ൽ ഇന്ത്യൻ ദേശിയ  ക്യാമ്പിൽ നിന്ന് പോയപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു.  ഇനി ഇന്ത്യൻ ദേശിയ  ടീമിൽ കേറാതെ  ഇന്ത്യൻ ദേശിയ ഗാനം പാടില്ലെന്നായിരുന്നു പ്രതിജ്ഞ. “

“മാർച്ച്‌ 12, 2015-ൽ ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി  അരങ്ങേറ്റം കുറിയ്ക്കാൻ എനിക്കായി. അന്ന് ദേശിയ ഗാനം പാടിയതിനെത്ര ഉച്ചത്തിൽ ഞാനിതുവരെ പാടിയിട്ടില്ല. ആ ദിവസം ഓർമ്മിക്കാൻ വേണ്ടി ഞാൻ ഒരു  ടാറ്റൂ ചെയ്തിട്ടുണ്ട്. ഇപ്പോഴും ദേശിയ ടീമിന്റെ സെലെക്ഷൻ കാൾ വരുമ്പോൾ ഒരു ചെറു പ്രാർഥന നടത്താറുണ്ട്. 130 കോടി ജനങ്ങൾക്ക് വേണ്ടി കളിക്കാൻ സാധിക്കുന്നത് വലിയ കാര്യമായി ഞാൻ കരുതുന്നു. അതിനാൽ എന്റെ മുഴുവൻ ശ്രമവും അതിനു വേണ്ടി നൽകും. “

ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ 5 വർഷം മികച്ച പ്രകടനമാണ് സെന്റർ ബാക്ക് റോളിൽ ജിങ്കൻ കാഴ്ചവെച്ചത്. ഏഷ്യൻ കപ്പ്‌ നോക്ക്ഔട്ട്‌ സ്റ്റേജിലേക്ക് കേറാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് ഗോൾ വഴങ്ങി ആ അവസരം നഷ്ടമായത്. അന്നത്തെ കരുത്തുറ്റ ടീമിന്റെ ഭാഗമാവാനും ജിങ്കനു കഴിഞ്ഞു.

ശക്തരായ ഖത്തറിനെതിരെ സമനില നേടിയിട്ടും,  കണക്കുകൾ വെച്ച് നോക്കുമ്പോൾ  2022 വേൾഡ് കപ്പിനുള്ള യോഗ്യത നേടാനുള്ള സാധ്യത ഇന്ത്യയ്ക്കില്ല. എന്നാൽ 2023 ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇപ്പോഴും അവസരമുണ്ട്.

“അത് (കഴിഞ്ഞ ഏഷ്യൻ കപ്പ്‌ ) നല്ലൊരു അനുഭവമായിരുന്നു. നമ്മളെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി നമ്മൾ ചെയ്യണം. വേണ്ട രീതിയിൽ കാര്യങ്ങൾ നടന്നില്ലെങ്കിൽ അതിൽ നിന്ന് പാഠം ഉൾകൊള്ളാനും കഴിയണം. “
-ജിങ്കൻ പറഞ്ഞു

“കാര്യങ്ങളെല്ലാം നല്ല രീതിയിൽ പോകുകയായിരുന്നു (കഴിഞ്ഞ വർഷങ്ങൾ ). 4 മത്സരങ്ങളിൽ ഒരു ഗോൾ പോലും ഞങ്ങൾ വഴങ്ങിയില്ല. 13 മത്സരങ്ങൾ തുടർച്ചയായി ഒരു തോൽവി പോലും നേടാതെ മുന്നേറാനും കഴിഞ്ഞിരുന്നു. “

“ഖത്തറിനെതിരെ അവസാനം വിജയം നേടിയെടുക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു. അത് തന്നെ ഞങ്ങളുടെ മാനസിക ബലം എത്രത്തോളം വളർന്നുവെന്നതിന് തെളിവാണ്. “

“ഇന്ത്യ വേൾഡ് കപ്പ്‌ കളിക്കുകയെന്നത് ഞാനുൾപ്പെടെ എല്ലാവരുടെയും സ്വപ്നമാണ്. ഞാൻ ബൂട്ടഴിക്കുന്നതിന് മുൻപ് അത് നേടിയെടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. കളിക്കാരനെന്ന നിലയിൽ അത് നേടിയെടുക്കാൻ എനിക്ക് സാധിച്ചില്ലെങ്കിൽ, കോച്ചിങിലൂടെ അത് സാധ്യമാക്കാൻ ശ്രമിക്കും. “

“പക്ഷെ അതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏഷ്യൻ കപ്പിൽ നടന്നതുൾപ്പെടെയുള്ളത് വലിയ സ്വപ്നത്തിലേക്കുള്ള  ചവിട്ടുപടികളാണ്. “

പരുക്കിൽ നിന്ന് മോചിനാകാനുള്ള 6 മാസത്തെ പരിശീലനത്തിൽ ഒരു ഒഴിവു ദിവസം മാത്രമേ അദ്ദേഹം എടുത്തിട്ടുള്ളു. അത് തന്നെ ന്യൂ ഇയർ പ്രമാണിച്ചു യാത്ര ഉള്ളതിനാലാണ് മുടങ്ങി പോയത്. സ്വന്തം പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും ഏവർക്കും പ്രചോദനമാകുകയാണ് ജിങ്കൻ.

“പരിക്ക് സംഭവിച്ചപ്പോൾ ഒരിക്കൽ പോലും ഞാൻ എനിക്ക് എന്നോട് തന്നെ വിഷമം തോന്നിയിട്ടില്ല. കാരണം അതിനെ ഒരു വെല്ലുവിളിയായാണ് ഞാൻ കാണുന്നത്.  ഇത്‌ കളിയുടെ ഭാഗമാണ്. പല വലിയ കളിക്കാർക്കും ഇത്തരത്തിൽ പരിക്കുകൾ ഉണ്ടായിട്ടുണ്ട്. “

“ഇതിൽ നിന്ന് കൊറേയധികം ഞാൻ പഠിച്ചു. ഞാൻ കൂടുതൽ ശക്തനായെന്ന് തോന്നുന്നു. ഇപ്പോൾ എന്തു സംഭവിച്ചാലും അതിനെ നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട് “

“ഇത്തരത്തിലുള്ള പരിക്കിൽ നിന്ന് മോചിതനാവാൻ വലിയ മാനസിക ശക്തിയൊന്നും വേണ്ട. ഇവിടെ സ്വന്തമായി വീടില്ലാത്ത ആൾക്കാരുണ്ട്. അടുത്ത നേരത്തിനുള്ള ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് ആലോചിക്കുന്നവരുണ്ട്, വൈകല്യങ്ങളോടെ ജനിക്കുന്ന ഒത്തിരി പേരുണ്ട്. ഇത്തരം പരിക്കുകളെ അത്ര വലിയ കാര്യമാക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. “

“എനിക്ക് ഒരു കുടുംബമുണ്ട്, സ്വന്തമായി ഒരു വീടുണ്ട്. എന്നിട്ടും ഞാൻ വിഷമിക്കാൻ തുടങ്ങിയാൽ, യഥാർത്ഥ യാതനകൾ അനുഭവിക്കുന്നവരോട് ചെയ്യുന്ന നീതികേടായി പോകും “, ജിങ്കൻ പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.