ഗോകുലത്തിലെ തന്റെ പ്രകടനത്തിലൂടെ, ഭാവിയിൽ മികച്ച പ്രതിരോധ നിരക്കാരനാവാൻ തനിക്ക് ശേഷിയുണ്ടെന്ന് ജസ്റ്റിൻ ജോർജ്  തെളിയിച്ചിരുന്നു .

കഴിഞ്ഞ 2 വർഷമായി മികച്ച വളർച്ച കാഴ്ചവെച്ച ജസ്റ്റിൻ ജോർജിന്റെ സ്‌കൗട്ടിങ് റിപ്പോർട്ടാണ്  ഖേൽ നൗ  പരിശോധിക്കാൻ പോകുന്നത്. സെന്റർ ബാക്ക് റോളിൽ കളിക്കാറുള്ള ജസ്റ്റിൻ, 2017ലാണ് ഗോകുലം കേരള ഫ് സിയുടെ ഭാഗമാവുന്നത്. തുടക്കത്തിൽ ഗോകുലം കേരളയുടെ ബി ടീമിന്റെ ഭാഗമായിരുന്നെങ്കിലും, പിന്നീട് 2018-19 ഐ ലീഗിലും , ഡ്യുറാൻഡ് കപ്പിലും ഏതാനും മത്സരങ്ങൾ ഗോകുലത്തിന് വേണ്ടി കളിച്ചു. പിന്നീടുള്ള ഐ ലീഗ് സീസണിൽ ഗോകുലം സീനിയർ ടീമിന്റെ കൂടുതൽ കളികളിൽ,  ആദ്യ 11ൽ തന്നെ ഇടം പിടിക്കാൻ അദ്ദേഹത്തിനായി.

ഗോകുലത്തിന്റെ നിലവിലെ മുഖ്യ പരിശീലകനായ ഫെർണാണ്ടോ വരേലയ്ക്ക് ജസ്റ്റിൻ ജോർജിൽ നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ, അടുത്ത സീസണിലും ടീമിന്റെ മുഖ്യ ഘടകമായി ജസ്റ്റിന് മാറാൻ കഴിയുമെന്ന് കരുതാം. ഈയിടെ ജെസ്റ്റിന്റെ കരാർ 2 വർഷം കൂടി മാനേജ്മെന്റ് കൂട്ടിയിരുന്നു. ഗോകുലം  മാനേജ്മെന്റ് എത്രത്തോളം പ്രതീക്ഷ ജെസ്റ്റിൻ എന്ന താരത്തിൽ വെക്കുന്നുവെന്നതിന്റെ   തെളിവാണിത്.

സ്‌കൗട്ടിങ് റിപ്പോർട്ടിലേക്ക് കടക്കാം..

സ്‌കൗട്ടിങ് റിപ്പോർട്ട്‌

പേര് :ജസ്റ്റിൻ ജോർജ്

പ്രായം :22

ജനനം :ഫെബ്രുവരി 7, 1998

ഉയരം :183 cm

പൊസിഷൻ :ഡിഫൻഡർ

പ്രൊഫഷണൽ കരിയറിന്റെ തുടക്കഘട്ടത്തിൽ കുറെ ബുദ്ധിമുട്ടുകൾ ജസ്റ്റിൻ ജോർജിന് നേരിടേണ്ടി വന്നിരുന്നു. കോട്ടയം കാരനായ ജസ്റ്റിൻ ജോർജിന്റെ കുട്ടികാലത്തെ സാമ്പത്തിക പ്രശ്നവും താരത്തിന്റെ വളർച്ചയിൽ വിലങ്ങുതടിയായി നിന്നു. കളിക്കളത്തിലെ ചില പ്രശ്നങ്ങൾ കൂടി വന്നപ്പോൾ കൂടുതൽ ബുദ്ധിമുട്ടിലായ സാഹചര്യം അദ്ദേഹത്തിനുണ്ടായി.

Jestin George

ആ സമയത്ത്, നിലവിലെ ഗോകുലം കേരളയുടെ പരിശീലകനായ ബിനോ ജോർജാണ് ജെസ്റ്റിനെ സഹായിച്ചത്. അതിനെ കുറിച്ച് ജസ്റ്റിൻ പറയുന്നതിങ്ങനെ – “കോച്ച് ബിനോ ജോർജ് ഇല്ലായിരുന്നെങ്കിൽ എന്റെ ഫുട്ബോൾ കരിയർ അന്ന് തന്നെ അവസാനിച്ച്, മറ്റൊരു ജോലി നോക്കേണ്ട അവസ്ഥ ആകുമായിരുന്നു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ എനിക്ക് ശേഷിയുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. “

2015ൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജസ്റ്റിൻ, തുടർന്ന് ബെംഗളൂരു ഫ് സി യിൽ ട്രയൽസിന് പങ്കെടുത്തു. തുടർന്ന് ബിനോ ജോർജ് ശുപാർശ കൂടി നൽകിയതോടെ ബി ഫ് സി അണ്ടർ 18 ടീമിന്റെ ഭാഗമാവാൻ ജസ്റ്റിന് കഴിഞ്ഞു. എന്നാൽ 2 വർഷം ടീമിന്റെ കൂടെ കളിച്ച ജെസ്റ്റിനെ ടീമിൽ നിലനിർത്തേണ്ടെന്ന് ബി ഫ് സി ടീം മാനേജ്മെന്റ് തീരുമാനിച്ചു. അതേ സമയത്ത് ഗോകുലം കേരള ഫ് സി രൂപം കൊള്ളുകയും, ബിനോ ജോർജിനെ മുഖ്യ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു. അതോടെ ഉടൻ തന്നെ ബിനോ ജോർജ് ജെസ്റ്റിനെ,  ഗോകുലം കേരളയുടെ റിസേർവ് ടീമിന്റെ ഭാഗമാക്കി. എന്നാൽ പരിചയ സമ്പത്തിന്റെ കുറവ് മൂലം, സീനിയർ ടീമിന്റെ ഭാഗമാവാൻ അന്ന് അദ്ദേഹത്തിന്  കഴിഞ്ഞില്ല.

ബിനോ ജോർജ് ജെസ്റ്റിനെ കുറിച്ച് ഖേൽ നൗവിനോട് ഇപ്രകാരം പറഞ്ഞു : “അവൻ കരിയറിൽ  എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ബെംഗളൂരു ഫ് സി ടീമിൽ നിലനിർത്താൻ ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ, അവൻ അവന്റെ ഭാവിയെ കുറിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. മികച്ച ക്വാളിറ്റിയുള്ള കളിക്കാരനാണവൻ. അതുകൊണ്ട് തന്നെ അവനെ സൈൻ ചെയ്യാൻ എനിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. പക്ഷെ സീനിയർ തലത്തിൽ കളിച്ചു പരിചയമില്ലാത്തതിനാൽ തുടക്കത്തിൽ അദ്ദേഹത്തെ സീനിയർ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല “

സന്തോഷ്‌ ട്രോഫിയും കേരള പ്രീമിയർ ലീഗും

2017-18 സന്തോഷ്‌ ട്രോഫി ടീമിൽ ജസ്റ്റിന് അവസരം ലഭിച്ചത് ഒരു വഴിത്തിരിവായിരുന്നു. “സന്തോഷ്‌ ട്രോഫി ടീമിൽ അവസരം ലഭിച്ചതിനാൽ അവൻ വളരെ സന്തോഷവാനായിരുന്നു. ആ അവസരം പൂർണമായി വിനിയോഗിക്കണമെന്ന് അവനറിയാമായിരുന്നു. “

14 വർഷത്തിന് ശേഷം സന്തോഷ്‌ ട്രോഫി നേടുന്ന കേരള ടീമിന്റെ ഭാഗമാവാൻ ജസ്റ്റിൻ ജോർജിന് കഴിഞ്ഞു. ടൂര്ണമെന്റിൽ  3 ഗോളുകൾ മാത്രം വഴങ്ങിയ മികച്ച  പ്രതിരോധ നിരയുടെ അംഗമാകാനും സാധിച്ചു. പെനാലിറ്റി ഷൂട്ട്‌ഔട്ടിൽ വിജയിച്ച അന്നത്തെ ഫൈനൽ മത്സരത്തിൽ കേരളത്തിന്റെ രണ്ടാം ഗോൾ നേടിയ വിബിൻ തോമസിന് അസ്സിസ്റ്റ്‌ നൽകിയത് ജെസ്റ്റിനായിരുന്നു.

2017-18 സന്തോഷ്‌ ട്രോഫിയിലെ വിജയത്തിന് ശേഷം ഗോകുലം കേരള റിസേർവ് ടീമിൽ ജസ്റ്റിൻ തിരിച്ചെത്തി. അപ്പോഴേക്കും 2017-18 ഐ ലീഗ്‌ അവസാനിക്കുകയും, ക്ലബ്‌ ഫെർണാണ്ടോ സാന്റിയാഗോ വരേലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 2017-18 കേരള പ്രീമിയർ ലീഗിന് വേണ്ടി ഗോകുലത്തെ ഒരുക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. അങ്ങനെ അതിനുവേണ്ടിയാണ് ജസ്റ്റിൻ ജോർജ്  ആദ്യമായ്  സീനിയർ ടീമിന്റെ ഭാഗമാകുന്നത്.

കളിക്കാരൻ എന്ന നിലയിലും ഗോകുലം ക്ലബ്ബെന്ന നിലയിലും 2017-18 കെ പി ൽ സീസൺ വിജയമായിരുന്നു. 8 കളികളിൽ നിന്ന് 7 വിജയവുമായി ഗ്രൂപ്പി ബി-യിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. തുടർന്ന് തീരൂർ സ്പോർട്സ് അക്കാഡമിയെ സെമി ഫൈനലിൽ തോൽപ്പിക്കുകയും, ഫൈനലിൽ ക്വാർട്സ് ഫ് സിയെ തോൽപിച്ചു കിരീടം നേടുകയും ചെയ്തു. ടൂർണമെന്റിലെ മികച്ച പ്രകടനം കൂടി നടത്തിയതോടെ 2018-19 ഐ ലീഗ്‌ സീസണിൽ സീനിയർ ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ലഭിച്ചു.

ഐ ലീഗ് അരങ്ങേറ്റവും ഡ്യുറാൻഡ് കപ്പ്‌ വിജയവും

2018-19 ടീമിൽ ഒരു നല്ല ഇന്ത്യൻ സെന്റർ ബാക്കിന്റെ കുറവായിരുന്നു  ജേസ്റ്റിനെ ടീമിലെടുക്കാനുള്ളതിന്റെ പ്രധാന കാരണം. അപ്പോഴും ടീമിൽ അധികം അവസരം ലഭിക്കാറില്ലായിരുന്നു. അന്നത്തെ ലീഗിൽ 5 തവണ സ്‌ക്വാഡിൽ അംഗമാകാൻ കഴിഞ്ഞെങ്കിലും, ഒരൊറ്റ തവണ മാത്രമേ ആദ്യ 11ൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. അന്നാണെങ്കിൽ 3-1ന് ചർച്ചിൽ ബ്രതേഴ്സിനോട് ഗോകുലം തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 40 മിനുട്ട് മാത്രമേ ജസ്റ്റിന് കളിക്കാൻ സാധിച്ചുള്ളുവെങ്കിലും,    ചുരുങ്ങിയ സമയം കൊണ്ട് തന്റെ  പ്രതിഭയുടെ മിന്നലാട്ടങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. 

2019 ഓഗസ്റ്റിലെ ഡ്യുറാൻഡ് കപ്പിൽ കൂടുതൽ അവസരങ്ങൾ ജെസ്റ്റിനെ തേടിയെത്തി. ഡ്യുറാൻഡ് കപ്പിൽ സെമി ഫൈനലിലെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ ഒരു പ്രധാന കിക്ക് ഗോളാക്കുകയും , ഫൈനലിലേക്ക് കടക്കാൻ ടീമിനെ സഹായിക്കുകയും ചെയ്തു.

ഫൈനലിൽ കരുത്തരായ മോഹൻ ബഗാനെതിരെ തന്റെ പോരാട്ടവീര്യം കാണിക്കാനും അദ്ദേഹത്തിന് സാധിച്ചു. 2-1 ഗോൾ നിലയിൽ ഗോകുലം മുന്നിട്ടു നിന്ന 87ആം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി ജസ്റ്റിൻ  പുറത്തായി. എന്നിരുന്നാലും , ടീമിനെ വിജയിക്കാൻ തക്കമുള്ളൊരു  നിലയിൽ എത്തിച്ചിട്ടാണ് ജസ്റ്റിൻ കളം വിട്ടത്.

2019-20 സീസൺ

ഡ്യുറാൻഡ് കപ്പിലെ സ്ഥിരതയാർന്ന പ്രകടനം മൂലം കോച്ചിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ജസ്റ്റിന്  സാധിച്ചു. തുടർന്ന് അടുത്ത ഐ ലീഗ് സീസണിലെ  മിക്ക മത്സരങ്ങൾ കളിക്കാൻ  അദ്ദേഹത്തിന് അവസരം ലഭിച്ചു. നിലവിൽ ജെസ്റ്റിന്റെ മെൻറ്റർ ആയ ബിനോ ജോർജ് ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായിട്ടാണ്  പ്രവർത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗ്‌ സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപെ 9 മത്സരങ്ങൾ കളിക്കാനുള്ള (7 മത്സരങ്ങൾ ആദ്യ 11ൽ) അവസരം ജസ്റ്റിൻ ജോർജിന് ലഭിച്ചു.

2019 ഡിസംബർ 6ൽ ഇന്ത്യൻ ആരോസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച കളിയിൽ തന്റെ ആദ്യ ഗോൾ സ്വന്തമാക്കാൻ ജസ്റ്റിന് കഴിഞ്ഞു.

പോസിറ്റീവ്സ്

ഏരിയൽ ബോൾ തടുക്കാനും സ്ട്രൈക്കേഴ്സിന് സ്ഥിരം തലവേദന സൃഷ്ടിക്കാനുള്ള കെല്പും 1.83 cm ഉയരക്കാരനായ ജസ്റ്റിനുണ്ട്. ഇതിനോടൊപ്പം കളിക്കളത്തിലെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം കൂടി ചേരുന്നതോടെ പ്രതിരോധത്തിൽ ഉറച്ച പോരാളിയാവാൻ ജസ്റ്റിന് കഴിയും.

ജനുവരി 15ൽ ഗോകുലം 3-1 ന് ഈസ്റ്റ്‌ ബംഗാളിനെ മുട്ട് കുത്തിച്ച മത്സരം  പരിശോധിച്ചാൽ  ജെസ്റ്റിൻ എന്ന കളിക്കാരന്റെ പ്രതിഭ വ്യക്തമാകും. മാർക്കോസ് ദി ല എസ്പാട, ജെയ്‌മി സാന്റോസ്, പിന്റു മഹാത, ജുവാൻ മെരാ,റൊണാൾഡോ ഒലിവേര എന്നീ 5 മുന്നേറ്റക്കാരിൽ ഊന്നിയ ആക്രമണ ഫുട്ബോളായിരുന്നു  ഈസ്റ്റ്‌ ബംഗാൾ അന്ന് പുറത്തെടുത്തത്. എന്നിട്ടു ഒരു ഗോൾ പോലും വലയിലാക്കാൻ ഈ കൂട്ടർക്ക് കഴിഞ്ഞില്ല. തന്റെ പ്രതിരോധത്തിലെ കൂട്ടാളികളായ ആന്ദ്രേ ഏറ്റിയെന്നെയും, മുയ്റാങ്ങും പലപ്പോഴും  മുന്നേറ്റത്തിലേക്ക് കയറി കളിച്ചപ്പോൾ,  ഡിഫെൻസിന്റെ പൂർണ്ണ ചുമതല ജസ്റ്റിൻ ഏറ്റെടുത്തു.  ഇതിനിടയിൽ ഈസ്റ്റ്‌ ബംഗാളിന്റെ മുന്നേറ്റക്കാർ ആക്രമിക്കുമ്പോൾ വിജയകരമായി പ്രതിരോധിക്കാനും ജസ്റ്റിന് കഴിഞ്ഞു.

കോർണർ കിക്കുകൾ പ്രതിരോധിക്കാൻ ജെസ്റ്റിന്റെ ഉയരം വളരെയധികം അദ്ദേഹത്തിന് ഗുണം ചെയ്യുന്നു. മികച്ച രീതിയിൽ ഹെഡ് ചെയ്യാനും, നല്ല ലോങ്ങ്‌ ബോൾ കൊടുക്കാനും താരം മിടുക്കനാണ്.

വളരാനുള്ള മേഖലകൾ

ഗോകുലം സീനിയർ ടീമിൽ ഇടം പിടിക്കാൻ ജസ്റ്റിന് കഴിഞ്ഞെങ്കിലും, ലീഗിലെ മുൻ നിര ഡിഫെൻഡർമാരുടെ നിലവാരത്തിലെത്തുവാൻ ഇനിയും പരിചയസമ്പത് അദ്ദേഹം നേടേണ്ടിയിരിക്കുന്നു. എന്നാൽ, അടുത്ത സീസണിലും ജസ്റ്റിൻ ജോർജിന് അവസരങ്ങൾ നൽകുമെന്ന് ബിനോ ജോർജ് വ്യക്തമാക്കി.

ഇടയ്ക്ക് വേഗത കൂടിയ മുന്നേറ്റനിരക്കാർ ആക്രമിക്കുമ്പോൾ ലൈൻ ഹോൾഡ് ചെയ്യാൻ അദ്ദേഹം ബുദ്ധിമുട്ടുന്നതായ് കാണാൻ സാധിക്കും, എന്നാൽ സമയം നൽകിയാൽ അദ്ദേഹത്തിന് അത് മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് ബിനോ ജോർജിന്റെ പ്രതീക്ഷ.

“തുടക്കത്തിൽ നടന്ന പരിശീലന ഘട്ടങ്ങളിലെ ചെറിയ പിഴവ് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നാൽ പരിചയസമ്പത്ത് കൊണ്ട് അതിനെ കീഴ്പ്പെടുത്താൻ സാധിക്കും, കുറച്ചു സമയം നൽകിയാൽ അവൻ അവിടെയെത്തും “

ഭാവി

ശാരീരിക മേൽക്കോയ്‌മ നേടിയെടുത്ത്  കളിയിൽ ആധിപത്യം നേടിയെടുക്കുന്നതിൽ ഇപ്പോഴും ഇന്ത്യൻ താരങ്ങൾ പിന്നിലാണ്. എന്നാൽ ആ കാര്യത്തിൽ 22 കാരനായ ജസ്റ്റിൻ ജോർജ് സമർത്ഥനാണ്. കുറച്ചു വർഷങ്ങൾ കൂടി പോരായ്മകൾ പരിഹരിച്ചു  സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാൽ,  ഇന്ത്യൻ ടീമിലേക്കുള്ള ദൂരം അകലെയല്ല.

അനസ് എടത്തൊടിക കരിയറിന്റെ അവസാന കാലത്ത് ആയിരിക്കെ, അദ്ദേഹത്തിന് പകരമാകുന്ന ഒരു യുവ താരത്തെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കരാർ നീട്ടിയതിനാൽ 2 വർഷമെങ്കിലും ജസ്റ്റിൻ ഗോകുലത്തിൽ തുടരും. “അവനു  2-3 ക്ലബ്ബ്കളിൽ നിന്ന് ഓഫറുണ്ട്. പക്ഷെ അവൻ ഞങ്ങൾക്ക് പ്രധാനപെട്ട താരമായതിനാൽ, അവനെ വിടാൻ തയ്യാറല്ല “

ജെസ്റ്റിനും ഗോകുലം കേരളയിൽ തന്നെ തുടരാനാണ് താല്പര്യം “കുറച്ചു ക്ലബ്ബ്കൾ എന്നെ നോക്കുന്നതായിട്ട് അറിയാം, പക്ഷെ നിലവിൽ  ഗോകുലത്തിൽ തുടരാനാണ് എന്റെ തീരുമാനം “

For more updates, follow Khel Now on Twitter and join our community on Telegram.