വിജയം കാണാതെ ബ്ലാസ്റ്റേഴ്‌സ് സൗത്തെൻ ഡെർബിയിലും സമനിലപ്പൂട്ട്.

മറീന മച്ചാൻസിനെതിരെ ഗോൾ രഹിത സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്, സൗത്തേൺ ഡെർബിയിലും ആദ്യ വിജയം കണ്ടെത്താനാകാതെ കൊമ്പന്മാർ. മത്സരശേഷം കളിയുടെ പ്രധാന വശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികൂന.

ചെന്നൈയിൻ എഫ് സിയുടെ കൈകളിൽ നിന്ന് കളിയുടെ നിയന്ത്രണം എങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സ് തിരികെ വീണ്ടെടുത്തത് എന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് വികൂന ആരംഭിച്ചത്. “ഞങ്ങൾ ഗെയിം നന്നായി തുടങ്ങിയില്ല എന്ന് എനിക്കറിയാം, എന്നാൽ ആദ്യ 45 മിനിറ്റിനുള്ളിൽ ഞങ്ങൾ ഞങ്ങളുടെ താളം കണ്ടെത്തി, കൂടുതൽ നിയന്ത്രണം നേടി, പന്ത് മുറുകെ പിടിച്ച് എതിരാളികളുടെ പകുതിയിൽ കൂടുതൽ മുന്നേറ്റം നടത്തി. ഇരു ടീമുകളും രണ്ടാം പകുതിയിൽ തുല്യമായി പൊരുതി, പക്ഷെ കളിയുടെ അവസാന പതിനഞ്ച് മിനിറ്റിൽ ഞങ്ങളുടെ പ്രകടനത്തിൽ മങ്ങൽ സംഭവിച്ചു,” അദ്ദേഹം പറഞ്ഞു. “എന്നാൽ വ്യാഴാഴ്ച ഞങ്ങൾക്ക് കളിയുണ്ടായിരുന്നത് ഇതിനൊരു കാരണമായിരിക്കാം, അതും വെറും മൂന്ന് ദിവസങ്ങൾക്ക് മുമ്പ്. ഞങ്ങൾ ഇതുപോലെ കളിക്കുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്താൽ, ഞങ്ങൾ വിജയിക്കുകയും വരാനിരിക്കുന്ന ഓരോ മത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റുകൾ നേടുകയും ചെയ്യും.” വികൂന കൂട്ടിച്ചേർത്തു.

മഞ്ഞപപ്പടയുടെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്കോററായ ബർത്തലോമിയോ ഒഗ്‌ബെച്ചെ കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടിരുന്നു, അതോടെ ഗോളുകൾ കണ്ടെത്താനുള്ള ഉത്തരവാദിത്തം അവരുടെ പുതിയ റിക്രൂട്ട്‌മെന്റായ ഓസ്‌ട്രേലിയൻ താരം ഗാരി ഹൂപ്പറിനായിരുന്നു. എന്നിരുന്നാലും, ഇതുവരെ ഹൂപ്പർ തന്റെ പുതിയ ക്ലബിലെ അവസ്ഥകളോട് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നാണ് താരത്തിന്റെ പ്രകടനത്തിൽ നിന്ന് വ്യക്തമാവുന്നത്, എന്നാൽ മറ്റ് ടീമുകളിൽ കളിക്കുമ്പോൾ ഹൂപ്പർ വെറുമൊരു ഗോൾ വേട്ടക്കാരൻ മാത്രമല്ലെന്നും താരത്തിന് ഇവിടെ നല്ലൊരു സീസൺ മുന്നിലുണ്ടെന്നും കോച്ച് ഉറപ്പിച്ചു പറഞ്ഞു.

“ഗാരിയിൽ നിന്ന് ഞങ്ങൾ ഗോളുകൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം അത് ചെയ്യാൻ ശ്രമിക്കുകയാണ്, അതിനോടൊപ്പം ടീമിലെ മറ്റ് കളിക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. തീർച്ചയായും അദ്ദേഹത്തിന് നല്ലൊരു സീസൺ മുന്നിലുണ്ട്.”

മറീന മച്ചാൻസിനെതിരെ കളിക്കാത്ത വിസെൻറ് ഗോമസ്, സഹൽ അബ്ദുൾ സമദ് എന്നിവരുടെ ഫിറ്റ്നസ് സ്റ്റാറ്റസുകളെക്കുറിച്ച് 48 കാരന്റെ മറുപടി ഇതായിരുന്നു. “വിസെന്റിന് ഇന്ന് രാവിലെ ഒരു വീഴ്ച സംഭവിച്ചു. അതിനാൽ, അദ്ദേഹത്തിന് ഇന്നത്തെ ഗെയിമിൽ കളിക്കാൻ കഴിഞ്ഞില്ല, ഞങ്ങളുടെ അടുത്ത മത്സരത്തിൽ അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. സഹലിനെ സംബന്ധിച്ചിടത്തോളം, അവൻ റിക്കവറാവുന്നുണ്ട്. ഞാൻ അദ്ദേഹത്തിന് കുറച്ച് മിനിറ്റ് നൽകാൻ ആലോചിച്ചിരുന്നു , പക്ഷേ പിന്നീട് കളിക്കാർ ക്ഷീണിതരായതിനാൽ ഞങ്ങൾക്ക് പ്ലേയിംഗ് ഇലവനിൽ മറ്റ് ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നു.” അദ്ദേഹം പറഞ്ഞു.

കളിയുടെ രണ്ടാം പകുതിയിൽ കണങ്കാലിന് ഏറ്റ പരിക്കേറ്റതിനെത്തുടർന്ന് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ചയ്ക്ക് സ്‌ട്രെച്ചറിൽ കളിക്കളം വിടേണ്ടി വന്നു, അതിനെക്കുറിച്ച് കോച്ച് തന്ന വിവരങ്ങൾ ഇപ്രകാരമായിരുന്നു “എനിക്കറിയില്ല, കാണേണ്ടതുണ്ട് എന്താണ് സംഭവിച്ചതെന്ന്. ഇത് കണങ്കാലിനേറ്റ പരിക്കാണെന്ന് ഞാൻ കരുതുന്നു, ഇത് ഒരു വലിയ പ്രശ്നമാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

കളിയിൽ നിന്നുള്ള നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കി എന്താണ് ശെരിയായിരുന്നതെന്നും തങ്ങളുടെ കളിയുടെ ശൈലിയിൽ എന്താണ് മെച്ചപ്പെടേണ്ടതെന്നും മുൻ മോഹൻ ബഗാൻ പരിശീലകൻ സംസാരിച്ചു. “തന്ത്രപരമായ കാഴ്ചപ്പാടിൽ, ടീമിന്റെ ആക്രമണ മനോഭാവമാണ് ചെന്നൈയിനെതിരായ മത്സരത്തിന്റെ നിയന്ത്രണം തിരികെ കൊണ്ടുവന്നത്. ഇന്ന്, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ, പ്രതിരോധത്തിന്റെ മികവുകൊണ്ടും കൂടിയാണ് ഞങ്ങൾക്ക് അത് നേടാൻ കഴിഞ്ഞത്.” വികൂന പറഞ്ഞു.

“ഞങ്ങൾക്ക് സ്‌കോർ ചെയ്യാനുള്ള അവസരങ്ങളുണ്ടായിരുന്നു എന്നത് ശരിയാണ്, പ്രത്യേകിച്ചും സെറ്റ് പീസുകളിൽ നിന്ന് എന്നാൽ അവസാന മൂന്നിൽ അവ ഗോളാക്കി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചില്ല. പരിശീലന സമയത്ത് തീർച്ചയായും ഞങ്ങൾ അതിനായി കൂടുതൽ പരിശ്രമിക്കും, തീർച്ചയായും വരാനിരിക്കുന്ന കളികളിൽ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഞങ്ങൾ കഠിനമായി ശ്രമിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൻ എഫ്‌സി നല്ല രീതിയിലാണ് മത്സരം തുടങ്ങിയത്, ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ രണ്ടുതവണ സ്കോർ ചെയ്യാനുള്ള മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചു. എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്സ് പതുക്കെ തങ്ങളുടെ കളി മെച്ചപ്പെടുത്തി മുന്നോട് പോയി. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും അവർ കൂടുതൽ പന്തടക്കം നിലനിറുത്തുകയും കൂടുതൽ ഷോട്ടുകൾ എടുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മറീന മച്ചാൻസിന് പെനാൽറ്റി വഴി ഗോൾ നേടാനുള്ള സുവർണ്ണാവസരം നഷ്ടമായി, പക്ഷേ ജാക്കുബ് സിൽ‌വെസ്റ്ററിന്റെ ഷോട്ട് തകർപ്പൻ സേവിലൂടെ രക്ഷപെടുത്തി ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ ആൽബിനോ ഗോമസ് കളിയിലെ താരമായി.

ഒടുവിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതോടെ 0-0 എന്ന സ്കോർ നിലയിൽ മത്സരം അവസാനിച്ചു, രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ചെന്നൈയിൻ എഫ്‌സി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് (ഒരു ജയം, ഒരു സമനില). അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ വിജയം ഇപ്പോഴും നേടാനാകാതെ മൂന്ന് കളികളിൽ നിന്ന് രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് (രണ്ട് സമനില, ഒരു തോൽവി). ഡിസംബര്‍ ആറിന് ഫറ്റോര്‍ഡയില്‍ എഫ്‌സി ഗോവക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

For more updates, follow Khel Now on Twitter, Instagram and join our community on Telegram.