ഡിസംബറിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെ ഉണ്ടായ പരിക്ക് മൂലമാണ് ബക്കറി കോനെ അവസാന മത്സരങ്ങൾ കളിക്കാതിരുന്നതെന്ന് കോച്ച് വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിലെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചിരവൈരികളായ ബംഗളുരു എഫ്‌സിയെ നേരിടുന്നു. ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ടീം രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബംഗളുരുവിനോട് തോറ്റിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ 11 മത്സരങ്ങളിൽ നിന്നായി 13 പോയിന്റുകളുമായി ഏഴാം സ്ഥാനത്താണ് ബംഗളുരു എഫ്‌സി. കേരള ബ്ലാസ്റ്റേഴ്സിന് ആകട്ടെ 11 മത്സരങ്ങളിൽ നിന്നായി 10 പോയിന്റുകൾ നേടി പത്താം സ്ഥാനത്താണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ കിബു വിക്യൂന, ഗോൾകീപ്പർ പ്രഭ്സുഖാൻ ഗിൽ, എന്നിവർ പങ്കെടുത്തു.
പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
ബെംഗളുരുവിന്റെ നിലവിലെ സാഹചര്യം
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയം കണ്ടെത്താത്ത ടീം ആണ് ബംഗളുരു എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ആ കാലയളവിൽ നേടിയെടുത്തത് അഞ്ച് പോയിന്റുകളും. അതിനാൽ തന്നെ അടുത്ത മത്സരം കളിക്കുന്ന ഇരു ടീമുകളുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്.
എന്നാൽ , സീസണിലുടനീളം ഒരേപോലെ ഫുട്ബോൾ കളിക്കുന്ന ബെംഗളൂരുവിനെപ്പോലുള്ള ഒരു ടീമിനെതിരെ സാഹചര്യങ്ങൾ ഒരു രീതിയിലും പങ്കുവഹിക്കുന്നില്ലെന്ന് കിബു വിക്യൂന അഭിപ്രായപെട്ടു.
“അവർ മികച്ച താരങ്ങൾ ഉള്ള നല്ല ടീമാണ്. സാഹചര്യങ്ങൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കാം. എന്നാലും മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് മാറ്റമില്ല.”
” അവർക്കെതിരെ മികച്ച പ്രകടനം നടത്തുവാനും മുന്നേറ്റത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുക എന്ന ഞങ്ങളുടെ ഉദ്ദേശവും വ്യത്യസ്തമല്ല. കൂടാതെ സെറ്റ് പീസുകൾ ഇത്തവണ വളരെ പ്രധാനപെട്ടതാണ്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ ബംഗളുരു എഫ്‌സി സീസണിലൂടനീളം ഒരേ ശൈലിയിലുള്ള കളിയാണ് കാഴ്ചവെക്കുന്നത്. അതിനാൽ തന്നെ നാളെ വാശിയേറിയ ഒരു മത്സരം പ്രതീക്ഷിക്കാം. ” – അദ്ദേഹം വ്യക്തമാക്കി.
ബക്കറി കോനെയുടെ അഭാവം
ഈ സീസണിന്റെ ആദ്യം ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുൻപ് ലീഗ് 1 ൽ സ്‌ലട്ടൻ ഇബ്രാഹിംമോവിക്ക് തുടങ്ങിയ താരങ്ങൾക്ക് എതിരെ കളിച്ച താരമായിരുന്നു ബക്കറി കോനെ. എന്നിരുന്നാലും, കേരളത്തിന് വേണ്ടി ഇതുവരെ കളിക്കളത്തിൽ ഫോമിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടീമിന് വേണ്ടി ജനുവരി ആദ്യ ആഴ്ചയിൽ ഒഡിഷക്ക് എതിരെയാണ് താരം അവസാനമായി കളിക്കളത്തിൽ ഇറങ്ങുന്നത്.
” ഡിസംബറിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ താരത്തിന് പരിക്കെറ്റിരുന്നു. തുടർന്ന് ഒഡിഷക്ക് എതിരായുള്ള മത്സരത്തിൽ താരം കളിക്കളത്തിൽ ഇറങ്ങിയിരുന്നെങ്കിലും പൂർണമായ കായികക്ഷമത കൈവരിച്ചിരുന്നില്ല. ഒരു ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം ഇന്ന് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. നമുക്ക് നോക്കാം നാളെ അദ്ദേഹം ആദ്യ പതിനൊന്നിൽ ഇടം നേടുമോ എന്ന്. ” – അദ്ദേഹം പറഞ്ഞു
ബംഗളുരു എഫ്‌സിയിൽ നിന്ന് ഡിമാസ് ഡെൽഗാടോ പുറത്ത് പോയതിനെ പറ്റി
വ്യക്തിപരമായ കാരണങ്ങളാൽ ഡിമാസ് ഡെൽഗാടോ ടീമിൽ നിന്നും സ്പെയിനിലേക്ക് മടങ്ങുന്നു എന്ന് കഴിഞ്ഞ ഞായറാഴ്ച ബംഗളുരു ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ മത്സരത്തിൽ ബെംഗളുരുവിന്റെ വിജയത്തിന് മുഖ്യപങ്ക് വഹിച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു ഡിമാസ് ഡെൽഗാടോ.
എന്നിരുന്നാലും, കിബുവിന്റെ അഭിപ്രായത്തിൽ മത്സരം ഒരു താരത്തെ മാത്രം ആശ്രയിക്കുന്നതല്ല എന്നാണ്.” ഡിമാസ് നല്ലൊരു താരം തന്നെയാണ്. എങ്കിലും അദ്ദേഹത്തെ പോലെ ധാരാളം താരങ്ങൾ ഉണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഫ്രാൻ ഗോൺസലാസ് അതിലൊരാളാണ്. അദ്ദേഹത്തിന് ഒരു സെൻട്രൽ ഡിഫൻഡർ ആയും മധ്യനിര താരമായും കളിക്കുവാനുള്ള കഴിവുണ്ട്. അതേപോലെതന്നെ എറിക് പാർത്താലു, സുനിൽ ഛേത്രി,സുരേഷ് വാങ്ജം തുടങ്ങിയവരും മികച്ച താരങ്ങളാണ്. മത്സരം ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ച് നടക്കുന്നവയല്ല.” – അദ്ദേഹം വ്യക്തമാക്കി.
ശുഭഘോഷിനെ പറ്റി
കഴിഞ്ഞ ഡിസംബർ അവസാനം കേരളബ്ലാസ്റ്റേഴ്സ് നോങ്ഡംബ നോറത്തെ എടികെ മോഹൻ ബഗാനുമായി കൈമാറ്റം ചെയ്ത് ശുഭഘോഷിനെ ടീമിൽ എത്തിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം നോറാമിന് പരിക്കെറ്റതായി അറിയിച്ചു എടികെ മോഹൻബഗാൻ ശുഭഘോഷിന്റെ സെൻട്രൽ രെജിസ്ട്രേഷൻ സിസ്റ്റം (CRS) ലെ ട്രാൻസ്ഫർ മരവിപ്പിക്കുകയും ചെയ്തിരുന്നു. അതിനെപ്പറ്റി കിബുവിന്റെ പ്രതികരണം.
” ഇത് ക്ലബ്ബിനോടും മാനേജ്മെന്റിനോടുമുള്ള ചോദ്യമാണ്. ഞങ്ങൾ ശുഭഘോഷിനെ ടീമിൽ നിലനിർത്താൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. അതേസമയം, നിങ്ങൾക്ക് അറിയാവുന്നത് പോലെ താരം ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഞങ്ങൾക്ക് വേണ്ടി സൗഹൃദ മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയും വിജയഗോൾ നേടുകയും ചെയ്തിട്ടുണ്ട്. അവൻ കളിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ” – കിബു വിക്യൂന അവസാനിപ്പിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ ഗില്ലും പത്രസമ്മേളനത്തിൽ കിബുവിനോപ്പം ഉണ്ടായിരുന്നു എന്ന് മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. താരത്തിന്റെ വാക്കുകളിലേക്ക്.
തന്റെ മുൻ ക്ലബ്ബായ ബംഗളുരു എഫ്‌സിയെ നേരിടുന്നതിനെ പറ്റി
” മുൻ ക്ലബിനെ അഭിമുഖീകരിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്. പക്ഷെ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നത് നാളേക്ക് കിട്ടേണ്ട മൂന്ന് പോയിന്റുകളിലാണ്. സെമി ഫൈനലിലേക്കുള്ള അവസരങ്ങൾ ഇനിയും തുടർന്ന് കിടക്കുകയാണ്. അവസാന മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കുന്നതിനാൽ നാളെ മൂന്ന് പോയിന്റുകൾ നേടാനാണ് ഞങ്ങൾ ഇറങ്ങുന്നത്. ” – ഗിൽ സംസാരിച്ചു.
കളിക്കളത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പകുതിയിൽ ഇടം നേടാനാകാതെ പോയതിനെ കുറിച്ച് ഗില്ലിന്റെ പ്രതികരണം.
” ക്ലബിന് വേണ്ടി ആദ്യ പതിനൊന്നിൽ ഇടം ലഭിക്കാത്തത് എന്നെ ഒരു രീതിയിലും ബാധിക്കുന്നില്ല. ആരാണ് കളിക്കുന്നത് എന്നതിന് ഇവിടെ പ്രസക്തി ഇല്ലാ. അത് ഞാനാകാം അല്ലെങ്കിൽ ആൽബിനോ ആകാം. കാരണം ടീമിനെ ഏതുവിധേനയും സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപെട്ടത്. പ്രൊഫഷണൽ താരങ്ങൾ എന്ന നിലയിൽ ഇതൊന്നും ഞങ്ങൾ ബാധിക്കില്ല. ഞങ്ങൾ കഠിനധ്വാനം ചെയ്ത് മുന്നോട്ട് പോകും. “
” ഗോൾകീപ്പർമാരുടെ പ്രധാന പ്രശ്നം, അവരെ ഓരോ മത്സരം കഴിയുമ്പോഴും മാറ്റാൻ കഴിയില്ല എന്നതാണ്. അതിനാൽ തന്നെ അതിനിടയിൽ കഠിനധ്വാനം ചെയ്യുകയും അവസരങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യണം. ” – ഗിൽ തന്റെ നിലപാട് വ്യക്തമാക്കി.
കോച്ച് കിബു വിക്യൂനയെ കുറിച്ച്
” ഒരു കാര്യം എനിക്ക് അദ്ദേഹത്തെ കുറിച്ച് ഉറപ്പിപിച്ച് പറയാം, അദ്ദേഹം വളരെയധികം സത്യസന്ധനാണ്. കൂടാതെ പരിശീലനവേളയിൽ അദ്ദേഹം കൃത്യമായ നിർദ്ദേശങ്ങൾ നൽകും “
” കളിക്കളത്തിലും പുറത്തും അദ്ദേഹം വളരെയധികം സൗഹർദപരമാണ്. വ്യക്തിപരമായും പ്രൊഫഷണലുമായി ബന്ധമുള്ള ഏതൊരു പ്രശ്നവും തന്നോട് ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. അദ്ദേഹത്തിലേക്കുള്ള വാതിലുകൾ എപ്പോഴും തുറന്നു കിടക്കും. ” – ഗിൽ പറഞ്ഞവസാനിപ്പിച്ചു.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.